പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

അവസാനഭാഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

ബോധം വിട്ട്‌ ഉറങ്ങുമ്പോഴാണ്‌ വാതിൽക്കൽ മുട്ടുകേട്ടത്‌.

പരീത്‌ കണ്ണുതുറന്നു. നിശ്ശബ്‌ദത. ചെവിയോർത്തു കിടന്നു. വീണ്ടും കതകിൽ മുട്ടുന്ന ഒച്ച. കട്ടിലിൽ നിന്നെഴുന്നേറ്റ്‌ ഹരിക്കോയിൻ വിളക്കിന്റെ തിരിയുയർത്തി. വിളക്കുമായി ചെന്ന്‌ കതകു തുറന്നു.

കണ്ണുകൾ തന്നെ ചതിക്കുകയാണോ? കയ്യിലൊരു ബാഗുമായി വരാന്തയിൽ ശാന്ത നില്‌ക്കുന്നു? ക്ഷീണിതയാണവൾ. മുഖത്ത്‌ പരിഭ്രാന്തിയുടെ നിഴലാട്ടം. നിമിഷനേരത്തേക്ക്‌ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ശാന്തയുടെ തളർന്ന ശബ്‌ദം.

“രാത്രി വണ്ടിക്കാണ്‌ ഞാൻ വന്നത്‌.”

“മോള്‌ അകത്തേക്ക്‌ കേറ്‌.”

തെല്ലൊരു സങ്കോചം. വീണ്ടും ക്ഷണിച്ചു.

“ബാ മോളേ... ഞാൻ അമ്മയെ ബിളിക്കാം.”

അവൾ തടഞ്ഞു.

“വരട്ടെ. അതിനുമുമ്പ്‌ ഒരു കാര്യം ചോദിച്ചോട്ടെ.”

“എന്താണ്‌ മോളെ?”

“എന്നോട്‌.... എന്നോട്‌.. വിരോധമുണ്ടോ?”

“ആർക്ക്‌? ഞമ്മക്കാ? ഇല്ല മോളേ... ഒരിക്കലുമില്ല.”

തുളുമ്പിയ മിഴികളോടെ അവൾ നോക്കി. കരളു പറിക്കുന്ന നോട്ടം.

“എങ്കിൽ ഞാൻ അകത്തേക്ക്‌ വന്നോട്ടെ. ഒരിടവുമില്ലാത്ത എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കുമോ?”

വീർപ്പുമുട്ടലോടെ പരീത്‌ പറഞ്ഞു.

“എന്റെ പൊന്നുമോള്‌ എന്താണിങ്ങനെ ചോദിക്കണത്‌? ഈ ബീട്‌ മോളുടേതല്ലേ?”

ശാന്തയുടെ കവിൾത്തടം നനഞ്ഞു. അധരം വിറച്ചു. കൂപ്പുകയ്യോടെ അവൾ വീണ്ടും ചോദിച്ചു.

“ഇന്നുമുതൽ നിങ്ങളെ ഞാൻ അച്‌ഛാ എന്ന്‌ വിളിച്ചോട്ടെ?”

പരീതിന്‌ സഹിച്ചില്ല. സ്വയംമറന്ന്‌ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാൾ ഉറക്കെ വിളിച്ചു.

“ശാന്തമോളെ!”

തൊട്ടരികിൽ നിന്ന്‌ മറ്റൊരു ചോദ്യം.

“അയ്യോ എന്താണിത്‌?”

ഉത്തരം പറയാതെ പരീത്‌ പൊട്ടിക്കരഞ്ഞു. കല്യാണിയമ്മ അയാളെ കുലുക്കിവിളിച്ചു.

“എന്തൊരു കഷ്‌ടമാണിത്‌? ദേ... ഒന്നെണീറ്റേ..”

