പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

അറുപത്തിമൂന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

റെയിൽവെ സ്‌റ്റേഷൻ ഏറെക്കുറെ വിജനമായിരുന്നു.

ഒന്നുരണ്ടു പോർട്ടർമാർ എന്തെല്ലാമോ ജോലികളിൽ ഏർപ്പെട്ടു നടക്കുന്നുണ്ട്‌. അവിടവിടെയായി ഉറക്കം തൂങ്ങിയിരിക്കുന്ന കെട്ടും ഭാണ്ഡവുമുളള പിച്ചക്കാർ.

വെളിച്ചമുളള സ്ഥലത്ത്‌ മുഷിഞ്ഞ വേഷവുമായി ചില ചെറുപ്പക്കാർ നിൽക്കുന്നു. സ്ഥലത്തെ ചിറ്റുചട്ടമ്പികളായിരിക്കും. അവർ കൗതുകപൂർവ്വം ശാന്തയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. തുളഞ്ഞു കയറുന്ന അവരുടെ നോട്ടം അവളെ വിമ്മിട്ടപ്പെടുത്തി.

കയ്യിൽ തുകൽ ബാഗും തൂക്കി അറുപതു കഴിഞ്ഞ ഒരു മാന്യവൃദ്ധൻ അവിടെ നിന്നിരുന്നു. ശാന്ത വൃദ്ധനെ സമീപിച്ചു.

“വടക്കോട്ടുളള വണ്ടി പോയോ അമ്മാവാ?”

“ഇപ്പം പോയതേയുളളൂ. ആ വണ്ടിയ്‌ക്കാ ഞാൻ വന്നത്‌. കുഞ്ഞെവിടെ നിന്നും വരുന്നു?”

ഒന്നു ശങ്കിച്ചിട്ട്‌ കളളം പറഞ്ഞു.

“ഒരു ഇന്റർവ്യൂവിന്‌ വന്നതാ. ആളുകൾ ഏറെയുണ്ടായിരുന്നതുകൊണ്ട്‌ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ നേരം വൈകി.”

വൃദ്ധന്‌ അനുകമ്പ തോന്നി.

“കുഞ്ഞ്‌ ആകെ വിഷമിച്ചിരിക്കുന്നല്ലോ... ഊണു കഴിച്ചില്ല്യോ?”

‘ഉവ്വ്‌.“

അവൾ പാറിപ്പറക്കുന്ന തന്റെ മുടിയൊതുക്കി. വിളക്കുകാലിനരികെ ഒഴിഞ്ഞ കൽബഞ്ചിൽ ചെന്നിരുന്നു. വൃദ്ധൻ അങ്ങോട്ടു ചെന്നു.

”മറ്റൊന്നും തോന്നരുത്‌. എന്റെ എളേ മോളെപ്പോലെ കരുതി പറയുന്നതാ. ആഹാരം കഴിച്ചില്ലെങ്കിൽ കാപ്പിയോ മറ്റോ കഴിക്കാം.“

”ഒന്നും വേണ്ടമ്മാവാ.“

”കുഞ്ഞിന്റെ പരവശത കണ്ടു ചോദിച്ചതാ.“

മുഖത്ത്‌ അല്പം കൂടി പ്രസന്നത വരുത്താൻ അവൾ ശ്രദ്ധിച്ചു. കൽബഞ്ചിന്റെ ഒരറ്റത്ത്‌ വൃദ്ധൻ ഇരുന്നു.

”കുഞ്ഞിന്റെ പേരെന്താ?“

”ശാന്ത.“

”അയ്യോടാ...എന്റെ മൂത്തമോളുടെ പേരും ശാന്തയെന്നാ. അവൾക്കിവിടെ ഇൻകാംടാക്‌സിലാ ജോലി. ഇവിടന്ന്‌ രണ്ട്‌ ഫർലോംഗ്‌ ദൂരെയാ താമസം.“

ആരെയോ പ്രതീക്ഷിക്കുന്നപോലെ വെളിയിലേക്ക്‌ നോക്കിയതിനുശേഷം വൃദ്ധൻ പറഞ്ഞു.

