പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കൃതി

പക്ഷിപാതാളം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ഇ.സേതുമാധവൻ

പ്രകൃതിരമണീയത നിറഞ്ഞ സുന്ദരമായ നാടാണ്‌ വയനാട്‌. കാടും മേടും കയറിമറിഞ്ഞു നടക്കുന്ന മലകയറ്റം വിനോദമാക്കിയവരുടെ സ്വർഗ്ഗഭൂമിയുമാണ്‌ കേരളത്തിന്റെ ഈ വടക്കുകിഴക്കൻ ജില്ല. കേരളത്തിൽ കുന്നും മലയും നിറഞ്ഞ നാട്‌ ഇടുക്കിയാണ്‌. അതിനുതൊട്ട സ്‌ഥാനമാണ്‌ വയനാടിനുള്ളത്‌.

കാടും മലയും കാട്ടരുവികളും കാട്ടുജന്തുക്കളും കൂടി സമ്പന്നമാക്കിയ വയനാട്ടിലെ തിരുനെല്ലി മേഖലയിലെ അതിപ്രശസ്‌തമായ പ്രദേശമാണ്‌ പക്ഷിപാതാളം. തിരുനെല്ലിയിലാണ്‌ പക്ഷിപാതാളത്തിലേക്ക്‌ പോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ഇൻഫർമേഷൻ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌. വടക്കുകിഴക്കൻ വയനാടിന്റെ ഭാഗമായ ഇവിടേക്ക്‌ ഏഴു കിലോമീറ്ററും മാനന്തവാടിയിൽ നിന്ന്‌ മുപ്പത്തിരണ്ട്‌ കിലോമീറ്ററും കൽപ്പറ്റയിൽ നിന്ന്‌ അറുപത്തിയാറ്‌ കിലോമീറ്ററും ദൂരമുണ്ട്‌. ആയിരത്തി എഴുനൂറ്റി അറുപത്‌ മീറ്ററിലധികം ഉയരമുള്ള സ്‌ഥലത്ത്‌ സ്‌ഥിതിചെയ്യുന്ന പക്ഷിപാതാളത്തിലേക്ക്‌ ഒരു യാത്രാപോകണമെന്ന്‌ എനിക്കുതോന്നി. അതിനായി വയനാട്ടിലുള്ള എന്റെ സുഹൃത്ത്‌ അനിൽകുമാറുമായി ഞാൻ ബന്ധപ്പെട്ടു. മാനന്തവാടി പഴശ്ശിലൈബ്രറി ആൻഡ്‌ വായനശാലയുടെ ജീവാത്‌മാക്കളിൽ ഒരാളാണ്‌ അനിൽകുമാർ. എന്റെ ആഗ്രഹം നിവർത്തിക്കാനും പരമാവധി ചെലവ്‌ കുറയ്‌ക്കാനും ആയി അദ്ദേഹം മറ്റൊരു കാര്യം കൂടി ചെയ്‌തു. ഒരു നേച്ചർ സ്‌റ്റഡി ക്യാമ്പ്‌ തിരുനെല്ലിയിൽ വെച്ച്‌ നടത്തുന്നതിന്‌ വനംവകുപ്പിൽ നിന്നും അനുമതിനേടി.

മാനന്തവാടി പഴശ്ശിലൈബ്രറി ആന്റ്‌ വായനശാലയുടെ ആഭിമുഖ്യത്തിൽ 2008 ജനുവരി 11 മുതൽ 13 വരെ തിയ്യതികളിൽ തിരുനെല്ലിയിലെ ഇൻഫർമേഷൻ ബംഗ്ലാവിൽ ഒരു പ്രകൃതി പഠനക്യാമ്പ്‌ സജ്ജമായി. ത്രിദിനക്യാമ്പാണ്‌ സാധാരണ പതിവെങ്കിലും ഫലത്തിൽ ദ്വിദിനമെ ഉണ്ടാകാറുള്ളു. ഒന്നാം ദിവസം വൈകുന്നേരത്തോടെ ആരംഭിക്കുന്ന ക്യാമ്പ്‌ മൂന്നാം ദിവസം ഉച്ചയോടെ തിരുകയാണ്‌ പതിവ്‌.

