പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

നാൽപ്പത്തിയഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

പിറ്റേന്ന്‌ കല്യാണിയമ്മയെ കണ്ടപ്പോൾ പരീത്‌ പറഞ്ഞു.

“അവൻ പടിച്ച കളളനാണ്‌. എന്തു കൊളളരുതായ്‌മയും ചെയ്യാൻ മടിക്കാത്ത തനി ഹറാം പിറന്നോൻ.”

കല്യാണിയമ്മയുടെ ഗദ്‌ഗദ സ്വരമുയർന്നു.

“ഇന്നലെ വീട്ടിൽവന്ന്‌ അവൻ എന്തെല്ലാം തെറിയും തെമ്മാടിത്തരവുമാണെന്നോ വിളിച്ചു പറഞ്ഞത്‌? അയൽക്കാരുപോലും ഉറങ്ങിയിട്ടില്ല. ഒരു കാരണവുമില്ലാതെ എന്റെ മോളെ അവൻ ഒത്തിരി തല്ലി. അവളുടെ താലിമാലയും പൊട്ടിച്ചെടുത്തുകൊണ്ടാണ്‌ ഇന്നു രാവിലെ അവൻ പോയിരിക്കുന്നത്‌?”

അവർ നെടുവീർപ്പിട്ടു. മിണ്ടാനാകാതെ പരീത്‌ നിന്നു. കല്യാണിയമ്മ തുടർന്നു.

“ഈശ്വരനില്ല പരീതേ...; ഈശ്വരനില്ല. അത്‌ തീർച്ചയാ.”

നേര്യേതിന്റെ തലപ്പുകൊണ്ട്‌ അവർ മുഖം തുടച്ചു. പരീത്‌ ചോദിച്ചു.

“ഇക്കണക്കിന്‌ ആ ബന്തം ഒയിവാക്കുന്നതല്ലേ നല്ലത്‌?”

“എനിക്കും അങ്ങിനെ തോന്നായ്‌കയില്ല. പക്ഷേ, ശാന്ത സമ്മതിക്കേണ്ടേ? അവളു പറയുന്നത്‌ ഞാനിങ്ങനെ കിടന്ന്‌ നരകിച്ച്‌ മരിച്ചോളാമെന്ന്‌...”

പരീത്‌ ഒരു പോംവഴി കണ്ടെത്തി.

“ആട്ടെ, ബെശമിക്കാണ്ടിരി. ഞമ്മള്‌ പോയി കൃശ്നപ്പിളള സാറിനെ കാണാം. അങ്ങേര്‌ ബിചാരിച്ചാല്‌ എന്തെങ്കില്‌മൊരു നീക്ക്‌പോക്ക്‌ ഒണ്ടാവാതിരിക്കൂലാ...”

സമാധാനവാക്കുകൾ ചൊല്ലി പരീത്‌ കല്യാണിയമ്മയെ പറഞ്ഞയച്ചു.

**************************************************************************

കടവിൽ അലക്കും കുളിയും ബഹളം. സൗദാമിനിടീച്ചറും ഭാരതിക്കുട്ടിയും കൂട്ടത്തിലുണ്ട്‌. അമ്പലക്കുളത്തിലെ കൽപ്പടവുകളിറങ്ങി ശാന്ത ചെന്നു. തിരക്കുളള കുളം. എവിടെ ഇറങ്ങണമെന്ന്‌ സംശയിച്ചുനില്‌ക്കെ സൗദാമിനി ടീച്ചർ പറഞ്ഞു.

“ഞാൻ കയറാറായി ശാന്തേ. ഇവിടെ കുളിച്ചോളൂ.”

ശാന്ത പുഞ്ചിരിയോടെ ആ ക്ഷണം സ്വീകരിച്ചു. സാരിയും ജംബറും നനച്ച്‌ അലക്കുകല്ലിൽ വച്ചിട്ട്‌ വെളളത്തിലേയ്‌ക്കിറങ്ങിയപ്പോഴാണ്‌ തൊട്ടടുത്തുനിന്ന്‌ മുങ്ങുന്ന നാണിച്ചിറ്റയെ കണ്ടത്‌. അസൂയക്കാരിയായ ആ വൃദ്ധയെ പണ്ടേ ശാന്തയ്‌ക്ക്‌ ഭയമാണ്‌.

