‘രസതന്ത്ര’ത്തിലൂടെ പ്രേക്ഷകരുടെ കൺമണിയായി മാറിയ മീരാ ജാസ്മിൻ ബോളിവുഡിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു. നേരത്തെ നിരവധി ഹിന്ദി ചിത്രങ്ങളിലേക്ക് ക്ഷണം ലഭിച്ചെങ്കിലും അവയെല്ലാം മീര ഉപേക്ഷിച്ചിരുന്നു. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുളള ചിത്രത്തിൽ അഭിനയിക്കാനാണ് നായിക തീരുമാനമെടുത്തിട്ടുളളത്. ആരാധകരെ നിരാശപ്പെടുത്താത്ത തരത്തിലുളള വേഷഭൂഷാദികളുമായാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘പാഠം ഒന്ന് ഒരു വിലാപ’ത്തിലൂടെ ദേശിയാംഗീകാരം നേടിയതോടെ ഹിന്ദിയിൽ നിന്നും ബംഗാളിൽനിന്നും മീരക്ക് ധാരാളം ഓഫറുകൾ ലഭിച്ചിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും ഇതിനകം സെലക്ടീവായിക്കഴിഞ്ഞ നായിക ബോളിവുഡ് പ്രവേശം നീട്ടിക്കൊണ്ടുപോയത് ഡേറ്റ് ക്ലാഷ് ഒഴിവാക്കാനാണത്രേ. ഹിന്ദി ചിത്രത്തിന് കൂടുതൽ ദിവസം നൽകേണ്ടി വരുമെന്നതാണ് നായികയെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നതെന്നു പറയുന്നു.
ലെനിൻ രാജേന്ദ്രന്റെ ‘നിലാവ്’, ഒരു തെലുങ്കു ചിത്രം എന്നിവയാണ് മീരാ ജാസ്മിന് ഇനി പൂർത്തിയാക്കാനുളളത്. ഗുരുനാഥൻ ലോഹിതദാസിന്റെ ചിത്രത്തിലൂടെയാണ് മീര ഇനി മലയാളത്തിലെത്തുന്നത്. വിഷു ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച നായിക എന്ന നിലയിൽ മീര ചലച്ചിത്ര വൃത്തങ്ങളിൽ സംസാരവിഷയമായിക്കഴിഞ്ഞു.