പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

അലംഭാവത്തിന്റെ ഓണക്കാഴ്‌ച്ചകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

ഓണച്ചിത്രങ്ങളെ മുൻനിർത്തി ഒരന്വേഷണം

വിപണിയെമാത്രം പുളകമണിയിച്ചുകൊണ്ടാണ്‌ ഓരോ പുതിയ ഓണവും കടന്നുവരുന്നത്‌. ഓണത്തിന്റെ നന്മദിനങ്ങളിൽ ഊർജ്ജസ്വലമാകുന്ന സർഗ്ഗാത്മക കൂട്ടായ്‌മകളും അവയുടെ പങ്കുവയ്‌ക്കലുകളും പാടേ തിരസ്‌ക്കരിക്കപ്പെട്ടുപോകുന്നുണ്ട്‌. മികവുറ്റ ചിത്രങ്ങൾകൊണ്ട്‌ ഓണക്കാലത്തെ സമ്പുഷ്‌ടമാക്കിയിരുന്ന ഒരു ചലച്ചിത്ര സംസ്‌കാരം ഇല്ലാതായിപ്പോകുന്നതിന്റെ പേടിപ്പെടുത്തുന്ന അടയാളങ്ങളാണ്‌ ഇക്കുറി കാണാൻ കഴിഞ്ഞത്‌.

സങ്കീർണ്ണമായ ജീവിതപ്രശ്‌നങ്ങൾക്കിടയിൽ, തിരക്കിനിടയിൽ തീയേറ്ററിലെത്തുന്നവരിൽ ഭൂരിഭാഗവും 20-30 വയസ്സിന്‌ ഇടയിലുളളവരാണ്‌. അതുകൊണ്ടുതന്നെ അവരുടെ താത്‌പര്യങ്ങളെ, ഇച്ഛകളെ തൃപ്തിപ്പെടുത്തുക എന്നതാണ്‌ കച്ചവടസിനിമയുടെ വ്യാപാരപരമായ ദൗത്യം. ‘ക്ലാസ്സ്‌മേറ്റ്‌സ്‌’ എന്ന ചലച്ചിത്രം മറ്റ്‌ ഓണച്ചിത്രങ്ങളിൽനിന്ന്‌ അൽപ്പമെങ്കിലും വ്യത്യസ്തമാകുന്നതും കൂടുതൽ സ്വീകരിക്കപ്പെടുന്നതും ഇതുകൊണ്ടുതന്നെ. സൂപ്പർതാരങ്ങളുടെ പരിവേഷമില്ലാതെ തീയേറ്ററിലെത്തിയ ഈ ചിത്രം പ്രണയത്തെക്കുറിച്ചും കൂട്ടായ്‌മയെക്കുറിച്ചും അൽപ്പം ആഴത്തിൽ സംസാരിക്കുന്നുണ്ട്‌. തങ്ങളുടെ സഹപാഠിയുടെ ചരമദിനത്തിൽ കോളേജിൽ സംഗമിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ-അവരുടെ ഹൃദ്യമായ കൂടിച്ചേരൽ, അവിടെ നടക്കുന്ന അത്യാഹിതം, അതിന്റെ ചുരുളഴിയുമ്പോൾ നീണ്ടുവരുന്ന ഫ്ലാഷ്‌ബാക്ക്‌ തുടങ്ങിയവയിലൂടെയാണ്‌ ചലച്ചിത്രത്തിന്റെ വികാസം. ലാൽജോസിന്റെ മറ്റ്‌ ചിത്രങ്ങളിലേതെന്നപോലെ ഗാനരംഗങ്ങളുടെ ചിത്രീകരണം മനോഹരമായിട്ടുണ്ട്‌. ചായാഗ്രാഹകന്റെയും കലാസംവിധായകന്റെയും പങ്ക്‌ വിസ്‌മരിക്കുക വയ്യ. അയഥാർത്ഥ്യമായ പെരുപ്പിച്ചുകാട്ടലുകളില്ലാതെ, ചരിത്രത്തെ പാടെ നിഷേധിക്കാതെ, ആരെയും കുത്തിനോവിക്കാതെ കലാലയ രാഷ്‌ട്രീയത്തിന്റെ ചില ജീർണ്ണതകളിലേക്ക്‌ വിരൽ ചൂണ്ടുവാൻ സംവിധായകന്‌ കഴിയുന്നുണ്ട്‌. പക്ഷേ വിദ്യാർത്ഥിസമരങ്ങളുടെ പശ്ചാത്തലം കൈകാര്യം ചെയ്യുമ്പോൾ ചില സന്ദർഭങ്ങളിൽ കാണുന്ന അമിത ലളിതവത്‌ക്കരണം ആശാസ്യമല്ല.