ചാടിയെഴുന്നേറ്റ പരീതിന്‌ നിമിഷനേരത്തേക്ക്‌ നടന്നതൊന്നും മനസ്സിലായില്ല. അയാൾ കിതയ്‌ക്കുന്നുണ്ടായിരുന്നു. കല്യാണിയമ്മയുടെ വീണ്ടും വീണ്ടുമുളള ചോദ്യങ്ങൾ കേട്ടപ്പോഴാണ്‌ ഇതുവരെ താൻ സ്വപ്‌നലോകത്തായിരുന്നുവെന്ന്‌ ബോധ്യമായത്‌.

താൻ കണ്ട കിനാവ്‌ അപ്പാടെ കല്യാണിയമ്മയെ പറഞ്ഞുകേൾപ്പിച്ചു. ശ്വാസമടക്കിപ്പിടിച്ചിരുന്ന്‌ ആ അമ്മ അതു കേട്ടു. ജലം തളിച്ച നീറ്റുകക്ക കണക്കേ അകം ചുട്ടു നീറുകയായിരുന്നു.

ഒടുവിൽ ആശയോടെ പരീത്‌ പറഞ്ഞു.

“നോക്കിക്കോ.. ഇന്നല്ലെങ്കിൽ നാളെ ഞമ്മള്‌ കണ്ട കെനാവ്‌ നേരായിട്ടു ബരും. എനിക്ക്‌ വിശ്വാസമൊണ്ട്‌, ഒടുവിൽ ശാന്തമോള്‌ ഞമ്മടെ കൂടെതന്നെ ബന്ന്‌ താമസിക്കും.”

***********************************************************************

കാക്ക കരയുമ്പോൾ അച്ചുതൻനായർ ഉണർന്ന്‌ ജോലി ആരംഭിക്കും. അതാണ്‌ പതിവ്‌. കുളിയും തേവാരവും കഴിഞ്ഞ്‌ അടുപ്പിൽ നീ പൂട്ടുമ്പോഴേക്കും ശാന്തയും സഹായത്തിനെത്തും. എത്ര വിലക്കിയാലും അരുതെന്ന്‌ ഉപദേശിച്ചാലും അവൾ കൂട്ടാക്കുകയില്ല.

“പ്രഭാതത്തിൽ ഉണരുന്ന തനിക്ക്‌ മറ്റെന്തു ജോലി?” എന്ന സൗമ്യവാക്കും പറഞ്ഞ്‌ അവൾ ഓരോന്നും ചെയ്‌തുകൊണ്ടിരിക്കും.

പതിവില്ലാത്തവിധം നേരം പുലർന്നിട്ടും ശാന്ത വരാതിരുന്നപ്പോൾ അച്ചുതൻനായർക്ക്‌ സംശയമായി.

ആ കുഞ്ഞ്‌ എഴുന്നേൽക്കാത്തതെന്ത്‌? വല്ല അസുഖവുമായിരിക്കുമോ?

അയാൾ ശാന്തയുടെ മുറിയിൽ ചെന്നു നോക്കി. കതകു ചാരിയിട്ടേയുളളു. അകത്തുനിന്നും സാക്ഷയിട്ടാണ്‌ കിടക്കാറ്‌ പതിവ്‌. ഇന്ന്‌ അതും തെറ്റിച്ചിരിക്കുന്നു.

അച്ചുതൻ നായർ കതകു തളളിത്തുറന്നു. മുറിയിൽ ശാന്തയില്ല. ക്വാർട്ടേഴ്‌സിലെ മറ്റു മുറികളിലും ചെന്ന്‌ നോക്കി. അവിടേയും കണ്ടെത്തിയില്ല.

തെല്ലൊരന്ധാളിപ്പോടെ ഡോക്‌ടറുടെ ബെഡ്‌റൂമിന്നരികിലെത്തി മടിച്ചുനിന്ന്‌ ജനൽപാളികൾ തുറന്നു. ഏമാനും കൊച്ചമ്മയും ഉണർന്നിട്ടില്ല. ചാരുകസാലയിൽ കിടന്നാണ്‌ ഏമാൻ ഉറങ്ങുന്നത്‌. അവ്യക്തമായ ഒരു ശങ്ക.

എല്ലാം കീഴ്‌മേൽ മറിഞ്ഞപോലെ ഒരു തോന്നൽ.

