പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

മൊബൈൽഫോൺ നിരോധിച്ചാൽ മലയാളസിനിമ രക്ഷപ്പെടുമോ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ജി. ഉണ്ണികൃഷ്‌ണൻ

2009-ൽ ഇതുവരെ കേട്ട ഏറ്റവും നല്ല തമാശയായിട്ടാണ്‌ സിനിമയുമായി ബന്ധപ്പെട്ടവരുടെ ‘മൊബൈൽ നിരോധനത്തെക്കുറിച്ചുവായിച്ചപ്പോൾ തോന്നിയത്‌. പ്രതിയെ കിട്ടിയില്ലെങ്കിൽ അയാളോടിച്ചകാറിനെ അറസ്‌റ്റുചെയ്യുന്നപോലെ പരിഹാസ്യമായ ഒന്നായിതോന്നി ആ തീരുമാനം.

ഒരു വ്യവസായം ലാഭത്തിലാക്കുന്നതിന്റെ രണ്ടുപ്രധാന മാർഗ്ഗങ്ങളിൽ ഒന്ന്‌ ചിലവുചുരുക്കലും മറ്റൊന്ന്‌ വരുമാനം കൂട്ടലുമാണെന്നു സമ്മതിക്കുന്നു. പക്ഷേ, സിനിമയിൽ ചിലവു കൂടുന്നതൊന്നുമല്ല. സിനിമ നഷ്‌ടത്തിലാകുന്നതിന്റെ പ്രധാന കാരണം സൂപ്പർതാരങ്ങളുടെ റേറ്റുമല്ല. പ്രത്യുത, ജനങ്ങൾ കാണുന്ന സിനിമയില്ലാത്തതാണ്‌ പ്രശ്‌നം.

എന്താണ്‌ ഇപ്പോഴത്തെ സിനിമ? വെറും പുറംതോടുമാത്രം. പേട്ടുതേങ്ങപോലെ ഉള്ളിലൊന്നുമില്ല. എല്ലാവരും ആദ്യം ചെയ്യുന്നത്‌ സൂപ്പർതാരങ്ങളുടെ ഡേറ്റ്‌ വാങ്ങുക എന്നതാണ്‌. അതിനുശേഷം അവർക്കു മീശപിരിക്കാനും നീളൻ ഡയലോഗുകൾ ഫിറ്റു ചെയ്യാനുമുള്ള കുറെ ഏച്ചുകെട്ടലുകൾ. കഥ എന്നൊന്ന്‌ ഇല്ല കഥയില്ലായ്‌മയാണ്‌ മലയാള മലയാളസിനിമക്കുള്ള പ്രധാന പോരായ്‌ക. ചില സംവിധായകരുടെയും തിരക്കഥാരചയിതാക്കളുടെയും ഒക്കെ കഥയില്ലായ്‌മകൂടിയാവുമ്പോൾ 100 ദിവസം ഓടുന്നതിനു പകരം മൂന്നാം ദിവസം തിയേറ്ററിൽ നിന്നു ഓടും, പടം.

വിജയിച്ച പടങ്ങളുടെ ചുവടുപിടിച്ചുള്ള വികലമായ അനുകരണങ്ങൾക്ക്‌ എത്രവേണമെങ്കിലും ഉദാഹരണങ്ങൾ നമുക്കുണ്ട്‌. നരസിംഹം, ദേവാസുരം എന്നിവയുടെ ചവിട്ടുപിടിച്ചിറങ്ങിയ എത്രലാൽസിനിമകളാണ്‌ എട്ടുനിലയിൽ പൊട്ടിയത്‌? തൊമ്മന്റെ മക്കളുടെ തുറപ്പുഗുലാന്റെയുമൊക്കെ വ്യാജപതിപ്പുകൾ എത്രെണ്ണമാണ്‌ മലയാളികൾ സഹിക്കേണ്ടിവന്നത്‌?, വിജയിച്ച പടങ്ങളുടെ ചുവടുപിടിച്ച്‌, മറ്റു വിജയിച്ച തമിഴ്‌-ഹിന്ദി-സിനിമകളുടെ വീഡിയോ കണ്ട്‌ ഷൂട്ടിങ്ങ്‌ സ്‌ഥലത്തു തയ്യാറാക്കുന്നതിരക്കഥകളാണ്‌ പലതും എന്നാണ്‌ അണിയറ വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്‌.

എന്നാൽ 60 കളിലും 70 കളിലും സ്‌ഥിതി ഇതായിരുന്നില്ല. നല്ല സാഹിത്യരചനകൾ, നടൻമാരുടെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നരീതിയിൽ തിരക്കഥയെഴുതി അവതരിപ്പിച്ചപ്പോൾ അവയെല്ലാം വിജയം കണ്ടില്ലേ ചെമ്പൻകുഞ്ഞും, കുഞ്ഞാനോച്ചനും അതുപോലെ മലയാളസാഹിത്യത്തിലെ പല കഥാപാത്രങ്ങളും അനുഗൃഹിതനടന്മാരിലൂടെ മുന്നിലെത്തിയപ്പോൾ പ്രേക്ഷകർഒന്നടങ്കം സ്വീകരിച്ചു. ഇന്നും തിരഞ്ഞാൽ ധാരാളം അത്തരം കഥകൾ ലഭിക്കും. പക്ഷേ അതിനൊന്നും ആർക്കും സമയമില്ലല്ലോ.

