പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

മുപ്പത്തിയൊന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

സങ്കല്പസൗധങ്ങൾ മിനഞ്ഞുയർത്താൻ സമർത്ഥനാണല്ലോ മനുഷ്യൻ?

വിചിത്രമാംവിധം വർണ്ണഭംഗിയെഴുന്ന നിനവുകൾക്ക്‌ അവൻ രൂപം നൽകുന്നു. ആശകൾ ‘ആശാരിപ്പണി’ നടത്തുമ്പോൾ ആകാശമേലാപ്പോളം വരുന്ന ഹർമ്മ്യങ്ങൾ വിരാജിക്കുന്നു. നക്ഷത്രങ്ങളെ തോല്പിക്കുന്ന അനർഘരത്നങ്ങൾ പതിച്ച വെണ്ണക്കൽ ചുവരുകളും ചിത്രത്തൂണുകളും കവിഭാവനയെ തോല്പിക്കുന്ന നിശാമഞ്ചങ്ങളും സ്വപ്നസൗധത്തിന്‌ അഴകു വർദ്ധിപ്പിക്കുന്നു.

ഒടുവിൽ ഉപബോധമനസ്സിന്റെ ഉണർവ്വിൽ അവന്‌ വ്യക്തമാകുന്നു സ്വപ്നങ്ങൾക്ക്‌ ജീവിതത്തോളം ശക്തിയില്ലെന്ന്‌. നടുക്കത്തോടെ നിശ്വാസങ്ങളുടെ നീർച്ചുഴിയിലേയ്‌ക്ക്‌-യാഥാർത്ഥ്യങ്ങളിലേക്ക്‌-മുഞ്ഞി കുത്തി വീഴുമ്പോൾ സ്വന്തം അമളികളിൽ അമർഷം പൂണ്ട്‌ അജ്ഞാതരായ ആരോടൊക്കെയോ പകരം വീട്ടുമെന്ന്‌ അവൻ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.

വാസ്തവത്തിൽ ആരാണ്‌ യഥാർത്ഥ കുറ്റക്കാർ? എത്തും പിടിപ്പുമില്ലാത്ത ജീവിതം പൂർണ്ണമായും മനസ്സിലായെന്ന്‌ ഒരു വിഡ്‌ഢിയുടെ ആത്മഗതം പോലെ വീമ്പടിച്ചത്‌ എത്ര തെറ്റാണ്‌?

യുക്തിവാദത്തിന്‌ ബുദ്ധിമാന്മാർ ഇനിയും വ്യാഖ്യാനങ്ങൾ എഴുതുകയില്ലെന്ന്‌ ആരുകണ്ടു? സ്വയം നെഞ്ചിൽ കൈവച്ച്‌ ഇതുവരെ ചെയ്തതെല്ലാം ശരിയോ തെറ്റോ എന്ന്‌ ചിന്തിക്കവേ ശശിധരന്റെ മനസ്സിന്റെ ഉലയിൽ തീ ആളിക്കത്താൻ തുടങ്ങി.

താൻ മൂലം ഒരു ജീവിതം തകർന്നിരിക്കുകയാണ്‌. ഉയർന്ന മാർക്കുകളോടെ പത്താംക്ലാസ്സും പാസ്സായി കോളേജിലെത്തിയ ആ പെൺകുട്ടി സകല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും പഠിപ്പവസാനിപ്പിച്ചിരിക്കുന്നത്രേ. അവളുടെ തകർച്ചയുടെ യഥാർത്ഥ കാരണക്കാരൻ താൻ തന്നെയല്ലേ?

ആണോ?

കണ്ടുകൊതിച്ച്‌ തിരഞ്ഞെടുത്ത പഴത്തിന്‌ പുഴുക്കുത്തുണ്ടെന്ന്‌ തോന്നിയപ്പോൾ അത്‌ വേണ്ടെന്നു വച്ചത്‌ അത്ര വലിയ തെറ്റാണോ?

