പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

സ്വത്വനിരാസത്തിന്റെ ‘സത്യം’

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജേഷ്‌ സി. കല്ലുമുട്ടി

സിനിമ

ഓണചിത്രങ്ങളിൽ ഏറ്റവും പെർഫഷനുളള സിനിമ സത്യം തന്നെയാണ്‌ - വിനയൻ

ആത്മപ്രശംസ ആത്മഹത്യയ്‌ക്ക്‌ തുല്യമാണെന്ന്‌ ആരാണ്‌ പറഞ്ഞത്‌. ആരായാലും വിനയൻ അത്‌ കേട്ടിരിക്കാൻ വഴിയില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമായ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു സാമ്യവുമില്ലാത്ത, സംഘട്ടനവും പ്രണയവും കൂട്ടികലർത്തിയ, അശ്ലീലം പറയാത്ത മലയാളത്തിലെ ആദ്യത്തെ പോലീസ്‌ കഥയായ സത്യം മലയാളി ഇന്നുവരെ കണ്ടിട്ടില്ലാത്ത സാങ്കേതികമേന്മയുളള ഒരു അസാധാരണ വിനയൻ ചിത്രമാണത്രേ. കേരളത്തിലെ മുഴുവൻ പോലീസുകാർക്കും മുഖം നോക്കാതെ നീതി നടത്താനുളള ഒരു സന്ദേശംകൂടി ഈ ചിത്രം നൽകുന്നു. അസാധാരണ ചിത്രത്തിന്റെ ഗുരുക്കൻമാരില്ലാതെ, ഏകലവ്യനെപ്പോലെ അസാധാരണമായി സംവിധാനം പഠിച്ച ഒരസാധാരണ സംവിധായകന്റെ സ്വന്തം ചിത്രത്തെക്കുറിച്ചുളള അത്യുക്തി കലർന്ന അവകാശവാദമാണ്‌ മേൽ കേട്ടത്‌. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം വിനയൻ എന്ന്‌ ചിത്രത്തിന്റെ തുടക്കത്തിൽ വലിയ അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്‌. ചിത്രത്തിന്‌ ഒരു തിരക്കഥയുണ്ടെന്ന്‌ അറിയണമെങ്കിൽ മിനിമം പാഴൂർ പടിപ്പുരവരെയെങ്കിലും പോകേണ്ടിവരും. പണ്ട്‌ പണ്ട്‌ കാട്ടിൽ ഒരു കാക്കയും പൂച്ചയും ഉണ്ടായിരുന്നു. ഒടുക്കം അവർ സസുഖം ജീവിച്ചു എന്നിങ്ങനെയാണ്‌ ഇതിന്റെ കഥ. പിന്നെ സംവിധാനത്തിന്റെ കാര്യം അത്‌ നമുക്ക്‌ പണ്ടേ പറഞ്ഞിട്ടില്ലല്ലോ. സത്യം (റിയൽ ഐഡന്റിറ്റി എന്ന്‌ സബ്‌ടൈറ്റിൽ) ഒരു അസാധാരണ ചിത്രം തന്നെ.

ഉല്പന്നം, കച്ചവടം എന്നിങ്ങനെ സിനിമയെ നിർവ്വചിക്കാൻ തുടങ്ങിയതോടെയാണ്‌ കലാനുഭവം എന്ന നിലയ്‌ക്ക്‌ സിനിമയുടെ ദുരവസ്ഥ ആരംഭിച്ചതെന്ന്‌ നിസ്സംശയം പറയാൻ കഴിയും. വിനയനെപ്പോലുളള സംവിധാനം പഠിക്കാത്ത സംവിധായകർ (ലാൽജോസ്‌, ബ്ലസ്സി തുടങ്ങിയ പുതുതലമുറയിലെ സംവിധായകർ പത്തും പതിനാലും വർഷം സംവിധായക സഹായികളായി കഴിഞ്ഞത്‌ ഓർമ്മിക്കുക) മലയാളസിനിമയുടെ അപ്പസ്തോലൻമാരായി തീർന്നതും ഈ ദുരവസ്ഥ കൊണ്ടാണ്‌. മലയാള സിനിമയുടെ ഇന്നത്തെ ദുരവസ്ഥയെ ത്വരിതപ്പെടുത്താനും, പ്രേക്ഷകരുടെ സംവേദനക്ഷമതയെ ഒരു പ്രത്യേക അളവിലേക്ക്‌ വെട്ടിയൊതുക്കാനുമല്ലാതെ മറ്റൊന്നിനും സത്യം എന്ന ഈ പുതിയ വിനയൻ ചിത്രം ഉപകരിക്കുന്നില്ല.

