ചന്ദ്രമുഖിയുടെ ഹിന്ദി റീമേക്ക് ‘ഫൂൽ ഫുലയ്യ’യിലും നർത്തകനായി രൂപം പ്രാപിക്കുന്ന കവിയുടെ വേഷം വിനീതിന്. ഡബ്ബിംഗ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള വിനീതിനെ സംബന്ധിച്ച് ഏറെ നിർണായകമായിരിക്കും ഈ സിനിമ. ഇരുത്തം വന്ന നർത്തകനായിരിക്കണം ഈ വേഷം അവതരിപ്പിക്കേണ്ടതെന്നതിനാലാണ് വിനീതിന് നറുക്കു വീണത്. ഏറെ മാറ്റങ്ങളോടെയാണ് സംവിധായകൻ പ്രിയദർശൻ കവിയും നർത്തകനുമായി സിനിമയിൽ നിറയുന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ളത്.
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യാ ബാലനാണ്. വിനീതും വിദ്യയും ചേർന്നവതരിപ്പിക്കുന്ന നൃത്തരംഗം ഷൂട്ടു ചെയ്യുന്നത് ഏറെ പ്രത്യേകതകളോടെയാണ്. ‘ചന്ദ്രമുഖി’യിൽ ജ്യോതികയോടൊപ്പം ‘രാരാ...’ പാട്ടുപാടി നൃത്തച്ചുവടുകൾ വെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സൈക്യാട്രിസ്റ്റായി അക്ഷയ്കുമാർ വേഷമിടുന്നു. ചിത്രം പ്രിയദർശന് ഏറെ പ്രശംസ നേടിക്കൊടുത്തേക്കും.
‘മണിചിത്രത്താഴി’ലെ ക്ലൈമാക്സ് ഗാനരംഗത്തിലൂടെ പ്രേക്ഷകമനസ്സിൽ കുടിയേറിയ രാമനാഥൻ എന്ന കഥാപാത്രം വിനീതിന്റെ കയ്യിലെത്തുന്നത് ഇതു രണ്ടാം തവണയാണ്. കഥക് നർത്തകനായിട്ടാണ് ബോളിവുഡ് പ്രേക്ഷകർക്ക് മുന്നിൽ വിനീത് എത്തുക. തമിഴ്പ്രേക്ഷകർ വേണ്ടരീതിയിൽ അംഗീകരിച്ചില്ലെങ്കിലും ഹിന്ദി റീമേക്ക് തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് താരം.