അലോസരപ്പെടുത്തുന്ന അടിപൊളിഗാനങ്ങളുടെ അകമ്പടിയില്ലാതെ നായികയുടെ ശരീരവടിവുകളിലേക്ക്‌ അതിരുകടന്ന ഒളിഞ്ഞുനോട്ടങ്ങൾ നടത്താതെ അൽപ്പം മിതത്വത്തോടെ പ്രണയം പറഞ്ഞുതീർക്കാൻ കഴിഞ്ഞുവെന്നതിൽ ചലച്ചിത്രകാരന്‌ അഭിമാനിക്കാം. വയലാർ ശരത്‌ചന്ദ്രവർമ്മയുടെ ഗാനങ്ങൾ ഇങ്ങനെയൊരു ഒതുക്കം കൈവരിക്കാൻ ചലച്ചിത്രത്തെ സഹായിക്കുന്നുണ്ട്‌. ശുഭപര്യവസായിയായ ഒരു പരിസമാപ്തിയെക്കാൾ ഒരു ട്രാജിക്‌ എൻഡ്‌ ചലച്ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുമായിരുന്നില്ലേ? ചലച്ചിത്രാന്ത്യത്തിൽ ദൃശ്യമാകുന്ന ഫാന്റസി ഉചിതവും ശ്രദ്ധേയവുമായിത്തീരുന്നുണ്ട്‌. പൃഥ്വിരാജ്‌ എന്ന നടന്റെ ശബ്‌ദത്തിന്റെയും ശരീരത്തിന്റെയും പരിമിതികൾ വെളിപ്പെടുത്തുന്ന ഒട്ടേറെ നിമിഷങ്ങൾ ചലച്ചിത്രത്തിലുണ്ട്‌. താരത്തിൽ നിന്നും നടനിലേക്കുളള ദൂരമത്രയും അയാൾ താണ്ടിയെ തീരൂ. പൈങ്കിളി പ്രണയത്തിന്റെ പതിവ്‌ സമവാക്യങ്ങൾ തന്നെയാണ്‌ ചലച്ചിത്രത്തിന്റെ അടിയൊഴുക്ക്‌ എങ്കിലും മറ്റ്‌ ഓണച്ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ‘ക്ലാസ്സ്‌മേറ്റ്‌സ്‌’ വ്യത്യസ്തമാകുന്നുണ്ട്‌. കാവ്യാമാധവൻ, സുനിൽ, ഇന്ദ്രജിത്ത്‌ തുടങ്ങി യുവനടന്മാരുടെ നീണ്ട നിരതന്നെ ഇതിലുണ്ട്‌.

ഒരു കച്ചവടസിനിമയുടെ വിജയത്തിന്‌ അടിസ്ഥാനപരമായി ഉണ്ടാകേണ്ട ഒന്നാണ്‌ ആദ്യമധ്യാന്തം നിലനിന്നുപോരുന്ന ഉദ്യോഗപരത. ‘കീർത്തിചക്ര’ പ്രസ്തുത സവിശേഷത നിലനിർത്താൻ ശ്രമിക്കുന്നുണ്ട്‌. സൈനികമുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ കപടമായ ഒരു ദേശീയബോധത്തെ വിജൃംഭണം ചെയ്യാൻ മാത്രമേ വാസ്തവത്തിൽ ഈ ചലച്ചിത്രത്തിന്‌ സാധിക്കുന്നുളളൂ. പക്ഷേ സാങ്കേതികപരമായി (ക്യാമറയിലാകട്ടെ, ശബ്‌ദമിശ്രണത്തിലാകട്ടെ, എഡിറ്റിംഗിലാകട്ടെ) പുലർത്തുന്ന മികവ്‌ പ്രധാനഘടകമാകുന്നുണ്ട്‌. വിവിധ രംഗപശ്ചാത്തലങ്ങളെ കഥാസന്ദർഭങ്ങൾക്കനുയോജ്യമായ വിധത്തിൽ ഒരുക്കിത്തീർക്കുവാൻ കലാസംവിധായകന്‌ സാധിച്ചിട്ടുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌.

വൈകാരികമായ ഒട്ടേറെ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുവാനും സിനിമയ്‌ക്ക്‌ കഴിയുന്നുണ്ട്‌. ഒട്ടും വികൃതമാകാതെ, മൃദുലവികാരങ്ങളെ ഇക്കിളിപ്പെടുത്താതെ, യഥാർത്ഥത്തിൽ വേട്ടക്കാരന്റെ പക്ഷത്തുനിന്ന്‌ ആസ്വദിക്കാനാവാതെ ഇരയുടെ പക്ഷത്ത്‌ നിന്ന്‌ ക്രൂരകൃത്യത്തിന്റെ വേദന ഏറ്റുവാങ്ങാനാണ്‌ ഒരു ബലാത്‌സംഗരംഗത്തിന്റെ തികഞ്ഞ മിതത്വത്തോടെ, ചിത്രീകരണത്തിലൂടെ സാധിക്കുന്നത്‌. ആ ദൃശ്യം പ്രേക്ഷകരിൽ വല്ലാത്ത ഞെട്ടൽ ഉളവാക്കുന്നുണ്ട്‌. പ്രഥമ സംരംഭമെന്ന നിലയിൽ മേജർ രവിയുടെ ‘കീർത്തിചക്ര’ പ്രശംസനാർഹം തന്നെയാണ്‌.

