പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

മഹാവ്യക്തിത്വത്തിന്റെ സൂക്ഷ്‌മലോകങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.ഡി. ശെൽവരാജ്‌, യേശുദാസ്‌ വില്യം

തിരുവനന്തപുരത്ത്‌ ശ്രീപത്‌മനാഭസ്വാമി ക്ഷേത്രത്തിലെ ചിത്രത്തൂണുകളിലൊന്നിൽ അപൂർവ്വമായൊരു ശില്‌പമുണ്ട്‌. ഏകലോചനം.

ഒരു കണ്ണിൽ ഒരു വികാരം.

മറു കണ്ണിൽ മറ്റൊരു വികാരം.

ഇരു കണ്ണുകളിൽ ഒരേ സമയം വിരുദ്ധവികാരങ്ങൾ ആവിഷ്‌കരിക്കുന്ന നടനസമ്പ്രദായമാണ്‌ ഏകലോചനം.

ഇന്നിങ്ങനെ മിഴി തുറക്കാനാരുമില്ല. പക്ഷേ, ഇരയിമ്മൻ തമ്പി ‘ഉത്തരാസ്വയംവരത്തിൽ’ ഏകലോചനത്തെ അവതരിപ്പിക്കുന്നത്‌ വായിച്ചാൽ ആരുടെ കൃഷ്‌ണമണിയും ചലിക്കും.

“കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചി-

ട്ടേകാന്തം വിരഹത്തെ ശങ്കിച്ചിതാ-

ഏകലോചനംകൊണ്ട്‌ കോപമൊടുനിന്നെയും

ശോകമോടപരേണ നോക്കുന്നു പതിയെയും.”

ഭാര്യ ഭാനുമതിയുമായി ദുര്യോധനനന്റെ ശൃംഗാര പദമാണിത്‌. ചക്രവാകപ്പക്ഷി നിലാവുദിച്ചാൽ ഇണയെ പിരിയേണ്ടിവരുമെന്ന്‌ കവിസങ്കല്‌പമുണ്ട്‌. ഭാനുമതിയുടെ മുഖം കണ്ട്‌ നിലാവുദിച്ചെന്നു കരുതിയ ചക്രവാകപ്പക്ഷി ഒരു കണ്ണുകൊണ്ട്‌ കോപത്തോടെ ഭാനുമതിയെയും മറുകണ്ണുകൊണ്ട്‌ ശോകത്തോടെ ഇണയെയും നോക്കിയെന്ന്‌ ഇരയിമ്മൻ തമ്പി.

കവിതയിലെ കണ്ണിനും കല്ലിലെ കവിതയ്‌ക്കും ദൃശ്യഭാവം നൽകിയ മഹാനടന്മാർ ആരാണ്‌? അറിയില്ല. എങ്കിലും ഞങ്ങൾ നമസ്‌കരിച്ചു, ക്ഷേത്രനടയിറങ്ങി.

ഏകലോചനം നൽകിയ വിസ്‌മയവുമായി ഞങ്ങൾ നേരെ പോയത്‌ ‘ വിസ്‌മയത്തിലേക്കാണ്‌ - മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വീട്‌.

ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ രണ്ടുപേരെത്തിയിരുന്നു. ’ഭ്രമര‘ത്തിലെ ഡ്രൈവർ ശിവൻകുട്ടിയും ലഫ്‌റ്റനന്റ്‌ കേണൽ വിശ്വനാഥൻനായർ മോഹൻലാലും!

’ഭ്രമരം കണ്ട്‌ ഭ്രമിച്ചോ പട്ടാളക്കാരന്റെ സല്യൂട്ട്‌ കണ്ട്‌ കോരിത്തരിച്ചോ ആയിരുന്നില്ല ആ യാത്ര. മോഹൻലാൽ പറഞ്ഞത്‌ കാതിൽ ആവർത്തിക്കും പോലെ തോന്നി.

“30 വർഷം മുമ്പ്‌ ഒരു നടനാകാൻ വേണ്ട ‘സോകോൾഡ്‌ ക്വാളിറ്റീസ്‌’ ഒന്നും എനിക്കുണ്ടായിരുന്നില്ല.”

പിന്നീട്‌ പവൻതൂക്കമിട്ട കഥാപാത്രങ്ങളെ തന്നു ഈ നടൻ. മുന്നൂറിലേറെ ചിത്രങ്ങൾ. നാലുതവണ മികച്ച നടനുള്ള സംസ്‌ഥാനബഹുമതി, മൂന്നുതവണ രാജ്യത്തെ മികച്ച നടൻ. പത്‌മശ്രി. ഒടുവിൽ ലഫ്‌റ്റനന്റ്‌ കേണലും.

ജനങ്ങൾ ഇഷ്‌ടപ്പെട്ടു. അംഗീകരിച്ചു. ആദരിച്ചു. എങ്ങനെ എന്തുകൊണ്ട്‌.

ബ്രൂസ്‌ലിയുടെ ഒരു കഥ കേട്ടിട്ടുണ്ട്‌. ഒരു കാലിന്‌ നല്ല നീളക്കുറവുണ്ടായിരുന്നു. കൂട്ടുകാർ കളിയാക്കി. ആയോധനകല പഠിക്കാൻ ചെന്നപ്പോൾ ആക്ഷേപത്തൊഴികൊണ്ടു വീണു. പക്ഷേ, ബ്രൂസ്‌ലി തളർന്നുവീണില്ല. വയ്യാത്ത കാലുകൊണ്ടുതന്നെ എതിരാളിയെ തൊഴിച്ചുമലർത്തി. ഇടിച്ചുതകർത്തു. ലോകത്തെ കരുത്തിന്റെ ഇതിഹാസമായി.

സമാനമായി വൈകല്യത്തെ ഊർജ്ജപ്രഭവകേന്ദ്രമായി മോഹൻലാലും. സുന്ദരനായ എതിരാളിയോടുള്ള വെല്ലുവിളിയെക്കാൾ സ്വന്തം കനലാട്ടമായി അത്‌. ആ തീയാണ്‌ ഉള്ളിലെരിയുന്നത്‌. സമാനമായി ഒരു വ്രണിതഹൃദയം മലയാളത്തിൽ ഒരു നടനുമുണ്ടായിട്ടില്ല. അങ്ങനെ അഗ്നിശുദ്ധി വരുത്തിയ നടൻ മലയാളിയുടെ മനസ്സിൽ അഷ്‌ടബന്ധമിട്ടുറപ്പിച്ച കഥാപാത്രങ്ങളായി.

48-​‍ാം പിറന്നാളാഘോഷിച്ച മോഹൻലാൽ പറയുന്നു.

30 വർഷമായി നടനാകാൻ വേണ്ടി മാത്രമായിരുന്നോ എന്റെ യാത്ര എന്നറയില്ല. ഈ വഴിയിലൂടെ സഞ്ചരിച്ച്‌ ഇനി മറ്റൊന്നായിക്കൂടെന്നുമില്ല.

