പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കൃതി

കേട്ടതും കണ്ടതും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവി കുറ്റിക്കാട്‌

ഇതൊരു കരിമ്പിൻ തണ്ട്‌

പത്രപ്രവർത്തകനെന്ന നിലയിൽ കണ്ടുമുട്ടിയ നിരവധി മുഖങ്ങളിൽ മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്‌. വീണ്ടും വീണ്ടും ഓർമിക്കുന്ന ആ മുഖങ്ങളിൽ ആദ്യം തെളിയുന്നത്‌ സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്‌റ്ററുടെതാണ്‌.

പത്രപ്രവർത്തകർക്ക്‌ പിടികിട്ടാപുള്ളിയാണ്‌ ദേവരാഗങ്ങളുടെ ഈ ശില്‌പിയെന്ന്‌ കേട്ടിട്ടുണ്ട്‌. മൂക്കത്താണ്‌ ശുണ്‌ഠി. അക്കാര്യത്തിൽ വലിപ്പചെറുപ്പമില്ല. തണ്ടനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നടൻ തിലകനോടും ഒന്നേറ്റുമുട്ടിയിട്ടുണ്ട്‌ ദേവരാജൻ. കെ.പി.എസി. എന്ന നാടക സംഘത്തിന്റെ ശില്‌പികളിൽ മഹാതണ്ടന്മാരായി മൂന്നുപേർ ഉണ്ടായിരുന്നുവെന്ന്‌ പൂർവിക ചരിത്രം അവരിൽ ഒരാൾ ദേവരാജനാണെങ്കിൽ മറ്റ്‌ രണ്ട്‌പേർ അഡ്വക്കേറ്റ്‌ ജി. ജനാർദ്ദനകുറുപ്പും കവി ഒ.എൻ.വി കുറുപ്പുമാണ്‌.

പത്രത്തിനുവേണ്ടി ദേവരാജനെ അദ്ദേഹത്തിന്റെ ആത്‌മമിത്രമായ ജനാർദ്ദന കുറുപ്പിന്റെ വീട്ടിൽ വെച്ച്‌ ഞാൻ അഭിമുഖത്തിന്‌ ചെന്നതാണ്‌ ഇവിടെ എഴുതുന്ന കഥ. കുറുപ്പേട്ടനോട്‌ പറഞ്ഞിട്ടാണ്‌ ഞാൻ ചെല്ലുന്നത്‌. ദേവരാജൻ സ്വീകരണമുറിയിലെ സെറ്റിയിൽ ആലോചനയിലാണ്‌. കുറുപ്പേട്ടൻ എന്നെ പരിചയപ്പെടുത്തി. മുഖത്ത്‌ ഭാവഭേദമില്ല.

കുറെ സമയം അങ്ങനെ പോയി.

ഞാൻ ചുണ്ടനക്കി ഏറുകണ്ണിട്ട്‌ നോട്ടം അമർത്തിമൂളൽ.

“ഞാൻ ചോദിക്കട്ടെ”

“വേണ്ട”

“സാർ, പറഞ്ഞതേ എഴുതൂ”

“വേണ്ട, അഭിമുഖം വേണ്ട”

“പത്രാധിപരുടെയും വായനക്കാരുടെയും താല്‌പര്യമാണ്‌”

“വായനക്കാർക്ക്‌ അങ്ങനെ താല്‌പര്യം ഉണ്ടാകേണ്ട” വഴങ്ങുന്നില്ലെന്നുകണ്ടപ്പോൾ ഞാൻ നിശ്ശബ്‌ദനായി.

നിമിഷങ്ങൾ, മണിക്കൂറുകളായി.

ഉച്ചയ്‌ക്ക്‌ ഉണ്ണാൻ ദേവരാജനെയും എന്നെയും കുറുപ്പേട്ടൻ വിളിച്ചു. രാഗശില്‌പിയുടെ തൊട്ടരുകിലാണ്‌ എന്റെ ഇരിപ്പ്‌. ബലം പിടുത്തം അയഞ്ഞോ എന്ന്‌ സംശയം

“സാറിന്റെ ആരോഗ്യം എങ്ങനെ”

“ഓ... അങ്ങനെ പോകുന്നു.”

അടുക്കുന്നില്ല.

ഊണു കഴിഞ്ഞ്‌ പിടിക്കാമെന്നു സമാധാനിച്ചു. ഉണ്ണുന്നതിനിടയിൽ ദേവരാജൻ കുറുപ്പേട്ടനോട്‌ പറഞ്ഞു. “കുറുപ്പേട്ടാ, നമ്മുടെ സംഗീതമോഷണകേസ്‌ എന്തായി” ഫയൽ ചെയ്‌തിട്ടേള്ളുവെന്ന്‌ കുറുപ്പേട്ടൻ. ഊണുകഴിഞ്ഞു തിരിച്ച്‌ സെറ്റിയിൽ ദേവരാജൻ കിടന്നു. മയങ്ങാനുള്ള പുറപ്പാടാണ്‌.