ഒന്നാം ദിവസം വൈകുന്നേരം നാലുമണിയോടെ ഞാൻ ക്യാമ്പിലെത്തി. ക്യാമ്പ്‌ ഹാളിന്‌ തൊട്ടടുത്തുള്ള ഡോർമിറ്ററിയിൽ ബാഗുകൊണ്ടുവെച്ചു. അഞ്ചാറ്‌ അംഗങ്ങൾ മാത്രമെ ഇതുവരെയായി എത്തിയിട്ടുള്ളു. സംഘാടകർ പോലും എത്തിയിട്ടില്ല. സമയം അഞ്ചരമണിയായപ്പോൾ ഞാനും എന്നോടൊപ്പം വന്നിട്ടുള്ള സുഹൃത്ത്‌ ശിവദാസും കൂടി അടുത്തുതന്നെയുളള തിരുനെല്ലി മഹാവിഷ്‌ണുക്ഷേത്രം കാണാൻ പോയി. ക്യാമ്പിൽ നിന്നും ഏകദേശം 3 കി. മീറ്റർ ദൂരമുണ്ട്‌ ക്ഷേത്രത്തിലേക്ക്‌, എന്നാൽ കാട്ടുവഴിയിലൂടെ നടന്നാൽ ഒന്നര കി.മീറ്റർ ദൂരമെ ഉണ്ടായിരുന്നുള്ളൂ.

ക്ഷേത്രത്തിന്‌ പുറകുവശത്ത്‌ പ്രസിദ്ധമായ പാപനാശിനി പുഴയാണ്‌. ബ്രഹ്‌മഗിരി മലനിരകളിൽ നിന്നും നീരുറവയായി ജനനം കൊള്ളുന്ന പാപനാശിനിക്ക്‌ ക്ഷേത്രസമീപമെത്തുമ്പോഴെയ്‌ക്കും ഒരു തോടിന്റെ വലുപ്പമേയുള്ളു. ഭാരതപുഴയുടെ വിശാലപുളിനങ്ങളും ജലമൊഴുകുന്നതിന്റെ സൗന്ദര്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള (മുൻപ്‌) എനി​‍്‌ക്ക്‌ എന്തുകൊണ്ടോ പാപനാശിനിയെ പുഴയെന്ന്‌ വിളിക്കാൻ തോന്നിയില്ല.

ഞാൻ കാണുമ്പോൾ പാപനാശിനി ഒരു അഴുക്കുചാലായിരുന്നു. ഉടഞ്ഞ കുപ്പികളും ചില്ലുകളും ഒഴിഞ്ഞ ഫൈബർ ബോട്ടിലുകളും പൊളിത്തീൻകവറുകളും പ്ലാസ്‌റ്റിക്‌ അവശിഷ്‌ടങ്ങളും കൊണ്ട്‌ സമ്പന്നമായ പുഴ! മനുഷ്യ വിസർജ്യങ്ങൾ നിറഞ്ഞു കിടന്ന പാറകളിൽ തട്ടിയും മുട്ടിയും അറപ്പോടെ മടിച്ച്‌ മടിച്ച്‌ ഒഴുകാനാവാതെ (ജലമില്ലായ്‌മയാൽ) പാപനാശിനി വിതുമ്പുകയാണ്‌. അതെ; പാപനാശിനി ഇന്ന്‌ ഒരു പാപവർധിനിയാണ്‌.

പുഴയിക്കിരുവശമുള്ള മരങ്ങളിലും ചെടികളിലും മരത്തൊട്ടിലുകളും കീറത്തുണികളും തൂങ്ങിയാടുന്നു. മണ്ണുകൊണ്ടുള്ള മനുഷ്യന്റെ സമ്പൂർണ്ണ പ്രതിമാരൂപങ്ങളും (ചെറിയത്‌) സ്‌പെയർ പാർട്‌സ്‌സുകൾ പോലെ കൈ, കാൽ, ഉടൽ തുടങ്ങിയവയുടെ ഭാഗങ്ങളും എല്ലിൻ കഷ്‌ണങ്ങളും പുഴയിൽ ചിതറികിടക്കുന്നു. രണ്ടിടങ്ങളിൽ മാത്രമെ അരയോളം ആഴത്തിൽ വെള്ളം ഉണ്ടായിരുന്നുള്ളൂ. ഈ കാഴ്‌ച, ഞാൻ കുളിവേണ്ടെന്നു വെയ്‌ക്കുവാൻ കാരണമായി.