നല്ല ഹോം വർക്ക്‌ ചെയ്‌ത്‌ വർഷങ്ങൾകൊണ്ടെടുക്കുന്ന സിനിമകൾ വിജയിക്കും എന്നതിന്റെ തെളിവാണ്‌ ഭരതൻ, പത്മരാജൻ, ബ്ലെസി എന്നവരുടെ ചിത്രങ്ങൾ. വൈശാലിയുടെ ഓരോ രംഗങ്ങളും ചിത്രങ്ങളാക്കിയ ശേഷമാണ്‌ ഭരതൻ സിനിമയെടുത്തത്‌ എന്നു കേട്ടിട്ടുണ്ട്‌ ബ്ലെസിയാണെങ്കിലും ഓരോ തിരക്കഥ രൂപപ്പെടുത്തുന്നതിനു പിന്നിലും ത്യാഗപൂർണ്ണമായ അദ്ധ്വാനശേഷി ഉപയോഗപ്പെടുത്തുണ്ട്‌. എം.ടി.യുടെയും പത്മരാജന്റെയും ചിത്രങ്ങളും തിരക്കഥയുടെ മേന്മകൊണ്ടാണ്‌ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്‌. കമ്മേഴ്‌സ്യൽ സംവിധായകൻ എന്നറിയപ്പെടുന്ന പ്രിയദർശൻ പോലും ഹോംവർക്കു ചെയ്‌തെടുക്കുന്ന സിനിമകൾ - കാലാപാനി, ഇപ്പോൾ കാഞ്ചീവരം - നല്ല സിനിമകളായി

മലയാള സിനിമയുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്‌ ഇത്തരം കാര്യങ്ങളിലാണ്‌. നല്ലകഥ തിരഞ്ഞെടുക്കുക. അതിനു ശേഷം താരങ്ങൾക്കു കഥാപാത്രങ്ങൾക്കനുസരിച്ചു തീരുമാനിക്കുക, സിനിമയുടെ പൂർണ്ണരൂപം ആയതിനുശേഷം മാത്രം ഷൂട്ടിങ്ങ്‌ ആരംഭിക്കുക, അതാണു വേണ്ടത്‌. ഇവിടെ പുരുഷനു നിഴലായി മാത്രമാണ്‌ ഇപ്പോൾ സ്‌ത്രീയുള്ളത്‌. സ്‌ത്രീകൾക്കു പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാകുന്നതേയില്ല. ഒരു പെണ്ണിന്റെ കഥയും തുലാഭാരവും എല്ലാം ഓർമ്മകൾ മാത്രം.

വ്യത്യസ്‌തമായ സിനിമകൾ വിജയിക്കുമെന്നതിന്റെ തെളിവാണ്‌ സത്യൻ അന്തിക്കാട്‌-ശ്രീനിവാസൻ ടീമിന്റെ വിജയങ്ങൾ. അവരുടെ കഥാപാത്രങ്ങൾ നമ്മളിരൊളായി നമ്മൾ കാണുന്നു.

ഈ അവസ്‌ഥയിൽ എല്ലാവരുംകൂടി തീരുമാനിച്ച ചിലവു ചുരുക്കലുകൾ പലതും പ്രായോഗികമല്ല എന്നു കാണാം. സിനിമയുടെ പ്രധാനഭാഗം എടുക്കാൻ 45 ദിവസം നീട്ടാതിരിക്കാൻ പറ്റുമോ? അതുപോലെതന്നെയാണ്‌ 60,000 അടിഫിലിമെന്ന പരിധിയും. താരങ്ങൾ റേറ്റു കുറക്കുമോ? പരസ്യമായി കുറച്ചാലും അഭിനയിക്കണമെങ്കിൽ പണം തരണമെന്നവർ പറയാനാണുസാധ്യത. പിന്നെ, അവാർഡു സാധ്യതയുളള കഥാപാത്രങ്ങളാണെങ്കിൽ കുറച്ചേക്കാം. സെറ്റിൽ എല്ലാവരും സ്‌കൂൾ കുട്ടികളെപോലെ അടങ്ങിയൊതുങ്ങിരിക്കുമോ? അതുകൊണ്ട്‌ പ്രിയപ്പെട്ട സിനിമാക്കാരാ കട്ടവനെ പിടിക്കാതെ കളവു കുറക്കാൻ പറ്റുമോ? രോഗം ശരിയായി പഠിച്ചു ചികിത്സിക്കുക.

കെ.ജി. ഉണ്ണികൃഷ്‌ണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.