ആർമി ക്യാപ്റ്റന്റെ വേഷമണിയാനുളള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹൻലാൽ. ഈ മാസം ഒടുവിൽ ചിത്രീകരണമാരംഭിക്കുന്ന ‘കീർത്തിചക്ര’യിലാണ് ദേശാഭിമാനിയായ പട്ടാളമേധാവിയായി സൂപ്പർതാരം വേഷമിടുന്നത്. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഈ സിനിമയുടെ പ്രധാന ലൊക്കേഷൻ ശ്രീനഗറാണ്. മേജർ രവി സ്വതന്ത്ര സംവിധായകന്റെ മേലങ്കി അണിയുന്ന ‘കീർത്തിചക്ര’യുടെ പ്രധാന സവിശേഷത കെട്ടുറപ്പുളള തിരക്കഥ തന്നെ. മതിയായ സമയമെടുത്താണ് മേജർ രവി തിരനാടക രചന പൂർത്തിയാക്കിയത്. നായകൻ മോഹൻലാലിന്റെ ആത്മവിശ്വാസമാണ് രവിയെ സംവിധായക സ്ഥാനത്ത് എത്തിച്ചത്. മാർച്ച് 29-ന് രവിയും സംഘവും ശ്രീനഗറിലെത്തും. ശ്രീനഗറിൽ ചിത്രീകരണം പൂർത്തിയാക്കുന്ന മലയാള ചിത്രമെന്ന നിലയിലും ‘കീർത്തിചക്ര’ ശ്രദ്ധനേടിയേക്കും. ഒരു ഗാനരംഗം മാത്രമാണ് കേരളത്തിൽ ചിത്രീകരിക്കുന്നത്.
‘മഹാസമുദ്ര’ത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം പൂർത്തിയാക്കിയാണ് മോഹൽലാൽ മേജർ രവിയുടെ സെറ്റിലെത്തുന്നത്. ഇസഹാക്ക് എന്ന മുക്കുവന്റെ സുഖദുഃഖങ്ങൾ ഉൾക്കൊണ്ടശേഷം മോഹൽലാൽ ആർമി ക്യാപ്റ്റന്റെ രൂപഭാവങ്ങളിലേക്ക് കൂടുമാറും.
‘രസതന്ത്ര’മാണ് സൂപ്പർതാരത്തിന്റെ വിഷുചിത്രം. പ്രേമചന്ദ്രൻ എന്ന ആശാരിയുടെ വേഷമാണ് സത്യൻ ചിത്രത്തിൽ ലാലിന്. മീരാ ജാസ്മിന്റെ ജോഡിയായി അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ ‘രസതന്ത്രം’ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.