പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

അൻപത്തിയേഴ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

കാട്ടുതീപോലെ വാർത്ത പരന്നു. കേട്ടവർ കേട്ടവർ കല്യാണിയമ്മയുടെ വീട്ടിലേയ്‌ക്കോടി. നേരം പുലർന്നപ്പോൾ മുറ്റത്തും പറമ്പിലും ഉത്സവത്തിനുളള ജനക്കൂട്ടം. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കത്തുമായി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ആളെ വിട്ടു. പോലിസെത്തി.

അന്വേഷണം.

“ഗോപിയെ കൊന്നതാര്‌?”

“കുടിച്ചുകൊണ്ട്‌ ബഹളമുണ്ടാക്കിയപ്പോൾ ശാന്ത കുത്തിക്കൊന്നു.”

വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻ നായരിൽ നിന്നാണോ ആദ്യമായി ആ പ്രസ്താവം ഉയർന്നത്‌?

പലരും ആ അഭിപ്രായത്തെ പിന്താങ്ങി. ചിലർക്കു തോന്നി; എങ്കിലും ശാന്ത അത്‌ ചെയ്യുമോ?

ഇൻസ്പെക്‌ടറുടെ കാലുപിടിച്ച്‌ കരഞ്ഞുകൊണ്ട്‌ കല്യാണിയമ്മ വിവരിച്ചു.

“അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഒച്ചയും ബഹളവുമായിട്ടാ അവൻ വന്നത്‌. എന്റെ മോളെ കൊല്ലാൻ കരുതിക്കൂട്ടി പിച്ചാത്തിയുമായിട്ടാ കയറിവന്നത്‌. മൂക്കറ്റം കുടിച്ചിരുന്നു. വഴക്കിനും ബഹളത്തിനുമിടയ്‌ക്ക്‌ കാലുതെറ്റി വീണ്‌ തന്നത്താൻ കുത്തേറ്റതാണ്‌. അതാണ്‌ ഏമ്മാന്നേ സത്യം.”

അവരുടെ വാക്കുകളും പോലീസ്‌ കുറിച്ചെടുത്തു.

തറയിൽ, തലയും കുനിച്ചിരിക്കുന്ന ശാന്തയോട്‌ ഇൻസ്‌പെക്‌ടർ തിരക്കി.

“നിങ്ങൾക്ക്‌ വല്ലതും പറയാനുണ്ടോ?”

പൊതുജനം വീർപ്പടക്കി നിന്നു. സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്‌ദത.

ഇൻസ്‌പെക്‌ടർ ചോദ്യമാവർത്തിച്ചു.

“പറയൂ... നിങ്ങളുടെ ഭർത്താവിനെ നിങ്ങളാണോ കൊന്നത്‌?”

ശാന്ത തലയുയർത്തി. വിളറിയ മുഖത്ത്‌ ഗൗരവഭാവം.

അവൾ പറഞ്ഞു.

“അതേ.”

കല്യാണിയമ്മ നടുങ്ങി. ഇൻസ്‌പെക്‌ടർ തിരക്കി.

“കൊല്ലാനുളള കാരണം?”

“ചാരായം കുടിച്ചുകൊണ്ട്‌ വന്ന്‌ എന്നും എന്നെ ഉപദ്രവിക്കുമായിരുന്നു. ഒടുവിൽ സഹിക്കാനാവാതെ വന്നപ്പോൾ മനഃപൂർവ്വം ഞാൻ കുത്തിക്കൊന്നു.”

കല്യാണിയമ്മയുടെ ഒച്ചയുയർന്നു.

“ഏമ്മാനേ... അവള്‌ പറയുന്നത്‌ നുണയാണ്‌. എന്റെ മോള്‌ അവനെ കൊന്നതല്ല. ഗുരുവായൂരപ്പനാണേ എന്റെ മോള്‌ ആരേയും കൊന്നിട്ടില്ല.”

ശാന്ത തറപ്പിച്ചു പറഞ്ഞു.

“അതേ സാർ.... ഞാനാണ്‌ കൊന്നത്‌. എനിക്ക്‌ അത്രയ്‌ക്ക്‌ പകയുണ്ടായിരുന്നു.”

ശാന്തയുടെ സ്വരവും ഭാവവും ഉറച്ചതായിരുന്നു.

വിലങ്ങുവച്ച അവളെ ജീപ്പിലേയ്‌ക്ക്‌ കയറ്റിയപ്പോൾ പെറ്റതളള ബോധമറ്റു വീണുപോയി. മുത്തച്ഛൻ ഉണങ്ങിയ വിറകുകൊളളി കണക്കെ മരവിച്ചിരുന്ന്‌ എല്ലാം കാണുന്നുണ്ടായിരുന്നു.

**************************************************************************

മാസങ്ങളോളം നീണ്ടുനിന്ന ചോദ്യോത്തരങ്ങൾക്കും ചൂടുളള വാഗ്വാദങ്ങൾക്കും ശേഷം, കോടതിയുടെ ‘ക്രൂരമായ’ വിധികേട്ട്‌ ശാന്തയുടെ ഹൃദയം തകർന്നുപോയി.

