പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ചിരിച്ചുചിരിച്ച്‌... എന്റെ ദൈവമേ... (ഷേക്‌സ്‌പിയർ എം.ഇ. മലയാളം എന്ന സിനിമയെക്കുറിച്ച്‌)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ശ്രീകുമാർ

സിനിമാനിരൂപണം

ജീവിതപ്പാതയിൽ നാമോരോരുത്തരും കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഏതാനും മുഹൂർത്തങ്ങളുളള ഇത്തിരി മലയാളിത്തമുളള, അവിടെയും ഇവിടെയും ഇത്തിരി ചിരിപ്പിക്കുകയും, എപ്പോഴെങ്കിലുമൊക്കെ കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ഒരു സിനിമ. അത്രയുളളു ഷേക്‌സ്‌പിയർ എം.ഏ മലയാളം എന്ന ചലച്ചിത്രം.

സത്യജിത്ത്‌ റേ, മജീദ്‌ മജീദി, അടൂർ ഗോപാലകൃഷ്‌ണൻ തുടങ്ങിയ മഹാരഥന്മാരുടെ സിനിമകൾ നോക്കിക്കാണാൻ ഉപയോഗിക്കാറുളള കണ്ണട ഊരിവച്ച്‌, ശ്രീനിവാസൻ, സത്യൻ അന്തിക്കാട്‌ തുടങ്ങിയവരുടെ ചലച്ചിത്രങ്ങൾ കാണാനെത്തുമ്പോഴുളള മുൻവിധികളില്ലാതെ, നല്ലൊരു സീറ്റ്‌ കണ്ടെത്തി ഇരുന്നു. ആദ്യഷോയാണ്‌. പക്ഷേ ആരവങ്ങളില്ല. തീയേറ്റർ കാലിയുമല്ല.

സ്‌ക്രീനിൽ തെളിഞ്ഞ പേരുകൾ ഒന്നും തന്നെ മുമ്പു കേട്ടിട്ടുളളവയല്ല. പുതുതലമുറ. നായകനും നായികയുമൊഴിച്ച്‌ ബാക്കി അഭിനേതാക്കളെല്ലാം കോമഡിക്കാർ. നായകനാവട്ടെ കോമഡി ചെയ്യാൻ മിടുക്കൻ. പടം തനി വളിപ്പാകുമോ? മുൻവിധി വേണ്ട കാണാം. തീയേറ്ററിൽ ഇരുട്ടുനിറഞ്ഞു. കർട്ടൺ ഉയർന്നു.

നാടകത്തിന്‌ കഥയെഴുതാനുളള ജീവിതം തേടിപ്പോയ നായകൻ. അയാളെത്തേടിയിറങ്ങുന്ന ജയഭാരതി തീയറ്റേഴ്‌സ്‌ എന്ന നാടകസംഘം. ഒടുവിൽ പുരസ്‌കാരങ്ങൾ തേടിയെത്തിക്കൊണ്ടിരിക്കുന്ന പുതു നാടകകൃത്തിനെ നാടകസംഘം കണ്ടെത്തുമ്പോൾ അവന്റെ മനസ്സു ശൂന്യം.

സ്വസ്ഥമായ ഒരിടം തേടി പാലക്കാടൻ ഉൾഗ്രാമത്തിലെത്തുന്ന ഷേക്‌സ്‌പിയർ പവിത്രൻ (ജയസൂര്യ) ജീവിക്കാനായി നെട്ടോട്ടമോടുന്ന അല്ലിയെന്ന പാൽക്കാരിപ്പെണ്ണിനെ (റോമ) പരിചയപ്പെടുന്നു. അവളെ കേന്ദ്ര കഥാപാത്രമാക്കി ഷേക്‌സ്‌പിയറുടെ നാടകരചന മുറുകുന്നു. നാടകത്തിനു വേണ്ട എല്ലാ സംഘർഷങ്ങളും അവളുടെ ജീവിതത്തിലുണ്ടാക്കിക്കൊടുക്കാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്ന നാടകകൃത്ത്‌ അതിനിടയിലെവിടെയോ മനസ്സുകൊണ്ട്‌ അവളോടടുക്കുകയാണ്‌.

