പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

ഇരുപത്തിയാറ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

ശാന്ത പടികടന്നു വന്നപ്പോൾ ഉമ്മറത്തെ വാതിൽ ചാരിയിരിക്കുന്നതു കണ്ടു. വീട്ടിൽ ആരുമില്ലായിരിക്കുമോ? അതായിരുന്നു ശങ്ക. നടക്കല്ലു കയറി വരാന്തയിലേക്ക്‌ കാലുവെച്ചതേയുളളൂ അടുക്കളവശത്തുനിന്നും അമ്മയുടെ ചിരികേട്ടു. ഹൃദയത്തിൽ കുളിരുകോരി. ആനന്ദം ക്ഷണികമായിരുന്നു. അമ്മയോടൊപ്പം ഒരു പുരുഷനും പൊട്ടിച്ചിരിക്കുന്നു. ആരാണയാൾ? പകൽ സമയത്ത്‌ തന്റെ വീട്ടിൽ വരാൻ ധൈര്യമുണ്ടായ ആ മനുഷ്യന്റെ സങ്കോചമില്ലായ്‌മ...അപകടകരമായി തോന്നി. വരിക മാത്രമല്ലല്ലോ...അകത്തിരുന്ന്‌ കൂസലന്യേ ചിരിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നു...അയാളെ പറയുന്നതെന്തിന്‌? തന്റെ അമ്മയല്ലേ ഇതിനൊക്കെ കാരണം? രാത്രികാലങ്ങളിലുളള നടപടികൾ പട്ടാപ്പകലും അമ്മ അനുവർത്തിക്കുന്നുവെന്നല്ലേ ഇതിനർത്ഥം? ശാന്തയ്‌ക്കു വരേണ്ടായിരുന്നുവെന്ന്‌ തോന്നി. ഉളള വേദനയുമായി കോളേജിലെവിടെയെങ്കിലും കഴിഞ്ഞാൽ മതിയായിരുന്നു.

അകത്തുനിന്നും വീണ്ടും ചിരി. ശാന്ത അമർഷം പൂണ്ടു. നിൽക്കണ്ടാ- കോളേജിലേയ്‌ക്ക്‌ തന്നെ മടങ്ങിപ്പോകാം. വന്നവിവരം പോലും തൽക്കാലം ആരും അറിയണ്ട. അവൾ മുറ്റത്തേക്കിറങ്ങാൻ ഭാവിച്ചു.

പെട്ടെന്നൊരു ശബ്‌ദം. “ആരാ ചിരിയ്‌ക്കണത്‌? സമയമെത്രയായി?”

മുത്തച്ഛൻ! കരളിൽ വല്ലാത്തൊരു കടച്ചിൽ. എത്ര നാളായി പ്രിയപ്പെട്ട മുത്തച്ഛനെ ഒരുനോക്കു കണ്ടിട്ട്‌. കാണാതെ എങ്ങിനെ മടങ്ങും? അവൾ ഇറയത്തിന്റെ അറ്റത്തുളള ചായിപ്പുമുറിയുടെ ഭാഗത്തേയ്‌ക്ക്‌ നടന്നു. വാതിൽ ചാരിയിട്ടേ ഉളളൂ. മെല്ലെ തുറന്നു. കട്ടിലിൽ മുത്തച്ഛൻ മൂടിപ്പുതച്ചു കിടക്കുകയാണ്‌. മുഖംപോലും കാണാൻ വയ്യ.

കുറേനേരം വൃഥാ നോക്കിനിന്നു. ശബ്‌ദമുണ്ടാക്കാതെ പെട്ടിതുറന്ന്‌ കരിമ്പടം പുറത്തെടുത്ത്‌ കട്ടിലിൽ വച്ചു. വേദന തിരളുന്ന മനസ്സോടെ മൗനഭാഷയിൽ മുത്തച്ഛനോട്‌ യാത്ര ചോദിച്ചു.

“എന്നോട്‌ ക്ഷമിക്കണേ മുത്തച്ഛാ....ആരേയും കാണാതെ ഞാൻ തിരിച്ചുപോവുകയാണ്‌.”

എന്തോ ഫലിതം പൊട്ടിച്ചതിനാലാവാം അമ്മയുടെ ചിരി. ഒപ്പം പുരുഷന്റെ പൊട്ടിച്ചിരിയും.

ശാന്ത കലിയോടെ ആ ഭാഗത്തേക്ക്‌ കാതു കൂർപ്പിച്ചു.

കരിമ്പടത്തിനുളളിൽ നിന്ന്‌ മുത്തച്ഛൻ വിളിച്ചു ചോദിച്ചു.

“ആരാ അപ്പുറത്ത്‌ ചിരിക്കുന്നത്‌? മണിയെത്രയായി?”

ആരും ഉത്തരം പറഞ്ഞില്ല.

