പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കൃതി

പൊടിപ്പും തൊങ്ങലും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സീമ ശ്രീഹരി മേനോൻ

സ്‌മിത്തും, പട്ടേലും, പിന്നെ മലയാളികളും

യു.കെ.യിലും യു.എസ്‌.എയിലും ഓരോ നൂറുപേരിലും ഒരാൾ ഒരു “സ്‌മിത്ത്‌” ആണത്രെ. കാറെ കാലമായി അങ്ങനെ കിരീടം വയ്‌ക്കാത്ത രാജാവായി വിരാജിച്ചിരുന്ന “സ്‌മിത്ത്‌” യു.കെ.യിലെ ഒന്നാം നമ്പർ സ്‌ഥാനത്തു നിന്ന്‌ ഔട്ട്‌ ആയി. അടുത്ത കാലത്ത്‌ - പകരക്കാരനായി കയറിയത്‌ നമ്മുടെ സ്വന്തം ഗുജു ‘പട്ടേൽ’.

എന്തിലും, ഏതിലും ഒന്നാം സ്‌ഥാനം കൈയ്യടക്കണമെന്ന്‌ ആഗ്രഹമുള്ള മലയാളിക്കു പക്ഷേ, ഇവിടെ വലിയ സ്‌കോപ്പില്ല. കാരണം, രണ്ടു “ഫസ്‌റ്റ്‌ നെയിംസ്‌” ഉള്ള ദൈവത്തിന്റെ സ്വന്തം മക്കളല്ലേ നമ്മൾ. മലയാളി രീതിയനുസരിച്ച്‌ ഭർത്താവിന്റെ ആദ്യപേര്‌ ഭാര്യയുടെ സെക്കൻഡ്‌ (സർ) നെയിം ആകുമെന്ന്‌ പലരേയും പറഞ്ഞു മനസ്സിലാക്കാൻ പെടാപ്പാടു കുറെ പെട്ടിട്ടുണ്ടു ഞാൻ. ഇപ്പോ പിന്നെ, നിയമത്തിന്റെ നൂലാമാലകളൊന്നിമില്ലാത്ത അവസ്‌ഥയാണെങ്കിൽ ‘റിച്ചാർഡ്‌ എന്നത്‌ ഫസ്‌റ്റ്‌ നെയിമോ, സർ നെയിമോ ആകാമെന്ന്‌ ലോജിക്ക്‌ വച്ച്‌ ഭർത്താവിന്റെ ഫസ്‌റ്റ്‌ നെയിം എന്റെ “മെയ്‌ഡൻ നെയിം” ആണെന്നു പറഞ്ഞ്‌ തലയൂരുകയാണ്‌ പതിവ്‌.

ഇന്ത്യയിലെ മറ്റു സംസ്‌ഥാനക്കാർ പൊതുവേ ഭർത്താവിന്റെ സർനെയിം സ്വന്തം പേരിനോടു ചേർക്കുമ്പോൾ കേരളത്തിൽ മാത്രമെന്തേ അതില്ലാതെ പോയത്‌? മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായി മലയാളി വനിതയ്‌ക്ക്‌ വിവാഹശേഷവും സ്വന്തം കുടുംബത്തിൽ സ്‌ഥാനമുള്ളതുകൊണ്ടാണോ? വിവാഹശേഷം ഭർത്താവു മാത്രം മതി. പുള്ളിയുടെ കുടുംബം വേണ്ട എന്ന അണു കുടുംബ മനഃസ്‌ഥികൊണ്ടാണോ? അറിയില്ല. നമ്മുടെ സാമൂഹ്യ ശാസ്‌ത്രജ്‌ഞ്ഞമാർ ഇതിനു വല്ല തിയറിയും കണ്ടു പിടിച്ചിട്ടുണ്ടോ? വായനക്കാർക്കറിയാമെങ്കിൽ ഒന്നും പങ്കുവെച്ചാൽ നന്നായിരുന്നു.

