പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

കൂകിത്തോല്‌പിക്കുന്ന സ്‌റ്റാർഫാൻസുകാർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

സൂപ്പർ സ്‌റ്റാറുകൾക്ക്‌ ഫാൻസ്‌ അസോസിയേഷനുകൾ ഇപ്പോൾ എല്ലാ സ്‌റ്റേറ്റിലുമായിക്കഴിഞ്ഞു. തെക്കേ ഇൻഡ്യയിൽ മുമ്പ്‌ തമിഴ്‌നാട്ടിൽ മാത്രമേ ഈ ഒരു ബാധ ഉണ്ടായിരുന്നുള്ളു. അവിടെ എം.ജി.ആർ., ശിവാജി ഗണേശൻ കാലത്ത്‌ തടുങ്ങിയ താരങ്ങളുടെ പേരിലുള്ള ഫാൻസ്‌ അസോസിയേഷനുകൾ പിന്നെ കമലഹാസൻ, രജനികാന്ത്‌, വിജയ്‌, അജിത്ത്‌, സൂര്യ, എന്നിവരുടെ പേരിലൊക്കെയായി രൂപം കൊണ്ടുകഴിഞ്ഞു. രജനി, കമൽ ഫാൻസുകളാണ്‌ പ്രധാനം. തങ്ങളുടെ ആരാധ്യതാരം അഭിനയിക്കേണ്ടുന്ന കഥാപാത്രം എങ്ങനെയുള്ളവയായിരിക്കണമെന്ന്‌ തീരുമാനിക്കുന്നിടം വരെ ഈ ഫാൻസുകാർ നിർബന്ധബുദ്ധി പ്രകടിപ്പിക്കാറുണ്ട്‌. മിശിഹാചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ജീസസിന്റെ വേഷത്തിൽ എം.ജി.ആർ. വരാത്തത്‌ ക്രൂശിൽത്തറച്ച്‌ മരണം വരിക്കുന്ന ഒരു കഥാപാത്രമായാൽ തങ്ങളുടെ ഫാൻസുകാർ സ്‌ക്രീനിലേയ്‌ക്ക്‌ കല്ലെടുത്തെറിയുമെന്ന്‌ പേടിച്ചാണത്രെ.

ഒരിക്കൽ ‘ചെമ്മീൻ’ സിനിമ തമിഴ്‌നാട്ടിലെ ഒരു തിയ്യേറ്ററിൽ ഇരുന്ന്‌ കാണാനിടയായ നമ്മുടെ പ്രിയപ്പെട്ട കഥാകാരൻ എം.ടി - അതിന്റെ അവസാനഭാഗത്ത്‌ കടലിൽ തിമിംഗലത്തിന്റെ പിന്നാലെ പോയ പളനി ചുഴിയിൽപ്പെട്ട്‌ ‘കറുത്തമ്മ’ എന്ന്‌ വിളിച്ച്‌ കടലിലേയ്‌ക്ക്‌ നൂണ്ട്‌ പോകുന്ന സീൻകണ്ട്‌ അല്‌പമൊരു പരിഹാസത്തോടെ ഒരു തമിഴ്‌ പ്രേക്ഷകൻ ‘ചിന്നവാദ്ധ്യർ’ ആയിരുന്നേൽ ഇപ്പോൾ ആ സ്രാവിനെം കൊന്ന്‌ അതിനേംകൊണ്ട്‌ നീന്തിയാണേലും കരയ്‌ക്കെത്തിയേനെ എന്നു പറഞ്ഞത്‌ കേൾക്കാനിടയായ സംഭവം ഒരുലേഖനത്തിൽ വിവരിക്കുന്നുണ്ട്‌. ഇവിടെ മലയാളം സിനിമയിൽ പളനിയായത്‌ സത്യനായിരുന്നു. ‘ചിന്നവാദ്ധ്യാർ’ എന്ന വിശേഷണം നൽകിയത്‌ എം.ജി.ആറിനെക്കുറിച്ചായിരുന്നു. മലയാളസിനിമയിൽ താരാരാധനകൾ നിലവിലില്ലാത്ത സമയമായത്‌ കൊണ്ട്‌ സത്യനും ചെമ്മീനും രക്ഷപ്പെട്ടു. ചെമ്മീൻ എല്ലാതലത്തിലും വൻ വിജയംനേടി എന്ന്‌ മാത്രമല്ല, തെക്കേ ഇൻഡ്യയിലേയ്‌ക്ക്‌ ഏറ്റവും നല്ലചിത്രത്തിനുള്ള സ്വർണ്ണപ്പതക്കം നേടുന്ന ആദ്യചിത്രമെന്ന ബഹുമതിയും കരസ്‌ഥമാക്കി. ഇന്ന്‌ തമിഴ്‌നാടിനെയും തോല്‌പിക്കുന്ന വിധത്തിലാണ്‌ ഫാൻസ്‌ അസോസിയേഷനുകൾ രൂപം കൊണ്ടിരിക്കുന്നത്‌. മമ്മൂട്ടിക്കും മോഹൻലാലിനും ഫാൻസ്‌ അസോസിയേഷനുകൾ ശക്തമായിത്തന്നെ രംഗത്ത്‌ വന്നിട്ട്‌ ഒരു ദശകത്തിന്‌ മേലെയായി. തങ്ങൾ വെറും ഫാൻസുകാർ മാത്രമല്ലെന്നും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നണ്ടെന്നും അവകാശപ്പെടുന്നു. ആശുപത്രികളിൽ നിർദ്ധനരായ രോഗികൾക്ക്‌ സൗജന്യമായി മരുന്നുകൾ സപ്ലെ ചെയ്യുക, ഭക്ഷണമെത്തിക്കുക, അത്യാവശ്യക്കാർക്ക്‌ ഉപയോഗിക്കാനായി വീൽചെയറുകൾ നൽകുക ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ തങ്ങളുടെ എതിർചേരിയിലുള്ള ആളുടെ പടം തിയ്യേറ്ററിലെത്തുമ്പോൾ അദ്യമേ തന്നെ തീയ്യേറ്ററുകളിലെത്തി, കൂവിതോല്‌പിക്കുക എന്നൊരു ദൗത്യം കൂടി അവർക്കുണ്ട്‌. പല തീയ്യേറ്റർ ഉടമകളും അത്‌കൊണ്ട്‌ ആദ്യ ദിവസങ്ങളിൽ സിനിമയ്‌ക്ക്‌ വരരുതെന്ന്‌ അവർക്ക്‌ പരിചയമുളള പ്രേക്ഷകരായ സ്‌ത്രീ ജനങ്ങളോട്‌ ഉപദേശിക്കാറുണ്ട്‌. ആദ്യദിവസങ്ങളിൽ എതിർചേരിയിലെ നടൻ സ്‌ക്രീനിൽ എത്തുമ്പോഴേ തുടങ്ങുന്ന മറ്റേനടന്റെ ആൾക്കാരുടെ വിളയാട്ടം ഒന്നു രണ്ട്‌ ദിവസംകൊണ്ട്‌ അവസാനിപ്പിച്ച്‌, പുതിയ ഇരയെത്തേടാൻ പേകുന്നു.

