പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

അബു ഇപ്പോഴും വേദനിപ്പിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വീണ ജോർജ്‌

ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പറവൂർ നീണ്ടൂരിലെ ലാംഫിംഗ്‌ വില്ലയിൽ ചെല്ലുമ്പോൾ ആഹ്ലാദപ്രകടനങ്ങളോ ആരവങ്ങളോ ഉണ്ടായിരുന്നില്ല - ദേശീയ അവാർഡ്‌ ജേതാവ്‌ സലിംകുമാറിന്റ മക്കൾ ആരോമലും ചന്തുവും കൂട്ടുകാർക്കൊപ്പം കളിക്കുന്നതിന്റെ ഒച്ചപ്പാടുകളല്ലാതെ മുഖാമുഖത്തിനായി ക്യാമറകൾക്കു നടുവിലേക്കെത്തിയത്‌ രാജ്യത്തെ മികച്ച നടൻ സലിംകുമാറായിരുന്നില്ല. പറവൂരുകാരൻ സലിംകുമാറായിരുന്നു.

അഭിനന്ദനങ്ങൾ, സൂപ്പർതാരങ്ങൾക്കും മെഗാസ്‌റ്റാറുകൾക്കും ലഭിക്കുന്ന അംഗീകാരങ്ങളായിട്ടാണ്‌ ദേശീയ പുരസ്‌കാരങ്ങൾ കരുതപ്പെടുന്നത്‌. പക്ഷേ, സലിം കുമാറിന്‌ ദേശീയ പുരസ്‌കാരം ലഭിക്കുമ്പോൾ അത്‌ താങ്കളിലെ നടനുള്ള അംഗീകാരമായി കണക്കാക്കുന്നുണ്ടോ?

സലിംകുമാർ ഃ എന്നിലെ നടനുള്ള അംഗീകാരം മാത്രമല്ല. ജയസൂര്യ ഇവിടെ വന്നപ്പോൾ ഞാൻ അവനോടു പറഞ്ഞു ഒരു മതിൽ ഞാൻ പൊളിച്ചിട്ടിട്ടുണ്ട്‌. ഇനി നിനക്ക്‌ കയറാം (ചിരി) കാരണം, ഇത്‌ എനിക്കു മാത്രമല്ല, ഇത്‌ നേരത്തെ പറഞ്ഞതുപോലെ ഒരു വിഭാഗത്തിന്‌ മാത്രമുള്ളതാണെന്നുള്ള ധാരണയിൽ പലർക്കും സ്വപ്‌നം കാണാൻ പറ്റാത്ത അവസ്‌ഥയായിരുന്നു. ഇപ്പോൾ അവർക്കൊക്കെ ഒരു പ്രതീക്ഷയുണ്ട്‌. ഇത്‌ ഞങ്ങൾക്കും ലഭിക്കുമെന്നുള്ള പ്രതീക്ഷ.... പുതിയ തലമുറയിൽപ്പെട്ട യുവാക്കളായ നായകന്മാർക്കും മറ്റു താരങ്ങൾക്കും ഈ പ്രതീക്ഷയാണ്‌ അവാർഡിലൂടെ ലഭിച്ചിരിക്കുന്നത്‌.

അവാർഡ്‌ അദ്‌ഭുതപ്പെടുത്തിയോ? അതോ ആശ്വാസമാണോ നൽകിയത്‌?

അദ്‌ഭുതപ്പെടുത്തിയോ എന്നു ചോദിച്ചാൽ തീർച്ചയായും അദ്‌ഭുതപ്പെടുത്തി. ഇല്ല എന്നു പറഞ്ഞാൽ അത്‌ അഹങ്കാരമായി മാറും. തീർച്ചയായും എന്നെ അദ്‌ഭുതപ്പെടുത്തി. കാരണം, ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ മാത്രമല്ല, പണ്ടുമുതൽക്കേ... എന്നു ഞാൻ അഭിനയം തുടങ്ങിയൊ അന്നുമുതലേ ആഗ്രഹിച്ചിട്ടുണ്ട്‌. പക്ഷേ, ഇത്‌ എനിക്കാണെന്ന്‌ അറിഞ്ഞപ്പോൾ ഒരു നിമിഷം.... ഞാൻ മായാവിയിൽ ഒരു ഡയലോഗ്‌ പറയുന്നുണ്ട്‌. ‘ഈ നാട്ടുകാർക്ക്‌ മുഴുവൻ പ്‌രാന്താണോ അതോ എനിക്ക്‌ പ്‌രാന്തായതാണോ? അതോ....“ (പൊട്ടിച്ചിരിക്കുന്നു) ഒരു നിമിഷം ഇത്‌ യഥാർത്ഥ്യമാണോ സ്വപ്‌നമാണോ എന്നു ഞാൻ ചിന്തിച്ചു. ഈ അവാർഡ്‌ കിട്ടിയശേഷം അത്തരത്തിലുള്ള ഒരു അവസ്‌ഥയിൽ ഞാൻ എത്തി. നാട്ടുകാരുടെ സ്‌നേഹപ്രകടനങ്ങൾ എന്നെ അങ്ങനെ ചിന്തിപ്പിച്ചു.

