ജോഷി-മമ്മൂട്ടി-ബെന്നി പി.നായരമ്പലം ടീമിന്റെ ‘പോത്തൻവാവ’യിൽ ഭാവനക്കു പകരക്കാരിയായി സംവൃതസുനിൽ അഭിനയിക്കുന്നു. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിക്കുന്ന സിനിമയിൽ ഗോപികയാണ് പ്രധാന നായിക. തമിഴിൽ തിരക്കേറിയ ഭാവന ഡേറ്റ് പ്രോബ്ലം മൂലം പിൻമാറിയതിനെ തുടർന്നാണ് സംവൃതയെ കരാർ ചെയ്തിരിക്കുന്നത്. ജോഷിയുടെ ‘ജന്മ’ത്തിലും സംവൃത സഹകരിക്കുന്നുണ്ട്. ‘ജന്മ’ത്തിലെ പ്രകടനം കണ്ടറിഞ്ഞാണ് സംവിധായകൻ പുതിയ ചിത്രത്തിലും യുവനായികയെ ഉൾപ്പെടുത്തിയതത്രേ.
ഗ്ലാമർ പ്രദർശിപ്പിക്കാതെ ശ്രദ്ധ പിടിച്ചുപറ്റിയ അപൂർവം നായികമാരിൽ ഒരാളാണ് സംവൃത. ‘വാസ്തവ’ത്തിൽ പൃഥ്വിരാജിന്റെ ഭാര്യാവേഷമാണ്. വി.കെ.പ്രകാശിന്റെ ‘മൂന്നാമതൊരാൾ’ ആണ് പുതിയ റിലീസ്. ജയറാം, വിനീത്, ജ്യോതിർമയി എന്നിവർക്കൊപ്പം തുല്യപ്രാധാന്യമുളള വേഷമാണിതിൽ.
നോട്ടം, പുലിജന്മം എന്നീ ചിത്രങ്ങളിൽ നായികയായതോടെ ആർട്ട് ചിത്രങ്ങളുടെ അണിയറക്കാർക്കും ഈ കോളേജ് ബ്യൂട്ടി പ്രിയങ്കരിയായിക്കഴിഞ്ഞു. ‘രസികനി’ൽ ദിലീപിന്റെ നായികയായിട്ടാണ് അരങ്ങേറ്റം.