ഭ്രമരത്തിലെ ഡ്രൈവർ ശിവൻകുട്ടിയും പറഞ്ഞുഃ ഞാനാരാണെന്ന്‌ എനിക്കറിയില്ല. അടുത്ത നിമിഷം എന്തു ചെയ്യുമെന്നും അതിനുമുമ്പ്‌ പോ....

മോഹൻലാലിന്റെ വീട്ടിലെ സ്വികരണമുറിയിൽ ഒരു പെയിന്റിംഗുണ്ട്‌. തോളിൽ കൈയിട്ടുനടക്കുന്ന രണ്ടു ബാലന്മാർ. യൂസഫ്‌ അറയ്‌ക്കൽ വരച്ചതാണ്‌. ‘ഭ്രമര’ത്തിൽ മോഹൻലാൽ ‘അണ്ണാറക്കണ്ണാ വാ പൂവാല’ എന്ന പാട്ടുപാടി ഒരു കുട്ടിക്കാലം തീർക്കുന്നുമുണ്ട്‌. എന്നും കുട്ടിത്തം കാട്ടുന്ന മനസ്സുളള മോഹൻലാലിന്റെ ബാല്യകാലസ്‌മരണയാണൊ ഈ പെയിന്റിംഗ്‌? ജ്യേഷ്‌ഠൻ, അന്തരിച്ച പ്യാരിലാലിന്റെ തോളിൽ കൈയിട്ട്‌ മുടവൻ മുകളിലും പത്തനംതിട്ടയിലും നടന്ന കാലം.....

‘ഭ്രമര’ത്തിലെ പാട്ട്‌ ഓർമ്മിച്ച്‌ ബാല്യകാലത്തെക്കുറിച്ച്‌ ചോദിച്ചുകൊണ്ടാണ്‌ ഞങ്ങൾ വർത്തമാനം തുടങ്ങിയത്‌. കൊച്ചിയിൽ നിന്ന്‌ ഇരിങ്ങാലക്കുടയിലെ ഷൂട്ടിംഗ്‌ സെറ്റിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു കൂടിക്കാഴ്‌ച. ഒരു കഥാപാത്രത്തിനും മോഹൻലാൽ എന്ന വ്യക്തിക്കും ഇടയിലുള്ള ഒന്നരമണിക്കൂർ.

ഭ്രമരത്തിലെ പാട്ടുകൾ കുട്ടികൾ വീട്ടിൽ പാടുന്നു. മുതിർന്നവർക്ക്‌ ഗൃഹാതുരമായ ഓർമ്മകളും തരുന്നു. ആരാണ്‌ പാട്ടു പഠിപ്പിച്ചത്‌?

മോഹൻലാൽ ഃ ആരും പഠിപ്പിച്ചിട്ടില്ല. പാട്ടു പഠിക്കണമെന്ന്‌ വലിയ ആഗ്രഹമായിരുന്നു. അന്ന്‌ അതിനുള്ള സൗകര്യമുണ്ടായില്ല. എന്നാൽ എന്റെ അമ്മ പാട്ടുപഠിച്ചിട്ടുണ്ട്‌. ഭാഗവതർ വീട്ടിൽ താമസിച്ച്‌ പാട്ടു പഠിപ്പിക്കുകയായിരുന്നു. 10 വർഷത്തോളം അമ്മ പാട്ടു പഠിച്ചു. നന്നായി പാടുകയും ചെയ്യും. ജ്യേഷ്‌ഠനെയും എന്നെയും അടുത്തിരുത്തി അമ്മ പാടിത്തരുന്ന പാട്ടുകൾ ഇന്നും കേൾക്കുന്നപോലെ.... അന്ന്‌ റേഡിയോ ആയിരുന്നല്ലോ ഏറ്റവും കൂടുതൽ പാട്ടുകൾ പാട്ടുകൾ പാടിത്തന്നിരുന്നത്‌. അതിനടുത്ത്‌ വിടാതങ്ങു കൂടുമായിരുന്നു.

എന്നെ സംബന്ധിച്ച്‌ സിനിമയിൽ നല്ല പാട്ടുകൾ പാടാനും നല്ല പാട്ടുകളുടെ രംഗത്ത്‌ അഭിനയിക്കാനും കഴിഞ്ഞു. അങ്ങനെ പാട്ടു മൂളാൻ തുടങ്ങി. ആ ധൈര്യത്തിൽ പിന്നങ്ങുപാടി - മോഹൻലാൽ പൊട്ടിച്ചിരിച്ചു.

‘ഭ്രമ’രത്തിലെ പാട്ടുകൾ പലർക്കും നൊസ്‌റ്റാൾജിയ ഉണ്ടാക്കുന്നതാവും. പണ്ടെല്ലാവരും പാടുന്ന പാട്ടാണിത്‌. അണ്ണാറക്കണ്ണാ വാ പൂവാലാ പുന്നാരം ചൊല്ലാൻ വാ.......

മാവും കാറ്റും അണ്ണാറക്കണ്ണനും ഒരു കോമ്പിനേഷനാണ്‌. ഞാൻ കുട്ടിയായിരുന്നപ്പോൾ മാങ്ങയിട്ടു തരാൻ കാറ്റിനെയും അണ്ണാറക്കണ്ണനെയും വിളിക്കുമായിരുന്നു. ഞാൻ മാത്രമല്ല. കുട്ടികളെല്ലാം അങ്ങനെ ചെയ്‌തിട്ടുണ്ട്‌. പക്ഷേ, സിനിമയിലെ കുട്ടി (ലച്ചു) ഫ്‌ളാറ്റിലാണ്‌ താമസിക്കുന്നത്‌. അണ്ണാറക്കണ്ണനെ കാണാനുള്ള സൗകര്യമൊന്നുമില്ല. അച്‌ഛൻ തിരക്കുള്ള ഒരു ഉദ്യോഗസ്‌ഥനാണ്‌. ഒരു പക്ഷേ, അച്‌ഛനോടൊപ്പം വീട്ടിൽ പോയപ്പോൾ കണ്ടിരിക്കാം. കുട്ടിയുടെ അച്‌ഛൻ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ കൂട്ടുകാരുമൊത്ത്‌ പാടിയ പാട്ടാണ്‌ ഞാൻ സിനിമയിൽ അവതരിപ്പിക്കുന്നത്‌.

കുട്ടിക്കാലത്ത്‌ പത്തനംതിട്ടയിൽ വരുമ്പോൾ മാവിൽ കയറുകയും പറമ്പിൽ ചാടിക്കളിക്കുകയും ചെയ്‌തിരുന്നതിന്റെ ഓർമ്മകളുണ്ടോ?

