പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

അൻപത്തിനാല്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

തന്നെ തിരക്കി വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായരുടെ താമസസ്ഥലത്തേക്ക്‌ ശാന്ത പോയെന്ന്‌ മുത്തച്ഛനിൽ നിന്ന്‌ അറിഞ്ഞപ്പോൾ ഗോപി മൂർച്ഛിച്ചു വീണില്ലെന്നേയുളളൂ. പിടയ്‌ക്കുന്ന നെഞ്ചോടെ പടികടന്ന്‌ വായുവേഗത്തിൽ അവൻ പാഞ്ഞു.

ബുദ്ധിപൂർവ്വം സകല ചരടുകളും കോർത്തിണക്കിയിരിക്കുകയാണ്‌ ഗോവിന്ദൻനായർ. അനുകമ്പയുടെ പേരിൽ, തന്നെ ചതിക്കുവാനുളള കരുക്കളാണെല്ലാം. ഒരനുകമ്പയും തനിക്കാവശ്യമില്ല.

ആത്മഹത്യ ചെയ്യേണ്ടിവന്നാലും തന്റെ പ്രിയപ്പെട്ടവളെ നശിപ്പിക്കാൻ സാധിക്കുകയില്ല.

നരിമടയിലേക്ക്‌ മാൻകുട്ടിയെ എറിഞ്ഞു കൊടുക്കുക.

അങ്ങിനെ സംഭവിച്ചാൽ, മറ്റാരെങ്കിലും അവളുടെ ശരീരത്തിൽ സ്പർശിക്കാൻ ഇടവന്നാൽ, കിഴവൻ പട്ടരേയും, ഗോവിന്ദൻനായരേയും കുത്തിമലർത്തിയേ താൻ അടങ്ങൂ... പ്രേതബാധയേറ്റ കണക്കെ ഗോപി, ഗോവിന്ദൻനായരുടെ പാർപ്പിടത്തിലെത്തി. അവിടെ ആളനക്കം പോലുമില്ല. പുറത്തുനിന്നും മുറിപൂട്ടിയിരിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിലുളള ആമത്താഴ്‌ കതകിൽ തൂങ്ങിമരിച്ചു കിടക്കുന്നു.

നിഗമനങ്ങൾ ശരിയായി വരികയാണ്‌. ചതിപ്രയോഗത്തിൽ ശാന്തയെ സ്വാമിയുടെ സമീപത്ത്‌ എത്തിച്ചിട്ടുണ്ടാകും.

പാടം കടന്ന്‌ കുറുക്കുവഴിയെ ഓടി. തലച്ചോറിൽ ചൂളം വിളി. അപകടത്തിന്റെ ‘സൈറൻ’ ആയിരിക്കുമോ?

ഒരു കഠാരി കിട്ടിയിരുന്നെങ്കിൽ....

കുമാരന്റെ ചെറ്റപ്പുരയുടെ പടിയ്‌ക്കലെത്തിയപ്പോൾ കാലുകൾക്കു വിലങ്ങു വീണതുപോലെ. അങ്ങോട്ടു കയറിയാൽ ശപഥം ലംഘിക്കേണ്ടിവരും. ലംഘിച്ചാലെന്ത്‌?

ഇത്തരം സന്ദർഭങ്ങളിൽ മനസ്സമാധാനമല്ലേ വേണ്ടത്‌?

ഏറ്റുമുട്ടലുകൾ പ്രതീക്ഷിക്കാവുന്ന ചുറ്റുപാടുണ്ട്‌. ഒരുതരത്തിലും തളർന്നുകൂടാ. കരളിന്‌ ശക്തിക്കൂടിയേ തീരൂ....

ചിന്തിക്കാൻ നേരമില്ല. നേരെ പടികടന്നുചെന്നു. കുമാരനെ വിളിച്ച്‌ ഓർഡർ ചെയ്‌തു.

