തന്റെ മകൾ തന്നെ തേടിവന്നിട്ടും ഒരുനോക്കു കാണാൻ ഭാഗ്യമുണ്ടായില്ലല്ലോ എന്നോർത്തപ്പോൾ കല്യാണിയമ്മ പൊട്ടിക്കരഞ്ഞുപോയി. ഇത്ര ക്രൂരമായ വിധിക്ക് എന്തപരാധമാണ് താൻ ചെയ്തത്?
വിലങ്ങുവച്ച് പോലീസ് ജീപ്പിൽ കൊണ്ടുപോയ കാഴ്ചയാണ് അവസാനമായി കണ്ടത്.
കോടതിയിൽ വിചാരണ സമയത്ത് പോയി കാണണമെന്നുണ്ടായിരുന്നു. പക്ഷേ, കുറ്റവാളിയെപ്പോലെ കൂട്ടിൽ കയറി നിൽക്കുന്ന മകളെ എങ്ങിനെ ഒരമ്മ കാണും?
വേദനയും യാതനയും അനുഭവിച്ചപ്പോഴും അവളെ ഒരല്ലലും അറിയിക്കാതെ ഓമനിച്ചാണ് വളർത്തിയത്. തന്റെ മകൾക്കും അച്ഛനും വറ്റു വാരിക്കൊടുത്ത് വെളളവും മോന്തിക്കൊണ്ട് എത്രയോ രാത്രികളിൽ വയറും മുറുക്കിയുടുത്ത് കിടന്നുറങ്ങിയിട്ടുണ്ട്.
കഷ്ടപ്പാടുകൾക്കെല്ലാം എന്നെങ്കിലും ഒരറുതി വരുമെന്ന് വ്യാമോഹിച്ചിരുന്നു. മനംനൊന്ത് ഈശ്വരനോട് അതിനായി പ്രാർത്ഥിച്ചിട്ടുണ്ട്.
എന്നിട്ട്, കനിവിന്റെ കണികപോലും അരുളാൻ ദൈവം തുനിഞ്ഞില്ല. ഇത്ര ശപിക്കപ്പെട്ട ആത്മാവായിപ്പോയല്ലോ തന്റേത്!
ശാന്ത ഇപ്പോൾ എവിടെയായിരിക്കും? അശരണയായി അലഞ്ഞു നടക്കുകയാകുമോ? അപഥചിന്തകൾ ഊറിക്കൂടി. ആരോരും തുണയില്ലാതെ കാണാൻ കൊളളാവുന്ന ഒരു പെൺകുട്ടി നടന്നാൽ എന്തുതന്നെ സംഭവിക്കുകയില്ല?
അതോർത്തപ്പോൾ ഉളള് ചുട്ടുനീറി. കൈകൂപ്പി പ്രാർത്ഥിച്ചു. “ദൈവമേ... അവളെയെങ്കിലും എന്റെ മാതിരിയാക്കല്ലെ.”
കരഞ്ഞുകൊണ്ട് തളർന്നു കിടന്നപ്പോൾ പരീത് ഓർമ്മിപ്പിച്ചു.
“ഇങ്ങിനെയായാൽ എല്ലാം കൊണ്ടും ബേജാറാകും. മനസ്സിന് കെൽപ്പില്ലെങ്കില് ഞാനും ബീണുപോയെന്നു വരും. ശാന്തമോള് എവിടെയൊണ്ടെന്ന് ഞമ്മ ഇന്നേശിക്കണുണ്ട്. അറിഞ്ഞാല് ആ നിമിശത്തില് ഞമ്മക്കു പോയി കൊണ്ടുവരാം. അതുവരെ ഒന്നു സമാധാനപ്പെട്.”
ആത്മാർത്ഥത തിരളുന്ന ആ വാക്കുകളിൽ അഭയം തേടാൻ മനഃപൂർവ്വം കല്യാണിയമ്മ പരിശ്രമിച്ചു.
കയ്യും മുഖവും കഴുകി അവർ ദിനകൃത്യങ്ങളിൽ മുഴുകി. മനസ്സ് അപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
“ഇനിയെങ്കിലും ഞങ്ങളോട് കരുണ കാണിക്കണേ ഗുരുവായൂരപ്പാ..”
