പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ഏക് ദിന്‍ പ്രതിദിന്‍ (1979)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ

സിനിമ സാമൂഹിക പ്രതിബദ്ധതയോടുകൂടിയാവണമെന്ന നിര്‍ബന്ധബുദ്ധിയുള്ള ചലച്ചിത്രകാരനാണ് മൃണാള്‍ സെന്‍. സിനിമയിലെ ഒരു കഥാപാത്രം പെട്ടന്ന് അപ്രത്യക്ഷമാകുന്ന സ്വഭാവം അദ്ദേഹത്തിന്റെ ഏതാനും ചിത്രങ്ങളില്‍ പ്രകടമാണ്. അത് മാത്രമല്ല ബംഗാളിലെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന മദ്ധ്യവര്‍ത്തി സിനിമകളുടെ വക്താവായും അറിയപ്പെടുന്നു. അതോടൊപ്പം രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, അസ്വസ്ഥമാകുന്ന കലാശാലകള്‍ , നക്സലിസത്തിന്റെ ഉദയം ഇവയെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണാം. ഇടതുപക്ഷപ്രസ്ഥാനത്തോടുള്ള സെന്നിന്റെ ചായ്‌വ് ആദ്യകാലചിത്രങ്ങളില്‍ കാണാമെങ്കിലും പില്‍ക്കാലത്ത് അവയ്ക്കു സാരമായ മാറ്റം വന്നു. എങ്കിലും അദ്ദേഹത്തിന്റെ ചായ്‌വ് എപ്പോഴും ഇടതുപക്ഷത്തോടു തന്നെയാണ്. ബംഗാളിലെ പ്രസിദ്ധ എഴുത്തുകാരന്‍ അമലേന്ദു ചക്രവര്‍ത്തിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് ‘ ഏക് ദിന്‍ പ്രതിദിന്‍’ ചലച്ചിത്രമാക്കിയിരിക്കുന്നത് . ഒരിടത്തരം കുടുംബം - അച്ഛന്‍ അമ്മ മൂന്ന് സഹോദരിമാരും രണ്ടു സഹോരന്മാരുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനം ചീനുവെന്ന മൂത്തമകളുടെ ജോലിയാണ്. ഒരു ദിവസം ജോലിക്കു പോയ ചീനു പതിവു സമയമായിട്ടും മടങ്ങി വന്നില്ല. ഓഫീസിലെ തിരക്കിട്ട പണിമൂലമാണ് എന്നു കരുതിയെങ്കിലും അവളുടെ സഹോദരി ഓഫീസിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ ചീനു അവിടെയില്ല. അവളെവിടെ പോയെന്ന് ആര്‍ക്കുമറിയില്ല. ലാസ്റ്റ് ബസ്സിലും അവള്‍ വരാത്തപ്പോള്‍‍ കുടുംബാംഗങ്ങള്‍ എല്ലാവരും അസ്വസ്ഥരാകുന്നു. ആ കുടുംബം താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിലെ ആള്‍ക്കാരെല്ലാം ഓരോരോ കഥകള്‍ ചീനു വരാത്തതിനെ പറ്റി പറഞ്ഞു പരത്തുന്നു. പോലീസില്‍ പരാതികൊടുക്കുന്നതോടൊപ്പം കുടുംബാംഗങ്ങള്‍ ഓരോരുത്തരും ആശുപത്രികളിലും മോര്‍ച്ചറികളിലും തിരക്കി നിരാശയോടെ മടങ്ങാനായിരുന്നു വിധി.

പക്ഷെ പിറ്റേന്നു പ്രഭാതത്തില്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ചീനു മടങ്ങിയെത്തുന്നു. അവളെവിടെ ആയിരുന്നു? പക്ഷെ കുടുംബാംഗങ്ങള്‍ ആരും തന്നെ ആ ചോദ്യം ചോദിക്കുന്നില്ല. അവളില്‍ സ്വഭാവദൂഷ്യം കാണുന്ന വീട്ടുടമസ്ഥന്‍ ആ കുടുംബത്തോട് ഇറങ്ങിപ്പോവാനാണാവശ്യപ്പെട്ടത് . പക്ഷെ ആരും തന്നെ അതു ഗൗനിക്കുന്നില്ല.

വീണ്ടും ചീനു ജോലിക്കു പോകുന്നു, വരുന്നു എല്ലാം പഴയ പടി തന്നെ. പക്ഷെ ആ രാത്രി ചീനു എവിടെയായിരുന്നു? ആര്‍ക്കും അറിയില്ല പ്രേക്ഷകരും അതറിയേണ്ട എന്ന് തന്നെയാണ് സം വിധായകന്റെയും ലഷ്യം.

അവളെവിടെപ്പോകുന്നു എന്തു ചെയ്യുന്നു എന്നത് ഒരു വ്യക്തിയുടെ സ്വകാര്യാവശ്യമാണ്. അതാരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് ചിത്രം അണിയിച്ചൊരുക്കിയ സംവിധായകനും ഉള്ളതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു.