ഇപ്പോൾ യഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടോ?

പൊരുത്തപ്പെട്ടു, പെരുത്തപ്പെട്ടു. എന്തിലും, ഏതിലും, സീരിയസ്സായതിലും ഞാൻ ഹ്യൂമർ കാണാറുണ്ട്‌. ആദാമിന്റെ മകൻ അബുവിന്റെ ഷൂട്ട്‌ നടക്കുമ്പോൾ ഞാൻ പറഞ്ഞു. മലബാർ ആദാമിന്റെ മകൻ അബു എന്നു വിടാം നമുക്ക്‌. ട്രാവൻകൂർ ഭാഗത്തേക്ക്‌ ആദാമിന്റെ മകൻ ഷിബു എന്നു വിടാം എന്ന്‌ (പൊട്ടിച്ചിരി) ഞാൻ ഏതിലും കോമഡി കാണുന്ന ഒരാളാണ്‌.

ആദാമിന്റെ മകൻ അബുവിലേക്ക്‌ താങ്കളെ ക്ഷണിച്ചപ്പോൾ എന്തുകൊണ്ടാണ്‌ എന്നെ ഒഴിവാക്കി, മറ്റൊരാളെ പരിഗണിച്ചുകൂടെ എന്നു ചോദിച്ചത്‌?

ഇല്ല. അങ്ങനെയല്ല ഞാൻ പറഞ്ഞത്‌ ഒരിക്കലും അത്തരത്തിലല്ല ഞാൻ പറഞ്ഞത്‌. സലിം അഹമ്മദ്‌ എന്ന ചെറുപ്പക്കാരനോട്‌ എന്നെവച്ച്‌ പടം ചെയ്‌താലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചാണ്‌ ഞാൻ പറഞ്ഞത്‌. അയാൾ പടം ചെയ്‌തിട്ടുണ്ടെങ്കിൽ അതിന്റെ സാറ്റലൈറ്റ്‌ റൈറ്റുകളൊക്കെ കുറവായിരിക്കാം ലഭിക്കുന്നത്‌ അന്നത്തെ അവസ്‌ഥയിൽ, അതുപോലെതന്നെ ഡിസ്‌ട്രിബ്യൂഷൻ. അപ്പോൾ പറഞ്ഞു. അതൊന്നും പ്രോബ്‌ളം അല്ല. അവർ ഡിസ്‌ട്രിബ്യൂട്ട്‌ ചെയ്യാൻ തയ്യാറാണ്‌ അപ്പോൾ അത്തരത്തിൽ ചങ്കൂറ്റത്തോടെയാണ്‌ വന്നത്‌. സലിമിനെ നിരുത്സാഹപ്പെടുത്തുകയല്ല ഞാൻ ചെയ്‌തത്‌. സലിം അദ്ദേഹത്തിന്റെ കൈയിൽനിന്ന്‌ കാശുമുടക്കി ചെയ്യുന്നതാണ്‌ മറ്റൊരു പ്രൊഡ്യൂസർ ഇല്ലാതെ. സലിം ഒരു കോടീശ്വരനൊന്നുമല്ല. അപ്പോൾ ആളെ ഒരിക്കലും ഞാൻ ചതിക്കാൻ പാടില്ല. അതെനിക്ക്‌ ബോദ്ധ്യമുണ്ട്‌. ഇതൊക്കെയാണ്‌ ഇതിന്റെ ഭവിഷ്യത്തുകൾ, എന്നു പറഞ്ഞ്‌ മനസ്സിലാക്കുകയായിരുന്നു. ഒരു മനുഷ്യനെന്ന രീതിയിൽ, ഒരു കലാകാരനെന്ന രീതിയിൽ എന്റെ ബാധ്യതയാണത്‌.

ജീവിതത്തിൽ ലഭിക്കാവുന്നതിൽ വച്ച്‌ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണിതെന്ന്‌ ചിന്ത അപ്പോൾ ഉണ്ടായില്ലേ?