*****************************************************************
ആഴ്ചകൾ കഴിയുന്തോറും ഭാരതിയമ്മയ്ക്ക് ശാന്തയോട് അടുപ്പം വർദ്ധിച്ചുവന്നു. കൃത്യസമയത്തിന് മരുന്നു കൊടുക്കാനും, നിത്യകർമ്മങ്ങൾ തെറ്റാതെ ഭംഗിയായി നിറവേറ്റാനും ശാന്ത പ്രത്യേകം ശ്രദ്ധ ചെലുത്തി. ഭാരതിയമ്മയെ ശുശ്രൂഷിക്കുമ്പോൾ അജ്ഞാതമായ ഒരു അനുഭൂതി അനുഭവപ്പെടുന്നതായി അവൾക്കു തോന്നുമായിരുന്നു.
ശാന്ത ഒരുസമയവും വെറുതെയിരിക്കാറില്ല. മുറികളും വരാന്തയും അടിച്ചുവാരി ലോഷനൊഴിച്ച് കഴുകി തുടയ്ക്കാനും മേൽപ്പുരയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകൾ തൂത്ത് മാറ്റാനും സദാ ശ്രദ്ധിച്ചു.
അല്പം മുഷിഞ്ഞാൽ വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയിടും. അലക്കുകാരന് കൊടുക്കാൻ ക്വാർട്ടേഴ്സിൽ വസ്ത്രങ്ങളില്ലാതായി. വിഴുപ്പുതുണികൾ കഴുകിയുണക്കി ഇസ്തിരിയിടുമ്പോൾ അടക്കളക്കാരൻ അച്ചുതൻനായർ ചോദിക്കും.
“എന്തിനാ മോളെ ഇങ്ങിനെ കഷ്ടപ്പെടുന്നത്? അതൊക്കെ ഡോബി വന്ന് കൊണ്ടുപൊയ്ക്കൊളളുമല്ലോ.”
“ഡോബി കൊണ്ടുപോയാലും തിരിച്ചുകൊണ്ടുവരുമ്പോൾ അഴുക്കെല്ലാം അതുപോലെ തന്നെയിരിക്കും. വസ്ത്രങ്ങൾ നശിപ്പിക്കാനേ അവർക്കു കഴിയൂ.”
ശാന്ത പുഞ്ചിരിക്കും. അച്ചുതൻനായർ മൗനം കൊളളും.
ചിട്ടയും ചൊവ്വുമുളള അവളുടെ നടപടികൾ ആ വീട്ടിൽ പല മാറ്റങ്ങളും വരുത്തി. പോർട്ടിക്കോവിലും സ്വീകരണമുറിയിലും അകത്തും കിടക്കുന്ന കസേരകളിൽ വർണ്ണഭംഗിയുളള കുഷനുകളിടാനും, അവയിൽ ആകർഷകമാംവിധം ‘എംബ്രോയഡറിപൂക്കൾ’ തുന്നി പിടിപ്പിക്കാനും ശാന്ത ശ്രദ്ധിച്ചു. വടിവുളള രീതിയിൽ ‘സ്വീറ്റ് ഡ്രീംസും’ ‘ഗോഡ് ഈസ് ലൗവ്വും’ തുന്നിയ തലയിണകളാണ് ഭാരതിയമ്മയുടെ കിടപ്പറയിൽ ഇപ്പോൾ ഉളളത്.
ശാന്തയുടെ കലാബോധവും കരവിരുതും ശ്രദ്ധിച്ച് ഭാരതിയമ്മ അത്ഭുതം കൂറും.
അലങ്കാരങ്ങളിൽ പ്രതിപത്തിയില്ലാത്ത ഭാരതിയമ്മയെ പഴയ സ്വഭാവത്തിൽ നിന്നും ക്രമേണ മാറ്റിയെടുക്കണമെന്ന് ശാന്ത ആശിച്ചു. ഉച്ചയൂണു കഴിഞ്ഞ് മാത്രമല്ല, കിട്ടുന്ന സമയത്തെല്ലാം മാസികകളും വാരികകളും നല്ല നല്ല പുസ്തകങ്ങളും ഭാരതിയമ്മയെ വായിച്ചു കേൾപ്പിച്ചുകൊണ്ടിരുന്നു. പുതിയ പുസ്തകങ്ങൾക്കായി അച്ചുതൻനായരെ വിട്ട് പബ്ലിക് ലൈബ്രറിയിൽ മെമ്പർഷിപ്പും എടുപ്പിച്ചു.
