പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

വിന്നൈതാണ്ടി വരുവായാ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സഹൃദയൻ

അമിതമായ താരാരാധന നിലനിൽക്കെ പുതുമകളെ ആവേശപൂർവ്വം വരവേൽക്കുകയാണു തമിഴ്‌ സിനിമ. അതിനൊത്ത ഏറ്റവും പുതി ഉദാഹരണമാണു മലയാളിയായ ഗൗതം മേനോന്റെ ഈയിടെയിറങ്ങിയ ‘വിന്നൈതാണ്ടി വരുവായ’ എന്ന ചിത്രം. ഒരായിരം വട്ടം പറഞ്ഞു കഴിഞ്ഞ തീം. പക്ഷെ കാലത്തിനൊത്ത ട്രീറ്റ്‌മെന്റിലെ പരീക്ഷണങ്ങൾ ചിത്രത്തെ സൂപ്പർ ഹിറ്റാക്കിയിരിക്കുന്നു. ഈയൊരു വിജയത്തിനു ഗൗതം എടുത്തത്‌ ഏകദേശം രണ്ടു വർഷമാണ്‌.

മെക്കാനിക്കൽ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ ആ പണിക്കുപോകാതെ സിനിമാഭ്രാന്തു കയറി നടക്കുന്ന 22 കാരനായ ഒരു ഹിന്ദു പയ്യൻ കാർത്തിക്‌ മുകളിൽ താമസിക്കുന്ന തന്റെ വീടിന്റെ ഉടമസ്‌ഥന്റെ മകളെ, കണക്കിൽ മിടുക്കിയും ബി.എസ്സി ബിരുദവും എം.സി.എ. യുമുള്ള ഉദ്യോഗസ്‌ഥയായ 23 വയസ്സികാരി ജെസ്സി എന്ന മലയാളി ക്രിസ്‌ത്യൻ പെൺകുട്ടിയെ പുറകെ നടന്ന്‌ വളച്ചെടുക്കുന്നതാണു കഥ. അവൾ കാണാൻ സ്‌മാർട്ടാണ്‌. ബുദ്ധിയുണ്ട്‌. പിന്നെ സെക്‌സിയാണ്‌. അതവനെ പ്രണയ പരവശനാക്കുന്നു. ആയതിനാൽ അവളുടെ പ്രായം, ജോലി, അവളുടെ അപ്പൻ, അമ്മ, ആങ്ങള, അവളുടെ ഉറപ്പിച്ചുവച്ചിരിക്കുന്ന കല്യാണം, അവരുടെ വാടകവീട്‌ ഇതൊന്നും അവന്റെ പ്രണയത്തിനു തടസ്സങ്ങളല്ല. അവൾക്കാണെങ്കിൽ അതെല്ലാം പ്രശ്‌നങ്ങളാണു താനും. കാരണം ജനിച്ചതും വളർന്നതും തമിഴ്‌ നാട്ടിലാണെങ്കിലും അവൾ കേരളത്തിലെ അച്ചടക്കമുള്ള ഒരു പുരാതന കത്തോലിക്കാ കുടുംബത്തിലെ അംഗമാണ്‌. എങ്കിലും വിവാഹദിവസം ആലപ്പുഴയിലെ പള്ളിയിൽ വച്ച്‌ തനിക്ക്‌ കല്യാണം വേണ്ട എന്നു പറഞ്ഞ്‌ വിവാദം സൃഷ്‌ടിക്കുന്ന അവൾ വളരെ സ്വതന്ത്രയായി, കൂളായി കേരളത്തിലെ തന്റെ തറവാട്ടിൽ കാമുകനുമായി രമിക്കുന്നു. ഒരുത്തൻ വിടാതെ പിന്തുടർന്നാൽ ഏതു പെണ്ണും മനസ്സും മാറ്റുമോ? പ്രായപൂർത്തിയായ പെൺമക്കളുള്ള കേരളത്തിലെ മാതാപിതാക്കൾക്ക്‌ ഒരിക്കലും കിട്ടാത്ത നിദ്ര അതിനു വേണ്ടി അവളുടെ കേരളത്തിലെ കുടുംബക്കാർക്ക്‌ കഥയെഴുതിയ സംവിധായകൻ കൽപിച്ചു നൽകിയിരിക്കുന്നു. സിനിമയിൽ പറയുന്നതുപോലെ മലയാളികളെന്നാൽ പുട്ടും കടലയും സ്‌ഥിരം കഴിക്കുന്നവരായതുകൊണ്ട്‌ അതടിച്ച്‌ മത്തുപിടിച്ച്‌ മയങ്ങികാണുമോ എന്നും അപ്പോൾ സംശയം തോന്നി. കേരളവുമായി ഒരു പഴയ പ്രണയപരിചയമുള്ളതുകൊണ്ട്‌ നായകനായ യംഗ്‌ സൂപ്പർസ്‌റ്റാർ ചിലമ്പരശൻ കമലഹാസനെക്കാൾ വൃത്തിയായി തനിക്കു കിട്ടിയ വേഷം ആടിതിമർത്തിരിക്കുന്നു.