”ഞാൻ ഈ വണ്ടിക്ക്‌ വരുമെന്ന്‌ എന്റെ മോളെ അറിയിച്ചിരുന്നു. സ്‌റ്റേഷനിലേക്ക്‌ അവൾ ആരെയെങ്കിലും പറഞ്ഞയയ്‌ക്കാറുളളതാ... ഇതെന്തു പറ്റിയോ ആവോ?... ആരേം കാണുന്നില്ല.“

ശാന്ത ഒന്നും മിണ്ടിയില്ല. വൃദ്ധൻ ആത്മഗതം ചെയ്‌തു.

”ഇച്ചിരി നേരം കൂടി കാത്തുനോക്കാം. എന്നിട്ടും വന്നില്ലെങ്കിൽ അങ്ങോട്ടു വല്ല കാറും വിളിച്ച്‌ പോകേണ്ടിവരും. മോളുടെ വീടെവിടെയാ.“

ശാന്ത തന്റെ നാടിന്റെ പേർ പറഞ്ഞു.

”അങ്ങോട്ട്‌ ഇനി വെളുപ്പിനെ വണ്ടിയൊളളല്ലോ. അതുവരെ ഇവിടെ ഇരിക്കണമല്ലോ.“

”അല്ലാതെന്തു ചെയ്യും?“ അവൾ നെടുവീർപ്പിട്ടു.

”മോൾക്ക്‌ വിരോധമില്ലെങ്കിൽ എന്റെകൂടെ പോരെ. രാത്രി എന്റെ മോളുടെ വീട്ടിൽ കൂടാം. വെളുപ്പിന്‌ വണ്ടിക്ക്‌ സമയമാവുമ്പം എഴുന്നേറ്റ്‌ ഇങ്ങോട്ട്‌ പോന്നാൽ മതി.“

”വേണ്ടമ്മാവാ... ഞാൻ ഇവിടെ ഇരുന്നുകൊളളാം.“

”നിർബന്ധിക്കുന്നില്ല. ഒറ്റയ്‌ക്ക്‌ ഒരു പെൺകുട്ടി രാത്രി മുഴുവൻ ഇരിക്കണമല്ലോ എന്നു കരുതി പറഞ്ഞതാ. ടൗണല്യോ? റൗഡിശല്യം ഭയങ്കരമാ.“

വൃദ്ധൻ തുടർന്നു. ”കഴിഞ്ഞയാഴ്‌ച ഒരു പെണ്ണിനെ ചിലരെല്ലാം കൂടി ഉപദ്രവിച്ച കാര്യം പത്രത്തിൽ വായിച്ചില്യോ? അത്‌ ഈ സ്‌റ്റേഷനിൽ വച്ചായിരുന്നു.“

ശാന്തയ്‌ക്ക്‌ ആകെ പതർച്ച തോന്നി. വീണ്ടും വൃദ്ധന്റെ ശബ്‌ദം.

”എന്റെ എളേ കുഞ്ഞിനെപ്പോലെ കരുതി പറയുവാ... വിരോധമില്ലെങ്കിൽ എന്റെ കൂടെ പോര്‌.“

അവൾ ആ മുഖത്തേക്ക്‌ നോക്കി. മാന്യതയുളള മനുഷ്യൻ. നിഷ്‌ക്കളങ്കമായ ചിരി. ഏറെക്കുറെ തന്റെ മുത്തച്ഛന്റെ പ്രായം. ആ മനുഷ്യന്റെ കൂടെ പോകുന്നതിൽ തകരാറുണ്ടോ?

