പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കൃതി

കണ്ടതും കേട്ടതും - 3

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവി കുറ്റിക്കാട്‌

കേരളം കണ്ട മഹാനായ സാഹിത്യകാരൻ വൈക്കം മുഹമമദ്‌ ബഷീർ മഹാനഗരമായ കൊച്ചിയിൽ ദീർഘകാലം നിരവധി ശിഷ്യഗണങ്ങളോടൊപ്പം വാണരുളിയിരുന്നു. ആ ശിഷ്യന്മാർക്കെല്ലാം ഗുരുവിനെകുറിച്ച്‌ പറയുമ്പോൾ നൂറുനാക്കാണ്‌. ഇവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അക്കാലം ഇവർ പറയുന്നതെല്ലാം രേഖപ്പെടുത്തിയിരുന്നെങ്കിൽ ഓഷോ കഥകൾ പോലെ “ബഷീർ കഥ”കളുടെ പരമ്പര പുറത്തിറക്കാമായിരുന്നു. കഷ്‌ടം! വൈകിവന്ന ബുദ്ധിയെ ശപിക്കാം. ഈ ശിഷ്യരിൽ ഒരാളെ എനിക്ക്‌ ഒത്തുകിട്ടിയിരുന്നു; നഗരത്തിലെ പ്രധാന ദിവ്യന്മാരിൽ ഒരാളായിരുന്ന വൈലോപ്പിളി രാമൻ കുട്ടിമേനോനെ ഏതാനും നാൾ മുമ്പാണ്‌​‍്‌ ആ ദിവ്യനും ചരിത്രഭാഗമായത്‌.

ബഷീർ എറണാകുളത്ത്‌ ബുക്‌സ്‌റ്റാൾ തുടങ്ങുന്നതിനു മുമ്പ്‌ തന്നെ രാമൻകുട്ടിയുമായി ചങ്ങാത്തത്തിലായിരുന്നു. “പോലീസുകാരന്റെ മകൾ” എന്ന കഥാസമാഹാരം അച്ചടിപ്പിക്കാൻ ബഷീറിനെ സഹായിച്ചത്‌ രാമൻകുട്ടിയായിരുന്നു.

ആ പുസ്‌തകം അച്ചടിക്കാൻ ബഷീർ കണ്ടെത്തിയ വിദ്യയായിരുന്നു ഏറെ രസാവഹം. അക്കാലം നഗരത്തിൽ തലചുമടായി പുസ്‌തകങ്ങൾ കച്ചവടം നടത്തിയിരുന്നു. ഹരിനാമ കീർത്തനം മുതൽ ഡിക്‌റ്ററ്റീവ്‌ വരെ, ഡിക്‌റ്ററ്റീവിന്‌ നല്ല ഡിമാന്റായിരുന്നു. പ്രണയകഥകളും വിൽപ്പനയിൽ മുമ്പന്തിയിലായിരുന്നു. നാലാൾ കൂടുന്നിടത്ത്‌ കഥയുടെ ക്ലൈമാക്‌സ്‌ പാട്ടിന്റെ ഈണത്തിൽ വിളിച്ചുപറയും - “ഒറ്റകൊമ്പത്ത്‌ ഇരട്ടതൂക്കം” (കമിതാക്കൾ ആത്‌മഹത്യചെയ്‌തുവെന്ന്‌ ചുരുക്കം) ഈ കച്ചവടക്കാരുടെ പോക്കും വിപണനതന്ത്രവും കണ്ട ബഷീറിന്‌ ഒരാശയം ഉദിച്ചു. ഇവരുടെ പുറകിൽ “പോലീസുകാരന്റെ മകളുമായി” ബഷീർ പോകും. അവർ പുസ്‌തകങ്ങൾ ഉയർത്തുമ്പോൾ ബഷീറും “പോലീസുകാരന്റെ മകളെ” പൊക്കികാട്ടും. പേരുകാണുമ്പോൾ ഡിക്‌റ്ററ്റീവാണെന്ന തോന്നലിൽ ആളുകൾ വാങ്ങും. അങ്ങനെ വാങ്ങി ബഷീറിനോട്‌ പ്രേമം തോന്നിയ ഒരാളാണ്‌ എറണാകുളത്ത്‌ കൊച്ചിയിൽ ബേക്കറി നടത്തിയിരുന്ന കണാരി. (ഇന്നും ഈ ബേക്കറി ഉണ്ട്‌) ആ ചങ്ങാത്തമാണ്‌ കൊച്ചിൻ ബേക്കറി വരാന്തയിൽ ബുക്ക്‌സ്‌റ്റാൾ തുടങ്ങാൻ ബഷീറിന്‌ ഇടവന്നത്‌.