അച്ചുതൻനായർ ധൃതിപ്പെട്ട്‌ ക്വാർട്ടേഴ്‌സിന്റെ പുറകിലും കാർഷെഡ്‌ഡിലും ചെന്നുനോക്കി. ഒരിടത്തും ശാന്തയെ കാണുന്നില്ല.

പരിഭ്രമം വർദ്ധിച്ചു. കതകിൽമുട്ടി ഏമാനെ വിളിച്ച്‌ കാര്യം പറഞ്ഞു. ഡോക്‌ടറും അന്ധാളിച്ചുപോയി. തന്റെ വാക്കുകൾ നൊമ്പരപ്പെടുത്തിയപ്പോൾ ആരോടും മിണ്ടാതെ അവൾ സ്ഥലം വിട്ടുപോയിരിക്കുമോ?

മെയിൻഗേറ്റിലെ വാച്ചറെ പോയി കണ്ടു. രാത്രി പന്ത്രണ്ടുമണിക്കുശേഷം ഡ്യൂട്ടിക്കുവന്ന വാച്ചറാണ്‌. അതുവഴി ആരും പുറത്തേക്ക്‌ പോയതായി അയാൾക്കറിവില്ല.

മടങ്ങിവന്ന്‌ മുറിയാകെ ഒന്നു പരിശോധിച്ചു.

മേശപ്പുറത്ത്‌ പേപ്പർ വെയിറ്റിന്നടിയിൽ മേൽവിലാസമെഴുതിയ ഒരു കത്ത്‌ മടക്കിവച്ചിട്ടുണ്ട്‌. നെഞ്ചിടിപ്പോടെ നിവർത്തി വായിച്ചു.

“.......ഞാൻ പോകുന്നു. എവിടേയ്‌ക്കെന്ന്‌ ഒരു രൂപവുമില്ല. വീട്ടിലെത്താനും അമ്മയെ ഒരുനോക്കു കാണാനും ആഗ്രഹമുണ്ട്‌. നടക്കുമോ ആവോ? ഞാൻ മൂലം ഒരു കുടുംബവും നശിച്ചുക്കൂടാ... ആ നിർബന്ധം എന്റെ ആത്മാവിലുണ്ട്‌....ഒരിക്കലെങ്കിലും എന്നെ സഹായിച്ച എല്ലാവരോടും എനിക്ക്‌ നന്ദിയും കടപ്പാടുമുണ്ട്‌. യാത്ര പറയാതെ പോകുന്നതിൽ എന്റെ പുതിയ അച്‌ഛനും അമ്മയും വേദനിക്കുമെന്നറിയാം. പക്ഷേ, നിങ്ങളുടെ മുഖത്തുനോക്കി യാത്രാനുമതി ചോദിക്കാൻ എനിക്കു ശക്തിയില്ല. ഈശ്വരൻ നിങ്ങളെ രക്ഷിക്കട്ടെ...”

-ശാന്ത

ഡോക്‌ടറുടെ വിറയ്‌ക്കുന്ന കൈകളിൽ നിന്നും കത്ത്‌ നിലത്തുവീണു.

കണ്ണിൽ ഇരുട്ടു കയറുന്നപോലെ തോന്നിയപ്പോൾ അദ്ദേഹം തളർന്നിരുന്നു. വെളളം ആവശ്യപ്പെട്ടു. അച്ചുതൻനായർ കൊണ്ടുവന്ന വെളളം ഒറ്റവീർപ്പിനു കുടിച്ചുതീർത്തു.

എങ്ങിനെയെങ്കിലും ശാന്തയെ കണ്ടുപിടിക്കണം. ഭാരതിയമ്മ ഉണരുന്നതിനുമുമ്പെ വേണം താനും.

ബസ്‌ സ്‌റ്റാന്റിലേക്കും റയിൽവേ സ്‌റ്റേഷനിലേക്കും അച്ചുതൻനായരെ പറഞ്ഞയച്ച്‌ അന്വേഷിപ്പിച്ചു.