അല്ലായിരിക്കാം. പക്ഷേ, പുഴുക്കുത്തേറ്റ കനിയാണെന്ന്‌ തനിക്ക്‌ തോന്നിയെന്നല്ലേയുളളൂ. അഴുക്കുളള കൂടയിൽ കിടന്നിരുന്നുവെന്ന കുറ്റത്തിന്‌ ഇങ്ങിനെ ഒരു ശിക്ഷ വേണമായിരുന്നുവോ? ശാന്തയെ പൂർണ്ണമായും നിരാകരിക്കാൻ തനിക്ക്‌ ഇത്രപെട്ടന്നെങ്ങിനെ സാധിച്ചു?

കടന്നൽക്കൂടിന്‌ കല്ലേറുകൊണ്ട കണക്കേ ബുദ്ധിയിൽ അലോസരങ്ങൾ ചീറിപറന്നു. ഒതുക്കിയിട്ടും ഒതുങ്ങാത്ത ദുർവൃത്തചിന്തകൾ. മനഃശാന്തിക്ക്‌ എന്താണൊരു മാർഗ്ഗം?

ശശിധരൻ കോർട്ടേഴ്‌സിൽനിന്ന്‌ പുറത്തേയ്‌ക്കിറങ്ങി.

കൃഷ്ണപിളളസാറിനെ കണ്ട്‌ കാര്യങ്ങൾ സംസാരിക്കണം. എന്താണ്‌ പറയേണ്ടത്‌? ശാന്തയെ താൻ വിവാഹം കഴിച്ചുകൊളളാമെന്നും അവളുടെ വിദ്യാഭ്യാസം തുടരാൻ നിർബന്ധിക്കണമെന്നുമാണോ?

സ്ഥാനമാനങ്ങളുളള താൻ ആരും അവഹേളിക്കുന്ന ഒരു പുംശ്ചലിയുടെ പുത്രിയെ താലികെട്ടിയാൽ ലോകം കളിയാക്കി ചിരിക്കുകയില്ലേ? അമ്മയും ചേച്ചിയും പൊട്ടിക്കരയുകയില്ലേ? ശാന്തയുടെ അമ്മ സമുദായമധ്യത്തിൽ വിലയില്ലാത്ത ഒരു സ്‌ത്രീയല്ലേ?

പക്ഷേ, അതിലെന്താണർത്ഥം? സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നും വിലപിടിച്ച മുത്തുകൾ സംഭരിക്കുമ്പോൾ മുത്തുകളെ പ്രസവിച്ച ചിപ്പിയെ കണക്കിലെടുക്കാറുണ്ടോ? ചിപ്പിയുടെ മേൽവിലാസത്തിൽ മുത്തിന്റെ മൂല്യം നിർണ്ണയിക്കാറുണ്ടോ?

ഗേറ്റ്‌ കടന്ന്‌ ശശിധരൻ കൃഷ്‌ണപിളളസാറിന്റെ ലോഡ്‌ജിലേക്ക്‌ ചെന്നു. അലങ്കാരത്തിനുവേണ്ടി വാങ്ങിച്ച ചലിക്കുന്ന പ്രകൃതമുളള സ്‌പ്രിങ്ങിൽ ശിരസ്സും കൈകാലുകളും ഫിറ്റുചെയ്‌ത ഒരു നർത്തകിയുടെ പ്രതിമയും പരിശോധിച്ച്‌ അലസമായി ഇരിക്കുകയായിരുന്നു പ്രൊഫസർ. ശശിധരനെ കണ്ട്‌ പുഞ്ചിരിയോടെ ക്ഷണിച്ചു.

“വരൂ ശശി”

ശശിധരൻ മുറിയിലേക്ക്‌ കടന്നു ചെന്നു. പ്രൊഫസർ പ്രതിമ ടീപ്പോയിൽ വച്ചു.