തീർച്ചയായും അയിരൂരിലെ ബന്ധുവീട്ടിൽ പോകുമ്പോൾ പമ്പയാറ്റിൽ നീന്തും. തീരത്തെ കരിമ്പിൻ തോട്ടത്തിൽ നിന്ന്‌ കരിമ്പൊടിച്ചു തിന്നും. പിന്നെ കൊതുമ്പുവള്ളത്തിൽ തുഴഞ്ഞങ്ങനെ നടക്കും. മീൻ പിടിക്കും. അയിരൂരിലെയും ആറന്മുളയിലെയും ക്ഷേത്രങ്ങളിൽതൊഴാൻ പോകുന്നതും ഓർമ്മയിലുണ്ട്‌. അയിരൂരിലെ കസിൻസായിരുന്നു കൂട്ട്‌. അല്ലാതെ വലിയ സൗഹൃദവലയമൊന്നും അവിടെ ഉണ്ടായിരുന്നില്ല. കാരണം തിരുവനന്തുരത്തായിരുന്നല്ലോ താമസം. അന്ന്‌ മുടവൻമുകൾ ഗ്രാമമായിരുന്നു. അന്ന്‌ ഇപ്പറയുന്ന മാവും കാറ്റും അണ്ണാറക്കണ്ണനുമെല്ലാം ഉണ്ടായിരുന്നു.

ഇന്ത്യൻ സിനിമയിലെ ഒന്നാംനിര നടന്മാർക്കെല്ലാം- ശിവാജി ഗ​‍േൺശൻ, രാജ്‌കുമാർ, ദിലീപ്‌കുമാർ, ബച്ചൻ - പ്രിയപ്പെട്ട നടനാണ്‌ മോഹൻലാൽ. ശിവാജി ഗണേശൻ പരസ്യമായിത്തന്നെ അക്കാര്യം വേദിയിൽ പറഞ്ഞിട്ടുമുണ്ട്‌......

ഇവരുടെയെല്ലാം പ്രിയപ്പെട്ട നടനാണ്‌ ഞാൻ എന്നല്ല, തിരിച്ച്‌ ഇവരോടൊപ്പം അഭിനയിക്കാൻ ഭാഗ്യമുണ്ടായ നടനാണെന്ന്‌ പറയാനാണ്‌ ആഗ്രഹിക്കുന്നത്‌.

എം.ജി. ആറിനെ പരിചയപ്പെടാനും ശിവാജിഗണേശൻ, പ്രേംനസീർ, ബച്ചൻ എന്നിവരോടൊപ്പം അഭിനയിക്കാനും എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. കന്നടയിലെ രാജ്‌കുമാറുമായും തെലുങ്കിലെ നാഗേശ്വരറാവുമായും സൗഹൃദം ഉണ്ടായി. അങ്ങനെ ഐക്കൺ ആയ നടന്മാരെ പരിചയപ്പെടാനും ചിലരോടൊത്ത്‌ അഭിനയിക്കാനും കഴിഞ്ഞത്‌ അപൂർവ്വഭാഗ്യമാണ്‌. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നായികയായിരുന്ന പൂർണ്ണിമയുടെ മകൾ പിൽക്കാലത്ത്‌ എന്റെ നായികയായി ഇപ്പോൾ പൂർണ്ണിമയുടെ മകൻ ശന്തനു എന്നോടൊപ്പം അഭിനയിക്കുന്നു. (ചിത്രീകരണം തുടരുന്ന ഏയഞ്ചൽ ജോണിൽ).

ഒരിക്കൽ ഒരു സീനിന്റെ ചിത്രികരണത്തിനായി ഒരുങ്ങിനിൽക്കുന്ന ജഗതി ശ്രീകുമാർ, സായികുമാർ, വിജയരാഘവൻ, ബിജുമേനോൻ എന്നിവരെ നോക്കി പറഞ്ഞുഃ മര്യാദയ്‌ക്ക്‌ നിന്നോണം. നിങ്ങളുടെയൊക്കെ അച്ഛന്റെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്‌.

ജഗതി എൻ.കെ.ആചാരി, കൊട്ടാരക്കര ശ്രീധരൻ നായർ, എൻ.എൻ. പിള്ള. ബിജുമേനോന്റെ അച്ഛൻ ഇവരോടൊപ്പം ഒരു സിനിമയോ മറ്റോ ചെയ്‌തിട്ടുള്ളൂ. എങ്കിലും അത്‌ വളരെ വലിയ സന്തോഷമാണ്‌.

അഭിതാഭ്‌ ബച്ചൻ ഒരിക്കൽ പറഞ്ഞു കൽക്കട്ടയിലെ ജോലി ഉപേക്ഷിച്ച്‌ അഭിനേതാവാകാൻ മുംബയ്‌ക്ക്‌ തീവണ്ടികയറുമ്പോൾ ഡ്രൈവിംഗ്‌ ലൈസൻസ്‌ കൂടി എടുത്ത്‌ പെട്ടിയിൽ വച്ചു. നടനായില്ലെങ്കിൽ മുംബയിൽ ഡ്രൈവറായി ജീവിതം തുടരും. മുംബയിൽ ചൗപ്പാത്തിയിലെ സിമന്റ്‌ ബഞ്ചിൽ കിടന്നുറങ്ങിയിട്ടുണ്ട്‌. ആ രാത്രികളിലാണ്‌ ആദ്യമായി കൂറ്റൻ പെരുച്ചാഴികളെ കാണുന്നത്‌. വലിയ വീട്ടിലാണ്‌ പിറന്നതെങ്കിലും വഴിയോരത്തുറങ്ങിയത്‌ ഒരേയൊരു ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ടായിരുന്നു. മുംബയിലെ സുഹൃത്തുക്കളെ പോയി കാണാൻ മടിച്ചത്‌ നടാനായില്ലെങ്കിൽ ഡ്രൈവറാവുക എന്ന ലക്ഷ്യത്തോടെയായിരുന്നു..... താങ്കൾക്ക്‌ ഇത്തരം അനുഭവങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?

എനിക്ക്‌ ഇത്തരമൊരു അലച്ചിൽ ദൈവം തന്നില്ല. ഞാനതിന്‌ നന്ദി പറയുന്നു. ആദ്യത്തെ സിനിമ കഴിഞ്ഞ്‌, ദാ നിങ്ങൾ സംസാരിക്കുന്ന ഈ നിമിഷം വരെ ഞാൻ ആഗ്രഹിച്ചതൊന്നുമല്ല. അന്നും ഇന്നും ഞാൻ സിനിമയിൽ ചാൻസ്‌ ആഗ്രഹിച്ചിട്ടില്ല. എല്ലാം സംഭവിച്ചതാണ്‌. സിനിമയ്‌ക്കുവേണ്ടി ഞാൻ ഒരാളെയും വിളിച്ചിട്ടില്ല. അതൊരു ഭാഗ്യമായി കരുതാം. മദ്രാസിൽ കുറെനാൾ പോയി താമസിക്കുക. സിനിമയ്‌ക്കുവേണ്ടി അലയുക അങ്ങനെയൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

ആദ്യ സിനിമയായ തിരനോട്ടം കഴിഞ്ഞ്‌, മദ്രാസിൽ പോയത്‌ ഒരു ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ്‌. തമിഴ്‌ സിനിമയായ ‘കരൈ തൊടാതലൈകൾ’, കുളത്തുപ്പുഴ രവീന്ദ്രന്റെ രണ്ടാമത്തെ സിനിമയാണത്‌. സുരേഷ്‌ കുമാറിന്റെ ആളുകളായിരുന്നു അതിന്റെ നിർമ്മാതാക്കൾ. ഉത്സാഹക്കമ്മിറ്റിയിൽ ഞാനുമുണ്ട്‌. ഒപ്പം ഒരു റോളും കിട്ടുമായിരുന്നു. തമിഴ്‌ അറിയില്ലെങ്കിലും കുഴപ്പമില്ല. ഈ സിനിമയുടെ പ്രവർത്തനത്തിനിടയിലാണ്‌ നവോദയ പുതുമുഖങ്ങളെ തേടുന്നതായുള്ള പരസ്യം കാണുന്നത്‌. കൂട്ടുകാരെല്ലാം പറഞ്ഞതനുസരിച്ച്‌ അപേക്ഷ അയച്ചു അല്ലാതെ സിനിമയ്‌ക്കു വേണ്ടി ഞാൻ പോയി ആരെയും കണ്ടില്ല.