ഫലമില്ല. ശാന്തയെക്കുറിച്ച്‌ ഒരു തുമ്പും കിട്ടിയില്ല. ഭാരതിയമ്മ ഉണർന്നപ്പോൾ ആദ്യം വിളിച്ചത്‌ ശാന്തയെയാണ്‌.

അതുകേട്ടിട്ടും മറ്റുളളവർ മൗനം ദീക്ഷിച്ചു. മുറിയിൽനിന്ന്‌ പുറത്തിറങ്ങി വീണ്ടും അവളെ അന്വേഷിച്ചു.

ഡോക്‌ടർ മനഃപൂർവ്വം ഒരു കളളം പറഞ്ഞു.

“അത്യാവശ്യമായി ശാന്ത അവളുടെ വീട്ടിലേക്ക്‌ പോയിരിക്കുകയാണ്‌. അമ്മയ്‌ക്ക്‌ സുഖമില്ലെന്നറിയിച്ച്‌ ആള്‌ വന്നിരുന്നു. രാത്രി തന്നെ പോയി.”

“എന്താണസുഖം?”

“എന്താണെന്ന്‌ വന്നവർക്കും വ്യക്തമായി അറിഞ്ഞു കൂടാ. ഭയപ്പെടാനൊന്നുമില്ലെന്നു പറഞ്ഞു.”

“എന്നിട്ട്‌ അവളെ തനിയെ വിട്ടോ?”

“അതിനെന്ത്‌? അമ്മാവനോ മറ്റോ ആണ്‌ വന്നിരുന്നത്‌.”

“അമ്മാവനോ? സ്വന്തക്കാരായി ആരുമില്ലെന്നാണല്ലോ ശാന്ത എന്നോട്‌ പറഞ്ഞിരിക്കുന്നത്‌?”

ഡോക്‌ടർ ഒന്നു പരുങ്ങി.

“വകയിൽ ആരെങ്കിലുമായിരിക്കും. എന്തായാലും രണ്ടുദിവസത്തിനുളളിൽ അവൾ വരും.”

“എന്നോട്‌ പറയാതെ അവളെ വിട്ടതെന്തിനാ?”

“അമ്മയ്‌ക്ക്‌ അസുഖമാണെന്നറിഞ്ഞാൽ പറഞ്ഞുവിടണ്ടേ ഭാരതീ? നീ മരുന്നും കഴിച്ച്‌ കിടന്ന്‌ ഉറങ്ങുന്നതല്ലേ? അതുകൊണ്ടാ വിളിക്കാതിരുന്നത്‌.”

ഭാരതിയമ്മ അസ്വസ്ഥയായി.

“അവള്‌ ഒറ്റയ്‌ക്ക്‌ വീട്ടിൽ ചെന്നാൽ...”

“പേടിക്കേണ്ട ഭാരതീ... ഒരു കുഴപ്പവുമുണ്ടാകില്ല.”

“അങ്ങിനെയല്ല. അമ്മയ്‌ക്ക്‌ അസുഖം കൂടുതലാണെങ്കിൽ എന്റെ മോള്‌ വല്ലാതെ വിഷമിക്കും. നമുക്ക്‌ അവിടംവരെ ഒന്നുപോകാം.”

“എന്തു മഠയത്തരമാ ഭാരതി പറയുന്നത്‌? ഇവിടന്ന്‌ എത്ര ദൂരമുണ്ടെന്നാണ്‌ വിചാരം?”

“എത്ര ദൂരമുണ്ടായാലും പോയെ പറ്റൂ. എനിക്ക്‌ എന്തെല്ലാമോ തോന്നിപ്പോകുന്നു. എന്റെ കുഞ്ഞിനെ കാണാതെ ഒരു നിമിഷംപോലും ഇവിടെ കഴിഞ്ഞുകൂടാൻ എനിക്കാവില്ല.”

ഡോക്‌ടർ ചിന്തയിൽ ലയിച്ച്‌ തല കുനിച്ചു. ഭാരതിയമ്മ ധൃതിക്കൂട്ടി.

