പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

പ്രതീക്ഷയുടെ ‘മാമ്പഴം’

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

സിനിമാനിരൂപണം

പ്രേക്ഷകനെ രസിപ്പിക്കുന്ന ചേരുവകൾ അനുയോജ്യമായ വിധത്തിൽ ചേർത്തുവച്ച്‌ നെയ്‌തെടുത്താൽ ഒരു സിനിമയുടെ വിജയം സുനിശ്‌ചിതമാണെന്ന്‌ കമേഴ്‌സ്യൽ സിനിമയുടെ വക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. വിജയത്തിന്റെ ഇത്തരം സമവാക്യങ്ങളാൽ ബന്ധിതമായി നിർമ്മിക്കപ്പെട്ടിട്ടുളള മീശമാധവൻ, കല്ല​‍്യാണരാമൻ, വാൽക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളുടെ സാമ്പത്തിക വിജയം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ശ്രീനിവാസൻ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘കിളിച്ചുണ്ടൻ മാമ്പഴം’ ഇത്തരം പതിവു രീതികളിൽനിന്ന്‌ വ്യത്യസ്തമാണ്‌. തന്റെ രജതജൂബിലി വർഷത്തെ പ്രതീക്ഷയുളള ഒരു ചിത്രമാണിതെന്ന്‌ ലാൽ പറയുന്നു. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തെ മുൻനിർത്തി മലയാള സിനിമയുടെ പുതിയ പ്രവണതകളെക്കുറിച്ചും മോഹൻലാൽ എന്ന താരത്തിൽനിന്ന്‌ ഒരു മികച്ച നടനിലേക്കുളള അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ ശ്രമവും നോക്കിക്കാണുവാനുളള ഒരു ശ്രമമാണിത്‌.

സിനിമയിൽനിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌ ജീവിതം. വാണിജ്യപരമായ ഉയർച്ച ലക്ഷ്യംവച്ച്‌ തീയേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാംതന്നെ വെറും കെട്ടുകഥകളോ ഭൂതകാലഭിരതിയുടെ പ്രചരണോപാധി എന്ന നിലയിലുളള കഥാതന്തുക്കളോ ഉൾക്കൊളളുന്നവയായിരുന്നു. ജീവിതത്തിന്റെ സങ്കീർണ്ണതകളെ തമാശരൂപേണ സ്പർശിക്കാൻപോലും അത്തരം ചിത്രങ്ങൾ തയ്യാറായില്ല. അവ കേരളത്തിന്റെ സാമൂഹിക രാഷ്‌ട്രീയ മനസ്സിനെ എങ്ങനെ സ്വാധീനിച്ചുവെന്ന്‌ മാധ്യമങ്ങൾ തിരിച്ചറിയുകയും പ്രതികരിക്കുകയും ഉണ്ടായി.

‘കിളിച്ചുണ്ടൻ മാമ്പഴം’ വളരെ നിർദ്ദോഷകരമായി ലാഘവത്തോടെ ഒരു പ്രണയത്തിന്റെ കഥ പറയുന്നു. കൂന്താലിക്കടവ്‌ എന്ന ഗ്രാമത്തിലെ പ്രമുഖനായ ഒരു ഹാജിയാരുടെ മൂന്നാം ഭാര്യയായിത്തീരേണ്ട ദുർവിധി അബ്‌ദുവിന്റെ പ്രണയിനിയായ ആമിനയ്‌ക്കായിരുന്നു. ആമിനയെ വീണ്ടെടുക്കാൻ അബ്‌ദു നടത്തുന്ന ശ്രമങ്ങളിലൂടെയാണ്‌ സിനിമ വികസിക്കുന്നത്‌. സാമൂഹികപരമായി ഒട്ടേറെ പ്രസക്തിയുളള ഒരു ചിത്രമാണിത്‌. ഏറെക്കാലത്തെ ഇടവേളയ്‌ക്കുശേഷം പൂർണ്ണമായും മുസ്ലീം പശ്ചാത്തലത്തിലുളള ഒരു ചലച്ചിത്രം. നീണ്ട ഇടവേളയ്‌ക്കുശേഷം അമാനുഷികതകളില്ലാത്ത ഒരു പച്ച മനുഷ്യനായി അഭിനയിക്കാൻ മോഹൻലാൽ തയ്യാറാവുന്നു.