വെറും നാലുവർഷത്തെ തടവുശിക്ഷ.

വധശിക്ഷയ്‌ക്ക്‌ വിധിക്കുമെന്നായിരുന്നു ശാന്തയുടെ പ്രതീക്ഷ. അതിനവൾ ആശിക്കുകയും ചെയ്‌തിരുന്നു.

പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നുളള ചോദ്യങ്ങൾക്ക്‌ താൻ കുറ്റം ചെയ്‌തുവെന്ന തരത്തിലാണ്‌ മനഃപൂർവ്വം മറുപടി പറഞ്ഞുകൊണ്ടിരുന്നത്‌. പക്ഷേ, കൃഷ്‌ണപിളള സാറ്‌ ഏർപ്പെടുത്തിയ സമർത്ഥരായ വക്കീലന്മാർ തന്റെ വാക്കുകളെ പലരീതിയിലും വളച്ചൊടിച്ച്‌ വ്യാഖ്യാനിച്ചു.

യുക്തിക്കു നിരക്കാത്ത വിധത്തിൽ അടുക്കും ചിട്ടയുമില്ലാതെ പാളിപോകുന്നതായിരുന്നത്രെ തന്റെ പ്രസ്താവനകൾ. ബോധപൂർവ്വം താൻ കുത്തിക്കൊന്നതാണെന്ന്‌ തീർത്തു പറഞ്ഞിട്ടും കോടതി വിശ്വസിച്ചില്ല. കോടതി വിധിപത്രത്തിൽ കുറിച്ചുവച്ചു.

“നിസ്സഹായയായ പ്രതി മദ്യപിച്ചിരുന്ന ഭർത്താവിൽ നിന്നും കഠിനമായി മർദ്ദനമേറ്റപ്പോൾ രക്ഷ പ്രാപിക്കാനായി കയ്യിൽ കിട്ടിയ ആയുധമുപയോഗിക്കുകയും, അത്‌ ഒരു ജീവഹാനിക്ക്‌ വഴി തെളിയിക്കുകയും ചെയ്‌തതായി കോടതിക്ക്‌ ബോദ്ധ്യപ്പെട്ടിരിക്കുന്നു. ആത്മരക്ഷയ്‌ക്കുവേണ്ടി ചെയ്‌ത കുറ്റമായതിനാൽ കടുത്ത ശിക്ഷയ്‌ക്ക്‌ പ്രതി അർഹയല്ല.

എങ്കിലും ഇതൊരു കൊലപാതകമായതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 304-​‍ാം വകുപ്പനുസരിച്ച്‌ പ്രതിയെ നാലുവർഷം തടവുശിക്ഷയ്‌ക്ക്‌ കോടതി വിധിച്ചിരിക്കുന്നു.”

വിധി പ്രസ്താവിച്ചു കേട്ടപ്പോൾ വിഭ്രാന്തിയോടെ കരഞ്ഞുകൊണ്ട്‌ ശാന്ത അപേക്ഷിച്ചു.

“എന്നെ കൊല്ലൂ സാർ... തൂക്കിക്കൊല്ലൂ... ഞാൻ കുറ്റക്കാരിയാണ്‌.”

നിന്നിരുന്ന മരക്കൂടിന്റെ അഴികളിൽ ആഞ്ഞാഞ്ഞ്‌ അവൾ തലയടിച്ചു.

കാവൽ നിന്ന പോലീസുകാർ ബലമായി ആ സംരംഭം തടഞ്ഞു. അലമുറയിടുന്ന ആ പെൺകുട്ടിയുടെ ബുദ്ധിയ്‌ക്ക്‌ തകരാറുണ്ടോ എന്ന്‌ സംശയിച്ച കോടതി അവളെ മെഡിക്കൽ പരിശോധനയ്‌ക്ക്‌ അയച്ചു.

കോടതി പരിസരത്ത്‌ തടിച്ചു കൂടിയിരുന്ന പൊതുജനം അവളുടെ നിലകണ്ട്‌ മിഴിതുടച്ചു. പ്രൊഫസർ കൃഷ്‌ണപിളള, താൻ തറയിൽ വീണു പോകുമോ എന്ന്‌ നിനച്ചുപോയി. പരീത്‌ അദ്ദേഹത്തെയും കൂട്ടി വെളിയിലേയ്‌ക്ക്‌ നടന്നു.

**************************************************************************

സെൻട്രൽ ജയിലിൽ ചെന്ന്‌ പ്രത്യേകാനുമതിയോടെ പ്രൊഫസർ കൃഷ്‌ണപിളള ശാന്തയെ കണ്ടു.

വിളർത്തും വിവശയുമായ ആ പെൺകുട്ടിയെ പലതും പറഞ്ഞ്‌ അദ്ദേഹം ആശ്വസിപ്പിക്കാൻ നോക്കി.

എന്തു കേട്ടിട്ടും നിർവ്വികാരയായിരുന്നു അവൾ. തളർന്ന മിഴികളിൽ നനവുപോലുമില്ല. അപാരതയിലെവിടെയോ മനസ്സുമൂന്നി ശാന്ത നിന്നു.

