പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ചതുരംഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജേഷ്‌ സി. കല്ലുമുട്ടി

സിനിമാനിരൂപണം

ഹൈന്ദവ പുരാണത്തിലെ സംഹാരമൂർത്തിയായ പരമശിവന്റെ വേഷം മോഹൻലാൽ എന്ന നടൻ കെട്ടിയാടാൻ തുടങ്ങിയിട്ട്‌ കാലമെത്രയായി. നീലകണ്‌ഠൻ (ദേവാസുരം), കാശിനാഥൻ (താണ്ഡവം), ജഗൻനാഥൻ (ആറാംതമ്പുരാൻ), ഇന്ദുചൂഢൻ (നരസിംഹം) എന്നിങ്ങനെ പോകുന്നു അതിന്റെയൊരു നിര. സവർണ്ണനായ ഭൂതകാലത്തെ, പാരമ്പര്യങ്ങളെ ആദർശവത്‌ക്കരിക്കാൻ ശ്രമിക്കുന്ന, സംഗീവും കളരിപോലുളള ആയോധനകലകളും അഭ്യസിച്ചിട്ടുളള, നെറ്റിയിൽ നീണ്ട സിന്ദൂരക്കുറി അണിയുന്ന, ആർക്കും തോല്പിക്കാൻ കഴിയാത്ത ഒരേ സമയം ദേവനേയും, അസുരനേയും പ്രതിനിധീകരിക്കുന്ന ഈ നായകൻമാരെല്ലാം ഒരെ അച്ചിൽ വാർത്തെടുത്തവയാണ്‌. ഇതിൽനിന്ന്‌ വ്യത്യസ്തമായി മോഹൻലാൽ ആറ്റിപ്രാക്കൻ ജിമ്മി എന്ന പാലാക്കാരൻ ക്രിസ്ത​‍്യാനിയാകുന്നു എന്നതാണ്‌ അല്ലെങ്കിൽ അതുമാത്രമാണ്‌ നിയാ പ്രൊഡക്‌ഷന്റെ ബാനറിൽ ഫിറോസ്‌ നിർമ്മിച്ച്‌ കെ.മധു സംവിധാനം ചെയ്ത ചതുരംഗം എന്ന സിനിമയുടെ പ്രത്യേകത.

ഒരു ചിത്രത്തിൽ എന്തെല്ലാം വേണമെന്നുപോലും പ്രേക്ഷകരോടല്ല മറിച്ച്‌ തന്നോടുതന്നെയാണ്‌ ചലച്ചിത്രകാരൻ ചോദിക്കേണ്ടത്‌. പക്ഷേ, ഇന്നത്തെ പോപ്പുലർ സിനിമയുടെ കാഴ്‌ചപ്പാട്‌ നേരെ തിരിച്ചാണ്‌. ചിത്രത്തിൽ ഉളളതെല്ലാം പ്രേക്ഷകർക്കുവേണ്ടി മാത്രം ഒരുക്കപ്പെട്ടവയാണ്‌. പ്രേക്ഷകരെ എങ്ങനെ വിനോദിപ്പിക്കാം (ബോറടിപ്പിക്കാം) എന്നതുമാത്രമാണ്‌ ചലച്ചിത്രക്കാരന്റെ ലക്ഷ്യം. ചതുരംഗത്തിന്റെ അണിയറക്കാർക്കും അതിലപ്പുറമൊന്നും ചിന്തിക്കാനാവില്ല. ബാബു ജനാർദ്ധനന്റെ തിരക്കഥ തന്നെ മോഹൻലാലിനെ മുന്നിൽ കണ്ടുകൊണ്ട്‌ ഒരുക്കിയതാണ്‌. രാഷ്‌ട്രീയ മേലാളൻമാരുടെ ചട്ടുകമാവുകയും ഒടുക്കം അവരാൽ ജീവിതത്തിൽ നിന്നുതന്നെ ഭ്രഷ്‌ടനാക്കപ്പെടുകയും ചെയ്യുന്ന യുവരാഷ്‌ട്രീയ പ്രവർത്തകരുടെ പ്രതിനിധിയെ റബർ കർഷകരായ പാലാ ക്രിസ്ത​‍്യാനികളുടെ ആത്മസമരങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ്‌ ഈ ചിത്രമെന്ന്‌ തിരക്കഥാകാരൻ അവകാശപ്പെടുന്നു. പക്ഷേ, മേൽപ്പറഞ്ഞതെല്ലാം വെറും ഉപരിപ്ലവമായി മാത്രം കാണുകയും ആറ്റിപ്രാക്കൻ ജിമ്മി എന്ന രാഷ്‌ട്രീയപ്രവർത്തകന്റെ വീരസ്യങ്ങളെയും, അയാളുടെ പ്രതികാരത്തിന്റെയും കഥ പറയാൻ മാത്രമാണ്‌ സംവിധായകൻ ശ്രമിച്ചിരിക്കുന്നത്‌. ബാബു ജനാർദ്ധനൻ തിരക്കഥയൊരുക്കിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ (ലാൽജോസ്‌), അനുഭൂതി (ഐ.വി.ശശി) തുടങ്ങിയ ചിത്രങ്ങളിൽ കുടുംബങ്ങൾക്കിടയിലെ ആഴത്തിലുളള ബന്ധങ്ങൾ ചികഞ്ഞെടുക്കാനുളള ശ്രമങ്ങളുണ്ടായിരുന്നു. ചതുരംഗത്തിൽ കുടുംബബന്ധങ്ങളുടെ വിദൂരദൃശ്യങ്ങളുണ്ട്‌. അവയെ അടുത്തുനിന്ന്‌ കാണാൻ ശ്രമിക്കുകയും അവരുടെ അന്തഃസംഘർഷങ്ങൾക്കിടയിലൂടെ ജിമ്മിയുടെ ജീവിതത്തെ അപഗ്രഥിക്കുകയും ചെയ്തിരുന്നെങ്കിൽ മികച്ചതാകുമായിരുന്ന ചിത്രത്തെ നായകനടനിലെ താരത്തെ ആശ്രയിക്കുന്നതിലൂടെ നശിപ്പിക്കുകയാണ്‌ സംവിധായകനും തിരക്കഥാകൃത്തും.