സലിം ഒരു സിനിമയോ മറ്റോ അസിസ്‌റ്റ്‌ ചെയ്‌തിട്ടുള്ളൂ. അല്ലാതെ ഈ സിനിമാ ഇൻഡസ്‌ട്രിയുമായി ബന്ധങ്ങളൊന്നുമില്ല. അങ്ങനെ ഒരാൾ വരുമ്പോൾ അയാളെ പറഞ്ഞുമനസ്സിലാക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്‌. ഒരു കലാകാരനെ സംബന്ധിച്ച്‌ അത്‌ കടമയാണ്‌. മറ്റാരെയെങ്കിലും വച്ച്‌ പടമെടുക്കാനെന്നും ഞാൻ പറഞ്ഞിട്ടില്ല. സലിമിനെ നിരുത്സാഹപ്പെടുത്തിയതായിരുന്നില്ല. സത്യം ഞാൻ പറഞ്ഞു.

ആദാമിന്റെ മകൻ അബുവായി താങ്കൾ അഭിനയിക്കുകയായിരുന്നില്ല എന്നാണ്‌ താങ്കൾ പറഞ്ഞത്‌. ഇപ്പോൾ അബു ഉള്ളിലുണ്ടോ?

അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്നൊന്നും ഞാൻ പറയില്ല. ഈ ഒഴുക്കുവെളളത്തിൽ തേങ്ങ ഒക്കെ പോകില്ലേ, അതുപോലെ പോയിട്ടേയുളളൂ. അല്ലാതെ പ്രത്യേകിച്ച്‌ ഞാനീ ചിത്രത്തിൽ ഒന്നും ചെയ്‌തിട്ടില്ല. അതിപ്പോ പടം കണ്ട എല്ലാ ആളുകളും ഇതേ അഭിപ്രായമാണ്‌ എന്നോടു പറഞ്ഞത്‌. അബുവിൽ ഒരു ശതമാനംപോലും സലിംകുമാർ എന്ന നടൻ ഇല്ല.

അബു ഇപ്പോഴും വേദനിപ്പിക്കാറുണ്ടോ?

തീർച്ചയായിട്ടും. അബുവിനെ കാണുമ്പോൾത്തന്നെ എനിക്ക്‌ വല്ലാത്ത വിഷമം തോന്നാറുണ്ട്‌. എന്തൊക്കെയോ ആ കണ്ണുകളിലുണ്ട്‌. നമ്മോട്‌ പറയുവാനായിട്ട്‌. അതുപോലെ സറീന വഹാബ്‌, ആയിഷുമ്മയും അബുവുമായിട്ടുള്ള രംഗങ്ങളൊക്കെ കാണുമ്പോൾ ഞാനും എന്റെ ഭാര്യയുമായുള്ള കഷ്‌ടപ്പാട്‌ സമയങ്ങളൊക്കെ ഓർമ്മവരും. ആ ബോധം വരുമ്പോൾ ശരിക്കും ഫീൽ ചെയ്യും. അതാണ്‌ ഞാൻ പറഞ്ഞത്‌. എനിക്ക്‌ അതിൽ ഒരു ശതമാനം പോലും അഭിനയിക്കേണ്ടതായി വന്നിട്ടില്ല. അതിമനോഹരമായ ഡയലോഗാണ്‌ എത്രത്തോളം സലിമിനെ പുകഴ്‌ത്തണം എന്ന്‌ എനിക്കറിയില്ല. അയാൾ തുടക്കക്കാരനാണ്‌. അയാൾ ടി.വി. ചാനലിൽ കോമഡിക്കുവേണ്ടിയാണ്‌ എഴുതിയിട്ടുള്ളത്‌. പിന്നീട്‌ ടി. ആർ. സാജുവിന്റെ അ​‍ിസ്‌റ്റന്റ്‌ അയിരുന്നു. ഈ ഒരു പടമേ അദ്ദേഹം ചെയ്‌തിട്ടുള്ളൂ. മനോഹരമായ ഡയലോഗ്‌.

സലിം അഹമ്മദിന്‌ എന്തുകൊണ്ടാണ്‌ താങ്കളിൽ ഒരു വിശ്വാസമുണ്ടായത്‌?

