പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

അൻപത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

കാക്ക കരയുന്ന ശബ്‌ദം കേട്ടുകൊണ്ടാണ്‌ കണ്ണുതുറന്നത്‌. വെയിൽ അകത്ത്‌ ജനലഴികളുടെ നിഴൽചിത്രം വരച്ചിരുന്നു.

ആദ്യം ഒന്നും മനസ്സിലായില്ല. താൻ കിടക്കുന്ന സ്ഥലമേതാണ്‌?

കൂട്ടുകാരായ വർക്കുസൂപ്രണ്ട്‌ ഗോവിന്ദൻനായരും കൃഷ്‌ണൻകുട്ടിയുമെവിടെ?

കട്ടിലിൽ എഴുന്നേറ്റിരുന്നു. ചുറ്റുപാടും നോക്കി.

ചുമരുകളും, ചില്ലിട്ടു തൂക്കിയ തന്റെ കല്യാണഫോട്ടോകളും, മേശയും, മറ്റുപകരണങ്ങളും- സ്ഥലം മനസ്സിലായി. താനെങ്ങിനെ ഇവിടെ എത്തിച്ചേർന്നു? ആരെങ്കിലും കൊണ്ടുവന്ന്‌ ആക്കിയതായിരിക്കുമോ?

മെല്ലെ എഴുന്നേറ്റു. തലപൊക്കാനാവുന്നില്ല. ചെന്നികളിൽ ശക്തിയായ വേദന. ചാരായത്തിന്റെ അറപ്പിക്കുന്ന നാറ്റം.... മനം പുരട്ടുന്നതുപോലെ...

വേച്ചുവേച്ചു ചെന്ന്‌ വാതിൽ തുറന്നു. ഉമ്മറത്ത്‌ തൂണും ചാരി കല്യാണിയമ്മയിരിക്കുന്നു. പുറംതിരിഞ്ഞിരുന്ന്‌ ഇളംവെയിൽ കൊളളുന്ന മുത്തച്ഛൻ മുരിങ്ങാച്ചുവട്ടിൽ. ശരീരത്തിൽ വെയിലേല്‌ക്കുമ്പോൾ ചുക്കിച്ചുളിഞ്ഞ-ജര ബാധിച്ച ചർമ്മത്തിൽ ചെതുമ്പലുകൾപോലെ എന്തോ മിന്നിക്കളിക്കുന്നു.

തിണ്ണയുടെ ഒരറ്റത്ത്‌ തേച്ചുമിനുക്കിയ കിണ്ടിയിൽ വെളളവും സമീപത്ത്‌ കുരുമുളകിലയിൽ ഉമിക്കരിയും പൊളിച്ച പച്ച ഈർക്കിലിയും വച്ചിട്ടുണ്ട്‌.

ശാന്തയെവിടെ? എല്ലാം ഒരുക്കിവച്ചിട്ട്‌ കുളിക്കാൻ പോയിരിക്കുമോ?

കല്യാണിയമ്മയോട്‌ ചോദിച്ചാലോ? തന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ കനപ്പിച്ച ഭാവത്തോടെയാണിരിക്കുന്നത്‌!

ഇന്നലെ മദ്യപാനം വരുത്തിവച്ച വിന!

ഇവിടെവന്ന്‌ വല്ല അബദ്ധങ്ങളും കാണിച്ചിട്ടുണ്ടാകുമോ?

ആരോടു ചോദിച്ചു മനസ്സിലാക്കും? കഷ്‌ടം! താനെന്തിന്‌ ഇങ്ങിനെ കുടിച്ചു നശിക്കുന്നു? ഇല്ല ഇനിയൊരിക്കലും ലഹരി ഉപയോഗിക്കുകയില്ല.

ശാന്ത വരുമ്പോൾ അവളുടെ ശിരസ്സിൽ തൊട്ട്‌ പരസ്യമായി സത്യം ചെയ്യണം.

മേലിൽ ഒരിക്കലും താൻ മദ്യം തൊടുകയില്ലെന്ന്‌ ഏറ്റുപറഞ്ഞ്‌ മാപ്പിരക്കണം.

കൃഷ്‌ണൻകുട്ടിയും ഗോവിന്ദൻനായരും നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഇന്നലെയും താൻ കുടിക്കുകയില്ലായിരുന്നു.

പെട്ടെന്ന്‌ പരിസരബോധം വന്നു. തലച്ചോറിൽ ഓർമ്മകൾ തീമുളള്‌ തിരുകി.

അപകടകരമായ തന്റെ അവസ്ഥ! പ്രൊഫസറെ കണ്ട്‌ മുപ്പതിനായിരം രൂപ വാങ്ങിയില്ലെങ്കിൽ... എല്ലാം കുഴപ്പമായിത്തീരുമെന്ന പൊളളുന്ന പരമാർത്ഥം.

ധൃതിയിൽ ഗോപി പല്ലുതേച്ച്‌ മുഖം കഴുകി.

അകത്തുചെന്ന്‌ പെട്ടി തുറന്നുനോക്കി. വസ്‌ത്രങ്ങൾ അലക്കിത്തേച്ച്‌ ഭദ്രമായി വച്ചിട്ടുണ്ട്‌. പാറ്റ ഗുളികയുടെ മണമുളള വസ്‌ത്രങ്ങൾ. ധൃതിയിൽ അവയെടുത്തു ധരിച്ചു.

