പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > സംഭ്രമജനകമായ ക്രിമിനല്‍ കേസുകള്‍ > കൃതി

സംഭ്രമജനകമായ ക്രിമിനല്‍ കേസുകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോഷി ജോർജ്ജ്‌

പത്രപ്രവര്‍ത്തകനും മൈന്‍ഡ് പവര്‍ ട്രെയിനറുമായ ജോഷി ജോര്‍ജ്ജ് എഴുതുന്ന കോളിളക്കം സൃഷിച്ച് ക്രിമിനല്‍ കേസുകളുടെ പരമ്പര ഇവിടെ ആരംഭിക്കുന്നു

---------------------------------

സുപ്രസിദ്ധര്‍ക്കും പണ്ഡിതന്മാര്‍ക്കും മാത്രമല്ല ചരിത്രത്തില്‍ കുപ്രസിദ്ധര്‍ക്കും മരണമില്ല. അവരെക്കുറിച്ച് ലോകം ഇടക്കിടയ്ക്കു ഓര്‍ക്കാറുമുണ്ട് . ചരിത്രത്താളുകള്‍ക്കുമപ്പുറത്തുള്ള ഏതോ ഇടങ്ങളില്‍ അത്തരക്കാര്‍ അടിഞ്ഞുകൂടി എന്ന് നാം കരുതിയാലും എപ്പോഴെങ്കിലുമൊക്കെയായി വര്‍ത്തമാനകാല മനുഷ്യര്‍ക്കിടയില്‍ ആ ഓര്‍മ്മകള്‍ മിന്നിത്തെളിയും. അങ്ങനെയൊന്നിതാ സംഭവിക്കാന്‍ പോകുന്നു. സംഗതി മറ്റൊന്നുമല്ല, നീണ്ട നാല്പ്പത്തിയെട്ടു സംവത്സരങ്ങള്‍ക്കു ശേഷം നാനാവതിയുടെ കഥ അഭ്രപാളികളില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. 1963- ല്‍ Yeh Rastey Hain Pyarke (യാ രാസ്തേ ഹെയിന്‍ പ്യാര്ക്കെ) എന്ന പേരില്‍ നാനാവതി കൊലക്കേസിനെ ആസ്പദമാക്കി ഒരു ചച്ചിത്ര കാവ്യം ഇറങ്ങിയിരുന്നു . സുനില്‍ ദത്ത് നിര്‍മ്മിച്ച്, ആര്‍. കെ നയ്യാര്‍ സംവിധാനം ചെയ്ത ആ സിനിമ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു . സുനില്‍ ദത്തായിരുന്നു കെ. എം. നാനാവതി എന്ന നേവി ഉദ്യോഗസ്ഥന്റെ റോളില്‍ അഭിനയിച്ചത്. നായിക ലീലാ നായിഡുവും.

നാവിക പശ്ചാത്തലം നന്നായി അറിയാവുന്ന വിപുല്‍ കെ റാവ്ല്‍ ആണ് ഇപ്പോള്‍ പുതിയ സിനിമക്കു വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് . ജോണ്‍ എബ്രഹാം നായകന്‍ ആകുമെന്ന് കേള്‍ക്കുന്നു. ആരാണീ നാനാവതി? എന്താണ് ഈ കഥയ്ക്കു പിന്നിലെ സവിശേഷത? പുതിയ തലമുറക്ക് അത്ര സുപരിചിതമല്ല . കോളിളക്കം സൃഷ്ടിച്ച് ആ കൊലപാതകം! കാലം 1959 കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ ഇരുപത്തിയെട്ടാം തീയതി പ്രഭാതം പൊട്ടി വിടര്‍ന്നത് ബോംബെ നിവാസികളെ നടുക്കിക്കൊണ്ടായിരുന്നു.