അതുപോലെ തന്നെ വളരെ വിചിത്രമായ മറ്റൊരു രീതിയാണ്‌, ആരും കേൾക്കാത്ത പേരിന്റെ സ്‌റ്റാറ്റസ്‌ സിമ്പൽ. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത്‌ പേരിടീൽ ആണ്‌ ഒരു രീതി. വളരെ വിചിത്രമായ ചില കുട്ടിപേരുകൾ കേൾക്കുമ്പോൾ, സത്യമായും ആലോചിക്കും. ഇതിനു മാത്രം ഈ കുഞ്ഞെന്തു തെറ്റു തന്റെ മാതാപിതാക്കളോട്‌ ചെയ്‌തു എന്ന്‌, (ഒരു പക്ഷേ മുൻജന്മത്തിലെ പകതീർക്കുന്നതും ആവാം. അല്ലേ? കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ്‌ ഈ ജന്മത്തിലെ പുത്രനായി ജനിക്കുന്നത്‌ എന്നൊരു വിശ്വാസമുണ്ടല്ലോ) കൃഷ്‌ണന്റെയും മിനിയുടെയും കുട്ടിയുണ്ടായപ്പോൾ ’കൃമി‘ എന്നു വിളിക്കാമെന്ന്‌ ഒരു സുഹൃത്ത്‌. കുട്ടിയുടെ ഭാഗ്യത്തിന്‌ (അതോ നിർഭാഗ്യത്തിനോ?) പരിഷ്‌ക്കരിച്ച്‌ ഇട്ടത്‌ ഒരു ഇംഗ്ലീഷ്‌ പേര്‌ - ക്രീം.

നോക്കിയ 365, നോക്കിയ 367, നോക്കിയ എൻ90 എന്ന്‌ മാനുഫാക്‌ചറിംഗ്‌ യൂണിറ്റുകൾ പേരിടുന്നതുപോലെ മക്കൾക്ക്‌ പേരിടുന്നതും ഒരു കാലത്ത്‌ ഫാഷനായിരുന്നു. (ഇടയ്‌ക്കൊക്കെ ഇപ്പോഴും ഈ പ്രൊഡക്ഷൻ സീരീസ്‌ തല പൊക്കാറുണ്ട്‌). നാണു നേണു നിണു നോണു നുണു... എന്നു മക്കൾക്ക്‌ പേരിട്ടതിനെ ചുറ്റിപറ്റി കുറെ നാളായി കറങ്ങി നടക്കുന്ന ഒരു എസ്‌.എം.എസ്‌ ജോക്ക്‌ നിങ്ങളെല്ലാവരും കണ്ടു കാണുമല്ലോ. ഭാഗ്യത്തിന്‌ ഇംഗ്ലീഷ്‌ വൗവ്വലസ്‌ അഞ്ചു മാത്രമായതുകൊണ്ട്‌ കൂടുതൽ ’പെർമുട്ടേഷൻസ്‌‘ ഇവിടെ വേണ്ടി വന്നില്ല.

പത്തിരുപതു വർഷം മുമ്പ്‌ ’എ‘യിൽ ആരംഭിക്കുന്ന പേരുകൾക്ക്‌ ഭയങ്കര ഡിമാൻഡായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. ഒരു ക്ലാസ്സിൽ പത്ത്‌ അഞ്ഞ്‌ജലിയും എട്ട്‌ ആനന്ദും പന്ത്രണ്ട്‌ ആൽബർട്ടും ഒക്കെ ഉണ്ടാകുമായിരുന്നത്രെ. നമ്മുടെ കുട്ടി അറ്റൻഡൻസ്‌ രജിസ്‌റ്ററിലും ഒന്നാമനാകട്ടെ എന്ന്‌ അച്ഛനമ്മമാർ കരുതുന്നതിൽ തെറ്റില്ലല്ലോ. പക്ഷേ, കുറേ കഴിയുമ്പോഴല്ലേ മനസ്സിലാവുന്നത്‌ അത്രയൊന്നും ambitious അല്ലാത്ത സഹപാഠികൾ ഞൊണ്ടൻ അബി’, മൊട്ട അബി‘, കണ്ണട അഞ്ഞ്‌ജു എന്നൊക്കെ വളരെ അരുമയോടെ മക്കൾക്ക്‌ ജീവിതകാലം മുഴുവനും പതിഞ്ഞുകിടക്കുന്ന ഐഡിന്റിറ്റി ചാർത്തി കൊടുക്കാറുണ്ടെന്ന്‌. ഏതായാലും. പ്രൈമറി സ്‌കൂൾ മുതൽ ഇന്റർവ്യൂ ബോർഡ്‌ വരെ ഇപ്പോൾ സർനെയിം അനുസരിച്ചാക്കി രജിസ്‌റ്റർ എന്നതിൽ പണ്ടത്തെ അഭിലാഷുമാർക്കും ആനന്ദുമാർക്കും ഇപ്പോൾ വലിയ ഡിമാൻഡ്‌ ഇല്ലത്രെ. പക്ഷേ ഇക്കൂട്ടർക്ക്‌ ആശയ്‌ക്ക്‌ വകയുണ്ട്‌. ഇപ്പോഴും ഒരു കുഞ്ഞു ജനിച്ച്‌ അവനെ സ്‌കൂളിൽ ചേർക്കുമ്പോൾ അച്‌ഛന്റെ പേര്‌ ’എ‘യിൽ തുടങ്ങിയതുകൊണ്ട്‌ കുട്ടിക്ക്‌ അറ്റൻഡൻസ്‌ രജിസ്‌റ്ററിൽ തുടക്കത്തിൽ തന്നെ സ്‌ഥാനം ഉറപ്പിക്കാമല്ലോ.