“അമ്മേ, പാപനാശിനി ക്ഷമിക്കുക. മാപ്പ്‌” എന്ന്‌ ആത്മനൊമ്പരപ്പെട്ട്‌ ഗദ്‌ഗദത്തോടെ ക്ഷേത്രത്തിലേക്ക്‌ തിരിച്ചുനടന്നു. പിതൃക്കളുടെ മോക്ഷത്തിനുവേണ്ടി ഈ തീരഭൂവിൽ വന്ന്‌ കണ്ണീർ വാർക്കുന്നവരെ; പുരോഹിതൻമാർ ചൊല്ലുന്ന മന്ത്രങ്ങൾ നിങ്ങൾ ഏറ്റുചൊല്ലുമ്പോൾ പിതൃക്കൾ ഒരിക്കലും നിങ്ങളുടെ സമീപം എത്തില്ല. ഒരുനേർത്ത കാറ്റായിട്ടുപോലും! ദുർഗന്ധവും മാലിന്യവും പരേതാത്‌മാക്കൾക്കും അസഹ്യമല്ലേ? ഇത്തരം വിചാരങ്ങളുടെ വ്യാകുലതകളുമായാണ്‌ പടവുകൾ കയറി ഞാൻ ക്ഷേത്രത്തിലെത്തിയത്‌.

ക്ഷേത്രത്തിനു ചുറ്റും ഒരു പ്രദക്ഷിണം ചെയ്‌ത്‌ ദേവനെ ഒന്നു നമസ്‌കരിച്ച്‌ ഒഴിഞ്ഞ ഒരുകോണിലേക്കുമാറി ഞാൻ പടിഞ്ഞാട്ട്‌ നോക്കിനിന്നു. അകലെ കരിമലയിൽ മരങ്ങൾക്കിടയിലൂടെ കുന്നിനുപുറകിൽ പകലോൻ വിടചൊല്ലുന്നു.

തിരുന്നെല്ലിക്ഷേത്രം ഹൈന്ദവരുടെ പ്രസിദ്ധക്ഷേത്രങ്ങളിൽ ഒന്നാണ്‌. പരേതാത്‌മാക്കളെ കർമ്മബന്ധനങ്ങളിൽ നിന്നും വിമുക്തരാക്കി മോക്ഷമാർഗത്തിലെത്തിച്ച്‌ ജനിമൃതികളുടെ ചങ്ങലകൾ ഇല്ലാതാക്കാൻ ബലികർമ്മങ്ങൾ നടത്തുന്ന വടക്കൻ കേരളത്തിലെ സുപ്രസിദ്ധ സ്‌ഥലങ്ങളിൽ ഒന്നാണിവിടം.

തിരുന്നെല്ലിക്ക്‌ വടക്ക്‌ ബ്രഹമഗിരി, തെക്ക്‌ നരിനിരങ്ങിമല, കിഴക്ക്‌ ഉദയഗിരി, പടിഞ്ഞാറ്‌ കരിമല എന്നിങ്ങനെയാണ്‌ മലനിരകൾ അതിരിട്ട്‌ നിൽക്കുന്നത്‌. വെളിച്ചം മറയുന്ന സന്ധ്യയിൽ ബ്രഹ്‌മഗിരിയിലെ പുൽമേടുകൾക്കിടയിലെ ചോലവനങ്ങൾ വനകന്യകയുടെ പിന്നിയിട്ട മുടിപോലെ താഴേക്ക്‌ നീണ്ടുകിടന്നു. ബ്രഹ്‌മഗിരിക്കും കരിമലയ്‌ക്കും ഇടയിലാണ്‌ പ്രസിദ്ധമായ പക്ഷിപാതാളം. നാളത്തെ എന്റെ ലക്ഷ്യം കുറിച്ച്‌ ഞാൻ ശിവദാസിനൊപ്പം ക്യാമ്പിലേക്ക്‌ തിരിച്ചു നടന്നു.

