ഫാസിൽ സംവിധാനം ചെയ്യുന്ന പുതിയ തമിഴ്ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. മുൻനിര സംവിധായകൻ പ്രിയദർശൻ നിർമിക്കുന്ന സിനിമയിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. പൃഥ്വി നായകനാകുന്ന തമിഴ് ചിത്രത്തിനു ശേഷം മാതൃഭാഷയിൽ സിനിമ ഒരുക്കാനും ഫാസിലിനു പദ്ധതിയുണ്ട്. ശ്രീകാന്ത്-സോണിയ അഗർവാൾ ടീമിനെ അണിനിരത്തിയെങ്കിലും കഴിഞ്ഞ തമിഴ് ചിത്രം പരാജയമായത് ഫാസിലിന് തിരിച്ചടിയായിരുന്നു. തമിഴകത്ത് ഡിമാന്റേറുന്ന പൃഥ്വിരാജിനെ നായകനാക്കി ചിത്രമെടുത്ത് നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് സംവിധായകന്റെ തീരുമാനം.
‘മൊഴി’യിലെ നായക കഥാപാത്രം കയ്യടക്കത്തോടെ ഉൾക്കൊണ്ട് തമിഴ് ചലച്ചിത്രകാരന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പൃഥ്വിരാജ് സൂക്ഷ്മതയോടെയാണ് പുതിയ ചിത്രങ്ങളുടെ കരാറിൽ ഒപ്പുവെക്കുന്നത്. നടി രാധിക നിർമിക്കുന്ന ‘കണ്ണാംമൂച്ചി എണ്ടടാ’ യുവതാരം പൂർത്തിയാക്കിക്കഴിഞ്ഞു.
മാതൃഭാഷയിൽ നിന്നും മികച്ച അവസരങ്ങളാണ് പൃഥ്വിരാജിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ഷാഫിയുടെ ‘ചോക്ലേറ്റ്’ താരമൂല്യം കുത്തനെ ഉയർത്തുമെന്ന് സംസാരമുണ്ട്. കോളേജ് പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ചിത്രത്തിൽ റോമ, സംവൃതസുനിൽ, രമ്യ നമ്പീശൻ എന്നിവർ നായികനിരയിലുണ്ട്. കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘വീരാളിപ്പട്ട്’ ഉടൻ തിയേറ്ററുകളിലെത്തിയേക്കും. പൃഥ്വി-പത്മപ്രിയ ടീം തന്നെ ഒന്നിച്ച തമിഴ് ചിത്രം ‘ശത്തംപോടാതെ’ മലയാളത്തിൽ ഡബ്ബ് ചെയ്ത് തിയേറ്ററുകളിലെത്തിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.