ചോദ്യങ്ങൾക്കു മറുപടിയില്ല. നെടുവീർപ്പുപോലുമില്ല.

അമ്മയെപ്പറ്റി പറഞ്ഞു. മുത്തച്ഛനെക്കുറിച്ച്‌ സംസാരിച്ചു. ഒരു പ്രതികരണവുമില്ല. സംസാരിക്കുന്നത്‌ തന്നോടാണെന്ന ഭാവമേയില്ല.

ആ നിലപാട്‌ പ്രൊഫസറെ വീർപ്പുമുട്ടിച്ചു. ജയിൽ ഡോക്‌ടറെ കണ്ടു സംസാരിച്ചു. ബുദ്ധിക്ക്‌ കുഴപ്പമില്ലെന്ന്‌ മനസ്സിലായി.

ഡോക്‌ടർ മേനോൻ കൃഷ്‌ണപിളളയൊന്നിച്ച്‌ പഠിച്ച ആളാണ്‌. ഇന്റർമീഡിയറ്റ്‌ ക്ലാസുകളിൽ ഒരേ ബഞ്ചിലിരുന്ന സഹപാഠികൾ. പ്രൊഫസർക്ക്‌ അതൊരാശ്വാസമായിരുന്നു. ഡോക്‌ടർ മേനോൻ വഴി ജയിൽ സൂപ്രണ്ടിനെ പരിചയപ്പെട്ടു. തന്നെക്കുറിച്ച്‌ സൂപ്രണ്ട്‌ ധാരാളം കേട്ടിട്ടുണ്ട്‌. പത്രമാസികകളിൽ താനെഴുതുന്ന ലേഖനങ്ങൾ വായിക്കാറുണ്ടത്രെ. മാത്രമല്ല, സൂപ്രണ്ടിന്റെ മൂത്തമകൾ തന്റെ കോളേജിൽ നിന്നാണ്‌ കഴിഞ്ഞവർഷം ഡിഗ്രിയെടുത്തത്‌.

ശാന്തയെക്കുറിച്ചുളള എല്ലാ വിവരങ്ങളും പ്രൊഫസർ അവരെ പറഞ്ഞു കേൾപ്പിച്ചു.

തന്റെ ‘ലോക്കൽ ഗാർഡിയൻഷിപ്പി’ൽ കോളേജിൽ പഠനമാരംഭിച്ച വിവരമല്ലാതെ, ഒരു പ്രണയ പരാജയം മൂലമാണ്‌ ശാന്ത പഠിത്തം നിർത്തിയതെന്നു പറയാൻ എന്തോ മനസ്സു സമ്മതിച്ചില്ല.

കുടുംബത്തിലെ കഷ്‌ടപ്പാടുമൂലം ഒരാലോചന വന്നപ്പോൾ ജോലിയുളള ഗോപിയുമായി വിവാഹബന്ധത്തിലേർപ്പെട്ടെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. പ്രതീക്ഷയ്‌ക്കു വിപരീതമായി ഗോപിമൂലം ആ തറവാട്‌ നിലംപരിശായ കഥകൾ അദ്ദേഹം വിവരിച്ചു.

ഡോക്‌ടർ മേനോനും സൂപ്രണ്ടിനും ശാന്തയോട്‌ പ്രത്യേക മമത തോന്നാൻ അതു കാരണമായി.

തന്റെ മകളെപ്പോലെയാണ്‌ ആ പെൺകുട്ടിയെ കരുതുന്നതെന്ന്‌ പറഞ്ഞപ്പോൾ പ്രൊഫസറുടെ തൊണ്ടയിടറി. കണ്ണുകൾ ഈറനായി.

ഡോക്‌ടർ മേനോൻ സമാധാനിപ്പിച്ചു.

“താങ്കൾ വിഷമിക്കാതിരിക്കണം. അവൾക്കിവിടെ അസൗകര്യങ്ങൾ ഒന്നും വരാതെ ഞങ്ങൾ ശ്രദ്ധിച്ചുകൊളളാം.”

പ്രൊഫസറോടൊപ്പം ഡോക്‌ടറും സൂപ്രണ്ടും ശാന്തയെ സന്ദർശിച്ചു. അവളുടെ മൗനം കണ്ട്‌ വേദനിച്ച പ്രൊഫസറുടെ ചെവിയിൽ ഡോക്‌ടർ മേനോൻ പറഞ്ഞു.

“ഭയപ്പെടാനില്ല. ഒരു തരം ‘മാനിയ’ അവളെ പിടികൂടിയിരിക്കുന്നു. രണ്ടുദിവസം കഴിയുമ്പോൾ താനേ മാറിക്കൊളളും. താങ്കൾ പൊയ്‌ക്കൊളളൂ. എന്റെ ശ്രദ്ധ എപ്പോഴും ഉണ്ടാകും.”

ആ ആശ്വാസത്തോടെ പ്രൊഫസർ മടങ്ങി.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.