പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ലോക സിനിമ(13)വേജ്സ് ഓഫ് ഫീയര്‍ ( 1953) - ഹെന്‍റി ജോര്‍ജ്ജ് ക്ലുസോട്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം കെ

തൊഴിലില്ലാതെ വലയുന്ന ദക്ഷിണ അമേരിക്കയിലെ ഒരുള്‍നാടന്‍ ഗ്രാമം. പല ദിക്കുകളില്‍ ഇന്ന് മതിയായ രേഖകളില്ലാതെ കുടിയേറി പാര്‍ക്കുന്ന ഈ തൊഴിലില്ലാപ്പടയുടെ ഒത്തു കൂടല്‍ ഗ്രാമത്തിലെ റസ്റ്റോറന്റിലാണ്. ഗ്രാമത്തിനോട് ചേര്‍ന്നുള്ള സതേണ്‍ ഓയില്‍ കോര്‍പ്പറേഷനെന്ന അമേരിക്കന്‍ കമ്പനിയില്‍ വല്ലപ്പോഴും ലഭിക്കുന്ന തൊഴിലിനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് മിക്കവാറും ദിവസങ്ങളില്‍ റസ്റ്റോറന്റില്‍ ഒത്തുകൂടുകയും ചില്ലറബഹളങ്ങളും അടിപിടിയും നടത്തി പരസ്പരം പഴിപറഞ്ഞ് സമയം പോക്കുകയാണ് വാസ്തവത്തില്‍ മുഖ്യ ജോലിയെന്ന് പറയാം.

കമ്പനി വക എണ്ണ കിണറുകളില്‍ ഒന്നില്‍ ഒരു വന്‍ തീപിടുത്തമുണ്ടാവുന്നതോടെ തീയണക്കാന്‍ രണ്ട് ട്രക്ക് നിറയെ നൈട്രോ ഗ്ലിസറിന്‍ എന്ന സ്ഫോടകവസ്തു ആവശ്യമായി വരുമ്പോള്‍ അത് കൊണ്ട് വരാന്‍ പലരും മുന്നോട്ടു വരുന്നു. 300 മൈല്‍ ദൂരെ നിന്ന് മലമ്പാതയിലൂടെ ട്രക്ക് ഓടിച്ച് വരേണ്ട സമയബന്ധിതമായ ഒരു യജ്ഞം. സ്ഫോടക വസ്തുക്കള്‍ കൊണ്ട് വരാന്‍ നിയുക്തരായവര്‍ ലൂയ്ജി, ബിംബ, സ്മെര്‍ലേഫ്, മാരിയോ എന്നി നാലു പേരാണ്. അവരതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് ‘ ജോ’ എന്ന ഫ്രഞ്ച് കുടിയേറ്റക്കാരന്‍ സൂത്രത്തില്‍ സ്മെര്‍ലേഫിനെ ഒഴിവാക്കി ആ ജോലി കൈക്കലാക്കുന്നത്. ട്രക്കുകളുടെ യാത്ര ദുര്‍ഘടം പിടിച്ച മലമ്പ്രദേശത്തു കൂടി സമയബന്ധിതമായതിനാല്‍ വേഗത കൂടിയേ ഒക്കു. ലൂയ്ജിയും ബിംബയും ഓടിക്കുന്ന വണ്ടി തീ പിടിച്ചതിനാല്‍ പാതി വഴിക്ക് ആശ്രമം ഉപേക്ഷിക്കേണ്ടി വരുന്നു. ജോയും മാരിയോയും ഓടിക്കുന്ന രണ്ടാമത്തെ വണ്ടി ഒരു ചതുപ്പ് പ്രദേശത്ത് അപകടത്തില്‍ പെടുന്നു. ‘ ജോ’ ഒരു പ്രകാരത്തില്‍ വണ്ടിയുടെ നിയന്ത്രണമേറ്റെടുത്ത് മുന്നോട്ടു പോകുന്നു . അപകടത്തില്‍ പെട്ട കൂട്ടുകാരന്‍ മാരിയോയെ അയാള്‍ ഗൗനിക്കുന്നതേയില്ല. അവസാനം വണ്ടി പറഞ്ഞ സമയത്ത് തന്നെ എത്തിച്ചതിന്റെ ആഹ്ലാദത്തിലാണ് ജോ. പ്രതിഫലമായി കിട്ടിയ 2000 ഡോളറുമായി മടങ്ങുമ്പോള്‍ നിയതിയുടെ കളിയാട്ടമെന്നു പറയാവുന്ന ഒരു വിധി ജോയുടെ മേല്‍ വീഴുന്നു. അയാള്‍ മടങ്ങുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഒരു കൊക്കയിലേക്ക് മറിഞ്ഞ് ജോയും കൊല്ലപ്പെടുന്നു.

മരണത്തിലേക്ക് സ്വയം നടന്നടുത്തവരാണ് നാലു പേരും എന്ന് പറയാം. രൂക്ഷമായ തൊഴിലില്ലായ്മയാണ് ഈ അതിസാഹസികതക്കു കാരണമെങ്കിലും ധാര്‍മ്മികതയും സഹാനുഭൂതിയും കൈമോശം വന്നാല്‍ സംഭവിക്കാവുന്ന തീരുമാനം നിയതി നടപ്പാക്കിയതായി പ്രേക്ഷകക്കനുമാനിക്കാം. സാങ്കേതികമായും ആവിഷ്ക്കാരത്തിലും അവതരണത്തിലും അതീവ ശ്രദ്ധയും മേന്മയും അവകാശപ്പെടാവുന്ന ചിത്രമാണ് വേജ്സ് ഓഫ് ഫിയര്‍. ആക്ഷന്‍ രംഗങ്ങള്‍ക്കാവശ്യമായ ചടുതലത ഓരോ രംഗത്തിനും വരുന്നത്, അടുത്ത രംഗത്തിനു വേണ്ടി കാത്തിരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.