റോഡ്‌ വിജനമാണ്‌. സമയം ഏഴരയായിട്ടുണ്ട്‌. വഴിവിളക്കുകൾക്ക്‌ ജീവൻ നിലച്ചിട്ട്‌ കാൽമണിക്കൂറായി. നേർത്ത നാട്ടുവെളിച്ചത്തിൽ അവ്യക്തമായ വഴിയിലൂടെ നിലത്ത്‌ തട്ടിതടഞ്ഞ്‌ വീഴാതെ ഞങ്ങൾ മെല്ലെ നടന്നു. വനത്തിലൂടെ ക്യാമ്പിലേക്കുള്ള എളുപ്പവഴിയിൽ എത്തിയപ്പോൾ നേരിയ ഭയം അങ്കുരിച്ചു.

കാട്ടുവഴിയാണ്‌. ഒറ്റയടിപ്പാത. ഇരുവശവും കുറ്റിച്ചെടികൾ. അവയ്‌ക്കിടയിലൂടെ മൊബൈൽഫോൺ ഫ്ലാഷിന്റെ വെളിച്ചത്തിൽ ശ്രദ്ധിച്ചു നടന്നു. നേരത്തെ ഈ വഴിയിൽ കണ്ടിരുന്ന ഉണങ്ങിയ ആനപിണ്ഡം മനസ്സിനെ ഉലച്ചത്‌ ഇപ്പോഴായിരുന്നു. വിവരമില്ലായ്‌മകൊണ്ടാണ്‌ ഈ വഴിവരാൻ തോന്നിയത്‌ എന്ന്‌ ശിവദാസ്‌ പറഞ്ഞു. തട്ടിയും മുട്ടിയും ക്യാമ്പിൽ തിരിച്ചെത്തുമ്പോഴെക്കും കറന്റ്‌ വന്നിരുന്നു. ഡോർമിറ്ററിയിൽ ചെന്ന്‌ വിശാലമായിട്ടൊന്നു കുളിച്ചു. വനത്തിലെ ചോലയിൽ നിന്നും ഹോസ്‌ മുഖാന്തിരമാണ്‌ ഇവിടെ വെള്ളമെത്തിച്ചിട്ടുള്ളത്‌.

രാത്രി എട്ടരക്കകം തന്നെ ക്യാമ്പിൽ വന്നിരുന്നവരെല്ലാം ഭക്ഷണം കഴിഞ്ഞ്‌ കോൺഫറൻസ്‌ ഹാളിൽ എത്തുകയുണ്ടായി. ഇരുപത്തിമൂന്നുപേരാണ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നത്‌. എല്ലാവരും തങ്ങൾ നടത്തിയ മുൻകാലയാത്രകളെ അനുസ്‌മരിച്ചോ നാട്ടിൽ നടത്തിയ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളെ വിശദീകരിച്ചുകൊണ്ടോ ആയിരുന്നു സ്വയം പരിചയപ്പെടുത്തിയത്‌. പലരും വീരകഥകൾ തന്നെയായിരുന്നു പറഞ്ഞിരുന്നത്‌. ഇങ്ങനെ മുൻകൂട്ടി നിശ്‌ചയിച്ചിരുന്ന സെഷനുകൾ കഴിയുമ്പോഴെക്കും സമയം 12 മണിയോടടുത്തിരുന്നു. കൂടുതൽ സമയം ഞാൻ കാത്തിരിക്കാൻ ശ്രമിച്ചില്ല. എനിക്കനുവദിച്ചുകിട്ടിയ ഡോർമിറ്ററിയിലെ ബെഡ്‌ഡിൽ ഞാൻ ചെന്നു കിടന്നു. വയനാട്ടിലെ കുളിരുകാത്ത്‌ ഉറക്കത്തിൽ വീഴാൻ കൊതിച്ച ഞാൻ, പാതിരാത്രിയും പിന്നിട്ടനേരമെപ്പോഴോ ആണ്‌ ഉറങ്ങിയത്‌.