സിന്ധി വംശജനായ പ്രേം ഭഗവാന്‍ അഹുജ എന്ന സമ്പന്നനായ മോട്ടോര്‍ വ്യാപാരി കൊല്ലപ്പെട്ടിരിക്കുന്നു . നിഷ്ക്കരുണം വെടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. സുഭഗനായ പ്രേം അഹൂജാ ഉന്നതങ്ങളില്‍ വളരെ ആദരണീയനായിരുന്നു. മറൈന്‍ ഡ്രൈവിനടുത്ത് ' ശ്രേയസ്' എന്നൊരു ബംഗ്ലാവിലാണ് ആദ്യം അദ്ദേഹം താമസിച്ചിരുന്നത്. പിന്നീട് ‍ മലബാര്‍ ഹില്ലിലേക്ക് താമസം മാറ്റി . അവിവാഹിതനായ പ്രേം അഹൂജ കൊല്ലപ്പെടുമ്പോള്‍ വയസ് വെറും മുപ്പത്തിനാല്. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് ഈ അരും കൊലക്കു പിന്നില്‍ എന്നൊരു വാര്‍ത്തയാണ് ആദ്യം കേട്ടത് . അപ്പോഴേക്കും മറ്റൊരു വാര്‍ത്ത പുറത്തു വന്നു കഴിഞ്ഞിരുന്നു . പ്രേം അഹൂജയുടെ കൊലയാളി പോലീസില്‍ കീഴടങ്ങി എന്ന്. അതോടെ ആരാണ് കൊലപാതകി എന്നറിയാന്‍ ആളുകള്‍ നെട്ടോട്ടമോടി.

കൊലയാളി ഇന്ത്യന്‍ നേവിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ കെ. എം . നാനാവതി എന്ന കാവാസ് മനേക്ഷാ നാനാവതി എന്ന പാഴ്സി വംശജനാണത്രെ . അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ള നാനാവതിക്ക് പ്രതിരോധവകുപ്പിലും മറ്റ് ഔദ്യോഗിക മണ്ഡലങ്ങളിലും വളരെയേറെ സ്വാധീനമുണ്ടായിരുന്നു.

എന്തിനാണ് നാനാവതി അഹൂജയെ കൊലപ്പെടുത്തിയത്? അവിടെ ഒരു പ്രണയകഥ ചുരുളഴിയുകയായിരുന്നു. ഓരോ ദിവസവും പത്രം വരാന്‍ കാത്തിരിക്കുന്നത് ബോംബേ നിവാസികള്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കുന്ന കേസായി ഇതു മാറി. ആര്‍ കെ കരഞ്ചിയായുടെ ' ബ്ലിറ്റ്സും' അതുപോലുള്ള പത്രങ്ങളും ഈ കേസിന്റെ നിസാര വശങ്ങള്‍ പോലും ഏറെ പ്രാധാന്യം നല്‍കിയാണ് പ്രസിദ്ധീച്ചത്. സമൂഹത്തില്‍ ഏറെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു വ്യക്തി ഇത്തരത്തിലുള്ള ഒരു കൊലക്കുറ്റത്തിലെ പ്രധാന പ്രതിയായത് ഇന്ത്യന്‍ ജനതയിലാകെ ഞെട്ടലുളവാക്കി. ഈ അരും കൊല നടക്കുന്ന കാലത്ത് ഇന്ത്യന്‍ നേവിയുടെ ' മൈസൂര്‍' എന്ന യുദ്ധക്കപ്പലില്‍ സെക്കന്റ് കമാന്‍ഡറായിരുന്നു കെ എം നാനാവതി . സമ്പന്നനായ നാനാവതി അതിസുന്ദരിയായ ഒരു ബ്രട്ടീഷ് യുവതിയെ 1949 പോട്സ് മൗത്തില്‍ വച്ച് വിവാഹം ചെയ്തിരുന്നു. പത്തും മൂന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളും അഞ്ചു വയസുള്ള ഒരു പെണ്‍കുഞ്ഞും ഈ ദമ്പതിമാര്‍ക്കുണ്ടായിരുന്നു . ജോലി സ്ഥലം മാറുന്നതിനനുസരിച്ച് നാനാവതി കുടുംബവും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ മാറി മാറി താമസിച്ചിരുന്നു. ഒടുവില്‍ ബോംബയില്‍ എത്തി ചേര്‍ന്നു. ബോംബേ നഗരത്തില്‍ താമസമാക്കി ഏറെ കഴിയും മുമ്പേ നാനാവതി ദമ്പതികള്‍ പ്രേം ഭഗവാന്‍ അഹുജ എന്ന സമ്പന്നനായ വ്യക്തിയെ പരിചയപ്പെട്ടു . അവിവാഹിതനായ ഈ സുന്ദരപുരുഷന് ഉന്നതവൃത്തങ്ങളില്‍ ഏറെ പിടിപാടുണ്ടായിരുന്നു.

