പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

മുപ്പത്തിയേഴ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

ഇന്നേവരെ കണ്ടുപിടിച്ച അളവുകോലുകൾ പ്രയോജനരഹിതമായി വരുമ്പോൾ മനുഷ്യൻ അന്ധാളിച്ചു നിന്നുപോകുന്നു. സത്യത്തിന്റെ മുഖം കരുവാളിക്കുകയും വലിയ നുണകൾക്ക്‌ വലിയ സ്ഥാനം ലഭിക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ്‌?

യുക്തിയ്‌ക്ക്‌ എന്തെല്ലാം വ്യാഖ്യാനങ്ങൾ മിനയാൻ കഴിഞ്ഞാലും പ്രപഞ്ചരഹസ്യം ഇന്നും നിഗൂഢമായിത്തന്നെ നിലകൊളളുന്നു.

അരി തിളച്ചാൽ ഒന്നോ രണ്ടോ വറ്റെടുത്ത്‌ വേവു നോക്കാം. അതിന്റെ പാകമാകലിൽ മറ്റെല്ലാറ്റിന്റേയും നില നിർണ്ണയിക്കുകയും ചെയ്യാം. പക്ഷേ, ആ നിഗമനം സമൂഹത്തിൽ പ്രയോഗിച്ചു നോക്കുന്നതെങ്ങിനെ? അത്രയ്‌ക്ക്‌ വ്യത്യസ്‌ത സ്വഭാവക്കാരല്ലേ മനുഷ്യർ?

എത്ര ചിന്തിച്ചിട്ടും പ്രൊഫസർക്ക്‌ ഒരെത്തും പിടിയും കിട്ടുന്നില്ല.

പടുകുഴിയിൽ നിന്ന്‌ ഒരു ജീവിതമെങ്കിലും രക്ഷപ്പെടുത്താൻ അദ്ദേഹം ആശിച്ചു. പക്ഷേ, വിധി വിചിത്രമായ ചെപ്പടിവിദ്യകൾ കാണിച്ച്‌ ആശയുടെ അടിവേരുവരെ പിഴുതു കളയുന്നു.

ആ പെൺകുട്ടി ഒരിക്കലും രക്ഷപ്പെടരുതെന്ന്‌ ഈശ്വരനും തീരുമാനിച്ചിട്ടുണ്ടാകുമോ? അമ്മയുടെ തെറ്റിന്‌ ഒന്നുമറിയാത്ത ആ നിഷ്‌ക്കളങ്കതയുടെ ആത്മാവ്‌ ക്രൂശിക്കപ്പെടേണമോ?

പോസ്‌​‍്‌റ്റുമാൻ കത്തുകളുമായി വന്നപ്പോൾ ചിന്തയ്‌ക്ക്‌ കടിഞ്ഞാണിട്ടുകൊണ്ട്‌ അദ്ദേഹം എഴുന്നേറ്റു. ശാന്തയുടെ കൈപ്പടയുളള കവർ തിടുക്കപ്പെട്ടു തുറന്നു. കത്തിനോടൊപ്പം കല്യാണഫോട്ടോയുമുണ്ട്‌. ഗോപിയും ശാന്തയും ഒരുമിച്ചെടുത്ത ഫോട്ടോ. ഭർത്താവിനോടൊപ്പം എല്ലാം മറന്ന്‌ നില്‌ക്കുന്ന ലീലാലോലുപയായ പെൺകുട്ടി. അവൾക്കു ചേരുന്ന രൂപഗുണമുളള സുഭഗനായ ഗോപി. പക്ഷേ, ആ മുഖസൗന്ദര്യം മനസ്സിനുമുണ്ടായിരുന്നെങ്കിൽ!