ശാന്ത കഥയും നോവലും വായിച്ചു കേൾപ്പിക്കുമ്പോൾ ഭാരതിയമ്മ സ്വയംമറന്ന് ഇരുന്നുപോകും. കഥയോട് ഇഴുകിച്ചേർന്ന് അതിൽ താദാത്മ്യം പ്രാപിച്ചാണ് അവൾ വായിക്കുന്നത്. കഥാപാത്രങ്ങൾ ജീവനോടെ മുൻപിൽ വന്നു നിൽക്കുന്നുണ്ടെന്ന് തോന്നിപ്പോകും.
അവരുടെ ദുഃഖം ഉൾകൊണ്ട് അറിയാതെ കരഞ്ഞുപോകാറുണ്ട്. ഭാരതിയമ്മയുടെ ആരോഗ്യനില പരിഗണിച്ച് ഉല്ലാസപ്രദമായ ഉളളടക്കമുളള പുസ്തകങ്ങൾ മാത്രമേ ശാന്ത തിരഞ്ഞെടുക്കാറുളളു.
ഈ പെൺകുട്ടി മൂലം തനിക്ക് എന്തെല്ലാം പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു, എന്ന് വിസ്മയിക്കുന്ന ഭാരതിയമ്മ അക്കാര്യം ഭർത്താവിനോട് പറയാറുമുണ്ട്.
ഭാര്യയുടെ പ്രകൃതമാറ്റവും പ്രസരിപ്പും ഡോക്ടറെ ഏറെ സന്തോഷിപ്പിച്ചു. കതകുമടച്ച് സദാസമയവും കട്ടിലിൽ കഴിഞ്ഞിരുന്ന അവർ ഒരു ബാലികയുടെ ചൊടിയോടെ ക്വാർട്ടേഴ്സിലെല്ലായിടത്തും ഓടിനടക്കുന്നു. അപൂർവ്വമായേ ഇപ്പോൾ പകലുറക്കം പോലുമുളളു. വിളർത്തുമെലിഞ്ഞിരുന്ന ശരീരത്തിൽ തുടുപ്പും രക്തപ്രസാദവും വന്നു.
ശാന്ത കാലുകുത്തിയതോടെ കുടുംബത്തിൽ ഐശ്വര്യവും വന്നു കയറിയെന്ന് ഡോക്ടർ മനസ്സിലാക്കി. അശരണയായ അവളെ കൂടുതൽ കഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം ആശിച്ചു. വിശ്രമമില്ലാതെ എപ്പോഴും ജോലി ചെയ്യരുതെന്ന് അവളെ വിളിച്ച് ഉപദേശിച്ചു.
മറുപടി ശാന്തയുടെ വേദന നിറഞ്ഞ മന്ദഹാസമായിരുന്നു.
ഒരു ദിവസം ഭർത്താവിനെ സമീപിച്ച് ഭാരതിയമ്മ ചോദിച്ചു.
“നിങ്ങളല്ലേ പറഞ്ഞത് ജോലി ചെയ്യാനൊന്നും ശാന്തക്ക് പരിചയമില്ലെന്ന്. നോക്കൂ.... ഇപ്പോൾ അച്ചുതൻനായർപോലും വെറുതെ ഇരിക്കുകയാ. എല്ലാ ജോലിയും അവളാ ചെയ്യുന്നത്.”
ഡോക്ടർ ഭാര്യയെ നോക്കി.
“അതുകൊണ്ടുതന്നെയാണ് അവളെ ഇവിടെ നിർത്തരുതെന്ന് പറഞ്ഞതും.”
“പെൺകുട്ടികള് ജോലി ചെയ്യുന്നത് തെറ്റാണോ?”
“തെറ്റും ശരിയുമല്ല പ്രശ്നം. ഭാഗ്യദോഷം കൊണ്ട് ഗതികേടിലായ ഒരു കുട്ടിയാണവർ. ചോദിക്കട്ടെ, ഈ പ്രായത്തിൽ നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ അവളെക്കൊണ്ട് ഭാരതി ഈ ജോലിയൊക്കെ ചെയ്യിക്കുമോ?”