കിരീടം, ആവനാഴി, കമ്മീഷണർ എന്നു വേണ്ട മലയാളത്തിൽ ഇറങ്ങിയിട്ടുളള മിക്ക പോലീസ്‌ കഥകളുടെ സീനുകളും, തമിഴ്‌ സിനിമയിൽ സമീപകാലത്ത്‌ ഹിറ്റായ ‘കാക്കകാക്ക’ എന്ന സിനിമയിലെ സീനുകളേയും തീർത്തും വികലമായി അനുകരിച്ചുകൊണ്ട്‌ കോർത്തിണക്കിയാൽ കിട്ടുന്നതെന്തോ അതാണ്‌ സത്യം എന്ന ചിത്രത്തിന്റെ കഥയായി അവതരിപ്പിക്കുന്നത്‌. സഞ്ഞ്‌ജീവ്‌കുമാർ (പൃഥ്വിരാജ്‌) എന്ന ടിപ്പിക്കൽ നായകൻ എസ്‌.ഐ സെലക്ഷൻ കിട്ടാൻ നടത്തുന്ന ശ്രമങ്ങളും, എസ്‌.ഐ ആയതിനുശേഷം നീതി നടത്തുന്നതും? പിന്നെ ജേർണലിസ്‌റ്റായ നായികയെ പ്രണയിക്കുന്നതുമാണ്‌ സത്യം എന്ന ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്‌. കേരളപോലീസ്‌, ഗുണ്ടകൾ, കൊച്ചി, മന്ത്രിമാർ എന്നൊക്കെ ചിത്രത്തിൽ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും കഥ നടക്കുന്നത്‌ ഏതോ വെളളരിക്കാപട്ടണത്തിലാണ്‌. സഞ്ഞ്‌ജീവ്‌കുമാർ എസ്‌.ഐ സെലക്ഷൻ കിട്ടാൻ നടത്തുന്ന വിചിത്രമായ വഴിതന്നെ അതിനുദാഹരണം. തന്റെ അച്‌ഛൻ സത്യവാൻ അയ്യപ്പനോടുളള (തിലകൻ) മുൻവൈരാഗ്യത്തിന്റെ പേരിൽ സെലക്ഷൻ വൈകിക്കുന്ന സിറ്റി കമ്മീഷണറെ (ആനന്ദരാജ്‌)-രാഷ്‌ട്രീയ പാരമ്പര്യമുളള കുടുംബത്തിലെ അംഗം, കളളക്കടത്തുകാരൻ, കൊച്ചിയിലെ ഗുണ്ടകളുടെ തലവൻ, പണക്കാരൻ അങ്ങനെ വിശേഷങ്ങൾ ഒരുപാട്‌ പറഞ്ഞുവെയ്‌ക്കുന്നുണ്ട്‌ വിനയൻ-സിറ്റിയിൽ തന്നെയുളള ഒരു ഒഴിഞ്ഞ വീട്ടിൽ തടവിലിടുന്നു. ട്രെയിനിങ്ങ്‌ കഴിയുന്നതുവരെ തടവിൽ കഴിഞ്ഞ കമ്മീഷണർ പുറത്തുവരുന്നതും, ട്രെയിനിങ്ങിലെ സമർത്ഥനായ സഞ്ഞ്‌ജീവിനെ മുഖ്യമന്ത്രി നേരിട്ട്‌ കൊച്ചിയിൽതന്നെ നിയമിക്കുന്നതും, പുറത്തുവന്ന കമ്മീഷണറെ ഭ്രാന്തനായി ചിത്രീകരിക്കാൻ എസ്‌.ഐ ആയ നായകൻ നടത്തുന്ന മായാജാലങ്ങളും സത്യത്തെ യഥാർത്ഥ സ്വത്വത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്ന രൂപാന്തര പ്രാപ്തികളത്രേ; ഈർക്കിൽ പാർട്ടിക്കാർ നടത്തുന്ന ജില്ലാസമ്മേളനത്തിലെ മുദ്രാവാക്യങ്ങൾപോലെ സഞ്ഞ്‌ജീവ്‌കുമാർ രാഷ്‌ട്രീയക്കാരനായ കളളകടത്തുകാർക്കെതിരെ നടത്തുന്ന തീപ്പൊരി ഡയലോഗുകളാണ്‌ ചിത്രത്തിന്റെ പൊൻവെളിച്ചം. നായകനും ഗുണ്ടകളും പക്ഷികളെപ്പോലെ ആകാശത്തേക്ക്‌ ചിറകടിച്ച്‌ പറക്കുന്ന സംഘട്ടനരംഗങ്ങൾ ഒരുക്കി കനൽകണ്ണൻ മനം കുളിർപ്പിക്കുന്നു.

