പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ഉത്തര- ബുദ്ധദേവ് ദാസ് ഗുപ്ത (2000)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ

ബംഗാളി സിനിമയിലെ നവപ്രതിഭകളില്‍ ശ്രദ്ധേയനാണ് ബുദ്ധദേവ് ദാസ് ഗുപ്ത. സത്യജിത്ത് റേയുടെ റിയലിസ്റ്റിക് സിനിമകളുടെ സ്വാധീനം ആദ്യകാലചിത്രങ്ങളിലുണ്ടായിരുന്നെങ്കിലും പിന്നീട് സ്വന്തം പാത കണ്ടെത്തിയ സംവിധായകനാണ് ബുദ്ധദാസ് ദേവ് ഗുപ്ത. അതിന്റെ നിദര്‍ശന ഉദാഹരമായി ‘ ഉത്തര’ യെ കാണാം. വഷളായിപ്പോകാന്‍ സാദ്ധ്യതയുള്ള സ്വവര്‍ഗ്ഗാനുരാഗത്തെ ഊന്നിയുള്ള ചിത്രം. പക്വത വന്ന ഒരു ചലച്ചിത്രകാരന്റെ കൈയ്യില്‍ പെട്ടതു കൊണ്ടാണ് ഉത്തര പോലെയുള്ള ചിത്രം പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

സമേഷ് ബാബു എന്ന ബംഗാളി എഴുത്തുകാരന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ഉത്തര ഒരുക്കിയിരിക്കുന്നത് . തിരക്കഥ സംവിധായകന്റേതാണ്.

ബംഗാളിലെ പുരുളിയ ഗ്രാമത്തിലെ റെയില്‍വേ ജീവനക്കാരായ ബലറാമും നെമായിയുമാണ് മുഖ്യകഥാപാത്രങ്ങള്‍. ഗ്രാമത്തിലൂടെ വളരെ കുറവായി മാത്രമേ ട്രയിനുകള്‍ ഓടുന്നുള്ളു , പല സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി തളച്ചിടപ്പെടുമ്പോള്‍ വിരസത വന്നു പെടാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. അവയെ തരണം ചെയ്യാന്‍ അവര്‍ കണ്ടു പിടിച്ച മാര്‍ഗ്ഗമാണ് പരസ്പരം ഗുസ്തിമത്സരങ്ങളില്‍ ഏര്‍പ്പെടുക എന്നത്. അതിന്റെ പരിണിത ഫലം അവര്‍ സ്വവര്‍ഗ്ഗാനുരാഗികളായി മാറി എന്നുള്ളതാണ്. അവരുടെ സുഹൃത്തുക്കള്‍ എന്ന് പറയാവുന്നവര്‍ ഒരു ക്രിസ്ത്യന്‍ പാതിരിയായ പദ്രിബാബ , അയാളുടെ ദത്തുപുത്രന്‍ ഏഴു വയസ്സുള്ള മാത്യു , പിന്നെ കുറയേറെ മനോനില തെറ്റിയ മട്ടില്‍ പെരുമാറുന്ന റെയില്‍വേ ഗാര്‍ഡ് . അമേരിക്കയിലേക്ക് ഗ്രാമത്തിലെ നിരക്ഷരരായ മതാനുയായികളെ കഴിയുന്നതും കടത്തുക എന്ന ഗൂഢലഷ്യവും പാതിരിക്കുണ്ട്. ഒരു തവണ നാട്ടില്‍ അവധിക്കു പോയി വന്ന ബലറാമിനൊപ്പം അയാളുടെ ഭാര്യ ഉത്തരയും ഉണ്ടായിരുന്നു. ഇതോടെ ബലറാമിന്റെ സുഹൃത്ത് നെമായി അസ്വസ്ഥനാകുന്നു . ഉത്തര കാരണം തങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീണതാണ് അയാളെ അലട്ടുന്നത്.

തീവ്രവാദികളായ ഒരു പറ്റം ഹിന്ദുക്കള്‍ ഈ സമയം ഗ്രാമത്തില്‍ കലാപം അഴിച്ചു വിടുന്നു. ഫാദര്‍ പദ്രിയേയും പള്ളിയേയും ചുട്ടു ചാമ്പലാക്കുന്നു. മാത്യു ഭയവിഹ്വലനായി രക്ഷപ്പെടുന്നു. ഈ ബഹളത്തില്‍ നിന്ന് രക്ഷനേടാനാണ് ഉത്തര ബലറാമിന്റെ അടുക്കലേക്ക് ഓടുന്നത്. പക്ഷെ ബലറാമും നെമായിയും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ പരസ്പരം ഗുസ്തിയാരഭിച്ചു കഴിഞ്ഞിരുന്നു. ഭയചകിതയായ ഉത്തരയെ റെയി ല്‍ വേ ഗാര്‍ഡ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അയാളും കൊല്ലപ്പെടുന്നു. ക്രൂരമായ ബലാത്സംഗത്തിനിരയായി ഉത്തരയും പിന്നീടു കൊല്ലപ്പെടുന്നു. പക്ഷെ ഇപ്പോഴും ബലറാമും നെമായിയും തങ്ങളെ അലട്ടുന്നതല്ല എന്ന മട്ടില്‍ ഗുസ്തിമത്സരത്തിലാണ്. ചിത്രത്തിന്റെ അവസാനം തെളിഞ്ഞു കാണുന്ന പള്ളി, കൊല്ലപ്പെട്ടു കിടക്കുന്ന റെയിവേഗാര്‍ഡ് , ചിന്നഭിന്ന മായ് കിടക്കുന്ന ഉത്തര, ബലറാമും നെമായിയും ഇപ്പോഴും ഗുസ്തി മത്സരത്തിലാണ് മതവൈരാഗ്യവും ലഹളകളും ഇവയെല്ലാം സൃഷ്ടിച്ച ദുരന്ത ഭൂമി ഇവ പ്രേക്ഷകമനസ്സുകളിലേ‍ക്ക് പകരുന്നത് ഭീതിദമായ അവസ്ഥയാണ്.