തെല്ലുനേരം ഭാരതിയമ്മ മിണ്ടാതിരുന്നു. പിന്നീട് മുഖമുയർത്തി ഭർത്താവിനെ നോക്കി. അവരുടെ മിഴികൾ നിറഞ്ഞിരുന്നു. ഇടറുന്ന തൊണ്ടയിൽ നിന്നും വാക്കുകളുതിർന്നു.
“ശരിയാണ്.... നമുക്കൊരു കുഞ്ഞില്ല. ഉണ്ടെങ്കിൽ ഇങ്ങിനെയൊന്നും ചെയ്യിക്കില്ല.”
അവരുടെ മനസ്സ് ഉരുകുകയാണെന്ന് കണ്ട് ഡോക്ടർ പിടഞ്ഞെണീറ്റു. ആശ്വാസവാക്കുകളാണാവശ്യം. അല്ലെങ്കിൽ അപകടമാണ്.
“ഭാരതീ.... നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ..”
ഡോക്ടർ ഭാരതിയുടെ ചുമലിൽ കൈവച്ചു.
“നമുക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കുട്ടിയാണവൾ. പ്രത്യേകിച്ചും നിനക്കുവേണ്ടി. സ്വന്തം അമ്മയെപ്പോലെയാണ് അവൾ നിന്നെ കരുതുന്നത്.”
ഭാരതിയമ്മ പറഞ്ഞു.
“അതെനിക്കറിയാം. ഇനി അവളെക്കൊണ്ട് ഒരു ജോലിയും ഞാൻ ചെയ്യിക്കില്ല. നമ്മുടെ മകളായിട്ട് ഇവിടെ കഴിഞ്ഞാൽ മതി. ശാന്ത നമ്മുടെ മകളാണ്. ശാന്ത നമ്മുടെ...”
തുടർന്നു പറയാൻ കഴിഞ്ഞില്ല. അവരുടെ നാവ് കുഴഞ്ഞു. ബോധം അവരെ വെടിയുകയായിരുന്നു. പരിഭ്രമം പൂണ്ട് ഡോക്ടർ ഉറക്കെ വിളിച്ചു.
അച്ചുതൻനായരും ശാന്തയും ഓടിയെത്തി. എല്ലാവരും കൂടി താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി. മാക്സിമം സ്പീഡിൽ ഫാനിടാൻ ഡോക്ടർ നിർദ്ദേശിച്ചു.
ഇഞ്ചക്ഷനെടുക്കുകയും, നെറ്റിയിൽ ഐസ് ബാഗ് വയ്ക്കുകയും ചെയ്തപ്പോൾ ശ്വാസഗതി നേരെയായി. ഭാരതിയമ്മ മെല്ലെ കണ്ണുതുറന്നു.
നിറമിഴിയോടെ മുൻപിൽ നിൽക്കുന്ന ശാന്തയുടെ മുഖത്തുനോക്കി അവർ വിളിച്ചു.
“മോളേ!”
ഉൾപ്പുളകമേകുന്ന വിളി. കോരിത്തരിപ്പോടെ കട്ടിലിനരികിൽ ശാന്ത മുട്ടുമടക്കി. പുഞ്ചിരിത്തൂകികൊണ്ട് ഭാരതിയമ്മ അവളുടെ കവിളിൽ തലോടി.
“പേടിക്കണ്ടാ... എനിക്കൊന്നുമില്ല.”
ശാന്ത ആ മുഖത്തേക്ക് ഉറ്റുനോക്കി. വിറയാർന്ന ചുണ്ടുകൾ വീണ്ടും മൊഴിഞ്ഞു.
“ഇന്നുമുതൽ നീ എന്റെ മോളാണ്. പ്രസവിച്ചതല്ലെങ്കിലും ഞാനാണ് നിന്റെ അമ്മ.”
ഭാരതിയമ്മ വാത്സല്യത്തോടെ അവളുടെ ശിരസ്സ് തലോടി. വീർപ്പുമുട്ടലിൽ ശാന്ത സ്വയം അലിയുകയായിരുന്നു.