താൻ ജോലിക്കു നിന്ന വീട്ടിലെ ഗൃഹനാഥനായ ഡോക്‌ടറുടെ (സായ്‌കുമാർ) സഹായത്തോടെ ബാംഗ്ലൂരിലേയ്‌ക്ക്‌ തിരിക്കുകയാണ്‌ അല്ലി. അതോടെ അല്ലിയുടെ വീട്ടിലെ കഷ്‌ടപ്പാടുകൾ തീർന്നു. അല്ലിയ്‌ക്കെന്താണു സംഭവിച്ചത്‌ എന്നറിയാതെ നാടകത്തിന്റെ ക്ലൈമാക്‌സ്‌ കൈവിട്ടുപോയ നാടകകൃത്ത്‌ അല്ലിയെ തേടി ബാംഗ്ലൂരിലെത്തുന്നതും അവൾക്കു സംഭവിച്ച ദുരന്തം കണ്ട്‌ ഏക തണലായിത്തീരുന്നതും സിനിമയുടെ ക്ലൈമാക്‌സ്‌. ക്ലൈമാക്‌സ്‌ കാണുമ്പോൾ ഒരു മെഗാ പൈങ്കിളി ടി വി സീരിയലിന്റെ ഒടുക്കം പോലെ തോന്നിക്കുന്നുവെങ്കിലും ചിത്രം ആദ്യന്തം നമ്മെ ബോറടിപ്പിക്കുന്നില്ല എന്നത്‌ വലിയ കാര്യമാണ്‌.

അവതരണത്തിൽ കുറവെങ്കിലും പുതുമയുണ്ടാക്കുവാൻ സംവിധായകനായിട്ടുണ്ട്‌. തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും പരിചയക്കുറവ്‌ അവിടെയും ഇവിടെയും ചെറുതായിക്കാണാമെങ്കിലും, ഒരുപാടുപേർ കൈകാര്യം ചെയ്‌തിട്ടുളള സിനിമയ്‌ക്കുളളിലെ നാടകം എന്ന വിഷയത്തെ ഒരു നാടക രചയിതാവിന്റെ അന്തസംഘർഷങ്ങളോടടുപ്പിച്ചു കാണിച്ച്‌ പുതുമയുളള രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ഇവർ ഭാവിയുളളവർ തന്നെ എന്ന്‌ നിസ്‌സംശയം പറയാം.

നായികയുടെ അഭിനയം മോശമല്ല. പക്ഷേ ഇതിലെ കഥാപാത്രത്തിനു പറ്റിയ രൂപമല്ല അവർക്കുളളത്‌. ദാരിദ്രത്തിന്റെ നടുക്കടലിൽ വീണുകിടക്കുന്ന നായികയെ ആവശ്യത്തിലേറെ ചായം തേച്ചും പുത്തനുടുപ്പുകളണിയിച്ചും ഇറക്കിയത്‌ അരോചകമായി. ആവശ്യമില്ലാതെ ഒരു തടിമാടൻ വില്ലനെ കൊണ്ടുവന്നതും നന്നായില്ല.

അനിൽ പനച്ചൂരാനെഴുതി മോഹൻ സിത്താര ഈണം പകർന്ന ഗാനങ്ങൾ കൊളളാം. തീയേറ്റർ വിട്ട്‌ കൂടെപ്പോരാനുളള ശേഷിയൊന്നും അവയ്‌ക്കില്ല എന്നും പറയേണ്ടിവരും. ഛായാഗ്രഹണവും എഡിറ്റിങ്ങും കൊളളാം. കൂടുതലൊന്നും പ്രതീക്ഷിക്കാതെ കയറിയതിനാലാകണം സിനിമ കണ്ട്‌ പുറത്തിറങ്ങിയവരുടെ മുഖത്ത്‌ ചെറിയൊരു തൃപ്‌തിയാണു കണ്ടത്‌. അഭിപ്രായം പറഞ്ഞവരിൽ ചിലർ ഒരു മൂളലിലൊതുക്കി. പിന്നെക്കേട്ടത്‌ കൊളളാം തെറ്റില്ല എന്നീ അഭിപ്രായങ്ങളും. പിന്നണി പ്രവർത്തകർക്ക്‌ സന്തോഷിക്കാം നാളെ നിങ്ങളുടേതു തന്നെ.

സി.ശ്രീകുമാർ

തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു.

വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌.

ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി.

2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌.

വിലാസംഃ

കരോട്ടുമഠത്തിൽ

തട്ടക്കുഴ (പി.ഒ.)

തൊടുപുഴ- 685 581.


Phone: 9496745304
E-Mail: csrikumar@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.