പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ലോക സിനിമ (12) - ദ സെവന്‍ത് സീല്‍ (1957) - ഇംഗ് മര്‍ ബര്‍ഗ് മാന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം കെ

ആധുനിക സിനിമയുടെ ശക്തനായ വക്താവായിട്ടാണ് ബര്‍ഗ് മാനെ കാണുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും സമൂഹവും തമ്മിലും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധങ്ങളും അന്വേഷണങ്ങളും അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും പ്രകടമാണ്.

ദൈവത്തിന്റെ ലോകം പുരുഷന്മാരുടേതാണ്. അതുകൊണ്ടവര്‍ ജീവിതത്തിന്റെ അര്‍ത്ഥത്തേയും ലക്ഷ്യത്തേയും കുറിച്ച് പരിഭ്രാന്തരാകുന്നു. സ്ത്രീകളുടേത് പ്രലോഭനത്തേയും രതിയേയും വേദനയേയും കുറിച്ചുള്ളതാണ്.മരണത്തെ തോല്‍പ്പിക്കാനായി ചെസ്സ് കളിയിലേര്‍പ്പെട്ട് അവസാനംവിധിയുടെ തീര്‍പ്പിന് കീഴടങ്ങുന്ന ഒരാളുടെ കഥ പറയുന്ന സെവെന്‍ത് സീല്‍ (ഏഴാം മുദ്ര) അദ്ദേഹത്തിന്റെ വിഖ്യാതമായ ചിത്രങ്ങളില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നു.അന്റോണിയോസ് ബ്ലോക്ക് എന്നു പേരുള്ള യോദ്ധാവ് ദീര്‍ഘകാലം നീണ്ടുനിന്ന കുരിശ്ശ് യുദ്ധത്തില്‍ പങ്കെടുത്തതിന് ശേഷം നാട്ടിലേക്ക് വരുമ്പോള്‍ കാണുന്നത്, പ്ലേഗ് ബാധ മൂലം കൂട്ടമരണം സംഭവിക്കുന്ന കാഴ്ചകളാണ്. മരണഭയം അയാളേയും കീഴടക്കുന്നു.തനിക്ക് കൂട്ടിന് ജോണ്‍സണ്‍ എന്നൊരാള്‍ ഉണ്ടെങ്കിലും അന്റോണിയോസ് ബ്ലോക്കിന് അതൊന്നും മന:സമാധാനം നല്‍കുന്നില്ല. കടല്‍തീരത്ത് വച്ച് ആന്റോണിയോസ് ബ്ലോക്ക് മരണത്തെ മുഖാമുഖം കണ്ടുമുട്ടുന്നു. മരണത്തെ അതിജീവിക്കാമെന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് ഒരു ചതുരംഗക്കളിക്ക് ഒരുങ്ങുന്നു. ഭയചകിതനായി ക്രൂരതയുടെയും അന്ധവിശ്വാസങ്ങളുടെയും സഹനത്തിന്റെയും കാഴ്ചകളിലൂടെയുള്ള നടത്തയില്‍ , അയാള്‍ പലരെയും കാണുന്നു. തങ്ങളെ കുരിശ്ശ് യുദ്ധത്തിനു പ്രേരിപ്പിച്ച മതപാഠശാലയിലെ ആത്മീയാചാര്യന്‍ തന്നെ പ്ലേഗ് ബാധിച്ച് മരണം പ്രതീക്ഷിച്ച് കിടക്കുന്നത് കാണുന്നതോടെ അയാളിലെ ഭയം വീണ്ടും കൂടുന്നു. പക്ഷേ കൂടെയുള്ള ജോണ്‍സണെ ഇത് തെല്ലുപോലും ബാധിക്കുന്നില്ല. മരണവുമായി അന്റോണിയോസ് ബ്ലോക്ക് ചെസ്സ് കളിക്കുമ്പോള്‍ , ജോണ്‍സണ്‍ ഒരുറക്കത്തിലാണ് , തെരുവിലെ കളിക്കാര്‍, കള്ളനായി മാറുന്ന വൈദിക വിദ്യാര്‍ത്ഥി, ഭൂതബാധയാല്‍ അഗ്നിയിലെരിക്കപ്പെടാന്‍ നിയുക്തയായ പെണ്‍കുട്ടി, തെരുവ് സര്‍ക്കസ്സുകാരായ കുടുംബം - ഇവയൊക്കെ കടന്നു വരുന്നു.പ്ലേഗ് വിതക്കാനായി മരണം തയ്യാറെടുക്കുമ്പോള്‍ ചെസ്സ് കളി മുടങ്ങും. എങ്കിലും കളി തുടങ്ങുകയാണ്. ആദ്യമൊക്കെ അന്റോണിയോസ് കളിയില്‍ മേല്‍ക്കൈ നേടുമെങ്കിലും പിന്നെ മരണത്തിനാണ് മേല്‍ക്കൈ വരുന്നത്. ഒരു തവണ ചതുരംഗക്കരുക്കള്‍ തട്ടിത്തെറിപ്പിച്ചത്, ആന്റോണിയോസ് ബ്ലോക്ക് മരണത്തിലേക്ക് നടന്നടുക്കുന്ന സര്‍ക്കസ് കുടുംബത്തെ രക്ഷപ്പെടുത്തുന്നുണ്ട്. (ജോഫ്,ഭാര്യ മറിയം, മകന്‍ മൈക്കേല്‍ മനേജര്‍ സ്കാറ്റ് ഇവരടങ്ങുന്നതാണ് സര്‍ക്കസ് സംഘം). പിന്നീട് തന്റെ താവളത്തിലെത്തുന്ന ബ്ലോക്കിനേയും സുഹൃത്തുക്കളേയും ഭക്ഷണത്തിനായി അയാളുടെ ഭാര്യ മേശയിലേയ്ക്ക് ആനയിക്കുമ്പോള്‍ വാതില്‍ക്കല്‍ മുട്ട്, അത് മരണത്തിന്റേതാണ്.

