മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങളുടെ നായികയായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുളള വസുന്ധര ദാസ് മൂന്നാമൂഴത്തിൽ സുരേഷ്ഗോപിയുടെ നായികയാകുന്നു. നിസാർ സംവിധാനം ചെയ്യുന്ന ‘ബോസ്’ ആണ് വസുന്ധരയുടെ മൂന്നാമത് മലയാളചിത്രം. അടുത്തയാഴ്ച ഫോർട്ടുകൊച്ചിയിൽ ‘ബോസി’ന്റെ ഷൂട്ടിംഗ് തുടങ്ങും.
രഞ്ഞ്ജിത് സംവിധായകനായി മാറിയ ‘രാവണപ്രഭു’വാണ് വസുന്ധരാദാസിന്റെ ആദ്യ മലയാള ചിത്രം. മോഹൻലാലിന്റെ നായികയായി ചിത്രത്തിലുടനീളം നിറഞ്ഞുനിന്നു വസുന്ധര. മമ്മൂട്ടിച്ചിത്രം ‘വജ്ര’ത്തിലൂടെയാണ് ഇവർ പിന്നീട് മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഒരു സിനിമാനടിയായി ചുരുക്കം സീനുകളിലും ഗാനരംഗത്തുമായിരുന്നു സുന്ദരി വജ്രത്തിൽ പ്രത്യക്ഷപ്പെട്ടത്. എ.ആർ.റഹ്മാൻ കണ്ടെത്തിയ ഈ ഗായിക കമൽഹാസന്റെ ‘ഹേ റാമി’ലൂടെയാണ് അഭിനയരംഗത്തെത്തിയത്.