കൗതുക പേരുകളോട്‌ മലയാളിക്കുള്ള കമ്പം അത്ര പുതിയെതൊന്നുമല്ല. അമ്മയുടെ ഹൈസ്‌കൂൾ കാലത്തുണ്ടായിരുന്ന ഒരു കൂട്ടുകാരിയായിരുന്നു. “ഇന്ദിരാ ഗാന്ധി”, സിനിമയിലും രാഷ്‌ട്രീയത്തിലും തിളങ്ങുന്ന നക്ഷത്രങ്ങളുടെ പേരുകൾ മക്കൾക്കായി കണ്ടെത്തുന്ന അച്ഛനമ്മമാർ, പക്ഷേ, പേരിനൊപ്പം താരത്തിന്റെ “സർ നെയിം” കൂടി കടമെടുത്താലോ?

കാലവും ശാസ്‌ത്രവും പുരോഗമിക്കുന്നതിനനുസൃതമായി മലയാളിയുടെ അന്ധവിശ്വാസങ്ങളും പുരോഗമിക്കുന്നതുകൊണ്ട്‌ ഇപ്പോൾ മിക്കവാറും ആളുകൾ പേരുകൾ തിരഞ്ഞെടുക്കുന്നതിന്‌ കൂട്ടുപിടിക്കുന്നത്‌, സംഖ്യാശാസ്‌ത്രത്തെയാണ്‌. കൂടാതെ പഴമയിലേക്കുള്ള തിരിച്ചുപോക്കും ഇപ്പോൾ ശക്തമായിട്ടുണ്ട്‌ - വിചിത്ര പേരുകൾ ചുമന്ന്‌ അവശരായ പുതുതലമുറയിലെ മതാപിതാക്കന്മാർ കുറെകൂടി കൺസർവേറ്റീവ്‌ ആയ ഒരു അപ്രോച്‌ ആണ്‌ മക്കളുടെ പേരിടീൽ കാര്യത്തിൽ അനുവർത്തിച്ചു വരുന്നത്‌.

മക്കൾക്ക്‌ മറ്റാരും ഇടാത്ത പേരു കണ്ടു പിടിക്കാൻ നെട്ടോട്ടമോടുന്നവർ ലൈസി, ക്ലംസി, ക്ലാമ്മി തുടങ്ങിയ പേരുകൾ ഇടുന്നതിനു മുമ്പ്‌ ഒരു ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു ഒന്നു നോക്കിയാൽ, ഓടിചാടി നടക്കുന്ന സുന്ദരിപെണ്ണിനെ “ ”ലൗസി“ എന്നോ, ”ലെതാർജി“ എന്നോ വിളിക്കേണ്ടി വരില്ല നമുക്കാർക്കും.

കാര്യമെന്തായാലും വിചിത്രപേരുകാർ വിഷമിക്കേണ്ട - ജൂലിയറ്റ്‌ കൂട്ടിനുണ്ടല്ലോ. ”What's in a name? That which we call a rose by any other name would smell as sweet“, പറഞ്ഞത്‌ ഷേക്‌സ്‌പിയർ ആയതുകൊണ്ട്‌ നാടൻ സായിപ്പുമാർക്ക്‌ മാത്രമല്ല, ഒറിജിനൽ സായിപ്പിനും ഉണ്ടാവാനിടയില്ല പരാതി.

സീമ ശ്രീഹരി മേനോൻ


E-Mail: seema.stories@yahoo.co.uk
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.