“ഇരിക്കൂ”

ഗുരുവിന്റെ സന്നിധിയിൽ ഒതുക്കമുളള ശിഷ്യനായി സോഫായിൽ ഇരുന്നു. മുഖഭാവവും ംലാനതയും പ്രൊഫസർ പ്രത്യേകം ശ്രദ്ധിച്ചു.

“എന്തൊക്കെയുണ്ട്‌ വിശേഷം?”

“സാറിന്റെ മുമ്പിൽ വരാൻ പോലും ഞാൻ യോഗ്യനല്ല.”

പ്രൊഫസർ ഉറക്കെ പൊട്ടിച്ചിരിച്ചു.

“എന്തുകൊണ്ടെന്നുകൂടി പറഞ്ഞു മനസ്സിലാക്കണം.”

പ്രൊഫസറുടെ ചിരിയും ചോദ്യവും ശശിധരനെ പാതാളത്തോളം ചവുട്ടിത്താഴ്‌ത്തി.

ജാള്യത മുഖത്തുനിന്നും തുടച്ചുമാറ്റാൻ ഏറെ സമയമെടുത്തെന്ന്‌ തോന്നുന്നു. ശശിധരൻ വേദനയോടെ ചോദിച്ചു.

“ശാന്ത പഠിത്തം അവസാനിപ്പിച്ചെന്നു കേട്ടല്ലോ സാർ?”

അല്പമൊരു നിശ്ശബ്‌ദതയ്‌ക്കുശേഷം പ്രൊഫസർ ശശിധരന്റെ മുഖത്തേയ്‌ക്ക്‌ ചുഴിഞ്ഞിറങ്ങുന്ന ദൃഷ്‌ടികളോടെ നോക്കി.

“ശശീ....അവളുടെ ചുറ്റുപാടുകൾ അത്തരത്തിലാണ്‌. ആര്‌ വിരൽ ചൂണ്ടിയാലും ആ പെൺകുട്ടി ചൂളാറുണ്ട്‌. വേദനയോടെയല്ലാതെ പുഞ്ചിരിക്കാൻ പോലും ഇന്നേവരെ അവൾക്കു കഴിഞ്ഞിട്ടില്ല. ശശി അടുത്തതും അകന്നതും പെട്ടെന്നായിപ്പോയി. പൊളളലേറ്റത്‌ ആത്മാവിലായപ്പോൾ അവൾ ആകെ തളർന്നു.”

“എന്റെ തെറ്റിന്‌ ഞാൻ സാറിനോട്‌ മാപ്പു ചോദിക്കുന്നു.”

“മാപ്പോ? ശശി കുറ്റമൊന്നും ചെയ്തില്ലല്ലോ? ഇഷ്‌ടപ്പെടാത്തത്‌ വേണ്ടെന്നു വച്ചു; അത്രയല്ലേ ഉളളൂ. ഹൃദയത്തിന്‌ വിശാലതയുളളവർക്കേ ആ കുട്ടിയെ മനസ്സിലാക്കാൻ കഴിയൂ ശശീ...”

“സാറ്‌ യുക്തിവാദിയായിരിക്കാം. പാരമ്പര്യത്തിൽ വിശ്വസിക്കുന്നില്ലെന്നും വരാം. എങ്കിലും ചന്ദനത്തോട്‌ ചാരിയാൽ ചന്ദനം മണക്കുമെന്ന്‌ ഒരു ചൊല്ലുണ്ടല്ലോ...?”

പ്രൊഫസർ പൂർവ്വാധികം ഉറക്കെ ചിരിച്ചു.

“ശരിയാണ്‌ ശശീ...പക്ഷേ, കുളിച്ചാൽ ആ മണം മാറുകയും ചെയ്യുമെന്നറിയാമോ? ചോദിക്കട്ടെ, പണ്ടു പുരട്ടിയ സെന്റിന്റെയെല്ലാം സുഗന്ധമുണ്ടോ എന്റെ ശിഷ്യന്റെ ദേഹത്തിപ്പോൾ?”