സലിം അഹമ്മദിനെ ഞാനാദ്യമായി കാണുന്നത്‌ കഥ പറയുവാൻ വന്നപ്പോഴാണ്‌. അപ്പോൾ എന്നോടു പറഞ്ഞു. മധു അമ്പാട്ട്‌ സാറാണ്‌ ക്യാമറ. ഹൈലി പെയ്‌ഡ്‌ ക്യാമറമാൻ. എനിക്ക്‌ അദ്‌ഭുതം തോന്നി. പുതിയ ആൾക്കാരെ വേണമെങ്കിൽ സലിമിന്‌ ക്യാമറ ഏല്‌പിക്കാമായിരുന്നു. അപ്പോൾ തന്റെ പടം എന്തായിരിക്കണമെന്ന ധാരണ സലിം അഹമ്മദിനുണ്ടായിരുന്നു. എന്തുകൊണ്ട്‌ എന്നിലേക്ക്‌ എത്തപ്പെട്ടു എന്നു ഞാൻ സലിമിനോടു ചോദിച്ചപ്പോൾ എന്നോടു പറഞ്ഞത്‌. അൻവർ റഷീദിന്റെ ബ്രിഡ്‌ജിലെ പെർഫോമൻസ്‌ കണ്ടിട്ടാണ്‌ എന്നാണ്‌.

അച്‌ഛനുറങ്ങാത്ത വീട്ടിലെ സാമുവൽ സാറിനെയാണോ; ബ്രിഡ്‌ജിലെ മണിയെയാണോ അബുവിനെയാണോ ആരെയാണ്‌ കൂടുതൽ ഇഷ്‌ടം?

എല്ലാവരെയും ഇഷ്‌ടമാണ്‌ (ചിരി) എല്ലാവരും പരസ്‌പരപൂരകങ്ങളാണ്‌. ഒന്നിലേക്കുള്ള പ്രയാണമാണ്‌ മറ്റൊന്ന്‌.

അവാർഡ്‌ ലഭിച്ചതുകൊണ്ട്‌ അബുവിനോട്‌ കൂടുതൽ ഇഷ്‌ടം ഇല്ലേ?

അങ്ങനെ പ്രത്യേകിച്ച്‌ ഇഷ്‌ടക്കൂടുതലില്ല. മറ്റവർ രണ്ടും മോശക്കാരാവില്ലേ? ഒരിക്കലുമില്ല. അൻവർ റഷീദിനെ ബ്രിഡ്‌ജിലേക്ക്‌ കാസ്‌റ്റ്‌ ചെയ്യാൻ കാരണം അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലാണ്‌ അബുവിന്‌ കാരണം ബ്രിഡ്‌ജിലെ മണിയും. അപ്പോ മൂന്നു കഥാപാത്രങ്ങളും എനിക്ക്‌ ഒരുപോലെ എന്റെ ചന്തുവിനെയും ആരോമലിനെയും പോലെ.

ജീവിതത്തിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ ഒന്നും അനായാസമായി ലഭിച്ചതല്ല താങ്കൾക്ക്‌. നാടകരംഗത്ത്‌ മറ്റൊരാൾക്ക്‌ പകരമല്ലേ താങ്കൾ ആദ്യം അഭിനയിച്ചത്‌?

ഞാൻ പകരക്കാരനായിരുന്നില്ല. ഒരു നടന്റെ അമ്മ മരിച്ചപ്പോൾ അവന്‌ പകരക്കാരനായാണ്‌ ഞാൻ അഭിനയിച്ചത്‌. ആലുവ ശാരിക എന്ന സമിതിയുടെ ഡയറക്‌ടർ എന്റെ സുഹൃത്തുകൂടിയായിരുന്നു. അവൻ പറഞ്ഞപ്പോൾ ഹെൽപ്പ്‌ ചെയ്യാൻ പോയതാണ്‌ ആ നാടകം ഞാൻ കണ്ടിട്ടുകൂടി ഉണ്ടായിരുന്നില്ല.

ഏറ്റവും കടപ്പാട്‌ ആരോടാണ്‌?