ജോലി സംബന്ധമായി നാനാവതി മിക്കപ്പോഴും കപ്പലിലായിരിക്കും. കപ്പല്‍ തുറമുഖത്തു നിന്നു പുറപ്പെട്ടാല്‍ തിരികെയെത്താന്‍ പലപ്പോഴും മാസങ്ങള്‍ എടുക്കും. അതുകൊണ്ടു തന്നെ നാനാവതി മിക്കപ്പോഴും വീട്ടില്‍ ഉണ്ടാകാറില്ല. ഭാര്യ സില്‍വിയായയും കുട്ടികളും അവിടെ വീര്‍പ്പടക്കി കഴിഞ്ഞിരുന്നു . ഇതിനോടകം കുടുംബസുഹൃത്തായിക്കഴിഞ്ഞിരുന്ന പ്രേം അഹൂജ മിക്കപ്പോഴും സൗഹൃദസന്ദര്‍ശനത്തിന് നാനാവതിയുടെ വീട്ടില്‍ എത്തുമായിരുന്നു. ഈ അടുപ്പം നാനാവതിയുടെ ഭാര്യയുമായി പ്രേം അഹൂജക്കു അടുത്തിടപഴകാന്‍ വേണ്ടുവോളം അവസരം ലഭിച്ചു. ഈ അടുപ്പം ഇരുവരും തമ്മിലുള്ള പ്രണയത്തില്‍ കലാശിക്കാന്‍ അധിക കാലം വേണ്ടി വന്നില്ല. കടലില്‍ മാസങ്ങളൊളം കഴിച്ചു കൂട്ടിയ ശേഷം 1959- ഏപ്രില്‍ മാസം ഇരുപത്തിയേഴിനു നാനാവതി തിരിച്ചെത്തി. സാധാരണരീതിയിലുള്ള ഊഷ്മളമായ സ്വീകരണം അദ്ദേഹത്തിന് ഇത്തവണ ഭാര്യയില്‍ നിന്നും ലഭിച്ചില്ല.

തികച്ചും നിര്‍വികാരനായി കാണപ്പെട്ട ഭാര്യയോട് ആ മനുഷ്യന്‍ എന്തു സംഭവിച്ചു എന്ന് തിരക്കി. കൂസല്‍ കൂടാതെ മൂന്നു കുട്ടികളുടെ മാതാവായ സില്‍വിയ പറഞ്ഞതിങ്ങനെയായിരുന്നു.

'' ഞാന്‍ നിങ്ങളുടെ വിശ്വസ്തയായ ഭാര്യയല്ല ഇന്ന് . ഞാന്‍ ചില തെറ്റുകള്‍ ചെയ്തു കൂട്ടി''