ചൂടാറാത്ത വാറ്റുചാരായം നിന്നനില്‌പിൽ ഒരുകുപ്പിയോളം അകത്താക്കി.

കുമാരൻ പോലും അതിശയിച്ചു പോയി.

“ഇതെന്തൊരു കുടി?”

തൊണ്ടയ്‌ക്കൊരു കാറൽ. മുരടനക്കിയിട്ടു കല്പിച്ചു.

“ഒരു ഗ്ലാസ്സുകൂടി വേണം.”

കുമാരന്‌ വീണ്ടും അത്ഭുതം.

“ഇനി വേണോ?”

“വേണം.”

കൊണ്ടുവന്നു. മണ്ണെണ്ണയുടെ ചുവയുളള തീത്തൈലം. വലിച്ചു കുടിച്ചു. പുറം കൈകൊണ്ട്‌ ചുണ്ടു തുടച്ചു. കാർക്കിച്ചു തുപ്പിയിട്ടും നാവിൽ മണ്ണെണ്ണച്ചുവ. ഞരമ്പുകളിൽ വെളിച്ചപ്പാടിന്റെ ആവേശം.

കിതപ്പോടെ തിരക്കി.

“മൂർച്ചയുളള എന്തെങ്കിലുമുണ്ടോ?”

“പിച്ചാത്തി മതിയോ?”

“മതി.”

കുമാരൻ മുറുക്കാൻ ചെല്ലത്തിൽ നിന്നും പിച്ചാത്തിയെടുത്തു നീട്ടി. അതും വാങ്ങിച്ചിട്ട്‌ തിടുക്കത്തിൽ പുറത്തേക്ക്‌ നടന്നു. യാത്രപോലും പറഞ്ഞില്ല.

ഒന്നും മനസ്സിലായില്ല. ആ വരവിലും പോക്കിലും പന്തിക്കേടില്ലേ? കത്തി കൊടുക്കേണ്ടായിരുന്നു. ചിന്തിച്ചപ്പോൾ കുമാരന്‌ പരിഭ്രമമായി.

*************************************************************************

എൻജിനീയർ സ്വാമി പ്രാർത്ഥനാമുറിയിൽ നിന്നും പുറത്തേക്ക്‌ വന്നപ്പോൾ വരാന്തയിൽ കാത്തുനിന്നിരുന്ന ഗോവിന്ദൻനായർ എഴുന്നേറ്റ്‌ വിനയത്തോടെ തൊഴുതു.

സ്വാമി മിഴിച്ചു നിന്നുപോയി.

ഗോവിന്ദൻ നായരുടെ കൂടെ ഒരു ദേവത!

വിദഗ്‌ദ്ധനായ ചിത്രകാരൻ കലണ്ടറിൽ വരച്ച ലക്ഷ്‌മീ ഭഗവതി നേരിൽ പ്രത്യക്ഷപ്പെട്ടതാണോ? ശാന്ത കൈകൂപ്പി. നെഞ്ചിടിപ്പോടെ സ്വാമി തിരക്കി.

“ഇതാണോ ഗോപിയുടെ മിസ്സിസ്സ്‌?”

ഗോവിന്ദൻനായർ പറഞ്ഞു.

“അതെ. പേര്‌ ശാന്ത.”

“വെരിഗുഡ്‌! വെരിഗുഡ്‌! പേരുപോലെത്തന്നെ ആളും!..”

ചോരക്കണ്ണുകൾ ആർത്തിയോടെ മാംസള ഭാഗങ്ങളിൽ ഉഴിച്ചിൽ നടത്തി.

“വരൂ... വരൂ... അകത്തേയ്‌ക്കിരിക്കാം.”

കുലുങ്ങിക്കുലുങ്ങി പിളുന്തത്തടി മുൻപേ നടന്നു. ഗോവിന്ദൻനായരും ശാന്തയും അനുഗമിച്ചു.