1923 മെയ് 14 നു കിഴക്കന്‍ ബംഗാളിലെ ഫരിദാപൂരിലാണ് മൃണാള്‍സെന്‍ ജനിച്ചത്. സ്വാതന്ത്ര്യ സമരകാലത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ഒരഭിഭാഷകനായിരുന്നു അച്ഛന്‍. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ ബിരുദം നേടിയതിനുശേഷം ജേര്‍ണലിസ്റ്റായും ഫിലിം സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയറായും ജോലി ചെയ്തു. ഇപ്റ്റയിലെ മെമ്പറായ ഗീതാസെന്നിനെ വിവാഹം ചെയ്തു.

ആദ്യസിനിമ 1956 -ല്‍ പുറത്തിറങ്ങിയ ‘ രാത് ഭര്‍ ബൈഷേ ശ്രാവണ്‍’‘എന്ന സിനിമയിലൂടെ പ്രശസ്തനായി. കല്‍ക്കത്തയിലെ മദ്ധ്യവര്‍ഗ്ഗക്കാരുടെ ജീവിത പ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലുന്ന' ഇന്റെര്‍വ്യൂ’ കല്‍ക്കത്ത 71, പഥാതിക് എന്നീ ചിത്രങ്ങള്‍ കല്‍ക്കത്ത ത്രയം എന്ന പേരില്‍ പ്രസിദ്ധമാണ്. അതേ സമയം ആബ്സെന്റ് ട്രിലോജി എന്ന പേരിലാണ് പിന്നീടിറങ്ങിയ ഏക്ദിന്‍ പ്രതിദിന്‍ , ഖാരിജ്, ഏക്ദിന്‍ അചാനക് എന്ന ചിത്രങ്ങള്‍ അറിയപ്പെടുന്നത് ബംഗാളി ഭാഷയിലെ ചിത്രങ്ങള്‍ക്ക് പുറമെ തെലുങ്കിലും ഒറിയ ഭാഷയിലും ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതുവരെ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ഹ്രസ്വചിത്രങ്ങള്‍, 5 ഡൊക്യുമെന്റെറികള്‍ ഇവ നിര്‍മിച്ചിട്ടുണ്ട് . ലോക സിനിമ 100 വര്‍ഷം പിന്നിട്ട വേളയില്‍ അണിയിച്ചൊരുക്കിയ 100 years of cinema എന്ന ഡോക്യുമെന്റെറി വളരെ ശ്രദ്ധേയമാണ്. 1969 -ല്‍ പുറത്തു വന്ന ഭുവന്‍ഷോം ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രസിദ്ധിയാര്‍ജ്ജിച്ചു. ആ വര്‍ഷത്തെ ദേശീയ പുരസ്ക്കാരവും നേടിക്കൊടുത്തു. പ്രധാന വേഷങ്ങളില്‍ വന്നു ഉത്പല്‍ദത്ത്. സുഹാസിനി മുലെ മുഖ്യനടനും നടിയും അഭിനയത്തിനുള്ള ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനു പുറമെ അന്തര്‍ദേശീയ നിരവധി പുരസ്ക്കാരങ്ങള്‍ ഓട്ടോ ദ ബലീസ് അവാര്‍ഡ്, ഓസീസ് അവാര്‍ഡ്, സില്‍വര്‍ ബര്‍ലിന്‍ അവാര്‍ഡ്, ഫിലിം ഫെയര്‍ ഗോള്‍ഡ് ഹ്യൂഗോ, കാരിയോ ഫെസ്റ്റ്വലിലെ മികച്ച സംവിധായകനുള്ള അവാര്‍ഡ്, മോസ്ക്കോ ഫിലിം ഫെസ്റ്റിവലില്‍ വെള്ളിമെഡല്‍ ഇവയൊക്കെ അദ്ദേഹത്തിനു ലഭിച്ച ആദ്യകാല പുരസ്ക്കാരങ്ങളില്‍ ചിലത് മാത്രമാണ്. ഭാരത് സര്‍ക്കാരിന്റെ പത്മഭൂഷണ്‍ ബഹുമതിയും ഫ്രഞ്ച് സര്‍ക്കാരിന്റെ കമാന്റര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. 2005 -ല്‍ ചലച്ചിത്ര ലോകത്തെ വിശിഷ്ട സേവനത്തിനു ദാദാ ഫാല്‍ക്കേ അവാര്‍ഡും ലഭിച്ചു . 98 മുതല്‍ 2009 വരെ പാര്‍ലമെന്റിലേക്ക് നോമിനേറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഓള്‍ ഡെഡ് ബീയിംഗ് ബോണ്‍ എന്ന ആത്മകഥ വിഖ്യാത രചനയാണ്. ചരിത്രവും പുരാവൃത്തവും യാഥാര്‍ത്ഥ്യവും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കടന്നു വരാറുണ്ട്. അതേ സമയം സമൂഹത്തിലെ ചൂഷണങ്ങളേയും പൊള്ളത്തരങ്ങളേയും വിമര്‍ശിക്കാനും മറക്കാറില്ല. 2002 ലെ അമര്‍ഭവന്‍ ആണ് ഏറ്റവും അവസാനമിറങ്ങിയ ചിത്രം.

എം.കെ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.