പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

ഇരുപത്തിരണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

ആഴ്‌ചകൾ പലതുകഴിഞ്ഞു. പാർക്കിനു സമീപത്തുക്കൂടി ഒറ്റയ്‌ക്ക്‌ നടന്നു പോവുകയായിരുന്നു.

ഒരു ജീപ്പ്‌ നേരെ പുറകിൽവന്ന്‌ ബ്രേക്കുചെയ്‌തു. ശാന്ത തിരിഞ്ഞുനോക്കി. ജീപ്പിനുളളിൽ പുഞ്ചിരിയോടെയിരിക്കുന്ന ശശിധരൻ. ലജ്ജയോ പേടിയോ തോന്നിയില്ല. അവൾ മന്ദഹസിച്ചു.

“ഇന്നെന്താ ഒറ്റയ്‌ക്ക്‌? ദുഷ്യന്തനെവിടെ?”

“പനിയായിട്ടു കിടക്കുകയാണ്‌.”

“ഓഹോ...കൂടുതൽ വല്ലതുമുണ്ടോ?”

“സാരമില്ല. ജലദോഷമാ...”

മൂകമായ ഏതാനും നിമിഷങ്ങൾ....

“റോഡിൽവച്ച്‌ ശാന്തയെ കാണുന്നത്‌ ഇത്‌ രണ്ടാമത്തെ പ്രാവശ്യമാണ്‌ അല്ലേ?”

“അതെ.” ശാന്ത മന്ദഹസിച്ചു.

അകലെനിന്ന്‌ രണ്ട്‌ ആൺകുട്ടികൾ നടന്നുവരുന്നു. അവർ തന്റെ ക്ലാസിൽ പഠിക്കുന്നവരാണെന്ന്‌ ശാന്തയ്‌ക്കു മനസ്സിലായി. പീറ്ററും ഭാസിയും. കണ്ടാൽ സാധുക്കളാണെങ്കിലും പൊരിഞ്ഞ വിത്തുകളാണവർ. നാളെയിനി എന്തെല്ലാം പുക്കാറുകളുണ്ടാകുമോ ആവോ? ‘കാവിടി’യെന്നും ‘പഞ്ചാരയടി’യെന്നും ഉളള പേരുകളാൽ പല പുതിയ കഥകളും കോളേജിൽ പരക്കും. അതോർത്തപ്പോൾ ഉളളിൽ നടുക്കം. വിദ്യാർത്ഥികൾ കടന്നുപോയി. പോകുംവഴി തറച്ച്‌ നോക്കാനും മന്ദസ്മിതം തൂകാനും അവർ മറന്നില്ല. ശശിധരൻ യാത്ര ചോദിച്ചു.

“പോകട്ടെ? സാറിന്റെ ലോഡ്‌ജിൽ വച്ച്‌ ശനിയാഴ്‌ച കാണാം.”

ശാന്ത തലകുലുക്കി. ജീപ്പ്‌ നീങ്ങി. വായുവേഗത്തിൽ ഹുസൂർ ജെട്ടിയുടെ വളവു കഴിഞ്ഞ്‌ മറഞ്ഞു.

മുന്നോട്ടുപോയ വിദ്യാർത്ഥികൾ മടങ്ങിവന്നു. പീറ്റർ ഭാസിയോടു പറഞ്ഞു.

“അറസ്‌റ്റു ചെയ്തെങ്കിലും വിട്ടെടാ.”

പരിഭ്രമത്തോടെ തിരിഞ്ഞുനോക്കി. വിദ്യാർത്ഥികൾ തലതിരിച്ച്‌ ഒന്നുമറിയാത്തമട്ടിൽ പൂത്തുനിൽക്കുന്ന വാകമരത്തിന്റെ ചില്ലകളിലേയ്‌ക്ക്‌ ദൃഷ്‌ടിപായിച്ചു.

