‘മിസ്റ്റർ ബ്രഹ്മചാരി’ക്കു ശേഷം മോഹൻലാൽ-തുളസീദാസ് ടീം ഒന്നിക്കുന്ന ‘കോളേജ് കുമാരനി’ൽ വിമലാ രാമൻ നായികയാവുന്നു. ആദ്യമായാണ് വിമല മോഹൻലാലിന്റെ ജോഡിയാകുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന സിനിമയിൽ കോളേജ് ലക്ചററായിട്ടാണ് നായിക വേഷമിടുന്നത്. ലാലിന്റെ നായികാപദം തരപ്പെടുന്നത് ഒട്ടൊന്നുമല്ല സുന്ദരിയെ സന്തോഷിപ്പിക്കുന്നത്. മോഹൻലാലിന്റെ ജോഡിയായി വിമലയെ പരിഗണിക്കുന്നുവെന്ന് വാർത്തകളുണ്ടായെങ്കിലും കോളേജ് കുമാരനിലൂടെയാണ് അത് സ്ഥിരീകരിക്കപ്പെട്ടത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ കോളേജ് കാന്റീൻ നടത്തിപ്പുകാരനായി സൂപ്പർതാരം എത്തുന്നു.
ഷാജി കൈലാസ് - സുരേഷ്ഗോപി ടീമിന്റെ ‘ടൈം’ ആണ് തിയേറ്ററുകളിലെത്തുന്ന വിമലയുടെ ആദ്യ മലയാള ചിത്രം. ആദ്യസിനിമ റിലീസു ചെയ്യുന്നതിനു മുമ്പ് നാലു ചിത്രങ്ങളിൽ നായികയായി എന്ന ക്രെഡിറ്റും ഈ മറുനാടൻ സുന്ദരിക്കു സ്വന്തം. മമ്മൂട്ടിയുടെ നായികയായും വിമല പരിഗണിക്കപ്പെടുന്നു.
സൗന്ദര്യമത്സരവേദികളും നൃത്തവേദികളും കീഴടക്കിയ ശേഷമാണ് വിമലാ രാമൻ സിനിമയിലെത്തിയത്. തമിഴ് സിനിമയുടെ തലതൊട്ടപ്പന്മാരിൽ ഒരാളായ കെ.ബാലചന്ദറുടെ ‘പൊയ്’ ആണ് അരങ്ങേറ്റ ചിത്രം. പ്രണയകാലം, സൂര്യൻ എന്നീ ചിത്രങ്ങളിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിമല മലയാള സിനിമ കീഴടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.