ഒരിക്കൽ ഒരു മദ്രാസ്‌ യാത്രയിൽ കോയമ്പത്തൂർവരെ ഇരിക്കാൻ സീറ്റു കിട്ടി. ടിക്കറ്റൊന്നുമില്ല കോട്ടോ വെറുംകൈ. കോയമ്പത്തൂരിൽ അശോകന്റെ ബന്ധുവിന്‌ എന്തോ കൊടുക്കാനുള്ളതിനാൽ അവിടെ ഇറങ്ങി. അതുകൊടുത്തിട്ട്‌ വീണ്ടും വണ്ടി കയറി. എവിടന്നോ സംഘടിപ്പിച്ച പത്രം വിരിച്ച്‌ ബോഗിയിൽ കിടന്നു. അതൊക്കെ ഒരു ത്രില്ലാണ്‌. അല്ലാതെ സിനിമയിൽ അഭിനയിക്കാനുള്ള ഒരു ത്യാഗമൊന്നുമല്ല. പക്ഷേ, ബച്ചൻ സിമന്റ്‌ ബഞ്ചിൽ ഉറങ്ങിയപോലെ എന്റെ മദ്രാസ്‌ യാത്ര കംപാർട്ട്‌മെന്റിൽ പേപ്പർ വിരിച്ചായിരുന്നു.

ഈ യാത്രയൊക്കെ വീട്ടുകാർ അറിഞ്ഞിരുന്നോ? യാത്രാചെലവൊക്കെ തന്നിരുന്നോ?

മദ്രാസിൽ പോയി സിനിമയിൽ അഭിനയിക്കണം. അതിന്‌ പൈസ തരണം എന്നൊന്നുമല്ലലോ പറയുന്നത്‌. ചുമ്മാതെ കൂട്ടുകാരുമൊത്തു പോകുന്നു. നാളെ വരും എന്നൊക്കെയല്ലേ പറയാറുള്ളൂ.

സിനിമയിൽ അഭിനയിക്കണമെന്ന്‌ വീട്ടിൽ തുറന്നു പറഞ്ഞിട്ടുണ്ടോ? എന്തായിരുന്നു പ്രതികരണം?

പറഞ്ഞിട്ടുണ്ട്‌. അപ്പോൾ അച്‌ഛൻ പറഞ്ഞു. ആദ്യം ഡിഗ്രിയെടുക്ക്‌. അതുകഴിഞ്ഞ്‌ ഇഷ്‌ടംപോലെയാകാം.

അവർക്ക്‌ എന്റെ അഭിനയത്തെപ്പറ്റി ഒരു പ്രതീക്ഷയുമില്ല. മകൻ അഭിനയിക്കുമെന്നും ഭാവിയിൽ നടനാകുമെന്നും എങ്ങനെ പ്രതീക്ഷിക്കും? അന്ന്‌ സിനിമയിൽ അഭിനയിക്കുവാനുള്ള ‘സോ കോൾഡ്‌ ക്വാളിറ്റീസ്‌’ ഒന്നുംതന്നെ എനിക്കില്ലല്ലോ!

ആരാകാനായിരുന്നു ആഗ്രഹമെന്ന്‌ ഇപ്പോൾ ചോദിച്ചാലും ഉത്തരം പറയാൻ എനിക്കറിയില്ല. അഭിനയം തന്നെയാണോ എന്റെ ഓപ്‌ഷൻ? ഒരു പക്ഷേ ഇതിലൂടെ മറ്റൊന്നിൽ എത്തിച്ചേരാം. എപ്പോഴും എന്തു മാറ്റവും ഉണ്ടാകാം. പിന്നെ 30 വർഷമായി അഭിനയിക്കുക എന്നു പറയുന്നത്‌ ഭാഗ്യമായിത്തന്നെ കരുതാം. എത്ര നന്നായി അഭിനയിക്കാൻ അറിയുന്ന ആളായാലും ജനങ്ങൾക്ക്‌ ഇഷ്‌ടമായില്ലെങ്കിൽ കാര്യമില്ല.

കേരളത്തിനു പുറത്തുതാമസിക്കുന്ന ചിലർ പറയാറുണ്ട്‌ഃ “കഴിഞ്ഞ 30 വർഷമായി ഞങ്ങൾ താങ്കളോടൊപ്പമാണ്‌ താമസിക്കുന്നത്‌. ഞാൻ മലയാളം പഠിച്ചത്‌ താങ്കളുടെ സിനിമ കണ്ടാണ്‌. നമ്മുടെ വീട്ടിലുള്ള ഒരാളെപ്പോലെയാണ്‌ മോഹൻലാൽ.”

ഇങ്ങനെ കേൾക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ചിലപ്പോൾ ചിലർ പറയുംഃ എന്റെ മകൻ മോഹൻലാലിനെപ്പോലെയാണ്‌. ഫോട്ടോ നോക്കുമ്പോൾ വേറൊരാളെപ്പോലെയാണ്‌. മറ്റുചിലർ പറയും; എന്നെ മോഹൻലാൽ എന്നാണ്‌ കൂട്ടുകാർ വിളിക്കുന്നത്‌ സത്യത്തിൽ അയാൾക്ക്‌ എന്നോട്‌ ഒരു ഛായയും ഉണ്ടാകില്ല. പക്ഷേ, ഇങ്ങനെ പറയാൻ കാരണം ഒരു ഫെമിലിയാരിറ്റി കൊണ്ടാണ്‌. നമുക്കു കിട്ടിയ കഥാപാത്രങ്ങൾ. സംവിധായകർ, കൂടെ അഭിനയിച്ചവർ, പ്രേക്ഷകർ എല്ലാവരോടുമുള്ള കടപ്പാടാണിത്‌.

ഫാസിൽ ഒരു ഷൂട്ടിംഗിനിടെ എന്നോടു പറഞ്ഞുഃ ദാ ഈ നിൽക്കുന്ന പിള്ളാരുടെ അച്‌ഛന്റെ അച്‌ഛന്റെ കാലത്താണ്‌ നാം പടമെടുത്തു തുടങ്ങിയത്‌!

മൂന്നു തലമുറ കടന്നുപോകുന്നു.