അടക്കാനാവാത്ത അരിശം വന്നു ശാന്തയ്‌ക്ക്‌. ആ ‘നശിച്ച’വരോട്‌ മറുപടി പറഞ്ഞാൽ അതും കുഴപ്പമായിത്തീരും. മിണ്ടാതെ മുന്നോട്ടു നീങ്ങി. പുറകിൽനിന്ന്‌ വീണ്ടും ശബ്‌ദമുയർന്നു.

“വിലങ്ങുവയ്‌ക്കാതെ വിട്ടുകിട്ടിയത്‌ നമ്മുടെ ഭാഗ്യം!” തുടർന്നു അമർത്തിപ്പിടിച്ച ചിരി.

മീശ മുളയ്‌ക്കാത്ത ജന്തുക്കളാണ്‌. അവറ്റയുടെ നാവിന്റെ നീളം! വീട്ടിൽ ഒരു നിയന്ത്രണവുമില്ലാതെ വളരുന്നവരായിരിക്കുമോ... ഈ മൂരിക്കുട്ടന്മാർ?

ശാന്ത പാർക്കിലേയ്‌ക്ക്‌ കടന്നപ്പോൾ പുറകിൽനിന്നും അപശ്രുതി നിറഞ്ഞ പാട്ട്‌.

മാനസമൈനേ വരൂ....

മധുരം തിന്നാൻ വരൂ...

പാർക്കിലെ പുൽത്തകിടിയിൽ ചടഞ്ഞിരുന്നു സൊറ പറയുന്ന കൂട്ടുകാരികളുടെ സമീപത്തേയ്‌ക്ക്‌ ധൃതിയിൽ അവൾ നടന്നു.

* * * * * * * * * * * * * * * * * * * * * * * * *

ദിവസങ്ങൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പ്രൊഫസറുടെ ലോഡ്‌ജിൽ വച്ചുകാണാമെന്ന്‌ ശശിധരൻ പറഞ്ഞ വാക്കുകൾ നാഴികയ്‌ക്കു നാല്പതുവട്ടം ചെവിയിൽ മുഴങ്ങുന്നതായി തോന്നി. ശനിയാഴ്‌ച കാണുമ്പോൾ അദ്ദേഹം എന്തായിരിക്കും സംസാരിക്കുക? വീട്ടുവിശേഷങ്ങൾ ചോദിക്കുമായിരിക്കും. എല്ലാം വിട്ടുപറയുന്നതെങ്ങിനെ? പറഞ്ഞില്ലെങ്കിൽ അന്വേഷിച്ചറിയാൻ ബുദ്ധിമുട്ടില്ലാത്തവിധം കുപ്രസിദ്ധമല്ലേ തന്റെ പരിതസ്ഥിതി?

അന്നൊരിക്കൽ അച്ഛന്റെ പേരുചോദിച്ചു. നാണുനായർ എന്നു പറയാൻ പറ്റും. പക്ഷേ, നാണുനായരല്ലല്ലോ യഥാർത്ഥത്തിൽ തന്റെ പിതാവ്‌. അമ്മയുടെ കഴുത്തിൽ താലികെട്ടിയെന്ന ബന്ധമല്ലേ ആ മനുഷ്യനുളളൂ. വിശ്വസനീയമാംവിധം വേണ്ടപ്പെട്ടവർ മനസ്സിലാക്കിത്തന്നിട്ടുണ്ട്‌, ആരിൽ നിന്നാണ്‌ താൻ ജന്മമെടുത്തതെന്ന്‌. പക്ഷേ, ലോകം അതംഗീകരിക്കാത്ത കാലത്തോളം ആ സത്യത്തിനും വിലയില്ലല്ലോ? അപ്പോൾ പിന്നെ സംഭവങ്ങളുടെ ചുരുളുകൾ നിവർത്തി ആദ്യം മുതൽക്കുളള കാര്യങ്ങൾ വിവരിക്കേണ്ടിവരും.