അകത്തെ മുറിയിലെ സോഫായിൽ ഇരുന്നു. വിടലച്ചിരിയിൽ കുതിർന്ന സ്വാമിയുടെ ശബ്‌ദം.

“ഇത്ര നേരത്തെ വരുമെന്ന്‌ കരുതിയില്ല.”

ശാന്തയ്‌ക്ക്‌ അർത്ഥം മനസ്സിലായില്ല.

ഗോവിന്ദൻനായരുടെ മുഖത്തേയ്‌ക്കു നോക്കി. നിഷ്‌ക്കളങ്കത ഭാവിച്ച്‌ ഗോവിന്ദൻനായർ വെറും വാക്കു പറഞ്ഞു.

“ഗോപിയെ സ്വാമി രക്ഷിക്കണം.”

തുപ്പൽത്തുളളികൾ തെറിക്കുന്ന പൊട്ടിച്ചിരി.

“നാൻ പറഞ്ഞല്ലോ.... ഗോപിയുടെ കാര്യം നാൻ ഏറ്റു. ഐ ആം പ്രോമിസ്സിംഗ്‌.”

സ്വാമി വെറ്റിലച്ചെല്ലം കയ്യിലെടുത്തു. മിഠായി കിട്ടിയ കുട്ടിയുടെ ആഹ്ലാദത്തിമിർപ്പോടെ തുടർന്നു.

“നേരത്തെ ഗോപി ഇവിടെ വന്നിരുന്നു. നാൻ വാക്കു പറഞ്ഞിട്ടുണ്ട്‌. പേടിക്കണ്ടാ....നമ്മളുടെ പേനത്തുമ്പിലല്ലേ സംഗതികൾ കിടക്കുന്നത്‌?”

ശാന്തയുടെ കരളിൽ ഐസ്‌ കഷണം വീണതുപോലെ കുളിർമ്മ. കരുണയ്‌ക്കുവേണ്ടി എങ്ങിനെ യാചിക്കണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ്‌ ഓർക്കാപ്പുറത്ത്‌ ആശ്വാസവാക്കുകൾ.

കൃതജ്ഞതാനിർഭരമായ മിഴികളോടെ സ്വാമിയെ നോക്കി. വികൃതമെങ്കിലും പ്രായാധിക്യം കൊണ്ട്‌ വന്ദ്യമായ മുഖം. പണ്ടുകണ്ട ഏതോ തമിഴ്‌ചിത്രത്തിൽ ഇത്തരത്തിൽ ഒരു ഹാസ്യകഥാപാത്രമുണ്ടായിരുന്നു.

ഏതു ചിത്രത്തിൽ?

ഓർമ്മയില്ല.

ഉപ്പുമാങ്ങാഭരണി നീങ്ങുന്ന കണക്കേ ജനലരികിൽ ചെന്ന്‌ നീട്ടിത്തുപ്പിയിട്ട്‌ സ്വാമി തിരിച്ചുവന്നു.

സൽക്കാരത്തിനുളള ഭാവമാണ്‌.

“ഗോവിന്ദൻനായർ ഒരു കാര്യം ചെയ്യൂ... വെളിയിൽ കുട്ടികൾ ആരെങ്കിലും ഉണ്ടോയെന്ന്‌ നോക്കൂ... രണ്ടുമൂന്നു കോഫിക്കൊണ്ടുവരാൻ പറയൂ.”

ശാന്ത തടഞ്ഞു.

“ഒന്നും വേണ്ടാ... നേരം സന്ധ്യ കഴിഞ്ഞില്ലേ? അധികം വൈകുന്നതിനുമുമ്പ്‌...”

വാചകം പൂർത്തിയായില്ല. അതിനുമുമ്പ്‌ സ്വാമിയുടെ പൊട്ടിച്ചിരി. ശാന്ത ഭയന്നു. തന്റെ ദേഹത്ത്‌ തുപ്പൽ തെറിച്ചുവോ? സ്വാമിക്ക്‌ ഉത്സാഹത്തിമിർപ്പ്‌.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.