മധ്യതിരുവിതാംകൂറിലെ പ്രബല രാഷ്‌ട്രീയ കക്ഷിയായ കേരളദേശം കോൺഗ്രസ്സിലെ നേതാക്കൻമാരാണ്‌ മന്ത്രി കോരയും (സായ്‌കുമാർ), മന്ത്രി പൗലോസും (വിജയരാഘവൻ). ഇവരുടെ ഗ്രൂപ്പുകളി പാർട്ടിയിൽ പ്രസിദ്ധമാണ്‌. മന്ത്രി കോരയുടെ ഗ്രൂപ്പിലെ യുവജനവിഭാഗത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാണ്‌ തന്റേടത്തിന്റെയും, യുവത്വത്തിന്റെയും പ്രതീകമായ ആറ്റിപ്രാക്കൻ ജിമ്മി (മോഹൻലാൽ), ജിമ്മിയുടെ സന്തത സഹചാരികളാണ്‌ മാത്തപ്പനും (ജഗദീഷ്‌), ജോഷിയും(അനു ആനന്ദ്‌). നാട്ടിൽ ഇപ്പോൾ ഗുരുതരമായിരിക്കുന്ന പ്രശ്‌നം മെതിക്കുളം തൊമ്മിച്ചന്റെ (ലാലു അലക്‌സ്‌) വേൾഗബാർ മാറ്റുവാനുളള സമരമാണ്‌. മന്ത്രി കോരയും ജിമ്മിയും തൊമ്മിച്ചന്റെ കൂടെയാണ്‌. സമരം ശക്തമാക്കാനും, ജിമ്മിയെ തളയ്‌ക്കാനും പുതിയ എസ്‌.പി. നയനയെ (നഗ്‌മ) മന്ത്രി പൗലോസ്‌ നിയോഗിക്കുന്നു. ജിമ്മിയും നയനയും പലതരത്തിലും ഇടയുന്നു. മന്ത്രി കോര തന്റെ രാഷ്‌ട്രീയ ലാഭത്തിനായി ജിമ്മിയെ പലതിനും ഉപയോഗിക്കുന്നു. ഒടുക്കം വൈരം മറന്ന്‌ മന്ത്രിമാർ ഒന്നാകുകയും ജിമ്മി തഴയപ്പെടുകയും ചെയ്യുന്നു. തന്നെ ചട്ടുകമാക്കിയവർക്കെതിരെ പ്രതികരിച്ചപ്പോൾ അവന്‌ പലതും നഷ്‌ടമാവുന്നു. ഒടുവിൽ കൈകരുത്തുകൊണ്ടുതന്നെ ജിമ്മിക്ക്‌ മറുപടി പറയേണ്ടിവരുന്നു.