കാലത്ത്‌ എട്ടുമണിക്കുമുമ്പായി എല്ലാവരും ഭക്ഷണവും കഴിഞ്ഞ്‌ ട്രെക്കിംഗ്‌ യാത്രക്ക്‌ തയ്യാറായി. നാലുപേർകൂടി അതിരാവിലെ ക്യാമ്പിലേക്ക്‌ എത്തിയിട്ടുണ്ട്‌. ഞങ്ങൾക്ക്‌ വഴികാട്ടിയായി ആദിവാസി നാരായണൻ ഏഴുമണിക്കുമുമ്പായി സ്‌ഥലത്തെത്തുകയുണ്ടായി. ഇപ്പോൾ ആകെ ഇരുപത്തെട്ടുപേരാണ്‌ സംഘത്തിലുള്ളത്‌. ഉച്ചക്കുവേണ്ടുന്ന ഭക്ഷണം (നനച്ച അവിൽ) ഓരോരുത്തർക്കും പായ്‌ക്കറ്റുകളായി സംഘാടകർ ഏൽപ്പിച്ചു.

ഒരുക്കങ്ങളെല്ലാം പൂർത്തിയായി ട്രെക്കിംഗ്‌ ആരംഭിച്ചത്‌ എട്ടേകാലിനാണ്‌. ഇരുപതിലധികം വനയാത്രകൾ നടത്തിയവരും ആദ്യമായി വനയാത്രക്ക്‌ എത്തിയവരും സംഘത്തിലുണ്ടായിരുന്നു. പുതുയാത്രികരുടെ കണ്ണിൽ വിസ്‌മയം തുടിക്കുന്നുണ്ടായിരുന്നു.

നാരായണൻ വളരെ ഗംഭീരമായ നിർദ്ദേശങ്ങളും ചിട്ടകളുമാണ്‌ നടത്തത്തിനിടയിൽ പറഞ്ഞുകൊണ്ടിരുന്നത്‌. കൂട്ടത്തിലുള്ളവർ അനുസരണയുള്ളവരായിരുന്നില്ല എന്നതാണതിനു കാരണം. കാട്ടിൽ നടക്കുമ്പോൾ പാലിക്കേണ്ട മാര്യാദകൾ പലരും പാലിച്ചില്ലെന്ന വസ്‌തുത എനിക്കും നിരാശയുണ്ടാക്കി. സംഘം വിട്ട്‌ കുറച്ചുമുന്നിൽ കയറി ഞാൻ ശ്രദ്ധയോടെ നടന്നു ഇതിനുള്ള മൗനാനുവാദം നാരായണനിൽ നിന്നും ഞാൻ നേരത്തെ നേടിയിരുന്നു. ഏറെ വനയാത്രകൾ നടത്തിയതിലൂടെ ഞാൻ നേടിയ അനുഭവം നാരായണനോട്‌ മുൻകൂട്ടി പറഞ്ഞിരുന്നു. അയാൾക്കത്‌ ബോധ്യപ്പെട്ടതുകൊണ്ടായിരിക്കണം എന്നോട്‌ ചെറിയ ഒരു ബഹുമാനവും അയാൾ പുലർത്തിയത്‌.

അടുത്ത കാലത്തൊന്നും മഴപെയ്‌തതിന്റെ ഒരുവിധ ലക്ഷണവും വഴിയിൽ കാണുകയുണ്ടായില്ല. മണ്ണ്‌ വരണ്ടു കിടക്കുകയാണ്‌. ട്രെക്കിംഗ്‌ പാത്ത്‌ കുറേ ദൂരം വെട്ടിത്തെളിച്ചിട്ടുണ്ടായിരുന്നു. വഴിക്കിരുവശവും വലുതല്ലാത്ത മരങ്ങളാണ്‌ ഉണ്ടായിരുന്നത്‌. മുളങ്കാട്‌ മുഴുവൻ പൂത്തു നിന്നിരുന്നു.