സംഗതി വിട്ടുകളയണോ, വേണോ? ഞാൻ കുറുപ്പേട്ടനെ സമീപിച്ചു. “ഇതെന്തൊരു ഏർപ്പാടാണ്‌. മൂന്നാല്‌ മണിക്കൂർ പോയി”. അവൻ മയങ്ങി എഴുന്നേൽക്കട്ടെ, ഞാൻ തന്നെ പിടിച്ചുതരാമെന്നായി കുറുപ്പേട്ടൻ. ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ദേവരാജൻ എഴുന്നേറ്റു. എന്റെ മുഖത്തേക്ക്‌ തറച്ചു നോക്കി. എന്താ ഇതുവരെയായിട്ടും പോയില്ലേയെന്ന ഭാവമാണോ?

കുറുപ്പേട്ടൻ ഇടയിൽ വന്നിരുന്ന്‌ ദേവരാജനോട്‌ പറഞ്ഞു. “ദേവരാജാ, ഇങ്ങനെ ക്രൂരനാവരുത്‌. ഞാൻ പറഞ്ഞിട്ടു കൂടിയാണ്‌ ഇവൻ ഇവിടെ വന്നത്‌. നമ്മൾ കെ.പി.എ.സി. കെട്ടിപ്പടുക്കുമ്പോൾ ഇവൻ ജോലിചെയ്യുന്ന പത്രവും പ്രസ്‌ഥാനവുമാണ്‌ നമുക്ക്‌ തണലായത്‌. മറക്കണ്ട” എന്നിട്ട്‌ കുറുപ്പേട്ടൻ എന്നോട്‌ ചോദിക്കേണ്ട ചോദ്യങ്ങൾ.“

ഞാൻ തുടങ്ങി.

പരവൂർ ദേവരാജന്റെ പരവൂർ ഗ്രാമത്തിൽ നിന്ന്‌, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തു നിന്ന്‌ മൃദംഗം പഠിച്ചകാലത്തിലേക്ക്‌, ഭജനകൾക്ക്‌ പാടിയത്‌, തിരുവനന്തപുരം വാസം, ഒ.എൻ.വി.യുടെയും, ജി.കുമാരപിള്ളയുടെയും കവിതകൾക്ക്‌ സംഗീത ചിറക്‌ വെയ്‌പ്പിച്ചത്‌..... ദേവരാഗ ശില്‌പി അനുഭവങ്ങളുടെ സ്വർണചെപ്പുതുറന്നു.

കവിതകളുടെ ഗാനങ്ങളുടെ ആത്മാവറിഞ്ഞ്‌ സംഗീതത്തിന്റെ കസവുഞ്ഞൊറിവച്ചു പിടിപ്പിച്ച ഇന്ദ്രജാല വിദ്യ എങ്ങനെയെന്ന്‌ ഞാൻ പാടികേട്ടു.

രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല. ഒടുവിൽ ഞാൻ രണ്ട്‌ ചോദ്യം തൊടുത്തു. അഭിമുഖം കേട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ ചൂണ്ടി ഞാൻ ചോദിച്ചു. - അടുത്ത ജന്മത്തിൽ ഈ ഭാര്യതന്നെ മതിയോ വലിയൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി. അടുത്ത ജന്മത്തിൽ ആരാവണമെന്നാണ്‌ മോഹം? സംശയമുണ്ടോ, സംഗീതജ്ഞനായാൽ മതിയെന്ന മറുപടിക്കൊപ്പം ഉള്ളു തുറന്ന ചിരി.

യാത്രപറയുമ്പോഴെക്കും ഞങ്ങൾ സുഹൃത്തുക്കളായി. ഇടയ്‌ക്ക്‌ കൊച്ചിയിൽ വരുമ്പോൾ എന്നെതിരക്കിയിരുന്നു. ആരാണ്‌ അദ്ദേഹം തണ്ടനും മുരടനുമൊക്കെയാണെന്ന്‌ പറഞ്ഞത്‌? നമ്മുടെ മനസിൽ ആ മനുഷ്യൻ കരിമ്പിൻ നീരാണ്‌.

തുടരും....

രവി കുറ്റിക്കാട്‌

ത്രിവേണി,

എളമക്കര,

കൊച്ചി-26.


Phone: 9895637118
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.