എന്റെ അമ്മയോടും ഭാര്യയോടും. ഔദ്യോഗികജീവിതത്തിലാണെങ്കിൽ, മഹാരാജാസ്‌ കോളേജിലെ ഭരതൻസാർ, സിനിമയിൽ എനിക്കുവേണ്ടി ചാൻസ്‌ ചോദിച്ചു നടന്നിരുന്ന നാദിർഷ. അഹങ്കാരം കൊണ്ട്‌ പറയുകയല്ല. ഞാൻ ആരുടെയും അടുത്ത്‌ ചാൻസ്‌ ചോദിച്ചിട്ടില്ല. നാദിർഷ - അവൻ മൂലമാണ്‌ ഞാൻ സിനിമയിലേക്ക്‌ വരുന്നത്‌. പിന്നെ സിദ്ദിഖ്‌ ഷമീർ, എന്നിലെ ക്‌ളൗണിഷ്‌ ഇമേജിനെ മാറ്റിമറിച്ച കമൽസാർ. കമൽസാർ ഗ്രാമഫോണിലെ തബലിസ്‌റ്റിനെക്കുറിച്ച്‌ എന്നോട്‌ പറഞ്ഞപ്പോൾ (ചിരി) ഞാൻ വിചാരിച്ചു ഇങ്ങേർക്ക്‌ ഇത്‌ എന്താ പറ്റിയത്‌? നല്ലൊരു ഡയറക്‌ടറായിരുന്നല്ലോ. അതേസമയത്തു തന്നെയായിരുന്നു ഷാജികൈലാസിന്റെ താണ്ഡവം എന്ന പടം. ഞാൻ ഗ്രാമഫോണിന്റെ ഷൂട്ടിംഗ്‌ ദിവസം ഇവിടെനിന്ന്‌ മുങ്ങി താണ്ഡവത്തിനു പോയി. അപ്പോൾ ഇവിടെ ഞാനില്ല. തബല ഞാൻ കണ്ടിട്ടുണ്ട്‌ എന്നല്ലാതെ എന്താണെന്നുപോലും എനിക്കറിയില്ല. അപ്പോൾ പ്രൊഡ്യൂസർ കമൽസാറിനോടു പറഞ്ഞു. സലിം കുമാറിനെ മാറ്റി മറ്റൊരു ആർട്ടിസ്‌റ്റിനെ തബലിസ്‌റ്റായി അഭിനയിപ്പിക്കാം. കമൽസാർ പറഞ്ഞു. ഞാനൊരു ആർട്ടിസ്‌റ്റിനെ മനസ്സിൽ കണ്ടിട്ടുണ്ട്‌. ഞാനയാളെ കൊണ്ടുവരുമെന്ന്‌. എന്നിട്ട്‌ അദ്ദേഹം തിരുവനന്തപുരത്ത്‌ വരികയാണ്‌. ലൊക്കേഷനിൽ കമൽസാർ എത്തിയപ്പോൾ എനിക്കു തോന്നി ഞാൻ അദ്ദേഹത്തെപ്പോലൊരു വലിയ സംവിധായകനോടു ചെയ്‌തത്‌ തെറ്റാണ്‌. എന്തും വരട്ടെ എന്നു വിചാരിച്ച്‌ ഞാൻ തിരിച്ചുവന്നു. നായകവേഷത്തെ എനിക്കു തന്ന ലാൽജോസ്‌, സ്‌ക്രിപ്‌റ്റ്‌ റൈറ്റർ ബാബു ജനാർദ്ദനൻ. പിന്നെ ഷാഫി, ഷാഫി പത്തു പടം പിടിച്ചു പത്തിലും ഞാനുണ്ട്‌. എന്റെ സുഹൃത്ത്‌ ബെന്നി പി. നായരമ്പലം. സിദ്ദിഖ്‌ ലാലിലെ ലാലേട്ടൻ റാഫി മെക്കാർട്ടിൻ അങ്ങനെ കടപ്പാടുള്ളവരുടെ നീണ്ട നിരതന്നെയുണ്ട്‌.

അഭിനയം താങ്കളുടെ സ്വപ്‌നമായിരുന്നോ?

സ്വപ്‌നമല്ല, ജീവിതലക്ഷ്യമായിരുന്നു. എനിക്കൊരു സിനിമാനടനാകണം. പക്ഷേ, അതെനിക്ക്‌ സ്വപ്‌നം കാണാൻ പറ്റില്ല. അന്നത്തെ എന്റെ രൂപം വച്ച്‌ അന്നത്തെ രൂപവും ഇന്നത്തെ എന്റെ രൂപവും താരതമ്യം ചെയ്‌താൽ ഇന്ന്‌ ഞാൻ ഋത്വിക്‌ റോഷനാണ്‌ (പൊട്ടിച്ചിരിക്കുന്നു). ഈ രൂപംവച്ച്‌ ഞാൻ സിനിമാനടൻ എന്നുപറഞ്ഞാൽ ആളുകൾ കലിപിടിക്കുമായിരുന്നു. ’സിനിമാനടനോ നീയോ‘ എന്നു ചോദിച്ച്‌. ഞാൻ ചാൻസ്‌ ചോദിക്കാതിരുന്നത്‌ എന്റെ അഭിമാനം കൊണ്ടൊന്നുമല്ല. ഞാൻ ചാൻസ്‌ ചോദിച്ചാൽ എന്തു പറയുമെന്ന്‌ ഓർത്തിട്ടാണ്‌ ആ ഭയമുണ്ടായിരുന്നു.