നായികയുടെ റോൾ ഭംഗിയാക്കിയ തൃഷ കൃഷ്‌ണൻ അധികസമയവും വളരെ നന്നായി സാരിയുടുക്കുന്നതിനാൽ വലിയ ഗ്ലാമർ രംഗങ്ങളില്ലെങ്കിലും അതിനെ കടത്തിവെട്ടുന്ന പ്രണയരംഗങ്ങൾ ചിത്രത്തിലുടനീളമുണ്ട്‌. മറ്റു യാതൊരു സാമൂഹ്യപ്രശ്‌നങ്ങളിലേക്കും ക്യാമറ ഫോക്കാസാവാത്തതുകൊണ്ടാകാം അതു സംഭവിച്ചത്‌. ക്ലൈമാക്‌സിൽ പ്രണയകർത്താക്കൾ അമേരിക്കയിൽ വച്ചു കണ്ടുമുട്ടുന്നു. ഇതു അമേരിക്കയല്ലേ, എങ്കിൽ പിന്നെ നടുറോട്ടിലും വച്ച്‌ ചുംബിക്കുന്നതിനു വിലക്കുകളില്ലല്ലോ എന്നു ചോദിക്കുന്ന കാമുകനോട്‌, നിന്റെ ഇഷ്‌ടം പോലെ ചെയ്യ്‌ എന്നു പറയുന്ന നായികയും തമ്മിൽ പാർക്കിൽ വച്ച്‌ ലിപ്‌ ലോക്കിൽ സജ്ജീവമാകുമ്പോൾ അതു കാണുന്ന യുവജനത ഇന്ത്യൻ വ്യവസ്‌ഥിതകളെ ശപിക്കും. എത്രയുംവേഗം അമേരിക്കയിലെത്താൻ കൊതിക്കും. കുട്ടികളെയുംകൊണ്ടു സിനിമയ്‌ക്കുപോകുന്ന പിൻന്തിരപ്പൻ മാതാപിതാക്കൾ ചിത്രത്തിനു പോകുന്നതിനുമുമ്പ്‌ ഒരു വട്ടം പോയികണ്ട്‌ ഒരു വിലയിരുത്തൽ നടത്തുന്നത്‌ നല്ലതായിരിക്കും.

ചിത്രം തങ്ങൾ പിൻന്തുടരുന്ന മാമൂലുകൾക്ക്‌ ഇണങ്ങുമോ എന്നറിയാൻ. ഇരുട്ടിലാണെങ്കിലും തിയ്യേറ്ററിനകത്തെ ചമ്മലും കുട്ടികളുടെ ചില ചോദ്യങ്ങളും ഒഴിവാക്കാം.