“നേരം കളയാതെ വേഗം തയ്യാറാകൂ. അച്ചുതൻനായരെ വിട്ട്‌ ഒരു കാറ്‌ വിളിപ്പിക്കൂ..”

ആ വാക്കുകളെ ഡോക്‌ടർ നിരാകരിച്ചില്ല. അരമണിക്കൂറിനുളളിൽ ശാന്തയുടെ വീട്ടിലേക്ക്‌ അവർ യാത്ര പുറപ്പെട്ടു.

***********************************************************************

കിനാവുകണ്ടതിനുശേഷം പരീതിനും കല്യാണിയമ്മയ്‌ക്കും ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ശൂന്യതയിൽ മിഴിയും നട്ട്‌ അവർ കിടന്നു. മനസ്സ്‌ ഒരേ വീഥിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ശാന്ത ഇനി ഈ തറവാട്ടിൽ കാല്‌ കുത്തുകയില്ലേ? പെറ്റതളളയെ കാണാൻ ഒരിക്കലെങ്കിലും കയറിവരില്ലേ? എങ്ങിനെ ഇത്ര അകൽച്ച സംഭവിച്ചു? എന്തെല്ലാം തെറ്റുകൾ ചെയ്‌താലും അമ്മയ്‌ക്കും മകൾക്കും വിരോധികളായി വർത്തിക്കാൻ പറ്റുമോ?

വർഷങ്ങളോളം ദീർഘിച്ച ജയിൽവാസക്കാലത്ത്‌ ഒരിക്കലെങ്കിലും തന്നെ സന്ദർശിക്കാത്ത അമ്മയെ മകൾക്കെങ്ങിനെ സ്‌നേഹിക്കാൻ കഴിയും?

അങ്ങിനെ നോക്കുമ്പോൾ ശാന്തയുടെ വശമല്ലേ ശരി. സ്വന്തം മകളുടെ കണ്ണീരിൽ സഹതപിക്കാത്ത അമ്മയായല്ലേ മകൾ തന്നെ വ്യാഖ്യാനിക്കൂ..

നൊമ്പരത്തോടെ കല്യാണിയമ്മ നെടുവീർപ്പിട്ടു. പക്ഷേ, സംഭവിച്ച സത്യമെന്താണ്‌?

ഇരുമ്പഴിക്കുളളിൽ അവശയായി കിടക്കുന്ന മകളെ ചെന്ന്‌ കാണാനുളള മനഃശക്തി തനിക്ക്‌ ലഭിച്ചില്ല. പല തവണ പോകാൻ തയ്യാറായിട്ടും വേദനയോടെ വേണ്ടെന്ന്‌ തീരുമാനിച്ചു.

എന്നിട്ട്‌ ഈ കാലമത്രയും ദുഃഖത്തിൽ മുഴുകിയാണോ താൻ കഴിച്ചു കൂട്ടിയത്‌? ലോകം അതെങ്ങിനെ വിശ്വസിക്കും?

മകൾ ജയിലിൽ കിടക്കുമ്പോൾ അമ്മ വിവാഹിതയായതിനെക്കുറിച്ച്‌ പൊതുജനം ചിന്തിക്കുകയില്ലേ?

തന്റെ സ്വാർത്ഥതയാണെന്നല്ലേ ആരെല്ലാമോ അഭിപ്രായം പറഞ്ഞത്‌? പക്ഷേ, അടുപ്പമുളളവർക്കറിയാം സ്വാർത്ഥതയായിരുന്നില്ലെന്ന്‌.

അച്‌ഛന്റെ മരണശേഷം ഏകാകിനിയായ താൻ ഒറ്റയ്‌ക്ക്‌ എങ്ങിനെ ജീവിക്കുമെന്ന്‌ ആരും ആലോചിക്കാത്തതെന്ത്‌? എത്ര സാമർത്ഥ്യം ഉണ്ടായാലും സ്‌ത്രീയാണെന്ന ഒരു പരിമിതിയില്ലേ?