ശാന്ത സൂട്ട്‌കേയ്‌സുമായി ഇറയത്തേയ്‌ക്കു കടന്നു. ആവുന്നത്ര വേഗം പടി കടക്കണം. ആ ധൃതിയിൽ മുറ്റത്തേക്ക്‌ ഇറങ്ങവേ പെട്ടി കയ്യിൽനിന്ന്‌ വഴുതിപ്പോയി. കുത്തിനിറച്ചു വച്ചിരുന്ന സാമഗ്രികൾ നടക്കല്ലിൽ ചിതറിവീണു.

പകപ്പോടെ കയ്യിൽ കിട്ടിയതൊക്കെ വാരിയിട്ടു. അകത്തുനിന്ന്‌ കാൽപെരുമാറ്റം കേട്ടതുപോലെ തോന്നി. സൂട്ട്‌ കേയ്‌സടച്ച്‌ അവൾ പടിക്കലേയ്‌ക്ക്‌ നടന്നു. പടിക്കലെത്തുന്നതിനു മുമ്പേ ഉമ്മറവാതിൽ തുറന്ന്‌ കല്യാണിയമ്മ വരാന്തയിലെത്തി. അവർക്ക്‌ വിശ്വസിക്കാനൊത്തില്ല. തന്റെ മകളല്ലേ പെട്ടിയുമായി പോകുന്നത്‌? അവൾ എപ്പോൾ വന്നു? ആരേയും കാണാതെ എങ്ങോട്ടു പോകുന്നു? മടങ്ങിപ്പോവുകയായിരിക്കുമോ? നിമിഷങ്ങൾക്കുളളിൽ പല നിനവുകളുംകൂടി കെട്ടുപിണഞ്ഞു. പരിഭ്രമത്തോടെ അവർ വിളിച്ചു.

“ശാന്തേ...”

ഷോക്കേറ്റതുപോലെ ശാന്ത നിന്നു. തിരിഞ്ഞുനോക്കി. വരാന്തയിൽ അമ്മ നിൽക്കുന്നു. തന്നെ നൊന്തുപ്രസവിച്ച തന്റെ അമ്മ! വിവിധ ഭാവങ്ങൾ ശാന്തയുടെ മുഖത്ത്‌ തെളിഞ്ഞുമാഞ്ഞു. കോപവും ദുഃഖവും അവളെ വിഷമിപ്പിച്ചു. അമ്മയുടെ ചിലമ്പിച്ച ശബ്‌ദം.

“നീയെപ്പോഴാ മോളേ വന്നത്‌? ആരോടും മിണ്ടാതെ എങ്ങോട്ടാ പോകുന്നത്‌?”

മൗനം. വിങ്ങിപ്പൊട്ടി ശാന്ത നിന്നു. മടങ്ങിയാലോ? ഓടിച്ചെന്ന്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ വിതുമ്പിക്കരഞ്ഞാലോ? മിണ്ടാതെ തിരിച്ചുപോന്നതിന്‌ മാപ്പു ചോദിച്ചാലോ?

സ്തബ്ധചിന്തയിലാണ്ടു നിൽക്കവേ അതാ അകത്തുനിന്ന്‌ അമ്മയുടെ സമീപത്തേക്ക്‌ ഒരു പുരുഷൻ കടന്നുവരുന്നു. ഒന്നേ നോക്കിയുളളു. ആളെ വ്യക്തമായില്ല. ഇരച്ചുകയറിയ കോപത്തോടെ അവൾ മുഖം തിരിച്ചു.

ഒട്ടും വൈകിയില്ല. അവൾ പടിക്കലേയ്‌ക്ക്‌ കാലുകൾ നീട്ടിചവുട്ടി. അമ്മയുടെ ‘ശാന്തേ, ശാന്തേ’ എന്ന വിളികൾ പുറകിൽ പലവട്ടം മുഴങ്ങി. പക്ഷേ തളരാത്ത മനസ്സോടെ, അടങ്ങാത്ത അമർഷത്തോടെ ശരംവിട്ടതുപോലെ മുൻപോട്ടു നടന്നു മറഞ്ഞു.

പടിവരെ മകളെ വിളിച്ചുകൊണ്ട്‌ ഓടിയത്‌ കല്യാണിയമ്മയ്‌ക്ക്‌ ഓർമ്മയുണ്ട്‌. കാൽ എവിടെയോ തട്ടി മറിഞ്ഞു വീണതും മനസ്സിൽ തെളിഞ്ഞുവന്നു.

കട്ടിലിൽ കിടന്നുകൊണ്ട്‌ തന്റെ സമീപത്ത്‌ നില്‌ക്കുന്ന പരീതിനോട്‌ പരിക്ഷീണയായി കല്യാണിയമ്മ തിരക്കി.

“എന്റെ മോളിനി തിരിച്ചുവരില്ലേ?”

പരീതെന്തു പറയും? ആശ്വാസവാക്കുകൾക്ക്‌ അവിടെ എന്തു പ്രസക്തി?

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.