പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ത്രീ കളേഴ്സ് ; ബ്ലൂ, വൈറ്റ്, ആന്‍ഡ് റെഡ് (ലോക സിനിമ- 31)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ

ഫ്രഞ്ച് വിപ്ലവത്തിന്റെ മഹത്തായ ആശയങ്ങളാണ്- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - ഫ്രഞ്ച് ദേശീയ പതാകയിലെ നിറങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. പതാകയിലെ നീല സ്വാതന്ത്ര്യത്തെയും വെളുപ്പ് സമത്വത്തേയും ചുവപ്പ് സാഹോദര്യത്തേയും പ്രതിനിധാനം ചെയ്യുന്നതായി കണക്കാക്കുന്നതെങ്കിലും സമകാലീന മനുഷ്യജീവിതത്തില്‍ ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെക്കുറിച്ചുള്ള ഒരന്വേഷണമാണ് പോളീ‍ഷ് സംവിധായകനായ ക്രിസ്റ്റോഫ് കിസ് ലോവ്സ്കി നടത്തുന്നത്. വാസ്തവത്തില്‍ ഇവ മൂന്ന് തരത്തിലുള്ള ചതിവുകളാണ് ചെയ്യുന്നത് അതാണ് കിസ് ലോവ്സ്കിയുടെ നിഗമനം.

നീല ( 1993)

ഒരു സംഗീതജ്ഞനായ പാട്രിക്കിന്റെ ഭാര്യയായ ജൂലിക്ക് ഒരു കാറപകടത്തില്‍ ഭര്‍ത്താവിനേയും മകളേയും നഷ്ടപ്പെടുന്നു. ആ നടുക്കം പകരുന്ന സംഭവങ്ങളുടെ ഓര്‍മ്മ നല്‍കുന്ന ഭികരമായ അന്തരീക്ഷം അവള്‍ക്ക് ചുറ്റും നടമാടുമ്പോള്‍‍ ഒരു രക്ഷപ്പെടലിനെന്നവണ്ണം പാരീസിലേക്ക് ഒളിച്ചോടുന്നു. പക്ഷെ അവിടെയും അവള്‍ക്ക് സമാധാനം കിട്ടുന്നില്ല. കുടുംബത്തിന്റെ ഓര്‍മ്മയും പാട്രിക്കിന്റെ സംഗീതവും അവളെ വിടാതെ പിന്‍ തുടരുമ്പോള്‍‍ അയാള്‍ മുഴുവനാക്കാതെ വച്ചിട്ടു പോയ ‘ യൂണിറ്റി ഓഫ് യൂറോപ്പ് ‘ എന്ന സംഗീത ശില്‍പ്പം പൂര്‍ത്തിയാക്കണമെന്ന് തീരുമാനിക്കുന്നു. ആ ജോലിയില്‍ മുഴുകുന്നതിനിടയ്ക്ക് ഭര്‍ത്താവിന്റെ ഒരു യുവതിയുമായുണ്ടായ രഹസ്യ ബന്ധം അറിയാനിട വരുന്നു. അതോടെ ആദ്യം ഒന്ന് തളര്‍ന്ന് പോവുന്ന അനുഭവമായിരുന്നെങ്കിലും അതിനെ അതിജീവിച്ച് ആ ശില്‍പ്പം അവള്‍ പൂര്‍ത്തിയാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പരിമിതിയാണ് ഈ ശപിക്കപ്പെട്ട ഓര്‍മ്മ. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും ജൂലിയുടെ വേഷമിട്ട നടിക്ക് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡും അതിനു പുറമെ ഛാ‍യാഗ്രഹണത്തിനുള്ള പുരസ്ക്കാരവും നേടുകയുണ്ടായി. മികച്ച യൂറോപ്യന്‍ സിനിമയ്ക്കുള്ള ഗോയ പുരസ്ക്കാരവും ഈ ചിത്രം നേടി. ശബ്ദലേഖനം ചിത്ര സംയോജനം എന്നിവയ്ക്കും പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വൈറ്റ് ( 1993)