ഇനി പ്രണയം, നായകനും നായിക പ്രിയയും (പ്രിയാമണി)-തന്റേടിയാണ്‌ നായികയെന്ന്‌ വിനയൻ ഭാഷ്യം-പ്രണയിക്കുന്നതിനുവേണ്ടി ഒരുക്കുന്ന പാട്ടുസീനുകൾ-പാട്ടുസീനിൽ മാത്രം പ്രണയിക്കുന്ന നായികനായകൻമാരുടെ ആദ്യചിത്രം-കാക്ക കാക്ക എന്ന തമിഴ്‌ സിനിമയിലെ പാട്ടുകളെ സീൻ ടു സീൻ, ഷോട്ട്‌ ബൈ ഷോട്ട്‌ ഛായാഗ്രാഹകൻ ഷാജിയെകൊണ്ട്‌ കോപ്പി ചെയ്യിച്ചതാണ്‌. ഉടുത്തിരിക്കുന്നത്‌ അഴിച്ചെറിഞ്ഞുകൊണ്ട്‌ നൃത്തം ചെയ്യുന്ന നായികയെ വൈഡായി പകർത്തിയ ഷാജിയുടെ കാമറപോലും അരോചകമാകുന്നു. കൈതപ്രവും, എസ്‌.രമേശൻനായരും എഴുതി എം.ജയചന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ മനസ്സിലേക്ക്‌ കടന്നുവരുന്നവയല്ല. പൃഥ്വിരാജ്‌, തിലകൻ, ലാലുഅലക്‌സ്‌ എന്നിവർക്ക്‌ അവരുടെ സ്വാഭാവികചലനങ്ങൾപോലും നഷ്‌ടപ്പെടുന്നു. വെളളിനക്ഷത്രം എന്ന അറുവഷളൻ സിനിമ ഹിറ്റായത്‌ ബേബി തരുണി എന്ന കൊച്ചുതാരത്തിന്റെ സാന്നിദ്ധ്യമായിരുന്നു. കൊച്ചുവായിൽ വലിയ വാക്കുകൾ തിരുകി കയറ്റിക്കൊടുത്ത്‌ ഈ ചിത്രത്തിലും ബേബി തരുണിയെ ഉൾപ്പെടുത്താൻ വിനയൻ മറന്നിട്ടില്ല.

പിൻകുറിപ്പ്‌ഃ- സ്വന്തം ചിത്രത്തിലെ ഏറ്റവും മികച്ച, താങ്കൾക്കിഷ്‌ടപ്പെട്ട ഗാനം ഏതാണെന്ന്‌ ഒരു ചാനലിന്റെ അഭിമുഖത്തിൽ ചോദിച്ചപ്പോൾ സംവിധായകൻ വിനയന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘സ്വയം പുകഴ്‌ത്തുകയാണെന്ന്‌ കരുതരുത്‌ രാക്ഷസരാജാവ്‌ എന്ന ചിത്രത്തിൽ ഞാൻ തന്നെ എഴുതിയ “സ്വപ്‌നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിക്കും” എന്ന്‌ തുടങ്ങുന്ന ഗാനമാണ്‌ എനിക്കേറ്റവും ഇഷ്‌ടം.’

ജിജേഷ്‌ സി. കല്ലുമുട്ടി

വിലാസംഃ

‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ

670703
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.