അതുകൊണ്ട്‌ നല്ലൊരു പങ്ക്‌ പ്രേക്ഷകർ - പ്രത്യേകിച്ചും പ്രായം ചെന്നവരും സ്‌ത്രീകളും കുട്ടികളും തിയ്യേറ്ററിൽ പോയി സിനിമകാണുക എന്ന പരിപാടി ഉപേക്ഷിച്ചിട്ടുണ്ട്‌. മൂന്നുമാസത്തിനകം സി.ഡി കിട്ടാമെന്നുള്ളതുകൊണ്ട്‌ (പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ പടം റീലിസ്‌ ചെയ്യുന്ന ദിവസം തന്നെ അല്‌പം മുന്തിയ വിലകൊടുത്താലും കിട്ടുമെന്ന അവസ്‌ഥയാണുള്ളത്‌) കൂടാതെ വീട്ടിലിരുന്നാൽ ചാനലുകളിലോരോന്നിലും മുമ്പ്‌ കാണാൻ പറ്റാതെ പോയ സിനിമകൾ മാറിമാറികാണാമെന്നത്‌ കൊണ്ടും തിയ്യേറ്ററിൽ പോയി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞു. മലയാളത്തിൽ സിനിമാരംഗത്ത്‌ ശക്തമായി നിലയുറപ്പിച്ച മമ്മൂട്ടിക്കും മോഹൻലാലിനും ഇതൊരു ഭീഷണിയല്ലെങ്കിലും ഈ രംഗത്തേയ്‌ക്ക്‌ കയറി വരുന്ന മറ്റു പല നടന്മാർക്കും പിടിച്ച്‌ നിൽക്കാൻ പറ്റാതെ വരുന്നുണ്ട്‌. മലയാള സിനിമ പ്രേക്ഷകരിൽ നിന്നകലുന്നു എന്ന്‌ മുറവിളികൂട്ടുമ്പോൾ ഒന്നോർക്കുക, സാക്ഷരതയിലും വിദ്യാഭ്യാസരംഗത്തും ഒന്നാം സ്‌ഥാനത്തെന്ന്‌ ഊറ്റംകാള്ളുന്ന കേരളത്തിൽ ഇങ്ങനൊരു ഫാൻസ്‌ അസോസിയേഷനുകളുടെ ആവശ്യമുണ്ടോ? തീരുമാനമെടുക്കേണ്ടത്‌ പുതിയ തലമുറയിലെ പ്രേക്ഷകരും സിനിമ പ്രവർത്തകരുമാണ്‌. ഇറങ്ങുന്ന ചിത്രങ്ങളിൽ തൊണ്ണൂറ്‌ ശതമാനവും പ്രേക്ഷക സാന്നിദ്ധ്യമില്ലാതെ പരാജയപ്പെടുന്നുണ്ടെങ്കിലും പുതിയചിത്രങ്ങൾ ഇപ്പോഴും ചാകര പോലെ വരുന്നുണ്ട്‌. എൻ.ആർ.ഐക്കാരായി വരുന്ന നിർമ്മാതാക്കളെ ചാക്കിട്ട്‌പിടിച്ച്‌ പുതിയ സംവിധായകർ കുറഞ്ഞചിലവിൽ പടം നിർമ്മിച്ച്‌ തരാമന്ന്‌ പ്രലോഭിപ്പിച്ച്‌ നിർമ്മിച്ചിറക്കുന്ന ചിത്രങ്ങൾ അധികവും പരാജയം വരിക്കുകയാണ്‌. ഏതെങ്കിലും വിദേശഫിലിമുകളുടെ സിഡി കണ്ട്‌, കഥയും വേണ്ടിവന്നാൽ ദൃശ്യങ്ങൾവരെ യാതൊരുളുപ്പുമില്ലാതെ പകർത്തിയെടുത്ത്‌ പടച്ചുവിടുന്ന ചിത്രങ്ങൾ തീയ്യേറ്ററുകളിൽ അമ്പേ പരാജയപ്പെടുന്നതിന്‌ പ്രധാനകാരണം, ഇപ്പോഴത്തെ പ്രേക്ഷകർ കൂടുതൽ വിദേശ ഫിലിമുകൾ കാണുന്നവരാണ്‌ എന്നത്‌ കൊണ്ടാണ.​‍്‌ ലക്ഷങ്ങൾ മുടക്കി കോടികളുണ്ടാക്കാമെന്ന പുത്തൻ പടമുതലാളിമാരുടെ അതിമോഹമാണ്‌ ഇവിടെ തകർന്നടിയുന്നത്‌. ഇക്കഴിഞ്ഞ ആറ്‌ മാസത്തിനകം ഇപ്രകാരം പുതുസംവിധായകരുടെ അരങ്ങേറ്റത്തിൽ അമ്പേ തകർന്നുപോയ ചിത്രങ്ങളിൽ ചിലത്‌ മാത്രമാണ്‌ താഴെ പറയുന്നത്‌.