ഈ ചിത്രത്തിന്റെ പശ്ചാത്തലമായി കേരളത്തിലെ ആലപ്പുഴ വരുന്നത്‌ ഒരു പ്രത്യേകതയാണ്‌. കാരണം നായികയുടെ മാതാപിതാക്കൾ പുളിങ്കുന്നുക്കാരായതുകൊണ്ടാണ്‌. തമിഴിലെ മറ്റൊരു യുവ ചലച്ചിത്രക്കാരനായ ചേരന്റെ ‘ഓട്ടോഗ്രാഫിൽ’ ചിത്രീകരിച്ചതിനേക്കാൾ വ്യത്യസ്‌തകളോടെ ഗൗതമിന്റെ ക്യാമറാമാൻ മനോജ്‌ പരമഹംശ വേമ്പനാടിനെ ഫ്രെയിമിലാക്കിയിരിക്കുന്നു. ഇതുവരെ ആരും കാണാത്ത രീതിയിൽ തമിഴ്‌ സിനിമകൾ കേരളത്തെ പകർത്തുന്നതു കാണുമ്പോൾ ഒരു പക്ഷേ മലയാളസിനിമയോട്‌ കൂടുതൽ പുച്ഛം തോന്നാം. അവർ ഉപയോഗിക്കുന്ന ലെൻസുകളും കളർ കമ്പോസിഷനുകളും എവിടെ നിന്നു കൊണ്ടുവരുന്നു എന്നു ചോദ്യവും ഉയരാം.

ഈ ചിത്രം മറ്റൊരു മലയാളിത്തവും അവകാശപ്പെടുന്നുണ്ട്‌. ഓസ്‌ക്കർ ജേതാവ്‌ എ.ആർ. റഹ്‌മാൻ ഒരുക്കിയ ഇതിലെ ഗാനങ്ങളിൽ ഒന്ന്‌ ആലപിച്ചിരിക്കുന്നത്‌ മലയാളത്തിലെ യുവ സിനിമാസംഗീതജ്ഞരിലൊരാളായ ശ്രീ അൽഫോൺസാണ്‌. ‘ആരോമലേ...’ എന്ന വികാരനിർഭരമായ മലയാള ഗാനം കേൾക്കുമ്പോൾ ഇങ്ങനെയൊരു ഗായകൻ ഇത്രനാളും എവിടെയായിരുന്നു എന്നു തോന്നിപോകും. മറ്റുഗാനങ്ങൾക്ക്‌ കാര്യമായ മാസ്‌റ്റർഹാൻഡ്‌ അവകാശപ്പെടാനില്ലെങ്കിലും മലയാളികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഗീതം നൽകാൻ തനിക്ക്‌ കഴിയുമെന്ന്‌ റഹ്‌മാൻ ‘യോദ്ധ’യ്‌ക്കു ശേഷം വീണ്ടും തെളിയിച്ചിരിക്കുന്നു. റഹ്‌മാൻ മലയാള സിനിമകൾക്ക്‌ സംഗീതംം ചെയ്‌തിരുന്നെങ്കിൽ എന്നു ഒരുവട്ടം ചിന്തിച്ചുപോയെന്നും വരാം. കഥാനായികയുടെ മലയാളി അപ്പനായി ബാബു ആന്റണി അഭിനയിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനു കാര്യമായി ഒന്നും ചെയ്യാനില്ല.

ചിത്രത്തിൽ സംവിധായകനായി തന്നെ അഭിനയിച്ചിരിക്കുന്ന തമിഴിലെ ഹിറ്റ്‌മെയ്‌ക്കർ ശ്രീ. കെ.എസ്‌. രവികുമാർ തന്റെ അസിസ്‌റ്റന്റുമാരോട്‌ ഉപദേശിക്കുന്നതുപോലെ സിനിമയിൽ ഒരു കാര്യം എത്രപ്രാവശ്യം വേണമെങ്കിലും പറയാം. പക്ഷേ പറയുമ്പോൾ അതു പുതിയതുപോലെ രസിക്കണം. അതൊരു നല്ല പാഠമാണ്‌. ആ പാഠമാണ്‌ തമിഴ്‌ സിനിമ ഏറ്റെടുത്തിരിക്കുന്നത്‌.

സഹൃദയൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.