കവിയും സംഗീത സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമൊക്കെയായ ബുദ്ധദേവ് ദാസ്ഗുപ്ത 1944 ഫ്രെബ്രുവരി 11 നു ബംഗാളിലെ അനാറയിലാണ് പിറന്നത്. എക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം കുറെക്കാലം കോളേജ് അധ്യാപകനായി ജോലി നോക്കിയ സമയത്ത് ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിനുള്ള സമയവും കണ്ടെത്തിയിരുന്നു. ആ പ്രവര്‍ത്തനം പിന്നീട് ചലച്ചിത്ര രംഗത്തേക്കു വരാന്‍ കാരണമായി. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള കോണ്ടിനെന്റ് ഓഫ് ലവ് എന്ന ഡോക്യുമെന്ററിയാണ് ആദ്യ ചിത്രം. ആദ്യമായ് സംവിധാനം നിര്‍വഹിച്ച ഫീച്ചര്‍ ഫിലിം 1978 ല്‍ പുറത്തിറങ്ങിയ ‘ദുരത്വ’ ആണ്. ആദ്യ ചിത്രം‍ മികച്ച പ്രാദേശിക സിനിമക്കുള്ള പ്രസിഡന്റിന്റെ മെഡല്‍ നേടിയതിനു പുറമെ കാന്‍ ഫിലിം ഫെസ്റ്റിവലുള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചു. ദുരത്വയെ തുടര്‍ന്ന് വന്ന ചിത്രങ്ങള്‍ ഗൃഹയുദ്ധ, ആ‍ഡിംഗലി, എന്നിവയാണ്. ദുരത്വയുള്‍പ്പെടെയുള്ള ഈ ചിത്രങ്ങളെ ചലച്ചിത്രത്രയം ആയി കണക്കാക്കുന്നു. നീ അന്നപൂര്‍ണ്ണ, ഫേര, ചരാചര്‍, തഹേദാര്‍കഥ ഇവയ്ക്കു ശേഷമാണ് ഉത്തര വരുന്നത്. തുടര്‍ന്ന് ലാല്‍ദര്‍ജ , ഉപംഖ്യാന്‍, കാല്പുരുഷ് എന്നിവയും ശ്രദ്ധേയങ്ങളാണ്. മിക്ക ചിത്രങ്ങളും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ബഹുമതികള്‍ നേടിയിട്ടുണ്ട്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ ഫ്രാന്‍സിലെ നാന്ത്സ് ഫെസിവല്‍ എന്നിവിടങ്ങളിലെ പുരസ്ക്കാരങ്ങളും നോമിനേഷനുകളും നേടിയിട്ടുണ്ട്. മികച്ച സംവിധായകനു ഉള്ള ദേശീയ പുരസ്ക്കാരം ഉത്തരയ്ക്കു പുറമെ സ്വപ്നേര്‍ദിന്‍ എന്ന ചിത്രത്തിനും ലഭിച്ചു. സംസ്ഥാനതലത്തിലുള്ള അവാര്‍ഡ് ഒന്നിലേറെ തവണ ലഭിച്ചു. ഇതിനു പുറമെ സ്റ്റോറി ഓഫ് ഗ്ലാസ്സ്, ഇന്ത്യ ഓണ്‍ ദ മൂവ് , സെറാമിക്സ്, കണ്ടമ്പറ്റി ഇന്ത്യന്‍ കള്‍ച്ചര്‍ , ഹിസ്റ്ററി ഒഫ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ ഡോകുമെന്ററികളും പ്രസിദ്ധങ്ങളാണ്. 2009 -ല്‍ പുറത്തിറങ്ങിയ ജനാല ആണ് ഏറ്റവും പുതിയ ചിത്രം. ഇതിനു പുറമെ കവിതാ സമാഹാരങ്ങളും നോവലുകളും രചിച്ചിട്ടുണ്ട് .

എം.കെ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.