നിത്യഹരിതവനമാണെങ്കിലും ആയതിന്റെ ഭംഗി വേണ്ടത്ര ഉണ്ടായിരുന്നില്ല. കുറേ ദൂരം എത്തിയപ്പോൾ തിരുനെല്ലി ക്ഷേത്രത്തിലേക്കാവശ്യമായിട്ടുള്ള വെള്ളം കൊണ്ടുപോകുന്ന ‘കൽപ്പാത്തികൾ’ കാണുകയുണ്ടായി. ഈ കൽപ്പാത്തി കാണുന്ന സ്‌ഥലത്തു നിന്നും ഏകദേശം രണ്ടു കി.മീറ്റർ ദൂരമുണ്ട്‌ കാട്ടിലൂടെ ക്ഷേത്രത്തിൽ വെള്ളമെത്തിക്കുന്നതിന്‌. ഇത്രയും ദൂരം വെള്ളം ഒഴുകുന്നതിനായി കല്ലിന്റെ മധ്യഭാഗത്തുകൂടി നാലിഞ്ചുവീതിയിൽ ചാൽ കൊത്തിയുണ്ടാക്കിയിട്ടുണ്ട്‌. ഇത്തരം കല്ലുകൾ കാട്ടിൽ വിരിച്ചാണ്‌ തിരുനെല്ലിക്ഷേത്രത്തിലേക്ക്‌ വെള്ളമെത്തിക്കുന്നത്‌. (ചുമടുതാങ്ങികളിൽ (അത്താണി) ഉപയോഗിക്കുന്ന തരത്തിലുള്ള കല്ലുകളിലാണ്‌ ചാൽ തീർത്തിരിക്കുന്നത്‌).

ഒരിക്കൽ തിരുനെല്ലിയിൽ ദർശനത്തിനെത്തിയ മഹാരാജാവ്‌ ക്ഷേത്രത്തിലെ ജലദൗർലഭ്യം കണ്ടറിഞ്ഞ്‌ പണികഴിപ്പിച്ചതാണത്രെ ഈ കൽപാത്തികൾ.

ഞാൻ രാജാവിനെ മനസാ നമസ്‌കരിച്ചു. കൽപാത്തിയിൽ നിന്നും ഒരു കൈകുടന്ന ജലം കോരി കുടിച്ചു. കൈവശമുള്ള ഫൈബർ കുപ്പിയിൽ നിറയെ വെള്ളം ശേഖരിച്ചു. വീണ്ടും നടന്നു തുടങ്ങി. എന്റെ ഒപ്പം നടന്നിരുന്നവർ പിന്നിൽ തന്നെയാണ്‌. അതുകൊണ്ട്‌ എനിക്ക്‌ മരങ്ങളിൽ ചാടികളിക്കുന്ന മലയണ്ണാന്മാരെ കാണാൻ കഴിഞ്ഞു.

യാത്ര തുടങ്ങിയിട്ട്‌ ഒന്നരമണിക്കൂർ കഴിഞ്ഞിരിക്കുന്നു. കാടിന്‌ കാഠിന്യം കൂടിയിട്ടുണ്ട്‌. വെട്ടിത്തെളിച്ച വഴി തീരെയില്ല. ഒറ്റയടിപ്പാതകൾ പല കോണുകളിലേക്കായി കടന്നുപോകുന്നു. എവിടെയും കാട്ടുകുറിഞ്ഞികൾ ഒരാൾക്കധികം പൊക്കത്തിൽ വളർന്നു നിൽക്കുന്നുണ്ട്‌. അവയ്‌ക്കിടയിലൂടെ തനിയെ നടക്കുവാൻ അല്‌പം ഭയം തോന്നി തുടങ്ങി. നാരായണനും സംഘവും പിന്നിലുണ്ടെന്ന്‌ ഉറപ്പു വരുത്തിയിട്ടേ ഞാൻ തൊട്ടുമുന്നിൽ മുന്നേറിയുള്ളു. വളരെ കുത്തനെയുള്ള കയറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതിനാൽ കാര്യമായ കഷ്‌ടം എനിക്ക്‌ തോന്നിയതുമില്ല.