മുപ്പതാം വയസ്സിൽ ‘മഞ്ഞിൽ വിരിഞ്ഞപൂക്കൾ’ കണ്ട ഒരാൾ ഇന്ന്‌ അറുപതുകാരനാണ്‌. 30 വർഷമായി എന്റെ പടം കാണുന്ന ഒരാൾക്ക്‌ സ്വാഭാവികമായി സ്‌നേഹമുണ്ടാകും. അതുകൊണ്ടാണ്‌ എന്റെ മകൻ മോഹൻലാലിനെപ്പോലെ എന്നു പറയുന്നത്‌. എല്ലാവരും എന്നെ മോഹൻലാൽ എന്നു വിളിക്കുന്നു എന്നു പറയുന്നതും.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി വരുന്ന മകനെതിരായ പ്രേക്ഷകരുടെ കമന്റ്‌ കേട്ടപ്പോൾ വല്ലാതെ വിഷമിച്ചു എന്ന അമ്മ പറഞ്ഞു. സംഘട്ടനരംഗങ്ങളുള്ള സിനിമകളൊന്നും അമ്മ കാണാറില്ല. ‘ചിത്രം’ സിനിമയുടെ അവസാനഭാഗം വരുമ്പോൾ അമ്മ ടിവിയുടെ മുന്നിൽ നിന്നെഴുന്നേൽക്കും.

എല്ലാ അമ്മമാർക്കുമുള്ള സ്‌നേഹമാണത്‌. എന്റെ അമ്മൂമ്മ ചോദിക്കും. ഇങ്ങനെ ‘അടിച്ചും ഇടിച്ചും’ പണ്ടമുണ്ടാക്കണോ എന്ന്‌. പിന്നെ ചോദിക്കും. പടത്തിന്‌ എത്ര രൂപ കിട്ടീന്ന്‌. അതൊരു ട്രിക്കാണ്‌. സംഘട്ടനരംഗങ്ങളൊന്നും വാസ്‌തവത്തിൽ സംഭവിച്ചതല്ലെന്ന്‌ അമ്മൂമ്മയ്‌ക്കും അറിയാം. എങ്കിലും ഏറ്റുമുട്ടൽ കാണുമ്പോൾ വിഷമവും ഉത്‌കണ്‌ഠയുമൊക്കെ ഉണ്ടാകും.

ഒരു പ്രൊഫഷന്റെ ഭാഗമാണ്‌ സിനിമയിലെ സംഘട്ടനം. സംഘട്ടനമില്ലാത്ത സിനിമയിലേ ഞാൻ അഭിനയിക്കൂ എന്നു പറയാനാവില്ല. ആയിരത്തിലേറെ സംഘട്ടനരംഗങ്ങൾ ഞാൻ ചെയ്‌തിട്ടുണ്ട്‌.

സിനിമയിലെ ഏറ്റുമുട്ടലിലൂടെ, സംഘട്ടനങ്ങളിലൂടെ കടന്നുവന്ന പോരാളി ഇന്ന്‌ ലഫ്‌റ്റനന്റ്‌ കേണലാണ്‌. അതൊരു റോളല്ല റോൾമോഡലാകേണ്ട വ്യക്തിത്വമാണ്‌. ടെറിറ്റോറിയൽ ആർമിയുടെ ലഫ്‌റ്റനന്റ്‌ കേണൽ പദവിയെ എങ്ങനെ കാണുന്നു?

ഒരു അദ്‌ഭുതമായി ഞാനതിനെ കാണുന്നു. സൈന്യവുമായി ബന്ധപ്പെട്ട സിനിമകളിൽ അഭിനയിച്ചപ്പോൾ അങ്ങോട്ടു ചേർന്നാലോ എന്നൊരാഗ്രഹമുണ്ടായി. പലരും പത്തുപതിനഞ്ചുവർഷം ശ്രമിച്ചിട്ടും ലഭിക്കാത്ത പദവിയാണിത്‌. കണ്ണൂർ എം.പിയായിരുന്ന അബ്‌ദുള്ളക്കുട്ടി ടെറിറ്റോറിയർ ആർമിയിൽ ചേരാൻ ശ്രമിച്ചിരുന്നതാണ്‌. പക്ഷേ, കിട്ടിയില്ല. എന്നെ ഭാഗ്യം തുണച്ചു. 42 വയസ്സായിരുന്നു പ്രായപരിരിധി. അവിടെയും എനിക്ക്‌ ഇളവു കിട്ടി.

ഇന്ത്യൻ കരസേനയ്‌ക്ക്‌ സമാന്തരമായ പട്ടാളമാണിത്‌. ആർക്കും ഇതിൽ ചേരാം. ബ്രിട്ടീഷുകാർ രൂപീകരിച്ചതാണിത്‌. ഒരു യുദ്ധം. കെടുതി. അല്ലെങ്കിൽ ഒരടിയന്തിരസഹായം വേണ്ട സന്ദർഭം.... അപ്പോഴൊക്കെ ടെറിറ്റോറിയൽ ആർമിയിലെ പ്രധാന വ്യക്തികൾ രംഗത്ത്‌ നേരിട്ടിറങ്ങണം. ആശുപത്രി, തീവണ്ടി സർവ്വീസ്‌ തുടങ്ങി ‘ബാക്ക്‌ അപ്പ’ സേവനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കേണ്ടത്‌ ഇവരാണ്‌. വിദേശരാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക്‌ രണ്ടുവർഷത്തെ സൈനികപരിശീലനമുണ്ട്‌. സൈന്യത്തെക്കുറിച്ച്‌ ജനങ്ങൾ അറിഞ്ഞിരിക്കണം ഒരു രാജ്യത്തിന്റെ അഭിവൃദ്ധിയിലേക്ക്‌ നയിക്കുന്നത്‌ രാഷ്‌ട്രീയ, സാമ്പത്തിക സുസ്‌ഥിരാവസ്‌ഥ മാത്രമല്ല സുരക്ഷിതത്വവും കൂടിയാണ്‌. പുറത്തുനിന്ന്‌ ഒരാക്രമണമുണ്ടാകില്ല. ഉണ്ടായാൽ കരുത്തുറ്റ സേനയുണ്ട്‌ എന്ന വിശ്വാസം ജനങ്ങൾക്ക്‌ പരമപ്രധാനമായ സംഗതിയാണ്‌.

മൂന്നുമാസമാണ്‌ പരിശീലനം വലിയൊരു സ്‌കൂട്ടിണിക്കുശേഷമാണ്‌ എനിക്ക്‌ കിട്ടിയത്‌. കുറെ മാസങ്ങൾ തന്നെ അവർ എന്റെ ബയോഡാറ്റ പരിശോധിച്ചു.

കരസേനാ മേധാവി ദിപക്‌ കപൂർ താങ്കൾക്ക്‌ പദവി നൽകിക്കൊണ്ട്‌ എന്തു പറഞ്ഞു?

