പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

കുതന്ത്രത്തിന്റെ ദൃശ്യഭാഷകൾ - ‘തന്ത്ര’ എന്ന ചലച്ചിത്രത്തിന്റെ ആസ്വാദനക്കുറിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

നൂറ്റാണ്ടുകളുടെ കഠിനപ്രയത്‌നത്തിന്റെ പര്യവസാനത്തിലായിരിക്കാം ചിലപ്പോൾ ഒരു സാങ്കേതികവിദ്യ അതിന്റെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്താൻ തക്കവണ്ണം പര്യാപ്‌തമായ, പരിപൂർണ്ണമായ വളർച്ച നേടുന്നത്‌. അതുകൊണ്ടുതന്നെ അത്തരം മാധ്യമങ്ങൾ കൈയ്യാളുന്നവർ (ചലച്ചിത്രമായാലും ടെലിവിഷനായാലും) സ്വന്തം മാധ്യമത്തിന്റെ ചരിത്രവും വളർച്ചയും സഗൗരവം പരിഗണിക്കുന്നത്‌ ചില തിരിച്ചറിവുകളിലേക്കും ആത്മശുദ്ധീകരണത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. കുറഞ്ഞപക്ഷം വിഡ്‌ഢിത്തത്തിന്റെ, തികഞ്ഞ വങ്കത്തരത്തിന്റെ പതിവുചേരുവകൾക്കുമീതെ ‘ഒരു പുത്തൻ അനുഭവം’ എന്ന അലങ്കാരം ചാർത്തിക്കൊടുക്കുമ്പോൾ അൽപ്പം മനസ്സാക്ഷിക്കുത്തെങ്കിലും ഉണ്ടാകുമെന്നുളളത്‌ തീർച്ചയാണ്‌. മലയാളത്തിലെ കൊമേഴ്‌സ്യൽ സിനിമ ഒരു എന്റർടെയ്‌നർ എന്നു വിശേഷിപ്പിക്കാവുന്ന വളരെ സങ്കുചിതവ്യാപാരം പോലും നടത്താനാകാതെ തകർന്നുപോകുന്നതിന്റെ ദൃശ്യമാണ്‌ ‘തന്ത്ര’ എന്ന ചലച്ചിത്രത്തിലൂടെ വ്യക്തമാകുന്നത്‌. കെ.ജെ.ബോസ്‌ സംവിധാനം ചെയ്‌ത ചലച്ചിത്രത്തെ മുൻനിർത്തി പുതിയ കച്ചവട സിനിമകളെ പരിശോധിക്കാനുളള എളിയ ശ്രമമാണിത്‌.

മൂന്നും നാലും തവണ ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ മലയാളത്തിന്റെ മഹാനടൻ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ, നിശിതമായ ഒരു വായനയിൽ ഛിന്നഭിന്നമായിപ്പോകുന്ന ചലച്ചിത്രങ്ങളുടെ ജുഗുപ്തസാവഹമായ ഒരു ഒഴുക്കാണ്‌ അടുത്തകാലത്ത്‌ മലയാള സിനിമയെ നാശത്തിന്റെ കയത്തിലേക്ക്‌ വഴിതിരിച്ചുവിടുന്നത്‌. അത്തരം ചലച്ചിത്രങ്ങൾ പത്രമാധ്യമങ്ങളാൽ കൊണ്ടാടപ്പെടുന്നു എന്നുളളതും ചാനലുകളാൽ ദിവസങ്ങളോളം ആഘോഷിക്കപ്പെടുന്നു എന്നുളളതും തീർത്തും നിരാശാജനകവുമാണ്‌. കെ.ജെ.ബോസ്‌ സംവിധാനം ചെയ്‌ത ‘തന്ത്ര’ എന്ന ചലച്ചിത്രത്തെയും ഈ പ്രവണതയുമായി ഏറെക്കുറെ ചേർത്തു വായിക്കാവുന്നതാണ്‌. മലയാള സിനിമയ്‌ക്ക്‌ ‘ഒരു പുത്തൻ അനുഭവം’ എന്ന പരസ്യവാചകം ആത്മപരിശോധനക്കൊടുവിൽ തോന്നിയ കുറ്റബോധത്താൽ വിപരീതാർത്ഥത്തിൽ പ്രയോഗിച്ചതാകാനേ വഴിയുളളൂ.