ഫോട്ടോയിലേക്കു സൂക്ഷിച്ചുനോക്കുമ്പോൾ ഗോപി നല്ലവനും കാപട്യമില്ലാത്തവനുമാണെന്നുതന്നെ തോന്നിപ്പോകുന്നു. പ്രതീക്ഷയുടെ അങ്കുരം വീണ്ടും മനസ്സിൽ വിരിഞ്ഞു. അങ്ങിനെയായിരുന്നെങ്കിൽ! ശാന്തക്ക്‌ സൗഭാഗ്യമരുളുവാൻ അവന്‌ കഴിഞ്ഞിരുന്നെങ്കിൽ! കഴിയും. ഗോപി ഉത്തമനായ ഒരു ഭർത്താവായിരിക്കും. ഒരിക്കലും അവൻ ആ പെൺകുട്ടിയെ നൊമ്പരപ്പെടുത്തുകയില്ല. വീട്ടുകാരുടെ എതിർപ്പുകൊണ്ടായിരിക്കാം ഒരമ്മാവനെ വാടകക്കെടുക്കേണ്ടി വന്നത്‌. അങ്ങിനെ ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ, പക്ഷിശാസ്‌ത്രക്കാരൻ പറഞ്ഞ കാര്യങ്ങൾ മറക്കുന്നതെങ്ങിനെ?

കല്ലുംക്കൂട്ടത്തിലെ ചാരായഷാപ്പിൽ സാധാരണ വരാറുണ്ടെന്ന്‌...!

അങ്ങിനെയെങ്കിൽ പ്രതീക്ഷയ്‌ക്ക്‌ എന്തുവഴി? മദ്യലഹരിയിൽ ആസക്തിയുളള ഒരാളുടെ ജീവിതം ഭദ്രമാകുന്നതെങ്ങിനെ? കിട്ടുന്നതെല്ലാം കുടിച്ച്‌ നശിപ്പിച്ച്‌, എല്ലാവരേയും വെറുപ്പിച്ച്‌...കുടുംബത്തിന്‌ ശാപമായിത്തീർന്നാൽ...?

ഹാവൂ!

പ്രൊഫസർ അസ്വാസ്ഥ്യത്തോടെ എഴുന്നേറ്റ്‌ വെളിയിലേയ്‌ക്ക്‌ നോക്കി.

ഗേറ്റ്‌ കടന്ന്‌ സതിയും പൊന്നമ്മയും വരുന്നുണ്ട്‌. അദ്ദേഹം കതകുതുറന്നു. പെൺകുട്ടികൾ അകത്തേയ്‌ക്ക്‌ കയറി.

“ശാന്തയുടെ വല്ല വിശേഷവും അറിയാറുണ്ടോ സാർ?”

“കത്തുണ്ട്‌. അവളുടെ വെഡ്‌ഡിങ്ങ്‌ ഫോട്ടോയും അയച്ചിട്ടുണ്ട്‌.”

“എവിടെ?”

സതി ആർത്തിയോടെ ഫോട്ടോ വാങ്ങി. ഒളികണ്ണോടെ പ്രൊഫസർ അവരെ ശ്രദ്ധിച്ചു. പെൺകുട്ടികൾ ആഹ്ലാദഭരിതരാണ്‌. പൊന്നമ്മ കൂട്ടുകാരിയുടെ ചെവിയിൽ അടക്കം പറഞ്ഞു.

“നന്നായിരിക്കുന്നു. രണ്ടുപേരും നല്ല ചേർച്ചയാ..”

ആ വാക്കുകൾ പ്രൊഫസർ കേട്ടു. ഒന്നും മിണ്ടാതെ അദ്ദേഹം അലമാരിപ്പുറത്തേക്ക്‌ ദൃഷ്‌ടി പായിച്ചു.

അലമാരയുടെ മുകളിൽ മാറാല പിടിച്ചമട്ടിൽ പാമ്പും കീരിയുമായി പോരാടുന്ന സ്‌റ്റഫ്‌ ചെയ്ത കലാരൂപമിരിപ്പുണ്ട്‌. ചെറിയൊരു ഞെട്ടൽ അനുഭവപ്പെട്ടു.

പ്രൊഫസർ ആ രൂപം ശ്രദ്ധിച്ചു നോക്കിയതിനുശേഷം പെട്ടെന്ന്‌ മുഖം തിരിച്ചു. മനസ്സു ചോദിച്ചു.

“അതും ദുഃസൂചനയുടെ സിംബലായിരിക്കുമോ?”