ഇന്ത്യൻ കരസേനാ മേധാവിയുടെ നേരെ മുന്നിൽ നിൽക്കുന്നതു തന്നെ വലിയ കാര്യമല്ലേ. എന്റെ യൂണിഫോമിൽ അണിയിച്ചിരുന്ന നക്ഷത്രചിഹ്‌നങ്ങളുടെ മൂടി നീക്കിക്കൊണ്ടാണ്‌ (പിപ്പിംഗ്‌) അദ്ദേഹം പദവി സമ്മാനിച്ചത്‌. തുടർന്ന്‌ പ്രതിരോധമന്ത്രിക്ക്‌ സല്യൂട്ട്‌ നൽകി. ആ നിമിഷങ്ങളെപ്പറ്റി കൂടുതലായി ഞാനെങ്ങനെയാണ്‌ വിവരിക്കുക...... കൂടുതൽ പേരെ സൈന്യത്തിലേക്ക്‌ ആകർഷിക്കാൻ താങ്കൾക്ക്‌ കഴിയട്ടെ എന്നു ജനറൽ എന്നോടു പറഞ്ഞു.

ആന്റണിക്ക്‌ സല്യൂട്ട്‌ നൽകുമ്പോൾ കാർഗിലെ ഷൂട്ടിംഗ്‌ ഓർമ്മയിലെത്തിയോ?

കാർഗലിൽ ഷൂട്ടിംഗ്‌ നടക്കുമ്പോൾ കേണലിന്റെ വേഷമിട്ട്‌ പട്ടാളവാഹനത്തിന്റെ മുന്നിലിരുന്നാണ്‌ ഞാൻ ലൊക്കേഷനിലേക്ക്‌ പോയിരുന്നത്‌. ആ സമയം ഓരോ സൈനിക പോസ്‌റ്റിൽ നിന്നും എന്നെ നോക്കി അഭിവാദ്യം ചെയ്യും. അവർക്കറിയില്ലല്ലോ. ഞാൻ തിരിച്ചും അഭിവാദ്യം അർപ്പിക്കും. ആ രംഗം ഇപ്പോൾ യാഥാർത്‌ഥ്യമായിരിക്കുന്നു.

അന്ന്‌ കാർഗിലിൽ ബ്രിഗേഡിയറായിരുന്ന വേണുഗോപാൽ സാറിനോട്‌ എനിക്കൊരു കെയിൻ (അധികാരവടി) തരുമോ എന്നു ചോദിച്ചു. അദ്ദേഹം ഒരെണ്ണം എനിക്ക്‌ സമ്മാനിക്കുകയും ചെയ്‌തു. ഇപ്പോൾ ദാ ലഫ്‌റ്റനന്റ്‌ കേണൽ പദവി ലഭിച്ച എനിക്ക്‌ അതേപോലൊരു കെയിൻ. ‘മോഹൻലാൽ ടെറിറ്റോറിയൽ ആർമി’ എന്ന്‌ പ്രിന്റ്‌ ചെയ്‌ത മനോഹരമായ കെയിനാ​‍ാണിത്‌. അറിയാതെ ആഗ്രഹിച്ചത്‌ സഫലമാകുന്നത്‌ വലിയ ഭാഗ്യമാണ്‌.

(മമ്മൂട്ടിയുമായുള്ള ബന്ധത്തെപ്പറ്റി ‘ചോദിച്ചു ചോദിച്ചു പോകാവുന്ന’ നിരവധി സന്ദർഭങ്ങൾ ഓർമ്മയിലെത്തി. ‘ഹരികൃഷ്‌ണൻസിൽ’ മമ്മൂട്ടിയും മോഹൻലാലും അന്യോന്യം ശരീരവൈകല്യങ്ങൾ പറഞ്ഞ്‌ കളിയാക്കുന്നുണ്ട്‌. ‘ത്രികോണേ, ത്രികോണേ എന്നുള്ള നിന്റെ നടത്തയും ആനയെ വലിച്ചുകയറ്റാവുന്ന മൂക്കുമായി’ എന്ന്‌ മമ്മുട്ടിയെ മോഹൻലാൽ കളിയാക്കുന്നു. ‘ആമവാതം പിടിച്ച തോളുമായി ചെന്നാൽ മതി എന്ന്‌ മമ്മൂട്ടി തിരിച്ചടിക്കുന്നുമുണ്ട്‌.

ഈയിടെ കെ. ആർ. ഗൗരിഅമ്മ പറഞ്ഞു ഃ സുന്ദരൻ മമ്മൂട്ടിയാണ്‌ പക്ഷെ, ഒന്നാന്തരം അഭിനയം മോഹൻലാലിന്റേതാ.

മുമ്പ്‌ കെ.പി.അപ്പൻ പറഞ്ഞതും ഓർമ്മയിലെത്തി. മോഹൻലാൽ ഒരു പുതിയ ഭാഷയാണ്‌.

ഇത്തരം ചോദ്യങ്ങൾ ഒരുപക്ഷേ ഇന്റർവ്യൂവിന്റെ ഗതി മാറ്റാം. അതുകൊണ്ടുതന്നെ അടുത്ത ചോദ്യം മറ്റൊരു വിഷയത്തിലേക്ക്‌ മാറ്റി.)

30 വർഷത്തെ അഭിനയത്തിനിടെ താങ്കളുടെ ചിരി, നടത്ത ശബ്‌ദം എന്നിവ മാറി. മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത മാറ്റങ്ങളാണിവ......

മോഹൻലാൽ ചിരിച്ചതേയുള്ളൂ. അതു പുതിയ ചിരിതന്നെയായിരുന്നു. പക്ഷേ, മീശയ്‌ക്കടിയിൽ ആ പഴയ ചിരി ഒളിഞ്ഞിരിക്കുന്നത്‌ കാണാമായിരുന്നു.

ടി.പി. ബാലഗോപാലൻ എം.എ. ,സന്മനസ്സുള്ളവർക്ക്‌ സമാധാനം, ഗാന്ധിനഗർ സെക്കന്റ്‌ സ്‌ട്രീറ്റ്‌ തുടങ്ങിയ സിനിമകളിലെ താങ്കളുടെ ചിരി ഇന്ന്‌ കാണാനില്ലല്ലോ?

പ്രായമേറിയില്ലേ? തലമുറ മാറിയില്ലേ? സ്വഭാവം മാറിയില്ലേ..... അന്ന്‌ ഉപയോഗിച്ചിരുന്ന ഫോണാണോ ഇന്നുള്ളത്‌? അന്നത്തെ കാറാണോ ഇന്ന്‌ ഉപയോഗിക്കുന്നത്‌? അന്നത്തെ ഡ്രസ്സാണോ ഇന്നുള്ളത്‌?

കാറു മാറുംപോലെ ചിരി മാറി വാങ്ങാൻ കിട്ടുമോ? മനുഷ്യരിലും കാലത്തിനനുസരിച്ച്‌ മാറ്റം വരും. കാലം കടന്നുപോകുമ്പോൾ അടിസ്‌ഥാനപരമായി ചില മാറ്റങ്ങൾ മനുഷ്യരിലുമുണ്ടാകും. ചെയ്യുന്ന കഥാപാത്രങ്ങൾക്ക്‌ അനുസൃതമായും മാറാം.