മൂർച്ചയുളള നാക്കുകൊണ്ട്‌ ഏതുവശത്തേക്കും വീശാൻ അവർക്കൊരു മടിയുമില്ല. നാവനങ്ങിയാൽ നാറുന്ന വർത്തമാനമേ ഉതിർന്നു വീഴൂ. വെയിൽ മൂക്കുമ്പോൾ വീട്ടുമുറ്റത്തെങ്ങാനും നിന്ന്‌ ചൂടുവെളളം കൊണ്ട്‌ കുളിക്കേണ്ടുന്ന പ്രായമായിട്ടും ഒരു ജലപ്പിശാചിനെപ്പോലെ അതിരാവിലെ അമ്പലക്കുളത്തിലേക്കെത്തും. നാട്ടുവർത്തമാനവും നാടൻക്കമ്പിയും പരത്തി ആരൊടെങ്കിലും വഴക്കുണ്ടാക്കിയിട്ടേ മടങ്ങൂ. അതൊരു പതിവു കർമ്മമാണ്‌. ആവുന്നതും അവരുടെ ദൃഷ്‌ടിയിൽ പെടാതിരിക്കാൻ ശാന്ത പ്രാർത്ഥിച്ചു.

തല തുവർത്തുന്ന സൗദാമിനിടീച്ചർ കുശലം ചോദിക്കാൻ തുടങ്ങി. നാണിച്ചിറ്റയുടെ ശ്രദ്ധ അപ്പോഴാണ്‌ ശാന്തയിൽ പതിഞ്ഞത്‌.

തലവിറയലോടെ അവർ തിരക്കി.

“നീയെന്താടീ ശാന്തേ മനുഷ്യരെ കണ്ടിട്ട്‌ ഒരക്ഷരം മിണ്ടാത്തത്‌?”

ശാന്ത മന്ദഹസിച്ചു.

“നാണിച്ചിറ്റ നാമം ജപിച്ചോണ്ടു കുളിക്കുകയല്ലേ എന്നു കരുതി മിണ്ടാതിരുന്നതാ.”

“ജപോം മന്ത്രോം ഉരുവിട്ടാലും പരിചയക്കാരെ കണ്ടാൽ വർത്തമാനം പറയാൻ പാടില്ലെന്ന്‌ ഒരീശ്വരനും കൽപ്പിച്ചിട്ടില്ല.”

പല്ലില്ലാത്ത മോണക്കാട്ടി നാണിച്ചിറ്റ ചിരിച്ചു. ഞാന്നു കിടക്കുന്ന അവരുടെ കാതുകളിൽനിന്നും ജലബിന്ദുക്കൾ തുളളിത്തെറിച്ചു കൊണ്ടിരുന്നു. നാണിച്ചിറ്റ തുടർന്നു.

“അല്ലാ ഒന്നോർത്താല്‌ വയസ്സും പ്രായോം ചെന്ന എന്നോടൊക്കെ മിണ്ടുന്നത്‌ പഠിപ്പും പരൂക്ഷേമുളള നിന്നപ്പോലത്തെ യോഗ്യത്തികൾക്ക്‌ ചേർന്നതുമല്ല.”

മറുപടിക്കുളള വാക്കുകൾക്കുവേണ്ടി ശാന്ത വിമ്മിഷ്‌ടപ്പെട്ടു. എന്തു പറഞ്ഞാലും വളച്ചൊടിച്ച്‌ പരിഭവത്തിന്റെയും പരാതിയുടെയും വക്കത്തേക്ക്‌ കൊണ്ടുവരാൻ തളളയ്‌ക്ക്‌ ഒരു പ്രയാസവുമില്ല. ശ്വാസം മുട്ടലിൽനിന്ന്‌ രക്ഷിച്ചത്‌ സൗദാമിനിടീച്ചറാണ്‌. അവർ തിരക്കി.

“കല്യാണിച്ചേച്ചിയെ കണ്ടില്ലല്ലോ ഇന്ന്‌?”

അതിനു മറുപടി പറഞ്ഞത്‌ നാണിച്ചിറ്റയാണ്‌.