അതുകൊണ്ടാണോ നാദിർഷ താങ്കൾക്കുവേണ്ടി ചാൻസ്‌ ചോദിച്ചത്‌?

അല്ലല്ല നാദിർഷായ്‌ക്ക്‌ അറിയില്ല. നാദിർഷ എന്റെയുള്ളിലെ ആർട്ടിസ്‌റ്റിനെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ്‌ അവൻ എനിക്കുവേണ്ടി ചാൻസ്‌ ചോദിച്ചത്‌.

ക്‌ളൗണിഷ്‌ ഇമേജിൽ നിന്ന്‌ പുറത്തുവരണമെന്ന്‌ ആഗ്രഹം തോന്നിയിട്ടുണ്ടോ?

അതു ഞാൻ വിചാരിച്ചാൽ മാത്രം നടക്കില്ല. എനിക്കങ്ങനെ ആഗ്രഹിക്കാമന്നു മാത്രമേയുള്ളൂ. ഇത്‌ മോശമാണെന്ന്‌ തോന്നിയാൽ മാത്രമല്ലേ ഇതിൽനിന്ന്‌ പുറത്തുകടക്കേണ്ടതുള്ളൂ. ഒരു കൊമേഡിയനാണെന്നുള്ളത്‌ മോശമാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല. അയ്യോ, ഇതൊരു മോശപ്പെട്ട പണിയാണെന്നും ഈ വേലിക്കെട്ടൊക്കെ തകർക്കണമെന്നും ഞാൻ ചിന്തിച്ചിട്ടുമില്ല. എന്നിലെ നടന്‌ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന്‌ തോന്നിയിട്ടില്ല. ഇവിടെ കോമഡി വളരെ താഴ്‌ന്ന നിലയിലാണ്‌ ആളുകൾ കാണുന്നത്‌, അതെനിക്ക്‌ മനസ്സിലായത്‌ അച്ഛനുറങ്ങാത്ത വീട്‌ റിലീസ്‌ ചെയ്‌തപ്പോഴുളള റിവ്യൂകൾ വന്നപ്പോഴാണ്‌. അതിലൊക്കെ പറഞ്ഞത്‌ സലിംകുമാർ മൂന്നാംകിട കോമഡി സിനിമയിൽ മാത്രമല്ല ഇങ്ങനെയുള്ള നല്ല വേഷത്തിലും ചിത്രങ്ങളിലും അഭിനയിക്കും എന്നാണ്‌. അപ്പോ കോമഡി മൂന്നാംകിടയാണ്‌. നല്ല വേഷങ്ങളെന്നാൽ കരയിപ്പിക്കുന്ന വേഷങ്ങളാണെന്നാണോ? ഞാൻ എം.എ. ബേബിയോടു പറഞ്ഞു നിങ്ങൾ കൊമേഡിയന്മാരെക്കൂടി അവാർഡിനായി പരിഗണിക്കുക. നവരസത്തിൽപ്പെട്ട ഒരു സംഭവമല്ലേ ഹാസ്യം എന്നു പറയുന്നത്‌. അപ്പോൾ അവരെയുംകൂടി പരിഗണിക്കുക. ഇപ്പോൾ അതിനുപകരം കൊമേഡിയൻ എന്നൊരു അവാർഡ്‌ വന്നിരിക്കുന്നു.

അങ്ങനെയൊരു വേർതിരിവ്‌ പാടില്ലേ?

പാടില്ല. അങ്ങനെ കമ്പാർട്ട്‌മെന്റ്‌ ലൈസ്‌ ചെയ്യാൻ പാടില്ല. അങ്ങനെയെങ്കിൽ കരുണം, ശൃംഗാരം, ബീഭൽസം ഇതിനൊക്കെ അവാർഡ്‌ പ്രത്യേകം കൊടുക്കണം. അപ്പോൾ ഒരുപക്ഷേ, ആളുകൾ പറയും അവന്‌ കൊമേഡിയൻ അവാർഡ്‌ കിട്ടിയിട്ടില്ല. അതുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നതെന്ന്‌. പ്രത്യേകം അവാർഡ്‌ കൊമേഡിയനെ തരം താഴ്‌ത്തുന്നതിന്‌ തുല്യമാണ്‌. അവന്‌ സഹനടനോ അല്ല നടനോ ഉള്ള അവാർഡ്‌ കൊടുക്കുക. ആ സ്‌ഥലത്തേക്കൊന്നും അടുപ്പിക്കുകയോ ഇല്ല. എന്നിട്ട്‌ ചട്ടക്കൂട്ടിലാക്കി നിർത്തുകയും ചെയ്യും. എന്നുവച്ചാൽ അമ്പെയ്‌തു കൊല്ലാൻ എളുപ്പമാണല്ലോ.

