പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

അവർ സ്വയം പരിശോധിക്കുമ്പോൾ - ‘ഉദയനാണു താരം’ എന്ന ചലച്ചിത്രത്തെക്കുറിച്ച്‌ ഒരു ആസ്വാദനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

സിനിമാനിരൂപണം

മിമിക്രി പിതാവായും അശ്ലീലത മാതാവായും പിറന്നുവീണ ‘പൊട്ടിച്ചിരികളുടെ മഹാവിജയ’മെന്ന പരസ്യവാചകങ്ങളുടെ തലയെടുപ്പോടെ എത്തിയ പ്രേക്ഷകരെ തികഞ്ഞ വിഡ്‌ഢികളാക്കുന്ന തട്ടുപൊളിപ്പൻ ചലച്ചിത്രങ്ങളുടെ ശവഘോഷയാത്രയ്‌ക്ക്‌ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്‌ കേരളം. കാഴ്‌ചക്കാരുടെ സാമാന്യ ബുദ്ധിയെയും ജീവിതാനുഭവങ്ങളിലൂടെ അവർ ആർജ്ജിച്ച അവബോധങ്ങളെയും അട്ടിമറിച്ചുകൊണ്ടുളള ചലച്ചിത്രാഭാസങ്ങൾക്ക്‌ മുന്നിൽ മലയാളിയുടെ ആസ്വാദന നിലവാരം തകർച്ചയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ഇതിൽനിന്നും വേറിട്ട ശ്രമങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്‌ നല്ല സിനിമകൾക്കായി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ടെന്നത്‌ വ്യക്തമാക്കുന്നു. ‘ഉദയനാണ്‌ താരം’ എന്ന ലളിതമായ ചലച്ചിത്ര ശ്രമം മലയാളികൾക്കിടയിൽ നിലനിൽക്കുന്ന അബദ്ധജടിലമായ ഒരു ദൃശ്യസംസ്‌ക്കാരത്തിന്റെ അന്തഃസാര ശൂന്യതകളിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌.

സഹസംവിധായകനായ ഉദയഭാനു (മോഹൻലാൽ), സിനിമാമോഹവുമായി മദ്രാസ്‌ നഗരത്തിലെത്തി യാദൃച്ഛികമായി സൂപ്പർതാരമായിത്തീർന്ന രാജപ്പൻ എന്ന സരോജ്‌കുമാർ (ശ്രീനിവാസൻ), മധുമതി എന്ന ചലച്ചിത്ര നടി (മീന), ഇവരിലൂടെയാണ്‌ കഥ വികസിക്കുന്നത്‌. ഉദയഭാനു ഏറെക്കാലത്തെ കഠിനാദ്ധ്വാനത്തിനുശേഷം തയ്യാറാക്കിയ തിരക്കഥ രാജപ്പൻ മോഷ്‌ടിക്കുകയും, പ്രസ്‌തുത കഥയിലെ നായകനായിത്തന്നെ വേഷമിട്ട്‌ അയാൾ സൂപ്പർതാരപദവിയിലേക്കെത്തുകയും ചെയ്യുമ്പോഴേക്കും ഉദയഭാനുവിന്റെ ‘നല്ല സിനിമ’ എന്ന ജീവിതാഭിലാഷം തകർന്ന്‌ തരിപ്പണമാകുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി വെറും സുഹൃത്ത്‌ മാത്രമായിരുന്ന മധുമതി എന്ന നടിയെ ജീവിതത്തിലേക്ക്‌ ക്ഷണിക്കേണ്ടി വരികയും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ അയാൾ ഉഴറി വീണുപോവുകയും ചെയ്യുന്നു. ബേബിക്കുട്ടൻ എന്ന നിർമ്മാതാവ്‌ ഉദയഭാനുവിനെ സഹായിക്കാനെത്തുകയും അതോടുകൂടി സരോജ്‌കുമാർ വരുത്തിത്തീർത്ത എല്ലാ പ്രതിസന്ധികളെയും മറികടന്ന്‌ ഒരു നല്ല സിനിമയെടുക്കുക എന്ന ഉദയഭാനുവിന്റെ സ്വപ്‌നം സാക്ഷാത്‌ക്കരിക്കപ്പെടുകയും ചെയ്യുന്നതോടെ ചലച്ചിത്രം പൂർണ്ണമാകുന്നു.