യാഥാർത്ഥ്യബോധത്തോടെ പെരുമാറുന്ന കഥാപാത്രങ്ങൾ ചതുരംഗത്തിൽ കുറവാണ്‌. സ്ഥലമോ സന്ദർഭമോ നോക്കാതെ മന്ത്രിക്കുവേണ്ടി മുദ്രാവാക്യം വിളിക്കുന്ന ജഗദീഷിന്റെ മാത്തപ്പൻ കൊല്ലപ്പെടുന്നതുപോലും തമിഴ്‌ സിനിമാരംഗങ്ങളെ അനുസ്‌മരിപ്പിക്കുന്ന മെലോഡ്രാമയ്‌ക്കൊടുവിലാണ്‌. നെടുമുടിവേണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെയും ഭാര്യയുടെയും കൊലപാതകം കരുത്തനായ ജിമ്മിക്ക്‌ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കേണ്ടിവരുന്നതും മറ്റും, ചതുരംഗപലകയിൽ അപ്പപ്പോൾ കരുക്കൾ നീക്കുന്നതുപോലെ എവിടെ നിന്നില്ലാതെ പ്രത്യക്ഷപ്പെടുന്ന ഇത്തരം രംഗങ്ങൾ ചിത്രത്തിനെ ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കുന്നുളളൂ. ആറ്റിപ്രാക്കൻ കുടുംബത്തിന്റെ വളർച്ചയേയും, തളർച്ചയേയും സമ്മിശ്രവികാരങ്ങളോടെ സമീപിക്കുന്ന ജിമ്മിയുടെ അച്ഛമ്മ (കെ.പി.ഇ.സി.ലളിത), മുറച്ചെറുക്കനുമായുളള വിവാഹവും, ഉദ്യോഗവും തമ്മിൽ വടംവലിയിൽ ഏർപ്പെടുമ്പോൾ, ആരോപണങ്ങൾക്കുമുന്നിൽ പതറാതെ ഉദ്യോഗത്തെ സ്വീകരിക്കുന്ന എസ്‌.പി. നയന (നഗ്‌മ), അച്ഛനും അമ്മയും കൊല ചെയ്യപ്പെട്ടത്‌ പ്രതിശ്രുതവരന്റെ കൈകൊണ്ടാണെന്ന്‌ തെറ്റിദ്ധരിച്ച്‌ തന്റെ അനാഥത്വത്തെ ക്രിസ്തുവിന്റെ മണവാട്ടിയാകുന്നതിലൂടെ പരിഹരിക്കുന്ന ആനി (നവ്യാനായർ), സഹോദരന്റെ സുഹൃത്തിനെ പ്രണയിക്കുകയും അയാളുടെ കൊലയിൽ പ്രതിഷേധിച്ച്‌ ആത്മഹത്യചെയ്യുന്ന മോളിക്കുട്ടി (അനുപമമേനോൻ) എന്നിങ്ങനെ കുറേ സ്‌ത്രീകഥാപാത്രങ്ങളെ എങ്ങും തൊടാതെ അവതരിപ്പിക്കുന്നുണ്ട്‌ ചതുരംഗത്തിൽ. കൊലപാതകങ്ങളുടെ പരമ്പരതന്നെയുണ്ട്‌ ചിത്രത്തിൽ. നായകന്റെ സന്തത സഹചാരികളെയും, പെങ്ങളെയും മറ്റും കൊന്നുകൊണ്ട്‌ സംവിധായകൻ നായകന്റെ പ്രതികാരത്തിന്‌ ആക്കം കൂട്ടുന്നു. ചതുരംഗത്തിൽ എടുത്തു പറയേണ്ടുന്ന ഒരു പ്രകടനമുണ്ട്‌. മെതിക്കളം തൊമ്മിച്ചനെ അവതരിപ്പിച്ച ലാലു അലക്‌സിന്റെ. അനുവദിച്ചുകിട്ടിയ കുറച്ചുരംഗങ്ങളിൽ നിന്നുകൊണ്ട്‌ ലാലു അലക്‌സ്‌ പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു. ആനന്ദക്കുട്ടന്റെ ദൃശ്യവിന്യാസങ്ങളെ തിരക്കഥയിലെ പോരായ്‌മകളിൽ നിന്നുകൊണ്ട്‌ മികവുറ്റ രീതിയിൽ എഡിറ്റു ചെയ്യാൻ പി.സി. മോഹൻ ശ്രമിച്ചിട്ടുണ്ട്‌.

ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്‌, ജാഗ്രത, അടിക്കുറിപ്പ്‌ തുടങ്ങിയ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ ചിത്രങ്ങൾ ഒരുക്കിയ കെ.മധുവിന്റെ ചിത്രം തന്നെയാണോ ചതുരംഗമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

-------

ജിജേഷ്‌ സി. കല്ലുമുട്ടി

വിലാസംഃ

‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ

670703
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.