എന്താണ്‌ നല്ല സിനിമ?

നന്മയുള്ളതെന്തും നല്ല സിനിമയാണ്‌. പോസിറ്റീവ്‌ എനർജി ഉണ്ടാക്കുന്ന ഏതു സിനിമയും. അത്‌ കൊമേഴ്‌സ്യലാണെങ്കിലും ആർട്ട്‌ ആണെങ്കിലും.

ഈശ്വരനിൽ വിശ്വാസമുണ്ടോ?

വിശ്വാസമുണ്ട്‌. പക്ഷേ, അന്ധവിശ്വാസമില്ല. വിശ്വാസിയാണ്‌ എന്നു മാത്രമേയുള്ളൂ.

ദേശീയ അവാർഡ്‌ സ്വപ്‌നം കണ്ടിട്ടുണ്ടോ?

ഉണ്ട്‌ (ചിരി) അത്‌ എന്റെ മാത്രമല്ല. മലയാളത്തിലെ മുന്നൂറ്റമ്പതോളം വരുന്ന നടീനടന്മാരെ ഹിപ്‌നോട്ടൈസ്‌ ചെയ്‌താൽ അത്‌ വ്യക്തമാകും. എല്ലാവരുടെയും സ്വപ്‌നം ദേശീയ അവർഡാണ്‌.

സലിം കുമാറിൽ ദേശീയ അവാർഡ്‌ മാറ്റമുണ്ടാക്കുമോ?

ഒരിക്കലുമില്ല. അവാർഡ്‌ ഞാൻ കൈകളിലേക്കാണ്‌ വാങ്ങുന്നത്‌. തലയിൽ കയറ്റിവയ്‌ക്കാനല്ല (ചിരിക്കുന്നു). പഴയതിലും ഊർജ്ജസ്വലനായി കോമഡി ചെയ്യും;

പ്രതിഫലം കൂടുമോ?

ഒരിക്കലുമില്ല. അവാർഡും പ്രതിഫലവും രണ്ടും രണ്ടല്ലേ? (ചിരി)

സിനിമയിൽ ആത്മാർത്ഥമായ സുഹൃദ്‌ബന്ധങ്ങളുണ്ടോ?

ഉണ്ട്‌ ഒത്തിരിപ്പേരുണ്ട്‌. എന്റെ നല്ല സുഹൃത്തുക്കളെല്ലാം സിനിമയിലാണ്‌.

താങ്കളുടെ രാഷ്‌ട്രീയം?

ഞാൻ കോൺഗ്രസുകാരനാണ്‌. പക്ഷേ, പറവൂരുകാരുടെ കാര്യം എന്താണെന്നുവച്ചാൽ ഇവിടെ തിരഞ്ഞെടുപ്പുസമയത്ത്‌ മാത്രമേ ഉള്ളൂ രാഷ്‌ട്രീയ ചേരിതിരിവുകൾ. എനിക്ക്‌ അവാർഡ്‌ കിട്ടിയപ്പോൾ ഒരു ജാഥ വന്നു. ജാഥ നയിച്ചത്‌ ഡി.വൈ.എഫ്‌.ഐ.ക്കാരാ. എന്നെ ആദ്യം അഭിനന്ദിക്കാൻ ഓടിവന്നത്‌ എസ്‌ ശർമ്മയാണ്‌. പറവൂരിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല.

കാലാകാരന്‌ രാഷ്‌ട്രീയം അനിവാര്യമോ?

രാഷ്‌ട്രീയം വ്യക്തിത്വത്തിന്റെ ഭാഗമാണ്‌. രാഷ്‌ട്രീയ നിലപാടില്ലാത്ത ആരുമില്ല. കാരണം നിഷ്‌പക്ഷവാദമെന്നൊരു വാദമില്ല. ഉണ്ടോ? ഒരു സൈഡിൽ നില്‌ക്കുക. ഏതെങ്കിലും ഭാഗത്തുനിന്നേ മതിയാകൂ. കലാഭവൻ മണി തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയപ്പോൾ ഞാൻ അവനെ അഭിനന്ദിച്ചു. മണിയെ യൂത്ത്‌ കോൺഗ്രസുകാർ കല്ലെറിഞ്ഞാൽ തടയാൻ മുന്നിൽ ഞാനുണ്ടാകും. രാഷ്‌ട്രീയം വേറെ, സിനിമ വേറെ. അത്‌ മനസ്സിലാക്കിയാൽ കാര്യം എളുപ്പമാകും.