സ്‌റ്റേഷനിൽ ചിറ്റുചട്ടമ്പികളുടെ തുളഞ്ഞു കയറുന്ന നോട്ടം. അല്‌പംകൂടി കഴിഞ്ഞാൽ പട്ടണം ഉറക്കത്തിലാണ്ടുപോകും. നിർജ്ജനാന്തരീക്ഷത്തിൽ ഒറ്റയ്‌ക്ക്‌ ഒരു പെൺകുട്ടി കഴിച്ചുകൂട്ടുന്നതെങ്ങിനെ? കാമവെറിപൂണ്ട ആരെങ്കിലും കുഴപ്പത്തിനു വന്നാൽ.

എന്താ വേണ്ടത്‌? ഗുരുവായൂരപ്പനെ മനസ്സിൽ നിരൂപിച്ചുകൊണ്ട്‌ ശാന്ത പറഞ്ഞു.

”എങ്കിൽ പോകാം അമ്മാവാ.“

”വരൂ... നമുക്കൊരു ടാക്‌സി വിളിക്കാം.“

വൃദ്ധന്റെ പിന്നാലെ അവൾ സ്‌റ്റേഷന്‌ വെളിയിലേക്ക്‌ നടന്നു.

*********************************************************************

വളവും തിരിവും ഊടുവഴികളും കടന്ന്‌ ഒരു വലിയ കെട്ടിടത്തിന്റെ മുറ്റത്ത്‌ ടാക്‌സി നിന്നു. വൃദ്ധനും ശാന്തയും പുറത്തിറങ്ങി.

മനസ്സിൽ തോന്നി, ഈ കൂറ്റൻ കെട്ടിടത്തിനുളളിലാണോ കാരണവരുടെ മകൾ താമസിക്കുന്നത്‌?

വൃദ്ധൻ ക്ഷണിച്ചു. ”വാ മോളേ...“

ഡോർ തളളിത്തുറന്നു. റിസപ്‌ഷൻ റൂം. അറ്റത്ത്‌ ഒരു കാബിൻ. അവിടെ സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ട്‌.

വൃദ്ധൻ ചെറുപ്പക്കാരനെ തൊഴുതു. അയാൾ ആകർഷകമായി പുഞ്ചിരിച്ചു. അതിനുശേഷം അടിമുടി അവളെ വീക്ഷിച്ചു.

ആകപ്പാടെ വല്ലായ്‌മ തോന്നി. ഈ സ്ഥലമേത്‌? വല്ല ഹോസ്‌റ്റലുമായിരിക്കുമോ? ആളനക്കം പോലുമില്ലാത്ത ഈ സ്ഥലത്ത്‌ കാരണവരുടെ മകൾ എങ്ങിനെ താമസിക്കും?

ഈശ്വരാ... ഈ കിളവനും ചതിയനായിരിക്കുമോ?

വൃദ്ധൻ സോഫ ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു.

”കുഞ്ഞവിടെയിരിക്കൂ... ഞാൻ എന്റെ മേളേം കൂട്ടിക്കൊണ്ടു വരാം. മുകളിലാണവൾ താമസിക്കുന്നത്‌. പറയാതെ ചെന്നാൽ പിണങ്ങിയെങ്കിലോ? അല്ലെങ്കിൽതന്നെ മൂക്കത്താ അവൾക്ക്‌ ശുണ്‌ഠി.“

ചിരിച്ചുകൊണ്ട്‌ വൃദ്ധൻ സ്‌റ്റെയർകേയ്‌സ്‌ കയറി മുകളിലേക്ക്‌ പോയി. പോകുന്നതിനുമുമ്പ്‌ കാബിനരികെ ചെന്ന്‌ ചെറുപ്പക്കാരനോട്‌ എന്തോ കുശലം പറയുകയും ചെയ്‌തു.

ആശങ്കയോടെ ശാന്ത ഇരുന്നു. വൃദ്ധൻ എന്തൊക്കെയാണ്‌ പറഞ്ഞത്‌? സംശയം തോന്നി. ഒരിക്കൽ ചൂടുവെളളത്തിൽ വീണ പൂച്ചയാണ്‌ താൻ. പച്ചവെളളം പോലും ഭയമായിരിക്കുന്നു.