പന്ത്രണ്ടു മണിക്കു മുമ്പായി ഞങ്ങൾ സുന്ദരവും വിശാലവുമായ പുൽമേട്ടിലെത്തി. നോക്കെത്താദൂരം നിണ്ടു പരന്നു കിടക്കുകയാണ്‌ പുൽമേട്‌. പ്രകൃതി ഞങ്ങളെ സ്വീകരിക്കാൻ പച്ചക്കമ്പളം വിരിച്ചിട്ടിരിക്കുകയാണ്‌ എന്നു തോന്നി. മേടിന്റെ ചരിവിൽ ഒരുപാടു ദൂരയല്ലാതെ കാട്ടുപോത്തിനെ വെല്ലുന്ന വലിപ്പമുള്ള മൂന്നു കേഴമാനുകൾ മേയുന്നത്‌ കാണാൻ കഴിഞ്ഞു. ആളും ആരവവും എത്തവെ ഉടൻതന്നെ അവ പിൻവാങ്ങുന്നതും നോക്കി ഞാൻ നിന്നു. ഇനിയങ്ങോട്ട്‌ പുൽമേടുകളും ചോലവനങ്ങളും മാത്രമാണ്‌ ഉള്ളത്‌. ഞാൻ കൂട്ടം ചേർന്ന്‌ നടക്കാൻ തീരുമാനിച്ചു. ദൂരക്കാഴ്‌ച മാത്രമെ ഇനി സാധ്യമാവുകയുള്ളൂ.

പുൽമേട്ടിൽ നിന്നും വീശിയടിക്കുന്ന മലങ്കാറ്റിന്‌ ശരവേഗം ചിലപ്പോഴൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട്‌ ചൂടിന്‌ കാഠിന്യം കൂടുതലനുഭവപ്പെട്ടില്ല. മലിനമല്ലാത്ത കാറ്റ്‌ മിക്കവരുടേയും ക്ഷീണം അകറ്റി. പുതുയാത്രികർ തങ്ങളേതോ സ്വപ്‌നലോകത്താണെന്ന്‌ പറയുകയുണ്ടായി. അവരുടെ സങ്കല്‌പത്തിന്‌ അപ്പുറമുള്ള സൗന്ദര്യമായിരുന്നു പുൽമേട്ടിൽ നിറഞ്ഞുനിന്നിരുന്നത്‌. അവരെല്ലാം സംഘാടകനായ അനിലിനെ പ്രശംസിച്ചു.

കൊടുങ്ങല്ലൂരുകാരൻ കാളിരാജ്‌ കുടുംബസമേതമാണ്‌ ട്രെക്കിംഗിന്‌ എത്തിയിട്ടുള്ളത്‌. വർക്ക്‌ഷോപ്പ്‌ ഉടമയായ കാളിരാജ്‌ അറിയപ്പെടുന്നൊരു പരിസ്‌ഥിതി പ്രവർത്തകനാണ്‌. ഓടിട്ട പഴയ വീടിനെ അമൂല്യമായ സമ്പത്തായാണ്‌ കാളിരാജ്‌ കാണുന്നത്‌. 13 വയസ്സ്‌ കഴിഞ്ഞ രണ്ട്‌ ആൺമക്കളുള്ള കാളിരാജ്‌ കൃത്രിമമായ ടിൻഫുഡ്‌​‍്‌ഡുകളൊന്നും വാങ്ങികൊടുക്കാതെയാണ്‌ ഇതുവരേയും മക്കളെ വളർത്തിയതെന്ന്‌ പറയുകയുണ്ടായി. ആഴ്‌ചയിൽ നാലു ദിവസം പച്ചക്കറികളും മൂന്നുദിവസം ഇലക്കറികളും നിർബന്ധമായും ഉൾപ്പെടുത്തി ആഹാരം ചിട്ടപ്പെടുത്തിയ അദ്ദേഹം വീട്ടാവശ്യത്തിനുള്ള പച്ചക്കറിത്തോട്ടം പരിപാലിച്ചുകഴിഞ്ഞശേഷം മാത്രമെ വർക്‌ഷോപ്പ്‌ തുറക്കാറുള്ളു എന്ന്‌ അറിയിച്ചു. ഭാഗ്യമെന്നുപറയട്ടെ കാളിരാജിന്റെ ഭാര്യയും അത്യാഗ്രഹമൊ ആർഭാടമൊ ഇഷ്‌ടപ്പെടാത്ത, ഉള്ളതിൽ ആനന്ദം കണ്ടെത്തുന്ന സ്‌ത്രീയായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. വീട്ടിൽ നിന്നും കൊണ്ടുവന്ന ജൈവ കൃഷിയിലൂടെ വിളയിച്ച ചിരയുടേയും കുമ്പളം പടവലം മുരിങ്ങ എന്നിവയുടെയും വിത്ത്‌ കാളിരാജ്‌ ഞങ്ങൾക്ക്‌ തരുകയുണ്ടായി.