സമത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടവരാണ് മിക്കവരും. എല്ലാവര്‍ക്കും മറ്റുള്ളവരേക്കാള്‍ മേലേ വരണമെന്ന ആഗ്രഹമുള്ളു. ഈ ഒരവസ്ഥയാണ് ക്രിസ് ലോവ്സ്കി വൈറ്റിലൂടെ പറഞ്ഞു വയ്ക്കുന്നത്. പാരീസില്‍ ഒരു സലൂണില്‍ ഹെയര്‍ ഡ്രസ്സറായി ജോലിനോക്കുന്ന കരോളിനെ ഭാര്യയായ ഡൊമിനിക് ലൈംഗിക വേഴ്ചയില്‍ പോരായ്മ ചൂണ്ടിക്കാട്ടി പുറത്താക്കുന്നു. അയാള്‍ സ്വന്തം നാടായ പോളണ്ടിലേക്ക് പോകുന്നു. അവിഹിതമായ ഇടപാടുകളിലൂടെ പണക്കാരനായി ,മാറുന്ന അയാള്‍ വീണ്ടും പാരീസിലേക്ക് പോകുന്നു. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കണമെന്ന ഗൂഢോദ്ദേശമാണ് ഇപ്പോഴത്തെ ഈ പോക്ക്. അയാളെ ഭാര്യ കൊലപ്പെടുത്തിയതായി വരുത്തിത്തീര്‍ത്ത് പണസ്വാധീനത്താല്‍ കൃത്രിമമായി മരണാനന്തരച്ചടങ്ങുകല്‍ സംഘടിപ്പിക്കുന്നു. നിയമത്തിന്റെ പിടിയിലകപ്പെട്ട ഭാര്യ കരോളിനെ വധിച്ച് കുറ്റത്തിന് ജയിലിലാണ്. പക്ഷെ കരോള്‍ വിടുന്നില്ല ജയിലുള്ള ഭാര്യയുമായി പ്രണയം ഭാവിക്കുന്നു. 1994 ലെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ബെയര്‍ ഈ ചിത്രത്തിലൂടെ നേടിയിട്ടുണ്ട് .

റെഡ് ( 1994)

ഈ ചിത്രത്തിലൂടെ ക്രിസ് ലോവസ്കി വേറൊരു ചോദ്യമാണ് ചോദിക്കുന്നത്. സാഹോദര്യം സ്നേഹം എന്നൊക്കെ പറയുന്നത് ഒരു സങ്കല്‍പ്പം മാത്രമാണ് നാം പ്രതീക്ഷിക്കുന്നതല്ല നമുക്ക് കിട്ടുന്നത്. ഇത് പറയുന്നത് ഒരു മോഡല്‍ ഗേളായ വാലന്റിയില്‍ ഡ്യൂസോയുടെ ഡ്രൈവിംഗിനിടയില്‍ കൊല്ലപ്പെട്ട ഒരു നായക്കുട്ടിയുടെ വിവരം തിരക്കി ചെല്ലുന്ന സമയത്ത് ഉരുത്തിരിയുന്ന സംഭവ വികാസങ്ങളിലൂടെയാണ്. നായക്കുട്ടിയുടെ ഉടമയേയും, പിന്നെ മറ്റു വിവരങ്ങളും തിരക്കുന്ന അവന്‍ ഫോണ്‍ കോളുകള്‍ ചോര്‍ത്തി രസിക്കുന്ന ഒരു ജഡ്ജിയുടെ ഫ്ലാറ്റിലെത്തുന്നു. അയാളുടെ ഈ സ്വഭാവ ദൂഷ്യം അവളില്‍ വെറുപ്പാണ് ഉളവാക്കുന്നതെങ്കിലും അയാളുടെ അവസ്ഥയറിയുമ്പോള്‍ വെറുപ്പു മാറി ഇഷ്ടപ്പെടാന്‍ തുടങ്ങുകയാണ്. താന്‍ നടത്തിയിട്ടുള്ള ക്രുരമായ വിധി വാചകങ്ങളെ ഓര്‍ത്ത് ദു:ഖിക്കുകയാണ്. മാത്രമല്ല, ഒരു നഷ്ടപ്രണയത്തിന്റെ ദു:ഖവും പേറുന്നുണ്ട്. ഓരോ മനുഷ്യന്റെയും സ്വഭാവ വൈചിത്ര്യത്തിന്റെ പിന്നില്‍ ഇത്തരം ചില സംഭവങ്ങളുണ്ടാകാമെന്ന് ക്രിസ് ലോവസ്കി പറയുന്നു . സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാര്യത്തിലുള്ള പരിമിതി ഒരു ജീവിതാവസ്ഥയാണ്. ക്രിട്ടിക്സ് അസോസിയേഷനുകളുടെ അഞ്ച് പുരസ്ക്കാരങ്ങള്‍‍ ഈ ചിത്രം നേടി. ന്യൂയോര്‍ക്ക് ക്രിട്ടിക്സ് സര്‍ക്കിളിന്റെ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിനായിരുന്നു. അമേരിക്കയില്‍ ഏറെ പ്രദര്‍ശന വിജയം നേടിയ ക്രിസ് ലോവ്സ്കി ചിത്രം റെഡ്ഡാണ്.