തങ്ങളുടെ മതവിശ്വാസം തങ്ങളെ രക്ഷിക്കുന്നില്ലയെങ്കില്‍ മതങ്ങളുടെ ആവശ്യമെന്ത്?

ഭാര്യ ആ സമയം വെളിപാട് പുസ്തകം വായിക്കിക്കുന്നു.

‘കുഞ്ഞാട് ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അര മണിക്കൂര്‍ നേരം മൌനമായിരുന്നു.’

അന്റോണിയോസ് ബ്ലോക്കും സംഘവും കൈകള്‍ കോര്‍ത്ത് പിടിച്ച് മരണത്തിന്റെ മലമുകളിലേയ്ക്ക് കയറിപ്പോകുന്നിടത്ത് ചിത്രം അവസാനിക്കുന്നു. കന്യാമറിയത്തെക്കുറിച്ചുള്ള വിശുദ്ധ സ്വപ്നം, കണ്ട് ജീവിതത്തിലേയ്ക്ക് അന്റോണിയോസ് ബ്ലോക്ക് രക്ഷപ്പെടുത്തിയ ജോഫും കുടുംബവും മടങ്ങുന്നു.അവരും ഈ മരണ നൃത്തം കാണുന്നുണ്ട്.

മതവിശ്വാസത്തെ ഭംഗ്യന്തരേണ ചോദ്യം ചെയ്യുകയാണ് ബെര്‍ഗ് മാന്‍ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. ഒരിക്കലും നടപ്പിലാകാത്ത വാഗ്ദാനങ്ങളും അദൃശ്യങ്ങളായ അത്ഭുതങ്ങളും മാത്രം നല്‍കി ദൈവം എന്തിനിങ്ങനെ മറഞ്ഞു നില്‍ക്കുന്നു? വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ പറ്റിയ ഉത്തരം ദൈവത്തിന്റെ പക്കലില്ല. എങ്കില്‍ പിന്നെ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അന്തരമെന്ത്? അവസാനം മരണത്തില്‍ കീഴടങ്ങുകയേ നിവൃത്തിയുള്ളൂവെന്ന് ബെര്‍ഗ് മാന്‍ സമര്‍ത്ഥിക്കുന്നു.


സ്വീഡിഷ് സിനിമയുടെ ആചാര്യനായ ബര്‍ഗ് മാന്‍ ഒരു മതപുരോഹിതന്റെ മകനായി 1918 ജൂലായ് 14ന് ജനിച്ചു. സ്റ്റോക്ക് ഹോം യൂണിവേഴ് സിറ്റിയുടെ പഠനത്തിനിടയില്‍ നാടകത്തിലും സാഹിത്യരചനയിലും താല്പര്യം കാണിച്ചു. ബര്‍ഗ് മാന്റെ ആറോളം നാടകങ്ങള്‍ സിനിമയായിട്ടുണ്ട്. ഒരു സിനിമയുടെ തിരക്കഥാ രചനയില്‍ പങ്കാളിയായി 1941-ല്‍ ചലച്ചിത്ര രംഗത്തേയ്ക്ക് വന്നു. 1945-ലെ ‘ക്രൈസിസ് ’ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തന്റെ സിനിമകള്‍ക്ക് തിരക്കഥയൊരുക്കുന്നത് ബര്‍ഗ് മാന്‍ തന്നെയായിരുന്നു. 1957-ലെ ‘സെവെന്‍ത് സീല്‍ ’ ആണ് ബര്‍ഗ് മാനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. ‘ത്രു എഗ്ലാസ് ഡാര്‍ക്കലി’, വിന്റര്‍ലൈറ്റ് സൈലന്‍സ്, വൈല്‍ഡ് സ്ട്രോബറീസ്, പെഴ്സോണ ഓട്ടം സോംഗ്, ഇവയാണ് വിഖ്യാതചിത്രങ്ങള്‍. വെര്‍ജിന്‍ സ്പ്രിങ്ങ് 1960-ലെ ഓസ്കാര്‍ അവാര്‍ഡ് നേടി. ‘ഫാനി ആന്റ് അലക്സാണ്ടര്‍ ’ ആണ് അവസാന ചിത്രം. ബര്‍ഗ് മാന്റെ സ്ത്രീകഥാപാത്രങ്ങള്‍ വിചിത്ര സ്വഭാവമുള്ളവരാണ്. മനുഷ്യമനസ്സുകളുടെ വൈചിത്ര്യങ്ങളെ നിര്‍വചിക്കുന്ന ഒരു രചനാരീതിയാണ് സിനിമയിലൂടെ ആവിഷ്കരിക്കുന്നത്. ബാഹ്യ യാഥാര്‍ഥ്യങ്ങളെക്കാള്‍ ആന്തരിക യാഥാര്‍ഥ്യങ്ങളെയാണ് കൂടുതലും വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

മാജിക് ലാന്റേണ്‍ അദ്ദേഹത്തിന്റെ ജീവചരിത്രമാണ്. ‘ഇമേജസ് , മൈ ലൈഫ് ഇന്‍ഫിലിം, സെയ്ഡ് ഇന്‍ ക്രിറ്റിസിസം, ബര്‍ഗ് മാന്‍ ഓണ്‍ ബര്‍ഗ് മാന്‍ (അഭിമുഖം) - ഇവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികള്‍.

2007 ജൂലായ് മാസത്തില്‍ അദ്ദേഹം അന്തരിച്ചു.

എം കെ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.