‘നരൻ’ എന്ന സൂപ്പർഹിറ്റിനുശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്ന ചിത്രത്തിന് ലോഹിതദാസ് തിരക്കഥ എഴുതുന്നു. നീണ്ട ഇടവേളക്കു ശേഷം ലോഹി മറ്റൊരു സംവിധായകനുവേണ്ടി രചന നിർവഹിക്കുന്നു എന്നതാണ് ഈ പ്രൊജക്ടിന്റെ പ്രത്യേകത. മീരാജാസ്മിൻ കേന്ദ്ര കഥാപാത്രമാകുന്ന ചെമ്പട്ട്, മമ്മൂട്ടി ചിത്രം എന്നിവ പൂർത്തീകരിച്ച ശേഷമാണ് ലോഹി മോഹൻലാലിനുവേണ്ടി കഥാപാത്രത്തെ മെനഞ്ഞെടുക്കുക.
മോഹൻലാലിന്റെ കരിയറിൽ നിർണായകങ്ങളാണ് ലോഹിതദാസിന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ. ‘കിരീട’ത്തിലെ സേതുമാധവൻ. ‘ദശരഥ’ത്തിലെ രാജീവ്, ‘ഭരത’ത്തിലെ ഗോപിനാഥൻ, ‘കമലദള’ത്തിലെ നന്ദഗോപൻ, ‘ഹിസ്ഹൈനസ് അബ്ദുളള’യിലെ ടൈറ്റിൽ വേഷം തുടങ്ങി അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ എണ്ണമറ്റ വേഷങ്ങൾ ലാലിനുവേണ്ടി ലോഹിതദാസ് സൃഷ്ടിച്ചിട്ടുണ്ട്. സ്വതന്ത്രസംവിധായകനായ ‘കന്മദ’ത്തിലും ലീഡ്റോൾ ലാൽ അവതരിപ്പിച്ചു. പിന്നീട് ഈ കൂട്ടുകെട്ട് എന്തുകൊണ്ടോ ഉണ്ടായില്ല.
മഹായാനം, കൗരവർ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾക്കുവേണ്ടിയാണ് ലോഹി-ജോഷി ടീം സഹകരിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ മോഹൻലാൽ പ്രൊജക്ടിൽ ഇവർ ഒന്നിക്കുന്നത് വാർത്തയാകുകയാണ്. ദിലീപ്-കാവ്യ ജോഡിയെ അണിനിരത്തി ‘ചക്കരമുത്ത്’ എന്ന ചിത്രം സംവിധാനം ചെയ്തുവരികയാണ് ലോഹിതദാസിപ്പോൾ. ഷൊർണൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഏതാനും പുതുമുഖങ്ങളും പ്രധാന വേഷക്കാരായുണ്ട്.