അവൾ മെല്ലെ എഴുന്നേറ്റു. ജനലിലൂടെ വെളിയിലേക്ക്‌ നോക്കി. പുറത്ത്‌ ഇരുട്ടാണ്‌. അങ്ങിങ്ങായി വഴിവിളക്കുകൾ മങ്ങിക്കത്തുന്നുണ്ട്‌.

”സഹോദരി ആദ്യമായിട്ടാണോ ഇവിടെ വരുന്നത്‌?“

ചോദ്യംകേട്ട്‌ ഞെട്ടിത്തിരിഞ്ഞു നോക്കി. കാബിനിൽ ഇരുന്നിരുന്ന ചെറുപ്പക്കാരൻ തെല്ലകലത്തുളള ടീപ്പോയിയിൽ നിന്ന്‌ പത്രങ്ങൾ എടുത്ത്‌ മടക്കുന്നു.

ശാന്ത മറുപടി പറഞ്ഞു.

”അതെ.“

”പേരെന്താ?“

”ശാന്ത.“

ഒന്നുചിരിച്ചിട്ട്‌ പത്രവുമായി അയാൾ കാബിനിലേക്ക്‌ മടങ്ങിപ്പോയി.

സ്‌റ്റെയർകേയ്‌സിൽ കാൽപ്പെരുമാറ്റം. വൃദ്ധൻ ധൃതിയിൽ ഇറങ്ങിവന്നു.

”വരൂ കുഞ്ഞേ... മോള്‌ വിളിക്കുന്നു. അവൾ ഊണുകഴിക്കുകയാ.“

ശാന്ത കാരണവരുടെ പിറകെ ചെന്നു. ഗോവണി കയറി വരാന്തയിലെത്തി. വൃദ്ധൻ പറഞ്ഞു.

”ഉദ്യോഗസ്ഥന്മാര്‌ താമസിക്കുന്ന സ്ഥലമാ ഇത്‌. എന്റെ മോള്‌ ആപ്പീസറല്യോ... ഒരു ഫ്ലാറ്റ്‌ മുഴുവൻ ഗവൺമ്മേണ്ട്‌ അവൾക്ക്‌ കൊടുത്തിരിക്കുകയാ.“

ഒരു മുറിയുടെ മുൻപിൽ ചെന്ന്‌ കതകിലെ പിടി തിരിച്ചു. വാതിൽ തുറന്നു.

”അകത്തേക്ക്‌ കയറൂ.“

ശാന്ത അനുസരിച്ചു. പെട്ടെന്ന്‌ വൃദ്ധൻ പുറകിൽനിന്ന്‌ കതകടച്ചു.

ഒരു നടുക്കം. വെളിയിൽ താക്കോൽ തിരിയുന്ന ശബ്‌ദം.

ഈശ്വരാ... ഇതെന്താണ്‌?

അകത്ത്‌, സ്‌ക്രീനിന്നപ്പുറത്തുനിന്നും പുരുഷസ്വരം.

”വാതിലടച്ചോട്ടെ സാരമില്ല. ഇങ്ങോട്ടു വരൂ.“

നെഞ്ചിലെ മിടിപ്പ്‌ പുറത്തു കേൾക്കാവുന്നത്ര ഉച്ചത്തിലായി. വീണ്ടും ക്ഷണം.

”അവിടെ നിൽക്കാതെ ഇങ്ങുവരണം.“

ഇടറുന്ന പാദങ്ങൾ നീങ്ങി. പക്ഷേ, മുളളു തറച്ചതുപോലെ നിന്നുപോയി.

എന്താണീ കാണുന്നത്‌? സ്വപ്‌നമോ മിഥ്യയോ?