****************************************************************************

മേശപ്പുറത്തെ ഹരിക്കെയിൻ ലാംബിലേക്ക്‌ മിഴിനട്ടിരിക്കുന്ന ശാന്തയുടെ മനസ്സിൽ ആശങ്കകൾ അലോസരപ്പെടുത്താൻ തുടങ്ങി.

അദ്ദേഹം എന്താ ഇങ്ങിനെ വൈകുന്നത്‌? സന്ധ്യക്കുമുമ്പേ തിരിച്ചെത്തുമെന്നും പറഞ്ഞാണ്‌ പോയത്‌. സമയം എത്രയായിക്കാണും? മേശയുടെ ഡ്രായിൽ നിന്നും ലേഡീസ്‌ റിസ്‌റ്റ്‌ വാച്ചെടുത്തുനോക്കി. നാശം! അതും നിന്നിരിക്കുന്നു. കീ കൊടുക്കാഞ്ഞിട്ടാണ്‌. യന്ത്രത്തിനോട്‌ വെറുപ്പ്‌ തോന്നിയിട്ടെന്തുകാര്യം? രണ്ടാഴ്‌ചയായി അടുക്കും ചിട്ടയുമായിട്ട്‌ ഒരു സംഗതിയും നടക്കുന്നില്ല.

സദാസമയവും കുറിഞ്ഞിപ്പൂച്ചയെപ്പോലെ തൊട്ടുരുമ്മി അദ്ദേഹത്തിന്റെ ചൂടും പറ്റി ആ മുറിയിൽത്തന്നെ കഴിച്ചുക്കൂട്ടുന്നു. ഇക്കിളിപ്പെടുത്തുന്ന നിമിഷങ്ങൾ! ഉന്മാദപൂരിതമായ ദിവസങ്ങൾ!..ഒന്നിനെക്കുറിച്ചും ഓർക്കാനില്ല. വാക്കും വിചാരവും പ്രവർത്തിയും എല്ലാം അദ്ദേഹം തന്നെ.

അദ്ദേഹം...അദ്ദേഹം...കുസൃതിക്കാരനായ കളളൻ! തന്റേതായ എല്ലാം ആ വികൃതിക്കുട്ടൻ മോഷ്‌ടിച്ചെടുത്തിരിക്കുന്നു. പകരം തനിക്കൊന്നും തന്നില്ലേ?

പ്രപഞ്ചം മുഴുവനും തനിക്കു നൽകിക്കഴിഞ്ഞു. തരാതിരുന്നപ്പോൾ പിടിച്ചു വാങ്ങിച്ചു. എത്ര പ്രാവശ്യം ക്ഷമകേടു കാണിച്ചു. പരിഭവിച്ചു. പരാതി പറഞ്ഞു. സാമ്രാജ്യമോഹിയായ ഒരു ചക്രവർത്തിനിയെപ്പോലെ പടവെട്ടുകയായിരുന്നു. കീഴടക്കി സ്വന്തമാക്കുകയായിരുന്നു.

കീഴടങ്ങിയോ? ഇല്ലേ? തന്നിൽ നിന്നകലാനാവാത്തവിധം അദ്ദേഹം തന്റേതുമാത്രമായില്ലേ? അടങ്ങാത്ത ആവേശത്തോടെ കൈക്കുമ്പിളിൽ ഒതുക്കിയില്ലേ? തന്റെ ഹൃദയേശ്വരൻ ശപഥം ചെയ്‌തു പറഞ്ഞുഃ

“ഓമനേ!...ഞാനും നീയും ഒന്നാണ്‌!..”

ഒന്ന്‌....ഒന്ന്‌....സമ്പൂർണ്ണാർത്ഥത്തിലുളള, ഏറ്റവും ചൂടുളള പരിപൂർണ്ണമായ ഒന്ന്‌. നേരിയ വസ്‌ത്രങ്ങൾക്കുപോലും തങ്ങളെ വേർതിരിക്കാനാവില്ല. ഭിത്തികളിൽ പൊത്തിപ്പിടിച്ചിരിക്കുന്ന പല്ലികൾക്കുപോലും തങ്ങളോടസൂയ തോന്നും. അവ വാലുകൾ ചലിപ്പിച്ച്‌ വികാരം കൊളളുന്നത്‌ കാണാമായിരുന്നു.