മാറിയ മോഹൻലാലിനെയാണോ താങ്കൾക്ക്‌ ഇഷ്‌ടം? മാറ്റം വരുമ്പോഴല്ലേ രസം. മുമ്പ്‌ കണ്ട കഥാപാത്രങ്ങളിൽ നിന്ന്‌ ഒരു വ്യത്യസ്‌തതയുണ്ടാകട്ടെ എന്നാണാഗ്രഹം. അപ്പോഴല്ലേ പുതുമ തോന്നൂ. കഥാപാത്രങ്ങളിലൂടെ മാത്രമേ നിങ്ങൾ എന്നെ അറിയുന്നുള്ളു. ഞാൻ എങ്ങനെ ചിന്തിക്കുന്നു എന്ന്‌ എനിക്കേ അറിയാവൂ.

തോൾ ചരിഞ്ഞുള്ള നടത്തയും ഇപ്പോഴില്ല...... തീർച്ചയായും നാണംകുണുങ്ങി തോളു ചരിഞ്ഞ ഒരാളായല്ല ഞാൻ ഇപ്പോൾ നടക്കുന്നത്‌. കീർത്തിചക്രയിലെ കേണൽ തോൾ ചരിച്ചിട്ട്‌ നടന്നാൽ എങ്ങനെയിരിക്കും?

ഈ മാറ്റങ്ങളൊക്കെ സിനിമ കണ്ടശേഷം ബോധപൂർവം മാറ്റിയതാണോ?

ബോധപൂർവ്വം ഒന്നും മാറ്റിയിട്ടില്ല. ഇത്‌ ഇങ്ങനെ വേണം, അത്‌ ഇങ്ങനെയാകട്ടെ എന്നൊന്നും തീരുമാനിച്ച്‌ ചെയ്യാറില്ല. നടത്ത ഇങ്ങനെ മാറ്റണം എന്നൊന്നും ഞാൻ തീരുമാനിച്ചിരുന്നില്ല. മാറി നടന്നു എന്നു മാത്രം. അതു ഞാൻ അറിഞ്ഞിരുന്നില്ല.

ഭ്രമരം സിനിമയോടെ മോഹൻലാൽ ഒരു ടോണിംഗ്‌ പോയിന്റിലെത്തി എന്ന്‌ പൊതുവെ സംസാരമുണ്ട്‌.... ഹിന്ദിയിൽ അമിതാഭ്‌ ബച്ചൻ വിവിധ ഘട്ടങ്ങൾ പിന്നിട്ട്‌ ഇപ്പോൾ എത്തിനിൽക്കുപോലെ..... മുമ്പ്‌ കിരീടത്തിലെ സേതുമാധവനെ അവതരിപ്പിച്ച മോഹൻലാൽ അഭിനയത്തിന്റെ ഒരു ടേണിംഗ്‌ പോയിന്റ്‌ പിന്നിടുകയാണെന്ന്‌ ലോഹിതദാസ്‌ പറഞ്ഞിരുന്നു.. ഇവിടെ ഭ്രമരത്തിലെ ഡ്രൈവർ ശിവൻകുട്ടിയും ഇതേപോലൊരു വഴിമാറ്റത്തിന്‌ കാരണമാകുകയാണോ?

അത്തരമൊരു കഥാപാത്രത്തെ കിട്ടുമ്പോഴല്ലേ അതിനോട്‌ പ്രതികരിക്കാൻ കഴിയൂ. അത്തരം കഥകളും കഥാപാത്രങ്ങളും ഉണ്ടാകട്ടെ എന്ന്‌ ആഗ്രഹിക്കാനേ പറ്റൂ. ’കിരീടം‘ ഒന്നല്ലേ ഉണ്ടായുള്ളൂ. ’ഭ്രമരവും‘ അതേപോലെയാകാം.

ഭ്രമരത്തിനു പിന്നിൽ അതിഭയങ്കരമായ അദ്ധ്വാനമുണ്ട്‌. ഷൂട്ടിംഗിൽ, മേക്കിംഗിൽ ഒക്കെ. 51 ദിവസംകൊണ്ട്‌ യുദ്ധകാലടിസ്‌ഥാനത്തിലാണ്‌ ചിത്രീകരണം പൂർത്തിയാക്കിയത്‌. എന്നാൽ, പറ്റാത്തയിടത്തേക്ക്‌ റോഡ്‌ വെട്ടുകവരെ ചെയ്‌തു. അത്തരമൊരു സിനിമ ഉണ്ടാകുന്നു എന്നതുതന്നെ വലിയൊരു കാര്യമാണ്‌.

മലയാള സിനിമ മോശമാകുന്നു. പാഴാകുന്നു എന്നൊക്കെ പറയുന്നതിനിടയിലാണ്‌ ഇതു സംഭവിക്കുന്നത്‌. പക്ഷേ, നല്ല സിനിമകൾ ഉണ്ടാകുമ്പോൾ തന്നെ കാണാൻ ആളില്ലാതാകുന്ന ദൗർഭാഗ്യവും അനുഭവിക്കുന്നു. ഭ്രമരമായാലും വാനപ്രസ്‌ഥമായാലും കാലാപാനിയായാലും അതിലെ കമേഴ്‌സ്യൽ സക്‌സസ്‌ കൂടി നോക്കിയാണ്‌ അടുത്ത സിനിമ വരുന്നത്‌.

നരസിംഹം എന്ന സിനിമ വലിയ ഹിറ്റായപ്പോൾ എല്ലാവരും അത്തരത്തിലുള്ള ഫോർമുലകളിലേക്ക്‌ പോയി. ഭ്രമരം സൂപ്പർ ഹിറ്റാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. മാറിയാൽ എല്ലാവരും അത്തരം സിനിമകൾ എടുക്കാൻ നോക്കും.

ഭ്രമരത്തിലെ ശിവൻകുട്ടിയെപ്പറ്റി എന്താണ്‌ പറയാനുള്ളത്‌?

അയാൾ ഇങ്ങനെ സൃറ്റിയറിംഗ്‌ തിരിക്കുന്നത്‌ കാട്ടുന്നു) വണ്ടിയോടിച്ചങ്ങു പോയി. പിന്നീട്‌ എന്താണ്‌ സംഭവിച്ചതെന്നറിയില്ല. ജീപ്പ്‌ ഏതോ കൊക്കയുടെ മുകളിൽ ചെന്നുനിന്നിട്ടുണ്ടാവണം.

കേട്ടിട്ടില്ലേ. ആത്‌മഹത്യ ചെയ്യാൻ പോയ ആൾ പ്രകൃതിയുടെ വിളികേട്ട്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന നിമിഷങ്ങളെപ്പറ്റി? ഒരു പക്ഷിയുടെ ശബ്‌ദം. അരുവിയുടെ കളകളാരവം അല്ലെങ്കിൽ നായയുടെ കുര ഒക്കെ അയാളെ ഉണർത്തി തന്റെ പൂർവ്വനിശ്‌ചയത്തിൽ നിന്നും പിൻവലിച്ചിട്ടുണ്ടാകാം. ശബ്‌ദം കേൾക്കുന്ന നിമിഷമാകും അയാൾ പെട്ടെന്ന്‌ ചിന്തിക്കുന്നത്‌. ഇത്ര നല്ല പ്രകൃതിയിൽ നിന്നും ഞാൻ എന്തിനാണ്‌ വിട പറയുന്നതെന്ന്‌?