കാപ്പിയുമായി ശാന്ത അകത്തുനിന്നും കടന്നുവന്നു. കണ്ടപ്പോൾ അതിശയം തോന്നിപ്പോയി. മൃദുസ്വരത്തിൽ ചോദിച്ചു.

“ശാന്ത അകത്തുണ്ടായിരുന്നോ?”

അവൾ ഒന്നും മിണ്ടിയില്ല. കൺപീലികൾ നനഞ്ഞു കുതിർന്നിരുന്നു. ഗോപി കാപ്പി വാങ്ങിക്കുടിച്ചു. മുഖം കുനിച്ചു നില്‌ക്കുന്ന ക്ഷീണിതയായ ഭാര്യയെ നോക്കി ഇടർച്ചയോടെ യാചിച്ചു.

“എന്നോട്‌ ക്ഷമിക്കൂ ശാന്തേ... ചിലപ്പോൾ എന്നെ നിയന്ത്രിക്കാൻ എനിക്കുതന്നെ കഴിയുന്നില്ല. മേലിൽ ഒരിക്കലും ഞാൻ മദ്യപിക്കുകയില്ല. ഇതു സത്യം... സത്യം...”

വികാരാവേശത്തോടെ അവളുടെ മുമ്പിൽ മുട്ടുകുത്തി. ശാന്ത ഞെട്ടിപ്പോയി. അണമുറിഞ്ഞതുപോലെ അവൾ പൊട്ടിക്കരഞ്ഞു. തന്റെ പാദങ്ങളിൽ പിടിച്ചു മാപ്പിരക്കുന്ന ഭർത്താവിന്റെ ചുമലിലേക്ക്‌ ശിരസ്സർപ്പിച്ച്‌ അവൾ തേങ്ങി. ഗോപി അവളെ ഇറുകെ പുണർന്നു.

പെട്ടെന്ന്‌ ഗർജ്ജനമുയർന്നു.

“ശാന്തേ!! എഴുന്നേൽക്കടീ അവിടന്ന്‌...”

നോക്കിയപ്പോൾ ഭദ്രകാളിയെപ്പോലെ തീ പറക്കുന്ന കണ്ണുകളുമായി മുന്നിൽ കല്യാണിയമ്മ. അവർ അടിമുടി വിറയ്‌ക്കുകയായിരുന്നു.

“ആരു പറഞ്ഞെടീ നിന്നോട്‌ ഈ മുറിയിൽ കടക്കാൻ?”

അലർച്ചയായിരുന്നു അത്‌. ഭാവപ്പകർച്ച കണ്ട്‌ ഭയത്തോടെ ശാന്ത കരഞ്ഞു.

“അമ്മേ...!”

“മിണ്ടരുത്‌... ഇനി ഈ തെണ്ടിയുമായി ഒരു ബന്ധവും നിനക്കില്ല. പോടീ അപ്പുറത്ത്‌.”

അവർ ശക്തിയോടെ മകളുടെ കൈയ്‌ക്കു പിടിച്ചു വലിച്ചു.

ശാന്ത മുറിവിട്ടുപോകാൻ കൂട്ടാക്കിയില്ല. അവൾ അമ്മയുടെ കയ്യിൽ നിന്നും കുതറിമാറി.

നിശ്ചലം നിൽക്കുന്ന ഭർത്താവിന്റെ സമീപത്തേയ്‌ക്ക്‌ ഓടിച്ചെന്ന്‌ ചുമലിൽ പിടിച്ചുകൊണ്ട്‌ അവൾ ചോദിച്ചു.

“എന്നെ ഈ വീട്ടിൽ നിന്ന്‌ കൊണ്ടുപോകാമോ? ഇവിടെ കിടന്നാൽ എനിക്ക്‌ ഭ്രാന്തുപിടിക്കും. എന്നെ എവിടെയ്‌ക്കെങ്കിലും കൊണ്ടുപോകൂ... അല്ലെങ്കിൽ ജീവനോടെ നിങ്ങൾക്കാർക്കും എന്നെ കാണാൻ കഴിഞ്ഞെന്നു വരില്ല.”

കല്യാണിയമ്മ ഞെട്ടിപ്പോയി. മകളുടെ അപരിചിത സ്വരം അവരെ തളർത്തിക്കളഞ്ഞു. അതിശയദൃഷ്‌ടികളോടെ അമ്മ മകളെ നോക്കി.

“മോളേ... നീയെന്തിനുളള ഭാവമാണ്‌?”

നഷ്‌ടപ്പെട്ട തന്റേടം ശാന്തയ്‌ക്ക്‌ തിരിച്ചു കിട്ടിയിരുന്നു.

“അമ്മയെന്നോട്‌ ക്ഷമിക്കൂ...നിങ്ങളാരും എന്റെ ശത്രുക്കളല്ലെന്ന്‌ എനിക്കറിയാം. പക്ഷേ, ഈശ്വരൻ ചൂണ്ടിയ വഴിയെയല്ലാതെ ഞാൻ നീങ്ങുകയില്ലമ്മേ...ഈ വിവരം നല്ലവനായ കൃഷ്‌ണപിളള സാറിനോടും പറഞ്ഞേക്കൂ...”

കെട്ടടങ്ങിയ കാട്ടുതീ കണക്കെ കല്യാണിയമ്മ നിന്നു. അവസാനത്തെ പ്രതീക്ഷയും ചാമ്പലായി കഴിഞ്ഞെന്ന്‌ അവർക്ക്‌ ബോധ്യമായി.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.