മുൻകാലങ്ങളിൽ ഹൊറർ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങളിലേതുപോലെ ആഗ്രഹം സാധിക്കാതെ മരിച്ചുപോയ ആത്മാവ്‌, ആത്മാവിന്റെ ശല്യങ്ങൾ, ബാധ, ബാധയൊഴിപ്പിക്കൽ, കാതടപ്പിക്കുന്ന പശ്ചാത്തലസംഗീതം, മന്ത്രവാദിയുടെ ചുണ്ടിന്റെ, കൈമുദ്രകളുടെ, കണ്ണുകളുടെ അതിസമീപദൃശ്യങ്ങൾ-അതിലൂടെ പുരോഗമിക്കുന്ന പൂജ, മന്ത്രധ്വനികൾ, കാവിക്കൊടികൾ... അങ്ങനെ നീണ്ടുപോകുന്ന കണ്ടുതഴമ്പിച്ച ദൃശ്യബിംബങ്ങൾ, അരോചകമായിത്തീർന്ന കഥാകഥനശൈലി, അനിമേഷനും മറ്റ്‌ സാങ്കേതികവിദ്യകളും ഇത്രയധികം പടർന്ന്‌ പന്തലിച്ചിട്ടും കണ്ണുകൾക്ക്‌ പുതുമയാർന്ന ഒരു ദൃശ്യമിഴിവുപോലും സമ്മാനിക്കാനാകാതെ വ്യർത്ഥമാകുന്ന ക്യാമറ, എഡിറ്റിംഗ്‌.. ‘തന്ത്ര’മെന്ന ചലച്ചിത്രത്തിന്റേത്‌ മാത്രമല്ല പുതിയ മലയാള ചലച്ചിത്രങ്ങളിലെ പുത്തൻ അനുഭവങ്ങൾ ഏതാണ്ട്‌ ഇതുപോലെ ‘സമൃദ്ധ’മാണ്‌. തുറുപ്പുഗുലാൻ, വടക്കുംനാഥൻ, ചെസ്‌ തുടങ്ങിയ നീണ്ട നിര ബാക്കിയാക്കുന്നത്‌ നൈരാശ്യത്തിന്റെ വലിയൊരു ശൂന്യതയാണ്‌.

തന്റെ സഹോദരന്റെ തിരോധാനത്തെക്കുറിച്ചറിയാൻ, അവൻ തിരിച്ചെത്തുമോ എന്ന പ്രവചനം കേൾക്കാൻ സൂര്യധർമ്മൻ എന്ന ദുർമന്ത്രവാദിയുടെ അടുക്കൽ എത്തുന്ന ശ്വേത, അവളുടെ കാമുകൻ കിരൺ എന്നിവരാണ്‌ ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ശ്വേതയിൽ പ്രവേശിക്കുന്ന ആത്മാവിനെ ഒഴിപ്പിച്ചെടുക്കാൻ അവളെ യോഗിനിയാക്കി കൂടെ നിർത്തുന്ന സുധർമ്മൻ എന്ന ദുർമന്ത്രവാദിയാൽ ചതിക്കപ്പെടുന്ന കിരണും ശ്വേതയും. തന്റെ ശിഷ്യനാക്കി മാറ്റിയ കിരണിനെ തന്റെ ഭാര്യയെ ഏൽപ്പിച്ച്‌ ‘യോഗിനി’യായ ശ്വേതയെയും കൊണ്ട്‌ ‘തീർത്ഥാടനത്തിനും പുറംപൂജ’യ്‌ക്കുമായി പോകുന്ന സുധർമ്മൻ, പിന്നീടുണ്ടാകുന്ന സങ്കീർണ്ണതകൾ തുടങ്ങിയ വ്യക്തതയോ കെട്ടുറപ്പോ ഇല്ലാത്ത കഥാവളർച്ചയാണ്‌ ചലച്ചിത്രത്തിന്റെ നട്ടെല്ലൊടിക്കുന്നത്‌.