പകൽ നേരത്ത്‌ പല്ലികളെ കാണുമ്പോൾ ലജ്ജ തോന്നാറുണ്ട്‌. അവയ്‌ക്ക്‌ സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ തീർച്ചയായും തന്നെ കളിയാക്കുമായിരുന്നു. കുസൃതിത്തരം നിറഞ്ഞ എന്തെല്ലാം കാര്യങ്ങൾക്ക്‌ സാക്ഷികളാണവർ?

തനിക്കും ഒരു പല്ലിയാകാൻ കഴിഞ്ഞിരുന്നെങ്കിൽ! യുവമിഥുനങ്ങളുടെ മണിയറതോറും കയറിയിറങ്ങി എത്രയെത്ര ഉന്മാദകഥകൾ ശേഖരിക്കാമായിരുന്നു?

എന്തിന്‌ മറ്റുളളവരുടെ കഥകൾ?.. അദ്ദേഹമൊത്തുളള നിമിഷങ്ങളോളം നിർവൃതി മറ്റെവിടുന്ന്‌ കിട്ടും?

ഒരുമാത്രപോലും കാണാതിരിക്കാൻ വയ്യ. കാത്ത്‌ കാത്ത്‌ മനസ്സും ആശങ്കപ്പെടാൻ തുടങ്ങി.

ഇതെന്താണ്‌ വരാത്തത്‌? ഒരു സമാധാനവുമില്ലല്ലോ ഈശ്വരാ..!

ശാന്ത എഴുന്നേറ്റ്‌ വെറുതെ മുറിയിൽ നടക്കാൻ തുടങ്ങി. അടുത്ത മുറിയിൽനിന്നും അമ്മ വിളിച്ചു ചോദിച്ചു.

“അവൻ വന്നില്ലേ മോളേ?”

“ഇല്ലമ്മേ.”

“ഇവനെന്തു പോക്കാണീ പോയിരിക്കുന്നത്‌? കല്യാണം കഴിഞ്ഞിട്ട്‌ രണ്ടാഴ്‌ചകൂടി തികഞ്ഞിട്ടില്ല. ഇങ്ങനെ ബോധമില്ലാതെ പെരുമാറുന്നല്ലോ.”

അമ്മയുടെ വാക്കുകൾ നിലച്ചു. ശാന്തയ്‌ക്ക്‌ പൊട്ടിക്കരയണമെന്നു തോന്നി.

ഗോപിയും വീർപ്പുമുട്ടുകയായിരുന്നു. കൂട്ടുകാരുടെ ഇടയിൽനിന്ന്‌ ഊരിപ്പോരാൻ മാർഗ്ഗമില്ലാതെ വിഷമിക്കുകയായിരുന്നു.

വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായരും, കൃഷ്‌ണൻകുട്ടിയും മറ്റു കൂട്ടുകാരുംകൂടി സംഘടിപ്പിച്ച ‘പാർട്ടി’യിൽ ആദ്യാവസാനം പങ്കുചേർന്നില്ലെങ്കിൽ അവരെ അവഹേളിച്ച വ്യാഖ്യാനം ഉയരും.

നിറങ്ങളിലും വലുപ്പത്തിലും വ്യത്യസ്തരായ അകത്തു വികാരം തുളുമ്പുന്ന കുപ്പികൾ നാലഞ്ചെണ്ണം ഇതിനകം വാ പിളർന്നു കഴിഞ്ഞു.

കോഴിയും താറാവും ചിപ്‌സും വറുത്ത മീനും കൈപ്പെരുമാറ്റത്താൽ പ്ലേറ്റുകളിൽ അലങ്കോലപ്പെട്ടു കിടക്കുന്നു. മിതമായി കുടിക്കാൻ ഗോപി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂട്ടുകാരുടെ ചതവുപറ്റിയ അക്ഷരങ്ങൾ വാക്കുകളുണ്ടാക്കി. പക്ഷെ, വാചകങ്ങൾ പലവഴിക്കും ലക്ഷ്യമില്ലാതെ തിരിഞ്ഞുപോയി. അർദ്ധരാത്രിയോടടുത്തപ്പോൾ ആരോ മനുഷ്യന്റേതല്ലാത്ത പതറിയ ശബ്‌ദത്തിൽ പറഞ്ഞു.