ഭ്രമരത്തിൽ ശിവൻകുട്ടി എന്തിനാണ്‌ കൂട്ടുകാരനെ തേടിച്ചെന്ന്‌ കൂട്ടിക്കൊണ്ടുവന്നതെന്ന്‌ അയാൾക്കുപോലും അറിയില്ല. അവസാനം അയാൾ പറയുന്നുണ്ട്‌ഃ ഇപ്പോൾ നിങ്ങൾപൊയ്‌ക്കൊള്ളൂ. ഞാൻ വേറൊരാളാകും മുമ്പ്‌. പിന്നെ ഞാൻ എന്തു ചെയ്യുമെന്ന്‌ എനിക്കു പോലും അറിയില്ല....

ശിവൻകുട്ടി ഈസ്‌ ഒൺ ഹൈ ഡീറെയിൽമെന്റ്‌. അതാണ്‌ അവസ്‌ഥ.

പ്രേക്ഷകനോട്‌ എനിക്കു പറയാനുള്ളത്‌ ഭ്രമരം രണ്ടു തവണ കാണണമെന്നാണ്‌. ആദ്യത്തേത്‌ ആസ്വദിക്കാൻ. രണ്ടാമത്തേത്‌ കഥാപാത്രത്തിന്റെ സൂക്ഷമമായി നിരീക്ഷിക്കാൻ. ആദ്യകാഴ്‌ചയിൽ ആസ്വാദനം മാത്രമെ നടക്കൂ. രണ്ടാമത്‌ കാണുമ്പോഴെ കഥാപാത്രത്തിന്റെ സ്വഭാവവൈചിത്ര്യങ്ങൾ മനസ്സിലാക്കാൻ കഴിയൂ.

ഭ്രമരം എത്ര പ്രാവശ്യം താങ്കൾ കണ്ടു?

കണ്ടിട്ടേയില്ല. ഇനി കാണണം.

ഭ്രമരത്തിന്റെ ചിത്രികരണം സാഹസികത നിറഞ്ഞതായിരുന്നു എന്നു കേട്ടിരുന്നു?

സെറ്റിലുള്ളവർക്ക്‌ മുഴുവൻ ടെൻഷനുണ്ടാകുന്നതായിരുന്നു. ഭ്രമരത്തിന്റെ ചിത്രീകരണം. റോഡില്ലാത്ത മലമുകളിലേക്ക്‌ വണ്ടിയോടിച്ച്‌ കയറ്റുക. അഗാധഗർത്തത്തിനു നേരെ മുകളിൽ ബ്രേക്ക്‌ ചവിട്ടുക. കുഞ്ഞുകളിയല്ല. ബ്രേക്കൊന്നു പൊട്ടിയാൽ എല്ലാം തിർന്നു.... ഒന്നേകാൽക്കോടി രൂപ വിലയുള്ള ക്യാമറ ജീപ്പിന്റെ സൈഡിൽ വച്ചുകെട്ടിക്കൊണ്ടാണ്‌ അതോടിച്ചിരുന്നത്‌. ഒരു പിഴവു പറ്റിയാലുള്ള നഷ്‌ടം ഊഹിക്കാമല്ലോ. ഒരിക്കലും ഓടിച്ചുകയറ്റാൻ പറ്റില്ലെന്ന്‌ പലരും പന്തയംവച്ച സ്‌ഥലത്തേക്കാണ്‌ ഞാൻ വണ്ടിയോടിച്ചുകയറ്റിയത്‌. ഓടിച്ചുകയറ്റിയശേഷം തിരിച്ച്‌ വണ്ടിയിറങ്ങിയപ്പോൾ കാര്യം ബോദ്ധ്യമായി. ഞാനും ശിവൻകുട്ടിയുടെ മാനസികാവസ്‌ഥയിൽ തന്നെയായിരുന്നു വണ്ടിയോടിച്ചിരുന്നത്‌! എട്ടു ലൊക്കേഷനിലായിരുന്നു അതിന്റെ ചിത്രീകരണം.

ലോറി ഓടിച്ചുകയറ്റിയ ലൊക്കേഷൻ ഏതെന്നു ചോദിച്ചപ്പോൾ ഒരു നിമിഷം മോഹൻലാലിന്‌ സംശയം. ഉടൻ ഡ്രൈവർ ശശിയോടു ചോദിച്ചു.

(പരുന്തുംപാറ എന്ന സ്‌ഥലത്താണ്‌ അഗാധഗർത്തിത്തിനു മുകളിൽ മോഹൻലാൽ ലോറി ഓടിച്ചുകൊണ്ട്‌ നിറുത്തുന്നത്‌. ലോറി നിറുത്തിയിട്ട്‌ ഡ്രൈവർ ശിവൻകുട്ടി ചിരിച്ചുകൊണ്ട്‌ പറയുന്നു. മുന്നിലോട്ടൊന്നു നോക്കിയേ.......)

മോഹൻലാൽ ഓടിച്ച ലോറി എതിരെ പാഞ്ഞുവന്ന മറ്റൊരു ലോറിയിൽ നിന്ന്‌ അദ്‌ഭുതകരമായി രക്ഷപ്പെട്ട കഥ ഒരു സിനിമാപ്രവർത്തകൻ ഈ ലേഖകരോടു പറഞ്ഞു. നെല്ലിടവ്യത്യാസത്തിൽ മോഹൻലാൽ രക്ഷപ്പെട്ടെങ്കിലും എതിരെ വന്ന ലോറിയുടെ ചില്ല്‌ വെടിയേറ്റപോലെ പൊട്ടിച്ചിതറി. മറ്റൊരു ദുരന്തവും ഭ്രമരത്തിന്റെ ചിത്രീകരണകാലത്തുണ്ടായി. സെറ്റിലെ ജീവനക്കാരനായ ഒരു ചെറുപ്പക്കാരൻ ഷൂട്ടിംഗ്‌ നടക്കുന്ന ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഒരു മാസത്തെ ഷൂട്ടിംഗിനു ശേഷം പിരിയാൻ നേരം ചെറുപ്പക്കാരൻ പെൺകുട്ടിയെ ഒരു മലമുകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്നിട്ടു ചോദിച്ചുഃ നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ? ഇപ്പ പറയണം. ഇല്ലെങ്കിൽ ഞാനിവിടെ ചാടി ചാകും.

തമാശ ചോദ്യമായി കരുതി പെൺകുട്ടി പറഞ്ഞുഃ ഇല്ല എനിക്കു സ്‌നേഹമില്ല.

ആ വരിപൂർത്തിയാക്കും മുമ്പേ അയാൾ ഗർത്തത്തിലേക്ക്‌ ചാടി മരിച്ചു.

(കടപ്പാട്‌ - കലാകൗമുദി)

വി.ഡി. ശെൽവരാജ്‌, യേശുദാസ്‌ വില്യം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.