മദ്യക്കുപ്പികൾക്കുമുമ്പിൽ ലഹരിയിൽ മുഴുകിയിരിക്കുന്ന ശശിധരൻ.

ശാന്തയ്‌ക്ക്‌ തല കറങ്ങി. ”ശശിച്ചേട്ടാ..“ അവൾ വിളിച്ചു. അമ്പരപ്പോടെ ശശിധരൻ പിടഞ്ഞെഴുന്നേറ്റു. അയാളിൽനിന്ന്‌ അറിയാതൊരു ശബ്‌ദമുയർന്നു.

”ശാന്ത...?“

കനത്ത നിമിഷങ്ങൾ... ചൂടുളള മുഹൂർത്തങ്ങൾ..

ബോധം വീണപ്പോൾ ശശിയുടെ ചോദ്യം.

”നീ... ഇവിടെ?“

കരച്ചിലിന്റെ വക്കത്തെത്തിയ മറുപടി.

”എന്നെ ഒരാൾ വിളിച്ചുകൊണ്ടു പോന്നു. എന്നെ നശിപ്പിക്കാനാണെന്ന്‌ അറിഞ്ഞില്ല.“

അവൾ വിതുമ്പിപ്പോയി. തുടർന്ന്‌ നിയന്ത്രണം വിട്ട ഏങ്ങലടികൾ.

ശശി ചോദിച്ചു.

”ഞാനായിരിക്കും ഇവിടെയെന്ന്‌ അറിഞ്ഞില്ലല്ലേ?“

ശാന്തക്ക്‌ മറുപടി പറയാൻ കഴിഞ്ഞില്ല. കരളിൽ കടകോൽ തിരിയുകയായിരുന്നു. ശശിധരനെന്ന വേദാന്തി സംസാരിച്ചു.

”സാരമില്ല. പാരമ്പര്യത്തിന്റെ സന്തതിയാണ്‌ മനുഷ്യൻ. എന്നെങ്കിലും നീ അമ്മയുടെ മകളാകുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചു.“

പരിസരം മറന്ന്‌ അവൾ വിളിച്ചുപോയി.

”ശശിയേട്ടാ..!“

ശശി മെല്ലെ കുലുങ്ങിച്ചിരിച്ചു. എന്നിട്ട്‌ മേശപ്പുറത്ത്‌ നിറച്ചുവെച്ചിരുന്ന വിസ്‌കിഗ്ലാസ്‌ എടുത്ത്‌ ഒറ്റവീർപ്പിന്‌ കുടിച്ചു.

നിശ്ശബ്‌ദതയിൽ, കനത്ത വാക്കുകൾ ഉതിർന്നു വീണു.

”എനിക്കായി നീ വിതച്ച നൊമ്പരം ഇന്നു ഞാൻ കൊയ്‌തുതീർക്കുകയാണ്‌.“

ഒന്നു നിർത്തിയിട്ട്‌ ശബ്‌ദത്തിലൂറിയ വേദന നിയന്ത്രിച്ചുകൊണ്ട്‌ ശശി തുടർന്നു.

”......അർഹതയില്ലെങ്കിലും ഒരപേക്ഷ എനിക്കുണ്ട്‌. ഒരു വേശ്യയായി എന്റെ മുൻപിൽ നീ വന്നു നിൽക്കരുത്‌. അത്‌ സഹിക്കാനുളള ഉൾക്കരുത്ത്‌ എനിക്കില്ല.“

ഹൃദയം പറിയുന്ന ദുഃഖഭാരത്തോടെ ശശിധരൻ അപേക്ഷിച്ചു.

”ശാന്ത പോകൂ... ദയവുചെയ്‌ത്‌ ഈ മുറിവിട്ട്‌ ഇറങ്ങിപ്പോകൂ..“

ശശിധരൻ തുറന്നുകൊടുത്ത വാതിലിലൂടെ കാറ്റുപോലെ ശാന്ത പുറത്തേക്കുപോയി.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.