വലിഞ്ഞു മുറുകുന്ന മുഖത്തെ മാംസപേശികളുടെ ക്ലോസപ്പ്‌ഷോട്ടുകൾ, ആൾദൈവങ്ങളോട്‌ കിടപിടിക്കുന്ന നായക സങ്കൽപ്പങ്ങളുടെ പൂർണ്ണതയിൽ എത്തി നിൽക്കുന്ന അമാനുഷിക കഥാപാത്രങ്ങൾ, ആഢ്യത്വം, അശ്ലീലരംഗങ്ങൾ നിറഞ്ഞ ഗാനരംഗങ്ങൾ ഇവയൊന്നുമില്ലാതെ ഈ സാഹചര്യത്തിൽ ഒരു മോഹൻലാൽ ചിത്രം സ്വീകരിക്കപ്പെടുമോ? തന്റെ മുമ്പിലുളള ദൃശ്യബിംബത്തിൽ തങ്ങളെ കാണാനെത്തിയ നായകനെ ഒരു മിത്തിക്കൽ രക്ഷകനായി സങ്കൽപ്പിക്കുകയും അങ്ങനെ ദൃശ്യബിംബങ്ങളും ജനതയുടെ ആഖ്യാന അബോധത്തെ ഉപയോഗപ്പെടുത്തുന്ന വാങ്ങ്‌മയ ബിംബങ്ങളും സംശ്ലേഷിക്കുമ്പോൾ പ്രേക്ഷകർക്കുണ്ടാകുന്ന മാസ്‌മരിക അനുഭവത്തിന്റെ ഭാഗമായാണ്‌ ‘നായക സങ്കൽപ്പങ്ങളുടെ പൂർണ്ണത’ എന്ന്‌ ഉദ്‌ഘോഷിക്കപ്പെട്ട സിനിമകൾ കനത്ത സാമ്പത്തിക വിജയം നേടിയത്‌. ‘കിളിച്ചുണ്ടൻ മാമ്പഴം’ അത്തരം അപകടങ്ങളിൽ കുരുങ്ങിപ്പോയില്ല എന്ന്‌ ആശ്വസിക്കാം. നർമ്മത്തിന്റെ കടുംവർണ്ണങ്ങളില്ലാതെ ജീവിതത്തോട്‌ സത്യസന്ധത പുലർത്തുന്ന ഫലിത രംഗങ്ങളിലൂടെയാണ്‌ കഥ പറഞ്ഞുപോകുന്നത്‌. കൂന്താലിക്കടവിലെ മുസ്ലീംഭാഷയുടെ സൗന്ദര്യം ചലച്ചിത്രത്തിലുടനീളം നർമ്മത്തിന്റെ മേമ്പൊടിയാകുന്നുണ്ട്‌. മാറ്റം ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാപ്രേക്ഷകർ ഈ ചലച്ചിത്രം ഉൾക്കൊളളുമെന്ന്‌ ഇതിന്റെ അണിയറ ശിൽപ്പികൾ പ്രതീക്ഷിക്കുന്നുണ്ടാകാം.

ദാരിദ്ര്യത്തിന്റെയോ ജീവിതസങ്കീർണ്ണതകളുടെയോ രാഷ്‌ട്രീയമാനങ്ങൾ ഉൾക്കൊളളാൻ സമീപകാല ചലച്ചിത്രങ്ങൾക്ക്‌ സാധിച്ചിരുന്നില്ല. പ്രത്യേകിച്ചും കച്ചവട സിനിമകൾ. മാത്രമല്ല അതിവേഗത്തിലുളള വലതുപക്ഷവത്‌ക്കരണത്തിനും അരാഷ്‌ട്രീയവത്‌ക്കരണത്തിനും പ്രചോദകമായിരുന്നു അവ. മന്ത്രവാദം, ജ്യോതിഷം, മറ്റ്‌ അനാചാരങ്ങൾ എന്നിവ കേരളീയ ജീവിതത്തിലേക്ക്‌ ശക്തമായി തിരിച്ചു കൊണ്ടുവരാൻ ഇത്തരം സൃഷ്‌ടികൾ പ്രത്യക്ഷമായോ പരോക്ഷമായോ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. ‘കിളിച്ചുണ്ടൻ മാമ്പഴം’ ഇത്തരം അനാചാരങ്ങളെ അവയുടെ വക്താക്കളെ അർഹിക്കുന്ന പരിഗണനയോടെ പരിഹാസരൂപേണ പുറന്തളളാൻ ശ്രമിക്കുന്നു. കപട പൗരോഹിത്യ ജാഢകളെ തുറന്നു കാട്ടാനുളള ഒരു എളിയ ശ്രമം ശ്രീനിവാസന്റെ തൂലിക നടത്തുന്നുണ്ട്‌ എന്നത്‌ പ്രതീക്ഷാവഹംതന്നെ.

