പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ശിവം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജേഷ്‌ സി. കല്ലുമുട്ടി

സിനിമാനിരൂപണം

ഹൈന്ദവപുരാണങ്ങളിൽ കുറേ അവതാരകഥകൾ ഉളളതുകൊണ്ടാണെന്ന്‌ തോന്നുന്നു നമ്മുടെ ഷാജികൈലാസും രഞ്ജിത്തുമൊക്കെ കഞ്ഞികുടിച്ചു പോകുന്നത്‌. നരസിംഹം, ശിവം, താണ്ഡവം എന്നിങ്ങനെ പോകുന്നു ഇവരുടെ ചിത്രങ്ങളുടെ പേരുകൾ. ഒരു ഷാജികൈലാസ്‌ ചിത്രം കാണുന്ന അന്യഭാഷക്കാരൻ, കേരളത്തിൽ തമ്പുരാക്കൻമാരും, അവതാരപുരുഷൻമാരും മാത്രമേ ഉളളൂ എന്ന്‌ ധരിച്ചു പോകുന്നതിൽ തെറ്റില്ല. ഇത്തരം ചിത്രങ്ങൾ പടച്ചുവിടാൻ ഷാജികൈലാസുമാരെ പ്രേരിപ്പിക്കുന്ന വികാരം എന്താവാം? ഹൈന്ദവചിഹ്നങ്ങൾ എന്ന പേരിൽ കാണിക്കുന്ന ‘കോപ്രാട്ടികൾ’ കണ്ട്‌ ഭൂരിപക്ഷകാരൻ തിയറ്റർ നിറയ്‌ക്കുമെന്നോ! അതോ ശത്രുസംഹാരഹോമവും, ഭദ്രകാളികളവും, വേദമന്ത്രങ്ങളും മറ്റും കാട്ടിയാലെ മലയാള സിനിമയ്‌ക്ക്‌ ഇനി രക്ഷയുളളു എന്നാണോ. എങ്കിൽ അത്തരം ഒരു രക്ഷ മലയാളസിനിമയ്‌ക്ക്‌ ആവശ്യമില്ല. അതിലും ഭേദം മലയാളസിനിമയങ്ങ്‌ ചത്തുകെട്ട്‌ പോകുന്നതാണ്‌.

രേവതി കലാമന്ദിറിന്റെ ബാനറിൽ മേനകാസുരേഷ്‌ നിർമ്മിച്ച്‌, കുറഞ്ഞ സമയംകൊണ്ട്‌ ഷാജികൈലാസ്‌ ‘തല്ലികൂട്ടിയ’ പുതിയ ചിത്രമാണ്‌ ശിവം. ശിവത്തിന്‌ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ മലയാളത്തിലെ എണ്ണം തികഞ്ഞ പോസ്‌റ്റുമോഡേൺ ബുദ്ധിജീവിയായ ബി.ഉണ്ണികൃഷ്‌ണനാണ്‌. പക്ഷേ, ആക്രമണത്തിന്റെയും, പ്രതിരോധത്തിന്റെയും കഥപറയുന്ന, തിയറ്ററിന്റെ ഇരുട്ടിൽ പ്രേക്ഷകരെ മുൾമുനയിൽ ഇരുത്തുകയും, തിയറ്റർ വിട്ടുകഴിഞ്ഞാൽ ചൂയിംഗം ചവച്ചതുപോലെ ഒരു ചവർപ്പ്‌ മാത്രം അനുഭവപ്പെടുകയും ചെയ്യുന്ന ഷാജികൈലാസിന്റെ മുൻകാലചിത്രങ്ങളിൽനിന്ന്‌ ഒരിഞ്ചുപോലും വ്യതിരിക്തമാവുന്നില്ല ശിവവും. കഥയും, കഥാപാത്രങ്ങളും എല്ലാം ഒരേ പാറ്റേണിൽ ചലിക്കുന്ന നിഴൽരൂപങ്ങൾ തന്നെയാണ്‌. നാട്ടിലെ അബ്‌കാരി പ്രമാണിയാണ്‌ മേടയിൽ നടരാജൻ (സായ്‌കുമാർ). ശക്തമായ രാഷ്‌ട്രീയ-സാമൂഹികബന്ധമുളള നടരാജൻ ക്രൂരതയുടെ പര്യായമാണ്‌. അയാൾക്ക്‌ എന്തിനുംപോന്ന ഗുണ്ടാബലമുണ്ട്‌. ആ നാട്ടിലേക്കാണ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ ഭദ്രൻമേനോൻ (ബിജുമേനോൻ) എത്തുന്നത്‌. വി.എം.സുധാകരൻ (മുരളി) എന്ന നടരാജന്റെ രാഷ്‌ട്രീയ എതിരാളിയുടെ പിൻബലത്തോടെ ഭദ്രൻ നടരാജനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. ആ സമരത്തിനിടയ്‌ക്ക്‌ അയാൾക്ക്‌ സ്വന്തം മകളെയും, സഹപ്രവർത്തകൻ സുകുമാരൻ നായരെയും (എൻ.എഫ്‌.വർഗ്ഗീസ്‌) നഷ്‌ടപ്പെടുന്നു. ഒടുവിൽ മന്ത്രിപദം പുല്‌കാൻ യാഗം നടത്തി തയ്യാറെടുക്കുന്ന നടരാജനെ ഒരു ഒറ്റയാന്റെ കരുത്തോടെ ഭദ്രൻമേനോൻ തകർക്കുന്നു.