പരീതിന്റെ വരവും പോക്കും പവിത്രമായിരുന്നെങ്കിലും ആളുകൾക്ക്‌ നാവിട്ടലക്കാൻ അത്‌ വഴിതെളിച്ചപ്പോൾ എന്താണ്‌ വേണ്ടതെന്ന്‌ ചിന്തിക്കേണ്ടിവന്നു. പഞ്ചായത്ത്‌ പ്രസിഡന്റും കൂട്ടരും തങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ പരസ്യമായി ചോദിച്ചപ്പോൾ പരിശുദ്ധി രേഖാമൂലം തെളിയിക്കേണ്ടിവന്നു.

ആ സാഹചര്യം തന്റെ മകളെ എങ്ങിനെ ബോധ്യപ്പെടുത്താനൊക്കും. അവളെവിടെ? തന്നിൽനിന്ന്‌ എന്തിനിങ്ങിനെ അകന്നുമാറിക്കഴിയുന്നു?

“ഗുരുവായൂരപ്പാ... എന്റെ മോളെ ഒരു നോക്കു കാണാനെങ്കിലും എന്നെ അനുവദിക്കണേ!” കല്യാണിയമ്മ ഉളളുചുട്ടു പ്രാർത്ഥിച്ചു.

നിശ്വാസം കേട്ട്‌ പരീത്‌ ചോദിച്ചു. “ഒറങ്ങിയില്ലേ?”

“ഉറക്കം വരുന്നില്ല.”

കാതിൽ ആശ്വാസവാക്കുകൾ ഉതിർന്നു.

“ബെശമിയ്‌ക്കാണ്ടിരി... ഞെട്ടറ്റാൽ കടയ്‌ക്കലെന്നല്ലേ പ്രമാണം! എവടെപ്പോയാലും ഞമ്മടെ മോള്‌ അവസാനം ഞമ്മടെ അടുത്തുതന്നെ ബരും. വിശ്വസിക്ക്‌.”

വീണ്ടും നിശ്വാസങ്ങൾ... എത്രനേരമങ്ങിനെ ഇരുന്നുവെന്നറിഞ്ഞുകൂടാ..

കണ്ണുതുറന്നപ്പോൾ അകത്ത്‌ വെയിൽ എത്തിനോക്കിയിരുന്നു. വെയിലിന്‌ ചൂടുമുണ്ടായിരുന്നു.

കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ കല്യാണിയമ്മ കുലുക്കി വിളിച്ചു.

“എഴുന്നേല്‌ക്കൂ... നേരം വളരെയായി. ഇന്ന്‌ ജോലിക്ക്‌ പോകേണ്ടേ?”

പരീത്‌ ധൃതിയിൽ എഴുന്നേറ്റു. വസ്‌ത്രങ്ങൾ കുടഞ്ഞുടുത്ത്‌ ഒരു ബീഡി കത്തിച്ചു.

കമ്പനിയിൽ നേരത്തെ ചെല്ലേണ്ടതാണ്‌. അവറാച്ചൻ മുതലാളി പ്രത്യേകം പറഞ്ഞിരുന്നു.

നേരം വല്ലാതെ പുലർന്നെന്നു തോന്നുന്നു.

നടന്നുചെന്ന്‌ ഉമ്മറവാതിൽ മലർക്കെ തുറന്നു. വരാന്തയിലേക്ക്‌ കടന്നില്ല; അതിനുമുമ്പ്‌ ഉളളിൽ അമിട്ടാണ്‌ പൊട്ടിയത്‌.

“പടച്ചോനെ... എന്താണിത്‌?” പരീത്‌ മലച്ചു നിന്നു.

“എന്താണ്‌? എന്തുപറ്റി?”

കാര്യം തിരക്കി കല്യാണിയമ്മയും ഓടിയെത്തി. ഒന്നേ നോക്കിയുളളൂ. ഉമ്മറത്തെ ശീലാന്തിയിൽ ശാന്തയുടെ ജഡം തൂങ്ങിനില്‌ക്കുന്നു!

അപ്പോൾ മുറ്റത്തെ വെയിലിന്‌ ചൂട്‌ വർദ്ധിക്കുകയായിരുന്നു.

(അവസാനിച്ചു)

Previous

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.