പുൽമേട്ടിൽ സ്‌ഥാപിച്ചിട്ടുള്ള വാച്ച്‌ടവറിന്നടുത്താണ്‌ (Watch Tower) ഞങ്ങളിപ്പോൾ തലകറക്കമുള്ളവർ ദൂരകാഴ്‌ചകൾ കാണാൻ കഴിയുന്ന ടവറിൽ കയറിയില്ല. മറ്റുള്ളവർ രണ്ടുഘട്ടമായി ടവറിനുമുകളിൽ കയറി കാഴ്‌ചകൾ നുകർന്നു. ദൂരെ വടക്കു വശത്ത്‌, താഴെ ഇന്നലെ ഞാൻ കണ്ട തിരുനെല്ലിക്ഷേത്രം ഒരു പൊട്ടുപോലെ കാണുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനും താഴെ യൂക്കാലി, കാറ്റാടി മരങ്ങളുടെ തോട്ടങ്ങൾ നിറഞ്ഞുനിന്നിരുന്നത്‌ എന്നെ വേദനിപ്പിച്ചു.

വാച്ച്‌ടവറിൽ നിന്നും താഴെയിറങ്ങിയ ഞങ്ങൾ പുൽമേട്ടിന്റെ ചരിവിലൂടെ വെട്ടിയുണ്ടാക്കിയ ഒന്നൊന്നരമീറ്റർ വീതിയുള്ള വഴിയിലൂടെ പക്ഷിപാതാളം ലക്ഷ്യമാക്കി നടന്നു. ഇനിയും ഏതാണ്ട്‌ നാല്‌ കി. മീറ്റർ ദൂരം ബാക്കിയുണ്ട്‌. ലക്ഷ്യത്തിലെത്താൻ. തണുത്തകാറ്റ്‌ പുൽമേട്ടിൽ നിന്നും വീശിയിരുന്നെങ്കിലും നട്ടുച്ചക്ക്‌ ചൂട്‌ കനത്തുതുടങ്ങി. ഇനിയിവിടന്ന്‌ അങ്ങോട്ടാണ്‌ തുരുത്തുകൾ പോലുള്ള ചോലക്കാടുകൾ. അവിടെ കിട്ടുന്ന തണലും ഒഴുകുന്ന നീർച്ചോലയുടെ കുളിരും ആശ്വാസം തരുമെന്ന ചിന്തയോടെ ഞാൻ മുന്നോട്ടു നീങ്ങി.

ഇപ്പോൾ നടക്കുന്ന വഴിക്കിരുവശവും ഓർക്കിഡുകൾ തീർത്ത വർണവസന്തമാണ്‌ കാണുന്നത്‌. അപൂർവവും മനോഹരവുമായ പൂക്കളുടെ പ്രപഞ്ചം.

നീണ്ടുപരന്നുകിടക്കുന്ന പുൽമേടുകൾക്കു കുറുകേയായി അമ്പതുമുതൽ നൂറുമീറ്റർ വരെ വീതിയിൽ താഴേക്ക്‌ നീണ്ടുകിടക്കുന്ന ജൈവവൈവിധ്യ സമ്പുഷ്‌ടമായ വനശാഖകളാണ്‌ ചോലവനങ്ങൾ. പുൽമേടുകളിൽ നിന്നാണ്‌ ഇവയുടെ ജനനം.

തുടരും....

എം.ഇ.സേതുമാധവൻ

എം.ഇ.സേതുമാധവൻ

മേലേവീട്‌

ചമ്പ്രക്കുളം

കോട്ടായി -പി ഒ

പാലക്കാട്‌

പിൻ -678572


Phone: 04922 285677
E-Mail: mesmadhavan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.