സിനിമാനടന്‌ കൂടുതൽ എളുപ്പം ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലേ! അതുകൊണ്ട്‌ അത്‌ പ്രകടമാക്കേണ്ടതുണ്ടോ?

പ്രകടമാക്കിയാൽ എന്ത്‌ കുഴപ്പം? അതു പ്രകടമാക്കേണ്ടത്‌ തന്നെയാണ്‌. അപ്പോളെ അകൽച്ചകൾ മാറൂ. പറവൂരുകാരരെപ്പോലെയാകുക. എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ മാർക്‌സിസ്‌റ്റുകാരാണ്‌. എന്റെ ടോപ്പ്‌ സീക്രട്ട്‌സ്‌ പറയുന്നത്‌ മാർക്‌സിസ്‌റ്റ്‌ സുഹൃത്തുക്കളോടാണ്‌. ഇലക്‌ഷൻ കാലത്ത്‌ പക്ഷേ ഒച്ചപ്പാടും ബഹളവുമായിരിക്കും. അന്യോന്യം ചിന്താഗതികളെ അടിച്ചേൽപ്പിക്കാതിരിക്കുക. നടനെന്നല്ല, എല്ലാവരുടെയും രാഷ്‌ട്രീയ നിലപാട്‌ പ്രകടിപ്പിക്കാനുള്ളതാണ്‌.

ഏറ്റവും കൂടുതൽ ചിരിപ്പിച്ചത്‌ ആരാണ്‌?

അമ്മ എന്റെ അമ്മയുടെയത്ര കോമഡിസെൻസുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. അച്ഛൻ കോമഡി പറയുന്നത്‌ കേട്ടിട്ടേയില്ല. പക്ഷേ, അമ്മ അങ്ങനെയായിരുന്നില്ല. കൗണ്ടർ എന്നു പറയാറില്ലേ അതിൽ അമ്മ മിടുക്കിയായിരുന്നു. അതേപോലെ ആരും പറയുന്നത്‌ ഞാൻ കേട്ടിട്ടില്ല. അതിനുശേഷം എന്റെ മകൻ ആരോമൽ എന്റെ വീട്ടിൽ ഇപ്പോൾ ഏറ്റവും കൂടുതൽ എന്നെ ചിരിപ്പിക്കുന്നത്‌ അവനാണ്‌. അവൻ പറയുന്നത്‌ കോമഡിയല്ല പക്ഷേ അവൻ പറയുന്നതിൽ ആറ്റിക്കുറുക്കിയ ചിലതുണ്ടാകും.

ഏറ്റവും കൂടുതൽ ദുഃഖിപ്പിച്ചത്‌?

അമ്മയുടെ മരണം. അമ്മ മരിക്കുന്നതിമുമ്പ്‌ മരിക്കണമെന്നായിരുന്നു എന്റെ ഏറ്റവും വലിയ പ്രാർത്ഥന (മൗനം).

ഇനി ഒരു സ്വപ്‌നമുണ്ടോ?

സ്വപ്‌നം അങ്ങനെയൊന്നുമില്ല. കമ്പ്യൂട്ടർ വന്നിട്ടല്ലേ കമ്പ്യൂട്ടർ വാങ്ങണമെന്ന്‌ ആഗ്രഹിക്കുന്നത്‌. അതിനു മുമ്പല്ലല്ലോ? സ്വപ്‌നങ്ങൾ കാലാനുസൃതമായിരിക്കും (ചിരി). ഏതോ ഹോട്ടലിൽ ആരൊക്കെയോ തീരുമാനിക്കുന്നു. എന്റെ കഥാപാത്രങ്ങളെ, മമ്മൂട്ടിയുടെ, മോഹൻലാലിന്റെ, ദിലീപിന്റെ ഒക്കെ കഥാപാത്രങ്ങളെ അപ്പോ ഞാൻ ആഗ്രഹിച്ചിട്ടെന്താ കാര്യം? അതിലും ഭേദം ഒന്നും ആഗ്രഹിക്കാതിരിക്കുന്നതല്ലേ? ഈ അവാർഡ്‌ ഒരു പക്ഷേ, സീരിയസ്‌ കഥാപാത്രങ്ങൾ കൂടുതൽ ലഭിക്കാൻ ഇടയാക്കിയേക്കും.

ആശംസകൾ, നന്ദി.

കടപ്പാട്‌ ഃ കലാകൗമുദി - ഇന്ത്യാവിഷൻ

വീണ ജോർജ്‌


E-Mail: veenageorge03@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.