സുഹൃത്തുക്കളെ പ്രാണനു തുല്യം ബഷീർ സ്‌നേഹിച്ചിരുന്നു. അവരുടെ രാഷ്‌ട്രീയമോ ജാതിയോ ബഷീർ പരിഗണിച്ചിരുന്നില്ല. കമ്യൂണിസ്‌റ്റുകാരായ പി. കൃഷ്‌ണപിള്ളയും കെ. ദാമോദരനും കെ.സി. ജോർജ്ജും, ടി.വി.തോമസും ഒക്കെ ചങ്ങാതിമാരായിരുന്നു. ഒളിവിലും തെളിവിലും കഴിഞ്ഞ കെ.സി.ജോർജ്‌ എഴുതിയ ആത്മകഥയിൽ ബഷീറിനെ ചിത്രീകരിച്ചത്‌ വായിച്ചാൽ നമ്മുടെ കണ്ണുകൾ നിറയും. ഒരിക്കൽ കയ്യിലെ കാശ്‌ തീർന്ന്‌ വിശന്ന്‌ പൊരിഞ്ഞ്‌ ബഷീർ മുറിക്കകത്ത്‌ ഇരിക്കയാണ്‌. അഭിമാനിയാണ്‌. ആരോടും പണം ചോദിക്കില്ല. കെ.സി. ജോർജിന്‌ ബഷിറിന്റെ അവസ്‌ഥ മനസിലായി. കയ്യിലെ ചില്ലറ ബലമായി പിടിപ്പിച്ചു. ബഷീർ ചായകുടിക്കാൻ പോകുന്ന വഴി ഒരു പയ്യൻ വഴിയിലിരുന്ന്‌ കരയുന്നു. ബഷീർ വിവരം തിരക്കി. അനാഥ വിശന്ന്‌ കരയുകയാണ്‌. കയ്യിലെ ചില്ലറ മുഴുവനും അവന്‌ കൊടുത്ത്‌ ബഷീർ ലോഡ്‌ജിലേക്ക്‌ മടങ്ങി. അതായിരുന്നു ബഷീർ.

ഇടപ്പള്ളി പോലീസ്‌ സ്‌റ്റേഷൻ ആക്രമണകേസിൽ പ്രതിയായ ശിഷ്യൻ കെ.എ.രാജനെ അറസ്‌റ്റ്‌ ചെയ്‌തു ജയിലിൽ കൊണ്ടുപോയിയെന്ന്‌ കേട്ടപ്പോൾ ദിവസങ്ങളോളം ഭക്ഷണം ഒന്നും കഴിക്കാതെ വേവലാതിപൂണ്ട ബഷിറിന്റെ മുഖം രാമൻകുട്ടിമേനോൻ മരിക്കുന്നതുവരെ ഓർമിച്ചിരുന്നു. ശിഷ്യർക്ക്‌ പ്രതിസന്ധിഘട്ടങ്ങളിൽ അത്താണി കൂടിയായിരുന്നു ബഷീർ. രാമൻകുട്ടിമേനോന്റെ പ്രണയം വിവാഹത്തിലെത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞതും ബഷീറായിരുന്നു. പ്രിയശിഷ്യൻ പോഞ്ഞിക്കര മറ്റൊരു സാഹിത്യകാരന്റെ മകളുമായി പ്രണയത്തിലാണെന്ന്‌ കേട്ടപ്പോൾ ഒരിക്കലും ചേരരുതാത്ത ആ ബന്ധം തകർത്തതും ബഷീറായിരുന്നു. ഇക്കാലത്ത്‌ ബഷീറിനും ഒരു നായർ തറവാട്ടിലെ പെൺകുട്ടിയുമായി പ്രണയം ഉണ്ടായതും “നീണ്ട കഴുത്ത്‌” എന്ന കഥയെഴുതിയതും പഴയതലമുറയിൽ പ്രചരിച്ചിരുന്ന കഥകളിൽ ഒന്നാണ്‌.