മുതലാളിത്ത വര്‍ഗ്ഗത്തിന്റെ ചൂഷണ ഭാവത്തെ പരോക്ഷമായി പ്രതിരോധിക്കാനും പരിഹരിക്കാനുമുള്ള സംവിധായകന്റെ ശ്രമങ്ങളെ കാണാതിരുന്നുകൂടാ. അമേരിക്കന്‍ വിരുദ്ധ ചിത്രമെന്ന് ആരോപണമുണ്ടായതിനാല്‍ കര്‍ശനമായ സെന്‍സര്‍ ഷിപ്പിന് വിധേയമാക്കിയതിനു ശേഷമാണ് പ്രദര്‍ശനാനുമതി ലഭിച്ചത്.

1953 - ലെ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്റ് പ്രൈസ് ഈ ചിത്രം നേടി . നല്ല നടനുള്ള പുരസ്ക്കാരവും നേടുകയുണ്ടായി . ബര്‍ലില്‍ മേളയിലും പുരസ്ക്കാരം ലഭിച്ചു. സസ്പന്‍സ് ആക്ഷന്‍ സിനിമകള്‍ക്ക് ലോക ക്ലാസ്സിക്കുകള്‍ക്കിടയില്‍ സ്ഥാനമുണ്ടെന്ന് ഈ ചിത്രത്തിലൂടെ സംവിധായകന്‍ ഹെന്‍റി ജോര്‍ജ് ക്ലുസ്സോട്ട് തെളിയിക്കുകയുണ്ടായി.

ജോര്‍ജ് ആര്‍നോഡിന്റെ ഇതേ പേരിലുള്ള നോവലാണ് ചലച്ചിത്രമായി രൂപം കൊണ്ടത്.

1907 ആഗസ്റ്റ് 18 ന് ഫ്രാന്‍സിലെ നോയര്‍ട്ടിലാണ് ജനനം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നു പെട്ടപ്പോള്‍ കുടുംബം ബ്രെസ്യിലേക്കു മാറി. നാവികനാവാനായിരുന്നു ക്ലുസോട്ടിന്റെ ആഗ്രഹമെങ്കിലും ആരോഗ്യക്കുറക്കുറവു മൂലം അത് നടപ്പിലാവാതെ പോയി. 18 - മത്തെ വയസില്‍ പഠനത്തിനായി പാരീസിലേക്ക് വന്ന ക്ലൂസോട്ട് ചില എഴുത്തുകാരുമായി പരിചയപ്പെടുകയും ആ പരിചയം തിരക്കഥാകൃത്തായി മാറ്റി സിനിമയിലെത്തിക്കുകയും ചെയ്തു. വിവര്‍ത്തനസിനിമകളുടെ രചനയായിരുന്നു ആദ്യം ലഭിച്ചത്. ജര്‍മ്മനിയില്‍ വച്ച് മൂര്‍ന്നോവ് , ഫ്രിറ്റ്സ്ലാംഗ് എന്നിവരുടെ സിനിമകള്‍ കണ്ട് അദ്ദേഹത്തിന്റെ ശ്രദ്ധ സംവിധാനരംഗത്തേക്ക് തിരിഞ്ഞു. ഒന്ന് രണ്ട് ഹൃസ്വ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന് ശേഷം ക്ഷയരോഗബാധിതനായതിനെത്തുടര്‍ന്ന് വീണ്ടും ഫ്രാന്‍സിലേക്ക് മടങ്ങി. ചികിത്സക്ക് ശേഷം നാസി അധീനതയിലുള്ള കോണ്ടിനെന്റെല്‍ കമ്പനിക്ക് വേണ്ടി ചില ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. 1943 ലെ ‘ ലികോര്‍ബയൂ’ എന്ന ചിത്രം ഫ്രഞ്ച് വിരുദ്ധമാണെന്നാരോപിച്ച് വിലക്കു വീണു. 1948 ല്‍ പുറത്തിറങ്ങിയ ‘ മാനണ്‍’ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടിക്കൊടുത്തതോടെ , സിനിമാരംഗത്ത് സജീവമാ‍യി നില്‍ക്കാനുള്ള അവസരങ്ങള്‍ വന്നു ചേര്‍ന്നു. ഹിച്ച് കോക്ക് തിരക്കഥയെഴുതിയ ‘ ഡയബോളിക്’ ലെസ് എസ്പിയോണ്‍സ്’ ‘ ലാവെരിത്തേ ‘ എന്നി ചിത്രങ്ങളും പ്രസിദ്ധങ്ങളാണ്. ‘ ലാ എന്‍ഫര്‍’ എന്ന ചിത്ര നിര്‍മാണത്തിനിടയില്‍ വീണ്ടും രോഗബാധിതനായി .’ മിസ്റ്ററി ഓഫ് പിക്കാസ്സോ’ പോലുള്ള ഡോക്യുമെന്റെറികളും നിര്‍മ്മിച്ചിട്ടുണ്ട്.

1977 -ല്‍ ജനുവരി 12 ന് പാരീസില്‍ വച്ചായിരുന്നു നിര്യാണം.

എം കെ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.