അലസമായി ചിരിച്ചുകൊണ്ട്‌ ടീപ്പോയിൽ ഇരുന്ന പാവയെ പ്രൊഫസർ വൃഥാ ഒന്നു തൊട്ടു. സ്ര്പിംഗിൽ ഫിറ്റുചെയ്‌ത പ്രതിമ ജീവൻ വെച്ചപോലെ തലയാട്ടി ശരീരമാകെ താളാത്മകമായി ചലിപ്പിച്ചു. പ്രൊഫസർ പറഞ്ഞു.

“നർത്തകിയ്‌ക്ക്‌ നമ്മുടെ സംഭാഷണം പിടികിട്ടിയെന്നു തോന്നുന്നു...”

തല ഉയർത്തി പാവയെ നോക്കി. അതെന്തോ വികൃതാംഗ്യങ്ങൾ കാണിക്കുകയാണ്‌. ഒരുപക്ഷേ, തന്നെ കളിയാക്കുകയായിരിക്കുമോ? ശശിധരൻ മുഖം തിരിച്ചു.

“എന്റെ ഒരപേക്ഷ സാറ്‌ കേൾക്കുമോ?”

“പറയൂ”

“ആ പെൺകുട്ടിക്ക്‌ കുറച്ചു രൂപ കൊടുക്കണമെന്ന്‌ ഞാൻ കരുതുന്നു. സാറ്‌ നിർബ്ബന്ധിച്ചാൽ ശാന്ത വാങ്ങും. എന്നെ സംബന്ധിച്ച്‌ അതൊരാശ്വാസമായിരുന്നു.”

പ്രൊഫസർ സോഫായിൽ നിന്നെഴുന്നേറ്റ്‌ മെല്ലെ ഉലാത്താൻ തുടങ്ങി.

ചോദ്യം തന്റെ ശിഷ്യനിൽ നിന്നുമായിപ്പോയി. അല്ലെങ്കിൽ ഉത്തരമുണ്ടായിരുന്നു. മൃദുല ഭാഷയിൽ പ്രൊഫസർ പറഞ്ഞു.

“ഞാൻ ജീവിക്കുന്നേടത്തോളം കാലം സാമ്പത്തികമായി ശാന്തയ്‌ക്ക്‌ തളർച്ചയുണ്ടാവുകയില്ല. അഥവാ ഉണ്ടായാൽത്തന്നെ അതിൽ ശശി ഉത്‌കണ്‌ഠപ്പെടുകയുമരുത്‌?”

ശശിധരൻ ഒരിക്കൽകൂടി പതറിയോ? ശിരസ്സു താഴുകയായിരുന്നു. പ്രൊഫസർ തുടർന്നു.

“ഒരു കാര്യംകൂടി, പിഴയൊടുക്കി രക്ഷ പ്രാപിക്കുന്ന സമ്പ്രദായം പോലീസുമുറയാണ്‌. ബുദ്ധിമാനായ എന്റെ പ്രിയപ്പെട്ട ശിഷ്യൻ അതിന്‌ ഒരുമ്പെടരുത്‌. തന്നെയല്ല, ശരീരത്തിൽ അണിയേണ്ടതാണ്‌ കാക്കിക്കുപ്പായം. ഹൃദയത്തിന്റെ അളവെടുത്ത്‌ അത്‌ തുന്നിയ്‌ക്കയുമരുത്‌.”

ഗുരുവിന്റെ വാക്കുകേട്ട്‌ മരവിച്ച കണക്കേ ശശിധരൻ ഇരുന്നുപോയി. അപ്പോൾ ടീപ്പോയിയിലെ കുസൃതിക്കാരിയായ നർത്തകി വാചാലമായ നിശ്ശബ്‌ദതയോടെ ശശിയെ കളിയാക്കുംമട്ടിൽ ഇളകിയാടിക്കൊണ്ടിരുന്നു.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.