ശ്രീനിവാസന്റെ സൃഷ്‌ടിപരമായ പങ്കാളിത്തമുളള ഏതൊരു ചലച്ചിത്രത്തിൽനിന്നും മലയാളി പ്രേക്ഷകർ കുറഞ്ഞപക്ഷം പ്രതീക്ഷിക്കുന്ന ചില നന്മകൾ പോലും നൽകാൻ കഴിയാതെ തികഞ്ഞ നിരുത്തരവാദിത്വപരമായി ചലച്ചിത്രത്തെ കൈകാര്യം ചെയ്തതിന്റെ വളരെ ‘ദയനീയമായ’ ദൃശ്യങ്ങളാണ്‌ ഭാർഗവചരിതം മൂന്നാം ഖണ്ഡത്തിൽ ഇടനീളം കാണാൻ കഴിയുന്നത്‌. മലയാള സിനിമയുടെ വളർച്ചയിൽ സാങ്കേതികമോ സർഗ്ഗാത്മകമോ ആയ ഒരു പ്രതീക്ഷയും ഈ ചലച്ചിത്രം അവശേഷിപ്പിക്കുന്നില്ല. “കാശ്‌ മുതലായേ.... ” എന്ന പരസ്യവാചകവുമായി രംഗത്തെത്തിയ ഷാജി കൈലാസിന്റെ ‘ദി ഡോൺ’, സുരേഷ്‌ ഗോപി നായകനാകുന്ന ‘പതാക’ മോഹൻലാലിന്റെ മഹാസമുദ്രം തുടങ്ങിയവയൊക്കെയും അത്രയൊന്നും പ്രതീക്ഷാനിർഭരമായ ഓണക്കാലമല്ല നമുക്ക്‌ സമ്മാനിച്ചത്‌.

പ്രേക്ഷകരുടെ ആസ്വാദനബോധത്തെ ഇകഴ്‌ത്തി കാട്ടുംവിധം തികഞ്ഞ അലംഭാവത്തോടെയുളള സമീപനമാണ്‌ കച്ചവടസിനിമയുടെ തലതൊട്ടപ്പന്മാർ ഇക്കുറി സ്വീകരിച്ചിരിക്കുന്നത്‌ എന്നു കാണാം.

വിനോദത്തിനും കലാസ്വാദനത്തിനും ടെലിവിഷൻ പോലുളള ദൃശ്യമാധ്യമങ്ങൾ, കൂടുതൽ ഊർജ്ജസ്വലമാകുന്ന റേഡിയോ പ്രക്ഷേപണം, ഇന്റർനെറ്റ്‌ തുടങ്ങി നിരവധി മേഖലകൾ സാധ്യമാകുന്ന ഇക്കാലത്ത്‌ ഇത്തരത്തിലുളള സമീപനം ചലച്ചിത്രത്തെ പ്രേക്ഷകർ പാടെ തിരസ്‌ക്കരിക്കുന്ന നിലയിലേക്കാണ്‌ കൊണ്ടു ചെന്നെത്തിക്കുക. സിനിമയാണ്‌ നിങ്ങളുടെ ഉപജീവനമാർഗ്ഗമെങ്കിൽ ആത്മാർപ്പണത്തിന്റെ ഒരംശമെങ്കിലും സ്വന്തം സൃഷ്‌ടികളിൽ നിലനിർത്താൻ നിങ്ങൾ തയ്യാറായേ തീരൂ, പുതുതായി ഒരാളെയെങ്കിലും തീയേറ്ററിലെത്തിക്കുന്ന രീതിയിൽ ഗുണപരമായ മാറ്റത്തിന്‌ ജീവിതത്തെ അൽപ്പമെങ്കിലും ആഴത്തിലറിയാൻ നിങ്ങൾ തയ്യാറായേ തീരൂ എന്നുളള ജനത്തിന്റെ നിശ്ശബ്‌ദമായ ആഹ്വാനമാണ്‌ തീയേറ്ററുകളിലെ ഒഴിഞ്ഞ കസേരകളിൽനിന്ന്‌ കേൾക്കാൻ സാധിക്കുന്നത്‌.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.