താരസമ്പന്ന ചിത്രം ക്രിസ്ത്യൻ ബ്രദേഴ്സിൽ ദിലീപ് - കാവ്യ ജോഡി പങ്കെടുക്കുന്ന ഗാനരംഗം ലണ്ടനിൽ ഷൂട്ട് ചെയ്യുന്നു. ഭാഗ്യതാരജോഡി എന്നു വിശേഷിപ്പിക്കപ്പെടുന്ന ദിലീപ്-കാവ്യ സംവിധായകൻ ജോഷി എന്നിവരടക്കം പതിനഞ്ചുപേരാണ് ലണ്ടനിലേക്ക് പോകുന്നത്.
ചെറിയൊരിടവേളക്കുശേഷം സജീവമാകുന്ന കാവ്യാ മാധവനെ സംബന്ധിച്ച് ഏറെ നിർണായകങ്ങളാണ് ക്രിസ്ത്യൻ ബ്രദേഴ്സും, പാപ്പി അപ്പച്ചായും. രണ്ടു ചിത്രങ്ങളിലും ദിലീപിന്റെ ജോഡിയാണ്.
ക്രിസ്ത്യൻ ബ്രദേഴ്സിൽ സഹോദരൻമാരായാണ് മോഹൻലാലും ദിലീപും എത്തുന്നത്. കനിഹ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ ഇവരുടെ സഹോദരിമാരാകുന്നു. ലാലിന്റെ നായിക ലക്ഷ്മിറായ്. സുരേഷ്ഗോപിയാണ് കനിഹയുടെ ജോഡി.
ജോഷി സംവിധാനം ചെയ്ത റൺവേ, ലയൺ എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങളിൽ പങ്കെടുക്കാൻ ദിലീപ്- കാവ്യജോഡി വിദേശലൊക്കേഷനുകളിൽ പോയിട്ടുണ്ട്. മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറിയിരിക്കുകയാണ് വിദേശരാജ്യങ്ങളിലെ ഗാനചിത്രീകരണം. കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നില്ലെങ്കിൽ പോലും ലണ്ടൻ, സ്വിറ്റസർലണ്ട്, സിംഗപ്പൂർ, വിയന്ന തുടങ്ങിയ വിദേശരാജ്യങ്ങളിൽ വച്ച് പാട്ട് ദൃശ്യവൽക്കരിക്കാൻ ചലച്ചിത്ര പ്രവർത്തകർ മത്സരിക്കുന്ന കാഴ്ചയാണ്.