“ഗോപീ... നിന്റെ വിവാഹം കഴിഞ്ഞെന്ന്‌ ഞങ്ങൾ അംഗീകരിച്ചിരിക്കുന്നു. കാരണം, വിസ്‌കി, ബ്രാണ്ടി തുടങ്ങിയ പുണ്യവാളൻമാർ അന്തരിച്ചിരിക്കുന്നു. അവർ അവസാനിച്ചിരിക്കുന്നു.”

ഗോവിന്ദൻ നായർ അറിയിച്ചു.

“ഇനി പൊട്ടിക്കാത്ത ഒന്നുണ്ടളിയാ. മറ്റവൻ...പട്ട...”

കൃഷ്‌ണകുട്ടിക്ക്‌ ഉത്സാഹം കയറി.

“ഓ നാട്ടുകാരൻ...! എടുക്കവനെ... വയറ്റിൽ ചെന്ന്‌ വിദേശികളുടെ മീതെ കിടന്ന്‌ അവനൊന്ന്‌ പെരുമാറട്ടെ.”

ഗോപി മെല്ലെ എഴുന്നേറ്റു.

“ക്ഷമിക്കണം. എനിക്കുവേണ്ട. ഞാൻ പോകുന്നു.”

വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായർ കൈയ്‌ക്കുപിടിച്ചു.

“ഇരിക്കെടാ അളിയാ....അറിയാമോ, നാടനാണഖിലസാരമൂഴിയിൽ...പട്ടയെ നമ്മൾ ബഹുമാനിക്കണം.”

“പറ്റുകില്ല. അധികം വൈകിയാൽ നമ്മുടെ മഹാറാണി കോപിക്കും.”

ചിരിച്ചുകൊണ്ട്‌ ഗോപി യാത്ര പറഞ്ഞു. നാലഞ്ചടി നടന്നപ്പോൾ പുറകിൽനിന്ന്‌ ആരുടേയോ ശബ്‌ദം കേട്ടു.

“അവൻ നേരത്തെ ചെന്നില്ലെങ്കിൽ കട്ടിലിൽ വേറെ വല്ലവരും കയറിക്കൂടിയെന്നു വരും.”

ഗോപി പെട്ടെന്ന്‌ നിന്നു. പറഞ്ഞ ആളുടെ ശബ്‌ദം ഓർമ്മയിൽ നിന്നു തപ്പിയെടുത്തു. ‘സ്‌റ്റീൽ സെക്‌ഷ’നിലെ മേസ്‌തിരി പൂച്ച വർഗ്ഗീസാണ്‌. ധൃതിയിൽ തിരിച്ചുചെന്നു. ചാരായം മോന്തിക്കൊണ്ടിരുന്ന വർഗ്ഗീസിന്റെ കരണത്ത്‌ ആഞ്ഞൊരടി കൊടുത്തു.

കുപ്പിഗ്ലാസ്‌ തെറിച്ച്‌ ചുമരിൽ തട്ടി തകർന്നു ചിതറി. കൂട്ടുകാർ ഒന്നടങ്കം ഞെട്ടിയെഴുന്നേറ്റു.

തികഞ്ഞ നിശ്ശബ്‌ദത.

ഗോപി രൂക്ഷഭാവത്തോടെ, ഉറച്ച കാൽവെപ്പോടെ തിരിഞ്ഞ്‌ സാവധാനം നടന്ന്‌ ഇരുട്ടിൽ മറഞ്ഞു. വർഗ്ഗീസിന്റെ പൂച്ചക്കണ്ണുകൾ ഇരുട്ടിലേയ്‌ക്ക്‌ ചാട്ടുളിപോലെ നീണ്ടു.

പെട്ടെന്നവൻ ചാടിയെണീറ്റു. പക്ഷേ, ഗോവിന്ദൻ നായരുടെ കരുത്തുറ്റ കരങ്ങൾ പൂച്ചയെ തടഞ്ഞു നിർത്തി.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.