ഉപഭോഗ സംസ്‌കാരം ഉപാസിക്കുന്നത്‌ ശരീരപ്പടകളെയാണ്‌. ചിന്തയുടെ തരിമ്പുപോലുമില്ലാതെ ത്രസിക്കുന്ന വികാരം മാത്രമായി ഒരു യുവത്വം അധഃപതിക്കുന്നതിന്റെ ലക്ഷണമായാണ്‌ ഷക്കീല എന്ന വലിയ ശരീരം ഇളകിയാടുന്ന സിനിമകൾ ആഘോഷിക്കപ്പെട്ടത്‌. ലാൽ എന്ന സൂപ്പർ താരത്തിൽ നിന്ന്‌ ഒരു നടൻ എന്ന നിലയിലേക്കുളള തിരിച്ചുവരവിന്റെ തുടക്കമാണ്‌ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന്‌ തോന്നുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആഘോഷിക്കപ്പെടുന്ന വലിയ ശരീരം ഇത്തരം തിരിച്ചുവരവിന്‌ തടസ്സമാകുന്നു. പുതിയ ചിത്രത്തിലെ ‘അബ്‌ദു’ എന്ന കഥാപാത്രത്തിന്‌ ലാലിന്റെ വലിയ ശരീരം തീരെ അനുയോജ്യമല്ല. വിസ്‌തൃതമായ, മെയ്‌വഴക്കമില്ലാത്ത ശരീരം അഭിനയത്തിന്റെ മുഹൂർത്തങ്ങൾ തീർക്കുന്നതിന്‌ തടസ്സമാകും. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ വലിയ ശരീരത്തെയല്ല, അഭിനയ പ്രതിഭയെയാണ്‌ പ്രേക്ഷകർ ആരാധിക്കുന്നത്‌ എന്നതിന്‌ തെളിവാണ്‌ സാമ്പത്തികമായി വലിയ വിജയമൊന്നും നേടാത്ത സമീപകാല ലാൽ ചിത്രങ്ങൾ.

‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിന്റെ കഥയുടെ വളർച്ച നായികയിലൂടെയാണ്‌ സംഭവിക്കുന്നത്‌. ആടാനും പാടാനും അങ്ങനെ കച്ചവട സിനിമയുടെ സാമ്പത്തിക വിജയത്തിനുളള ഒരു മികച്ച ഉപാധി എന്ന നിലയിൽ മാത്രമല്ല നായിക അവതരിപ്പിക്കപ്പെടുന്നത്‌. ആമിനയുടെ വേദനകൾക്കും അബ്‌ദുവിന്റെ ചേച്ചിയുടെ തേങ്ങലുകൾക്കും സിനിമയിൽ അവഗണിക്കാനാവാത്ത സ്ഥാനമുണ്ട്‌. ഈ ചിത്രത്തെ നിലനിർത്തുന്നത്‌ നായക സങ്കൽപ്പങ്ങളിലെ പൂർണ്ണതയല്ല സ്‌നേഹത്തിന്റെ ഗന്ധമുളള ജീവിതത്തിന്റെ കഥയാണ്‌.

വിദ്യാസാഗറിന്റെ സംഗീതം സിനിമയുടെ വിജയത്തിൽ നിർണ്ണായക ഘടകമാവില്ല. കൂന്താലിക്കടവ്‌ എന്ന ഗ്രാമവിശുദ്ധിയുടെ പശ്‌ചാത്തലത്തിൽ അബ്‌ദുവിന്റെയും ആമിനയുടെയും പ്രണയത്തെ ദൃശ്യചാരുതയോടെ ആവിഷ്‌ക്കരിക്കാതെ അവരുടെ സ്വപ്‌നങ്ങൾക്ക്‌ കടുംവർണ്ണത്തിലുളള ഗാനരംഗങ്ങളുടെ അകമ്പടി നൽകിയത്‌ മുഴച്ചു നിൽക്കുന്നുണ്ട്‌.

തന്റെ രജതജൂബിലി വർഷത്തെ ചിത്രമായ ‘കിളിച്ചുണ്ടൻ മാമ്പഴം’ തേന്മാവിൻ കൊമ്പത്തിനെക്കാൾ ഇരട്ടിമധുരമുളളതാകുമെന്ന്‌ ലാൽ പറയുന്നു. (മലയാള മനോരമ ആഴ്‌ച്ചപ്പതിപ്പ്‌.)

ദൈവീക പരിവേഷമുളള കിടിലൻ നായകന്മാരെയല്ല, ജീവിതത്തിന്റെ നർമ്മവും വേദനയും വിഹ്വലതകളും തന്റെ പ്രതിഭയുടെ തിളക്കത്താൽ അനശ്വരമാക്കുന്ന അഭിനയമുഹൂർത്തങ്ങളാണ്‌ പ്രേക്ഷകർ ഉൾക്കൊളളുക എന്ന തിരിച്ചറിവ്‌ മോഹൻലാൽ എന്ന നടനുണ്ടാകട്ടെ എന്ന്‌ ആശംസിക്കാം. ‘കിളിച്ചുണ്ടൻ മാമ്പഴം’ ഇത്തരം തിരിച്ചുവരവിന്റെ, പ്രതീക്ഷയുടെ തുടക്കമാവട്ടെ. അന്യം നിന്നുപോയ ജീവസ്സുറ്റ ഹാസ്യവും ഉൾക്കാമ്പുളള കഥകളും മലയാള സിനിമയിലേക്ക്‌ തിരിച്ചു കൊണ്ടുവരണം. അത്തരം ശ്രമങ്ങളുടെ എളിയ തുടക്കമാവട്ടെ ‘കിളിച്ചുണ്ടൻ മാമ്പഴം’.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.