“അവൾക്കു രാത്രി മുഴുവൻ ജോലിയുളളതല്ലേടീ സൗദാമിനി... നേരം വെളുത്തതറിയാണ്ട്‌ കിടന്ന്‌ ഉറങ്ങുകയായിരിക്കും.”

കേട്ടവർ ഒന്നടങ്കം ചിരിച്ചു. ശാന്ത മുഖം കുനിച്ചു. അമർഷത്തോടെ സൗദാമിനി വൃദ്ധയെ നോക്കി. ഒന്നും സംഭവിക്കാത്തമട്ടിൽ വൃദ്ധ തന്റെ സഞ്ചിമുലകളിൽ സോപ്പു തേച്ചുകൊണ്ടിരുന്നു. ചുണ്ടുകളിൽനിന്ന്‌ നാമജപവും ഉതിരുന്നുണ്ടായിരുന്നു.

തണുത്ത ജലത്തിൽ നിന്നിട്ടും ശാന്തക്ക്‌ ചുട്ടുപൊളളുകയായിരുന്നു. കുളത്തിൽ ആഴമുളള വശത്തെവിടെയെങ്കിലും വീണു ജീവൻ കളഞ്ഞെങ്കിലോ എന്നുപോലും തോന്നിപ്പോയി. ഇഞ്ചയും സോപ്പും കൽപ്പടവിൽ വച്ചിട്ട്‌ നാണിച്ചിറ്റ ശാന്തയെ സൂക്ഷിച്ചു നോക്കി. ഒരതിശയം കണ്ടതുപോലെ അവർ തിരക്കി.

“അല്ലേയ്‌...നിന്റെ നെറ്റിയിലെന്താടീ ഒരു പാട്‌. ചോര ചത്തു കിടക്കുന്നല്ലോ?”

ശാന്ത വീണ്ടും ഞെട്ടി. ഒരു പരുങ്ങലോടെ അവൾ പറഞ്ഞു.

“കതകിൽ മുട്ടിയതാ.”

നാണിച്ചിറ്റ അമർത്തിയൊന്നു മൂളി. അതിനുശേഷം മോണകാട്ടി ചിരിച്ചു.

“ഞങ്ങളും നിന്റെ ഈ പ്രായമൊക്കെ കടന്നാ പെണ്ണേ പോന്നത്‌. ഞങ്ങടെ നെറ്റിയേലും ഇത്തരം പാടുകളൊക്കെ ഉണ്ടായിട്ടുണ്ട്‌.”

അസഹ്യമായ വെറുപ്പോടെ സൗദാമിനിടീച്ചർ ചോദിച്ചു.

“അറിയാഞ്ഞിട്ട്‌ ചോദിക്കുവാ. നാണിച്ചിറ്റയ്‌ക്ക്‌ ഇതെന്തൊരു സ്വഭാവമാ.”

“ഞാൻ പറഞ്ഞതിലെന്താടീ സൗദാമിനി തെറ്റ്‌? സമ്മന്തത്തിൽ വരുന്ന ആമ്പ്രന്നോമ്മാര്‌ കളളും ചാരായോം കുടിക്കുന്നോരായാല്‌ പെണ്ണുങ്ങളുടെ നെറ്റിയിലും ദേഹത്തും ഇത്തരം പാടും, മുറിവും ഒക്കെ ഉണ്ടായെന്നു വരും.”

ഭാരതിക്കുട്ടി തെല്ല്‌ ഉറക്കെത്തന്നെ പറഞ്ഞു.

“അല്ലാ ആ വരുന്നത്‌ കല്യാണിചേച്ചിയാണല്ലോ.”

എല്ലാവരും ആ ഭാഗത്തേക്ക്‌ നോക്കി. കല്യാണിയമ്മ പടവുകൾ ഇറങ്ങിവരികയായിരുന്നു.

നാണിച്ചിറ്റ ധൃതിയിൽ പറഞ്ഞു.

“ഞാൻ വേഗം കേറട്ടെ സൗദാമിനി. വീട്ടിൽ ചെന്നിട്ട്‌ ആയിരംക്കൂട്ടം ജോലിയൊണ്ട്‌.”

അവർ തിരക്കിട്ട്‌ ആഞ്ഞുമുങ്ങി.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.