സംവിധായകൻ റോഷൻ ആൻഡ്രൂസും ശ്രീനിവാസനും ചേർന്നെഴുതിയ കഥയ്‌ക്ക്‌ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്‌ ശ്രീനിവാസൻ തന്നെയാണ്‌. സിനിമയ്‌ക്കുളളിലെ സംഘർഷങ്ങളെക്കുറിച്ചും താരാധിപത്യം സൃഷ്‌ടിക്കുന്ന അപകടങ്ങളെക്കുറിച്ചും പ്രേക്ഷകരോട്‌ തുറന്നു പറയുകയാണ്‌ ഈ ചിത്രം ചെയ്യുന്നത്‌. ചിത്രത്തിൽ സരോജ്‌കുമാർ എന്ന സൂപ്പർതാരത്തിന്റെ പരിഹാസ്യമായ നാട്യങ്ങൾ മലയാളത്തിലെ ഏതൊരു സൂപ്പർതാരത്തിനും ഒരു ആത്മവിശകലത്തിന്‌ പ്രേരണ നൽകുന്നതാണ്‌. 90 കൾക്ക്‌ ശേഷം മലയാളത്തിലെ പ്രമുഖ നടന്മാർ ഡീഗ്ലാമറൈസ്‌ഡ്‌ വേഷങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന ദുഃഖകരമായ വസ്‌തുതയും ഇതോടൊപ്പം ചേർത്തു വായിക്കാം. പ്രേക്ഷകർ നൽകുന്ന അംഗീകാരത്തെ എങ്ങനെയാണ്‌ വിപണിയുടെ സാധ്യതകളായി ഉപയോഗപ്പെടുത്തേണ്ടത്‌ എന്നുമാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന പരസ്യപ്പലകകളായി കലാകാരൻമാർ മാറുമ്പോൾ ‘നിങ്ങൾ സുരക്ഷിതരല്ലെ’ന്ന്‌ വിളിച്ചു പറയാൻ പ്രേക്ഷകർ നിർബന്ധിതരായിത്തീരും എന്നത്‌ സരോജ്‌കുമാറിന്റെ ‘പതനം’ വ്യക്തമാക്കുന്നു.

മീരാജാസ്‌മിൻ എന്ന നടിയ്‌ക്ക്‌ അനുഭവിക്കേണ്ടിവന്ന സംഘർഷങ്ങൾ വ്യക്തമാക്കുന്നത്‌ സിനിമ ഒരു വിപണിയായിത്തീരുമ്പോൾ അതിന്റെ കച്ചവടതാത്‌പര്യങ്ങൾ നമ്മുടെ ജീവിതത്തെ ദാരുണമാംവിധം ഞെരുക്കിക്കൊണ്ട്‌ നമ്മളിൽ എങ്ങനെയൊക്കെ ഇടപെടുവാൻ തുടങ്ങും എന്നതാണ്‌. സിനിമയിലെ മധുമതി എന്ന നടിയുടെ ആത്മസംഘർഷങ്ങൾക്ക്‌ കാരണമായിത്തീരുന്നത്‌ സിനിമാവ്യവസായത്തിൽ നിന്നും അതിന്റെ കലാപരമായ നന്മകൾ ഒക്കെയും നീക്കം ചെയ്‌ത്‌ ഒരു ലക്ഷണമൊത്ത ഒരു ‘കൊമേഴ്‌സ്യൽ പ്രൊഡക്‌ട്‌’ ആക്കിത്തീർക്കുവാൻ ശ്രമിക്കുന്ന വ്യവസായികളുടെ ക്രൂരതാത്‌പര്യങ്ങളാണ്‌. ഉദയഭാനുവിന്റെ ആത്മാവിഷ്‌ക്കാരങ്ങൾ പലപ്പോഴും വിഘാതമായിത്തീരുന്നതും തന്റെ ശത്രുവായ രാജപ്പനെത്തന്നെ നായകനാക്കി ആദ്യത്തെ സിനിമ ചെയ്യേണ്ടിവന്നതും വിപണിയുടെ താത്‌പര്യങ്ങൾക്കു വഴങ്ങിയാണ്‌. കലാമൂല്യമുളള സിനിമകളൊരുക്കുന്ന സംവിധായകർപോലും വിപണിയുടെ ഒത്തുതീർപ്പുകൾക്കുമുന്നിൽ വഴങ്ങിക്കൊടുക്കുന്ന കാഴ്‌ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. സിനിമ ഒരു വലിയ കൂട്ടായ്‌മയുടെ സൃഷ്‌ടിയാണെന്നും അഭിനേതാവ്‌ ആ കൂട്ടായ്‌മയിലെ ഒരു അംഗം മാത്രമാണെന്നതുമുളള യാഥാർത്ഥ്യം കഥാകൃത്ത്‌ പ്രേക്ഷകരോട്‌ പറയുന്നു.