എല്ലാം അറിഞ്ഞാൽ തന്റെ നേർക്കുളള മനോഭാവത്തിന്‌ മാറ്റം വരികയില്ലേ? വന്നാലെന്ത്‌? പിന്നീട്‌ കണ്ടാൽപോലും മിണ്ടുകയില്ലായിരിക്കും. ഒരു അഭിസാരികയുടെ മകളോട്‌ അടുക്കുവാൻ അഭിമാനം സമ്മതിക്കുകയില്ലായിരിക്കും. അല്ലെങ്കിലും മുഖംമൂടി വച്ചല്ലേ താൻ ഇന്നും ജീവിക്കുന്നത്‌?

പത്താംക്ലാസിൽ സ്വർണ്ണമെഡൽ നേടി ജയിച്ചെന്നുളള മുഖംമൂടി? അമ്മയുടെ സ്വഭാവത്തിൽ നിന്ന്‌ വ്യത്യസ്തമായി സൽസ്വഭാവിയാണെന്നുളള മുഖംമൂടി?...ആരെയും ആകർഷിക്കുന്ന രൂപലാവണ്യമുണ്ടെന്ന അഹങ്കാരത്തിന്റെ മുഖംമൂടി?.. നല്ലവനായ പ്രൊഫസറുടെ രക്ഷാകർതൃത്വമുണ്ടെന്ന മുഖംമൂടി?...ആ മുഖംമൂടി മാറ്റിയാൽ താൻ ആര്‌? എന്തു യോഗ്യത? ഒരു വേശ്യയുടെ മകൾ പുഴുത്ത പട്ടിയേക്കാൾ ഹീനജന്തുവല്ലേ?

ഒന്നും ചിന്തിക്കാതിരിക്കാൻ എന്താണൊരു മാർഗ്ഗം? കാട്ടുകുരങ്ങിന്റെ വികൃതിത്തരങ്ങൾ കാണിക്കുന്ന മനസ്സ്‌ സത്യത്തിൽ ഒരു ശാപമായിത്തീർന്നിരിക്കുന്നു.

ഒരു മെസ്‌മറിസ്‌റ്റിനെപോലെ തനിക്ക്‌ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! എങ്കിൽ ആകാശസീമയോളം പറന്നെത്തി ഭൂമിയിലെ നന്മതിന്മകളെ വേർതിരിച്ച്‌ കാണാനും അതനുസരിച്ച്‌ ജീവിക്കാനും കഴിയുമായിരുന്നു.

അവൾ നെടുതായി നിശ്വസിച്ചു. നിശ്വാസത്തിന്റെ ഊന്നുവടിയിൽ ഇങ്ങനെ എത്രകാലം സഞ്ചരിക്കും?

“ശാന്തേ....കുട്ടിയുടെ കയ്യിൽ സാരിഡോൺ ഉണ്ടോ?”

അടുത്ത റൂമിലെ തലവേദനക്കാരി മീനാക്ഷിയുടെ ചോദ്യം.

“ഇല്ലല്ലോ മീനാക്ഷീ.” ശാന്ത കൈമലർത്തി.

“ശക്തിയായ തലവേദന. കടകളൊക്കെ ഇപ്പോൾ പൂട്ടിക്കാണില്ലേ?”

ശാന്ത മറുപടി പറഞ്ഞില്ല. നെറ്റിയിൽ കൈ അമർത്തി മീനാക്ഷി നടന്നുപോയി. മീനാക്ഷിക്ക്‌ തലവേദനയെ ഉളളൂ. തന്റെ മനസ്സും ശരീരവും ചുട്ടുനീറുകയാണ്‌.

ഊണു കഴിക്കാനുളള ബെല്ലടിച്ചു. അവളെഴുന്നേറ്റു. ഇന്നു രാത്രിയെങ്കിലും എല്ലാം മറന്ന്‌ കിടന്നൊന്ന്‌ ഉറങ്ങണം. സതിയേയും വിളിച്ച്‌ അവൾ ഡൈനിംഗ്‌ ഹാളിലേയ്‌ക്ക്‌ പോയി.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.