ബഷീർ സിനിമ കാണാൻ പോയതും ഈ കഥകളിൽ ഒന്നാണ്‌. രാത്രി സെക്കന്റ്‌ ഷോ സിനിമ കാണാൻ ബഷീറും കെ ദാ​‍ോമാദരനും കെ.സി.ജോർജജും എറണാകുളം മേനകതിയേറ്ററിൽ പോയി. എല്ലാവരിൽ നിന്നും പണം പിരിവെടുത്താണ്‌ സിനിമ കാണൽ. തിയേറ്ററിൽ തിരക്ക്‌. ഒരു പയ്യൻ ഓടിവന്ന്‌ ബഷീറിനോട്‌ ചോദിച്ചു - “എന്താ ബഷീറിക്കാ ഇവിടെ. ടിക്കറ്റ്‌ വേണോ. കാശ്‌ താ ഞാൻ എടുത്ത്‌ തരാം” ബഷീർ പണം കൊടുത്തു. തിയേറ്ററിൽ പടം തുടങ്ങുന്നതിനുള്ള ബെൽ മുഴങ്ങി. പയ്യനെ കാണാനില്ല. കുറെ നേരം നിന്ന്‌ പടം കാണാതെ ബഷീറും സംഘവും മടങ്ങി. പിറ്റേന്ന്‌ കയ്യിൽ കഠാരയുമായി പയ്യനെ തപ്പി ബഷീർ തിയേറ്റർ പരിസരത്ത്‌ കറങ്ങി നടന്നുവത്രെ. കണ്ടാലും ബഷീർ പയ്യനെ തട്ടില്ലെന്ന്‌ സുഹൃത്തുക്കൾ. അവന്‌ ചായ വാങ്ങികൊടുത്ത്‌ അഭിനന്ദിക്കുമെന്ന്‌ അവർ പറഞ്ഞിരുന്നു. ബഷീറിന്റെ കഥപോലെയായിരുന്നു ബഷീറിന്റെ മനസും.

അക്കാലത്തെ ശിഷ്യന്മാരായിരുന്നു. പിന്നീടു എഴുതിയ കഥകളിലെ ചില കഥാപാത്രങ്ങളെന്ന്‌ പറയുന്നു. ആനവാരി രാമൻനായർ ഈ രാമൻകുട്ടിമേനോനായിരുന്നുവത്രെ. മുഴയൻ നാണു എന്ന കഥാപാത്രം പി.കെ. ബാലകൃഷ്‌ണനും.

ഒരിക്കൽ ഒരു മഴക്കാലത്ത്‌ ബഷീറിന്റെ ബുക്ക്‌സ്‌റ്റാളിൽ പുസ്‌തകങ്ങൾ നോക്കാൻ ഒരാൾ വന്നു. മടങ്ങിപോകുമ്പോൾ മൂലയിൽ ചാരിവച്ച കുടയുമായി ഇറങ്ങി. ബഷീർ ഇതു കണ്ടു. പുറകെ ചെന്നു പറഞ്ഞു “നിങ്ങൾ മുഹമ്മദ്‌ ബഷീറാണോ” കുടയെടുത്തയാൾ ഒന്നു പകച്ചു. “നിങ്ങൾ ബഷീറാണെങ്കിൽ കുടകൊണ്ടുപോകാം. അത്‌ ബഷീറിന്റെ കുടയാണ്‌”. കുടപൊക്കിയ ആൾ മാപ്പ്‌ പറഞ്ഞ്‌ സ്‌ഥലം വിട്ടു.

ഒരിക്കൽ മഹാരാജാസ്‌ കോളേജിലെ കുട്ടികൾ ബഷീറിനെ സമീപിച്ചു ബഷീറിന്റെ പടം ചോദിച്ചു. ഉടനെ ബഷീർ “എനിക്ക്‌ പത്ത്‌രൂപ തരണം” എന്തിനാണ്‌ പത്തുരൂപയെന്ന കുട്ടികളുടെ ചോദ്യത്തിന്‌ സ്‌റ്റുഡിയോയിൽ പോയി പടം എടുക്കാ“ നാണന്നായിരുന്നു ബഷീറിന്റെ മറുപടി. അങ്ങനെ ഫലിതവും യുക്തിബോധവും സാധാരണമനുഷ്യന്റെ സഹൃദയത്വവും കാരുണ്യവുമൊക്കെയുള്ള മനുഷ്യനായിരുന്നു നമ്മുടെ വൈക്കം മുഹമ്മദ്‌ ബഷീറെന്ന മഹാൻ.

രവി കുറ്റിക്കാട്‌

ത്രിവേണി,

എളമക്കര,

കൊച്ചി-26.


Phone: 9895637118




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.