അഡ്വക്കേറ്റ്‌ ലക്ഷ്‌മൺ - ലേഡീസ്‌ ഒൺലി, ആത്മകഥ, പുതുമുഖങ്ങൾ, ബ്ലാക്ക്‌ ഡാലിയ, ഡീസന്റ്‌ പാർട്ടീസ്‌, കേളേജ്‌ഡേയ്‌സ്‌, രാമരാവണ, കന്മഴപെയ്യുമ്പോൾ, പതിനൊന്നിൽ വ്യാഴം, താന്തോന്നി, കെമിസ്‌ട്രി, പ്ലസ്‌ടു, പത്താംനിലയിലെ തീവണ്ടി, ചേകവർ, നായകൻ, കൂട്ടുകാർ, ഇവർ വിവാഹിതരായാൽ, നയനം, സ്വലേ, സീതാകല്യാണം. സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടും ലബ്‌ധപ്രതിഷ്‌ഠരായ സംവിധായകർ അമരത്തുണ്ടായിട്ടും അലക്‌സാണ്ടർ ദി ഗ്രേറ്റ്‌, പ്രമാണി, ദ്രോണ, ഒരു നാൾ വരും, സദ്‌ഗമയ, കടാക്ഷം, ഇവയൊക്കെ തീയ്യേറ്ററുകളിൽ നിന്ന്‌ ഒന്നോരണ്ടോ ആഴ്‌ചത്തെ പ്രദർശനം മാത്രം കാഴ്‌ചവച്ച്‌ പിൻവാങ്ങി. സൂപ്പർ താരങ്ങളുടെ പിൻബലത്തിലാണ്‌ ചലചിത്രങ്ങൾ രണ്ടാഴ്‌ച തികച്ചെങ്കിലും ഓടിയത്‌.

ഇത്രയൊക്കെ കടുത്ത ആഘാതം പ്രദർശനരംഗത്ത്‌ നേരിടുന്നുണ്ടെങ്കിലും പിന്നെയും പുതിയ സംവിധായകർ, പുതിയ നിർമ്മാതാക്കളെ കണ്ടെത്തി, പടങ്ങൾ പടച്ചുവിടുന്നു. സിനിമകളുടെ എണ്ണം കൂടുന്നുവെന്നല്ലാതെ മലയാള സിനിമയ്‌ക്ക്‌ എന്ത്‌ സംഭാവനകളാണ്‌ ഇവർ നൽകുന്നതെന്ന്‌ വിലയിരുത്തേണ്ടത്‌ കാലമാണ്‌.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.