പോളണ്ടിലെ വാഴ്സയിലാണ് ക്രിസ് ലോവസ്കി ജനിച്ചത് . 1941 ജൂണ്‍ 27 ന് പഠിക്കാന്‍ സമര്‍ത്ഥനല്ലാത്ത ക്രിസ് ലോവസ്കിക്ക് അലഞ്ഞു നടന്ന ഒരു ബാല്യകാലമാണ് ഉണ്ടായിരുന്നത്. നാടകം പഠിക്കാനായിരുന്നു താത്പര്യമെങ്കിലും അവിടെ ചാന്‍സ് കിട്ടാത്തതിനാല്‍ സിനിമ പഠിക്കാനായി ലോദ്സ് ഫിലിം സ്കൂളില്‍ ചേര്‍ന്നു. ഇവിടേയും മൂന്നാമത്തെ തവണയാണ് ചാന്‍സ് കിട്ടിയത്. ആദ്യം സംവിധാനം ചെയ്ത് ' ദ ട്രാം' ( 1966) എന്ന ഡോക്യുമെന്റെറിയാണ്. ‘ ദ ഫെയ്സ്’ എന്ന ലഘു ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. വീണ്ടും ഏതാനും ലഘു ചിത്രങ്ങളും ഡൊക്യുമെന്റെറികളും സംവിധാനം ചെയ്തു. പക്ഷെ, പലപ്പോഴും സെന്‍സര്‍ ഷിപ്പ് പ്രശ്നങ്ങള്‍‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതോടെ ക്രിസ്റ്റഫര്‍ സനൂസി. സഹ സംവിധായകനായി മാറി. 1975- ലെ ടെലിവിഷന്‍ ഫീച്ചര്‍ ‘പേഴ്സണല്‍ മാന്‍ഹീം' ഫിലിം ഫെസ്റ്റിവലില്‍ പുരസ്ക്കാരം നേടി. പോളണ്ടിന്റെ രാഷ്ട്രീയ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന Bez Komca (No End) 84 -ല്‍ പുറത്തിറങ്ങി പത്തു കല്‍പ്പനകളെ ആസ്പദമാക്കിയുള്ള ‘ ഡെക്ക് ലോഗ്’ എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 10 ഹൃസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിനു ശേഷമാണ് ഫ്രഞ്ച് ദേശീയ പതാകയെ അടിസ്ഥാനമാക്കി ‘ ത്രീ കളേഴ്സ്’ - ബ്ലൂ ,വൈറ്റ്, റെഡ്ഡ് നിര്‍മ്മിച്ചത്. റെഡ്ഡിന് മൂന്ന് ഓസ്ക്കാര്‍ നോമിനേഷനുകള്‍ ലഭിച്ചിരുന്നു.

90 മുതല്‍ സംവിധാനം ചെയ്ത ഡബ്ബിള്‍ ലൈഫ് ഓഫ് വെറോനിക്കയും 3 കളേഴ്സും മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളാണ്. 27 ഓളം ഹൃസ്വചിത്രങ്ങള്‍ പിന്നെ ഡോക്യുമെന്റെറികള്‍ ടെലിവിഷന്‍ ഫീച്ചറുകള്‍ ഇവ നിര്‍മ്മിച്ചിട്ടുണ്ട്. മനുഷ്യ ജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് ചോദ്യം ചെയ്യുന്നതോടൊപ്പം ചില പൊളിച്ചെഴുത്തുകളും ആവശ്യമാണെന്ന് അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ കണ്ടെത്താനാവും. പ്രണയവും മരണവും അതോടൊപ്പം കൊലപാതകം, മോഷണം ഇവയെക്കുറിച്ചും വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്യാമറയുടെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകടമാണ്. 1996 മാര്‍ച്ച് 13 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

എം.കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.