നാനാവതി എന്ന കമാന്‍ഡറുടെ ശിരസില്‍ ഒരു വെള്ളിടി വെട്ടിയതു പോലെ തോന്നി. അയാളുടെ മനസില്‍ പൊടുന്നനെ ഒരു രാക്ഷസനേപ്പോലെ പ്രേം അഹൂജ പ്രത്യക്ഷപ്പെട്ടു. അയാള്‍ തന്റെ പൗരുഷത്തെ പരിഹസിക്കും മട്ടില്‍ പൊട്ടിച്ചിരിക്കുന്നു...! സില്‍വിയായുടെ നേരെ അഹൂജ പ്രകടിപ്പിച്ചിരുന്ന അമിതമായ താത്പര്യത്തില്‍ നേരത്തെ തന്നെ സംശാലുവായിരുന്നു നാനാവതി. അതുകൊണ്ട് ആള്‍ ആരെന്ന് ചോദിക്കേണ്ടി വന്നില്ല. നാനാവതി ഉടന്‍ തന്നെ കപ്പലിലേക്കു മടങ്ങിച്ചെന്നു.

പെട്ടന്ന് മടങ്ങിവരാന്‍ ഒരു കാരണവും അദ്ദേഹം കപ്പല്‍ ജോലിക്കാരോടു പറഞ്ഞു.

'' ഞങ്ങള്‍ കുടുംബസമേതം വനത്തിലേക്ക് ഒരു വിനോദയാത്ര പോകുകയാണ് അതുകൊണ്ട് ഒരു റിവോള്‍വര്‍ ആവശ്യമുണ്ട് '' അവിടെ നിന്ന് ആറ് വെടിയുണ്ടകള്‍ നിറയ്ക്കാവുന്ന ഒരു റിവോള്‍‍വറുമെടുത്ത് അദ്ദേഹം മടങ്ങി. ആര്‍ക്കും ഇതില്‍ ഒരു സംശയവും തോന്നിയില്ല. നാനാവതി നേരെ പോയത് പ്രേം അഹൂജയുടെ ഓഫീസിലേക്കാണ്. എന്നാല്‍ അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. മുതലാളി വീട്ടില്‍ കാണുമെന്ന് ജീവനക്കാരനില്‍ ഒരുവന്‍ അറിയിച്ചു. നാനാവതി ഉടനെ അഹൂജ യുടെ വീട് ലക്ഷ്യമാക്കി നടന്നു. അദ്ദേഹം ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ സ്വീകരണ മുറിയില്‍ നിന്നും അകത്തേക്കു കടന്നു . ഓരോ മുറികളിലും മാറി മാറി നോക്കി ഒടുവില്‍ കുളിമുറിയുടെ മുന്നിലെത്തി .അദ്ദേഹം കതകില്‍ തട്ടാനൊരുമ്പെടും മുമ്പേ അഹൂജ ഒരു ടര്‍ക്കി ടവ്വല്‍ ചുറ്റിക്കൊണ്ട് മുറിക്കു പുറത്തേക്കിറങ്ങി വന്നു.

ഉടന്‍ മൂന്നു വെടി പൊട്ടി.

അതില്‍ രണ്ടണ്ണം ഉദ്ദേശിച്ച സ്ഥലത്തു തന്നെ കൊണ്ടു. ഉടന്‍ തന്നെ അഹുജ തറയിലേക്കു ഒരലച്ചയോടെ മറിഞ്ഞു വീണു. അഹൂജയുടെ മരണം ഉറപ്പാക്കിയ ശേഷം നാനാവതി നേരെ പോയത് വെസ്റ്റേണ്‍ നേവല്‍ കമാണ്ടറുടെ ഓഫീസിലേക്കായിരുന്നു. ആ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ മുന്നില്‍ നാനാവതി സ്വയം കീഴടങ്ങി. അദ്ദേഹത്തെ കൊലപാതകക്കുറ്റത്തിനു അറസ്റ്റു ചെയ്തു. (തുടരും........! )

 Next

ജോഷി ജോർജ്ജ്‌

കുഴിയാഞ്ഞാൽ വീട്‌,

താമരച്ചാൽ, കിഴക്കമ്പലം(പി.ഒ),

എറണാകുളം ജില്ല,

പിൻ - 683 562.

0484 2681891


Phone: 9895922316




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.