സംഗീതത്തിന്റെ നന്മയോ ദൃശ്യഭംഗിയുടെ തലയെടുപ്പോ കഥനശൈലിയുടെ വ്യത്യസ്തതയോ ഒന്നും അവകാശപ്പെടാനില്ലാതെ പരസ്യവാചകങ്ങളുടെ പിൻബലത്തിൽ വേച്ച്‌ വേച്ച്‌ നടന്ന്‌ ഉഴറിവീഴുന്ന കെട്ടിക്കാഴ്‌ച്ചയുടെ പട്ടികയിൽ തന്നെയാണ്‌ ‘തന്ത്ര’യുടെയും സ്ഥാനം. കഥാപാത്രത്തെ ശ്രദ്ധേയമാക്കാനുളള ശ്രമങ്ങളൊന്നുമില്ലാതെ, സിദ്ധിക്കിന്റെ സുധർമ്മൻ പതിവ്‌ മാനറിസങ്ങളിൽ നിന്ന്‌ പുറത്തുകടക്കാനാകാതെ, ചലച്ചിത്രത്തിലുടനീളം കാണപ്പെടുന്നു.

കെ.ജി. ജോർജ്ജും ടി.വി.ചന്ദ്രനും ഷാജി എൻ.കരുണും അടൂർ ഗോപാലകൃഷ്‌ണനും ഒക്കെ മലയാള സിനിമയിലെ വേറിട്ടതും ശ്രേഷ്‌ഠവുമായ ഒരു ധാരയെ സമ്പന്നമാക്കിയിരുന്ന കാലത്തുതന്നെ ലോഹിതദാസ്‌, സത്യൻ അന്തിക്കാട്‌, പ്രിയദർശൻ, ശ്രീനിവാസൻ തുടങ്ങിയവരുടെ നിര ജനപ്രിയ ചലച്ചിത്രങ്ങളെ ആഭാസങ്ങളാക്കാതെ, ജീവിതത്തോട്‌ കുറെയൊക്കെ ചേർത്ത്‌ നിർത്തിയിരുന്നു. പഴയകാല പ്രതാപത്തിന്റെ ഓർമ്മകളിൽ അഭിരമിച്ച്‌ എത്രകാലമാണ്‌ മലയാളസിനിമയ്‌ക്ക്‌ നിലനിൽക്കാനാകുക? മുകളിൽ സൂചിപ്പിച്ചവരൊക്കെയും സർഗ്ഗാത്മകമായ ഉൾവലിയലുകളിൽനിന്ന്‌ എപ്പോഴാണ്‌ പുറത്തുചാടുക? കുതന്ത്രങ്ങളുടെ പിടിയിൽ അമർന്നുപോയ ദൃശ്യസംസ്‌കൃതിയെ തിരിച്ചുപിടിക്കാനുളള ഒറ്റപ്പെട്ട ശ്രമങ്ങളിൽ, അതിജീവനത്തിന്റെ പിടച്ചിലുകളിൽ മാത്രമാണ്‌ ഇനിയുളള പ്രതീക്ഷ. ജീവിതത്തെ കാണാൻ കഴിയുന്ന, അനുഭവങ്ങളെ നെഞ്ചോട്‌ ചേർത്ത്‌ നേരിന്റെ ദൃശ്യഭാഷ ചമയ്‌ക്കുന്ന പ്രതിഭയുടെ സ്‌ഫുരണങ്ങൾ തീർത്തും അസ്തമിച്ചുപോയിട്ടില്ല എന്ന്‌ ആശ്വസിക്കാം.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.