‘ഉദയനാണ്‌ താരം’ വേറിട്ടു നിൽക്കുന്നത്‌ ലളിതമായ കഥാതന്തു കൊണ്ടാണ്‌. ജനങ്ങളുടെ സാമാന്യയുക്തിബോധത്തെ അപഹാസ്യപ്പെടുത്തുന്ന അസാധാരണ വഴിത്തിരിവുകളോ ക്ലൈമാക്‌സുകളോ കഥയിലില്ല. നായക സങ്കൽപ്പങ്ങളുടെ പൂർണ്ണതയെന്ന്‌ കൊട്ടിഘോഷിച്ച്‌ സവർണ്ണ ഹൈന്ദവ ബിംബങ്ങളാൽ അലങ്കരിക്കപ്പെട്ട പ്രേക്ഷകനുമുന്നിലെത്തുന്ന പതിവ്‌ വിഡ്‌ഢിത്തങ്ങളിൽനിന്നും മോഹൻലാൽ എന്ന നടൻ മുക്തനായി എന്നതും ആശ്വാസകരമാണ്‌. തികച്ചും സ്വാഭാവികമായ ദൃശ്യങ്ങളിലൂടെയാണ്‌ കഥ പരിചരിക്കപ്പെടുന്നത്‌.

ഗാനങ്ങളുടെ തിരഞ്ഞെടുപ്പിലും ഗാനരംഗങ്ങളുടെ ചിത്രീകരണങ്ങളിലും കാണിച്ച ഉദാസീനത ഈ ചിത്രത്തെ കുറച്ചൊന്നുമല്ല തളർത്തിക്കളയുന്നത്‌. കലാസംവിധായകനോ ഛായാഗ്രാഹകനോ അവകാശപ്പെടുവാൻ പുതിയ ശ്രമങ്ങളൊന്നും ചലച്ചിത്രത്തിലില്ല. എഡിറ്റിംഗിൽ കാണിച്ചിരിക്കുന്ന കൃത്യത ചലച്ചിത്രത്തിന്റെ ഒരു സവിശേഷതയാണ്‌.

ഒരു മികച്ച ചലച്ചിത്രശ്രമം എന്നൊന്നും അവകാശപ്പെടാൻ കഴിയില്ലെങ്കിലും പതിവുശീലങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി ഒരു കഥാപരിചരണം സാധ്യമാകുന്നുവെന്നത്‌ ‘ഉദയനാണ്‌ താരം’ എന്ന ചലച്ചിത്രത്തിന്‌ അവകാശപ്പെടാവുന്ന സവിശേഷതയാണ്‌. ഇത്തരം ശ്രമങ്ങൾ അൽപ്പമെങ്കിലും പ്രോത്സാഹനാർഹവുമാണ്‌.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.