കേരളരാഷ്‌ട്രീയ, സാമൂഹികരംഗത്തെ ചില പ്രമുഖരെ അനുകരണംപോലെ അവതരിപ്പിക്കുന്നുണ്ട്‌ ഉണ്ണിക്കൃഷ്‌ണൻ തിരക്കഥയിൽ. മുരളിയുടെ വി.എം.സുധാകരനും, സായ്‌കുമാറിന്റെ മേടയിൽ നടരാജനും, രതീഷിന്റെ ഉമ്മൻകോശിയും ആരൊക്കെയാണെന്ന്‌ വളരെ പെട്ടെന്നുതന്നെ പ്രേക്ഷകർക്ക്‌ ബോധ്യപ്പെടും. കൂടാതെ സർക്കാരിന്റെ മദ്യനയവും, മഴനൃത്തവും (ഒരു വൈഡ്‌ഷോട്ടിൽ ഒരു പാതിരിയേയും കാണിക്കുന്നുണ്ട്‌) മറ്റും കാണിച്ച്‌ സമകാലിക കേരളീയ അവസ്ഥയുടെ നേർപകുതിയാണ്‌ ഈ ചിത്രം എന്ന്‌ വരുത്തിതീർക്കാൻ ശ്രമിക്കുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ രൂപഭാവങ്ങളുളള മിമിക്രി നടനെ ചിത്രത്തിൽ മുഖ്യമന്ത്രിയായി വേഷം കെട്ടിച്ചതുപോലെ തീർത്തും അരോചകമാണ്‌ അവയെല്ലാം തന്നെ. ‘ക്രൈം’പോലുളള പാപ്പരാസി മാസികകളുടെ നിലവാരം പോലുമില്ല ഉണ്ണിക്കൃഷ്‌ണന്റെ തിരക്കഥയ്‌ക്ക്‌. യാഗത്തിന്റെയും, കൊലപാതകങ്ങളുടെയും ക്ലോസപ്പ്‌ ഷോട്ടുകളും, അവയ്‌ക്ക്‌ അകമ്പടിയായി ഡിജിറ്റൽ മുഴക്കങ്ങളും, നായകൻ പ്രത്യക്ഷപ്പെടുമ്പോൾ പശ്ചാത്തലത്തിലുളള മന്ത്രോച്ചാരണങ്ങളും എല്ലാംകൂടി പ്രേക്ഷകരെ സാമാന്യം നല്ലവണ്ണം ബോറടിപ്പിക്കുന്നു. ജീവിതത്തോട്‌ നീതി പുലർത്തുന്ന ഒരൊറ്റരംഗം പോലുമില്ല ഈ ഷാജികൈലാസ്‌ ചിത്രത്തിൽ. നായകന്റെ വീട്‌ കാണിക്കുന്നതുപോലും ഏച്ചുകൂട്ടിയ ദൃശ്യങ്ങളുമായാണ്‌.

സ്വന്തമായൊരു അഭിനയശേഷിയുളള കഴിവുറ്റ നടനാണ്‌ ബിജുമേനോൻ. പക്ഷേ, ഈ ചിത്രത്തിൽ ബിജുമേനോൻ മമ്മൂട്ടിയേയും, ലാലിനെയുമൊക്കെ അനുകരിക്കാൻ ശ്രമിക്കുന്നത്‌ കാണുമ്പോൾ സഹതാപം തോന്നുന്നു. മേടയിൽ നടരാജന്റെ സൂക്ഷ്‌മഭാവങ്ങൾപോലും അവതരിപ്പിച്ച്‌ സായ്‌കുമാർ തന്റെ ഭാഗം ഭംഗിയാക്കുന്നു. ഉടൽവടിവിനും, മേനിയഴകിനും പിന്നെ അൽപ്പം സെന്റിമെൻസിനും അപ്പുറം നായികയ്‌ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലെന്ന്‌ ഷാജികൈലാസ്‌ ഓർമ്മിപ്പിക്കുന്നു. ഛായാഗ്രഹണത്തിൽ സഞ്ജീവ്‌ ശങ്കറും, എഡിറ്റിംഗിൽ ഭൂമിനാഥനും തങ്ങൾക്ക്‌ ഇത്രയൊക്കെയേ പറ്റൂ എന്ന്‌ അടിവരയിടുന്നു.

നായകന്റെ സഹായിയായി ഒരു കഥാപാത്രം (വിജയകുമാർ), വില്ലൻ സ്വഭാവമുളള പോലീസുകാരൻ (രാജൻ.പി.ദേവ്‌), നായകന്റെ ഭാര്യ(നന്ദിനി), നായകന്റെ അച്ഛൻ(ബാബു നമ്പൂതിരി) എന്നിങ്ങനെ കൃത്യമായി അളന്നു തൂക്കിയ പാത്രസൃഷ്‌ടികൾ ചിത്രത്തിലുണ്ട്‌

ജിജേഷ്‌ സി. കല്ലുമുട്ടി

വിലാസംഃ

‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ

670703
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.