പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

ഒന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

കിഴക്കിന്റെ അടിവയർ തുടുത്തു. പ്രകാശം സംശയത്തോടെ വിരിഞ്ഞുവന്നു. അല്ലികൾ മെല്ലെ വിടർന്നപ്പോൾ അഴകാർന്ന കുങ്കുമക്കാമ്പുപോലെ തുളുമ്പിപ്പരക്കുന്ന പ്രകാശം. ചൂടില്ലാത്ത തീ പൊഴിക്കുന്ന തുടുത്ത പ്രകാശം.

മലകൾക്കപ്പുറത്തുനിന്നും കവിഞ്ഞൊഴുകുന്ന കുങ്കുമപ്പുഴ. രക്തപ്രവാഹം!

പകൽ പിറക്കുകയാണ്‌!

പ്രസവത്തിന്റെ ‘അറപ്പിക്കുന്ന’ ഭംഗി! ചിന്തിപ്പിക്കുന്ന സിന്ദൂരകാന്തി.

മൂടൽ മഞ്ഞിന്റെ പുകമറ അലിഞ്ഞ്‌, ആവിയായി, അദൃശ്യതയിൽ മറഞ്ഞിട്ട്‌ ഏറെ നേരമായി. ഇളംചൂട്‌ കാണാവേരുകൾ മണ്ണിലേയ്‌ക്ക്‌ ആഴ്‌ത്തിപ്പടർത്തുന്നു.

വെയിൽ മുറ്റത്ത്‌ നിഴലുകൾ വരഞ്ഞപ്പോൾ തുടയിടുക്കിലേയ്‌ക്ക്‌ കൈപ്പത്തികൾ തിരുകി, ചുരുണ്ടുകൂടി, കൂർക്കം വലിച്ചുകൊണ്ട്‌ തടിയനായ അയാൾ വരാന്തയിൽ കിടന്നുറങ്ങുന്നു. പായിൽനിന്നും വഴുതി വെറും തറയിലാണ്‌ കിടപ്പ്‌. ചുറ്റുപാടും കരിഞ്ഞ തീപ്പെട്ടിക്കമ്പുകളും ബീഡിക്കുറ്റികളും. മദ്യത്തിന്റെ പുളിച്ച മണം.

ഉമ്മറത്തെ ഭിത്തിയിൽ ‘നാരായണാ’ എന്ന അക്ഷരങ്ങൾ ഫ്രെയിം ചെയ്‌തു തൂക്കിയതിന്‌ കാലപ്പഴക്കം ഏറെ. അരിമാവണിഞ്ഞ-കൈപ്പത്തികളുടെ അടയാളമുളള-പൂപ്പൽ പിടിച്ച കതക്‌ അകത്തുനിന്നും തുറന്ന്‌ ശാന്തയെന്ന പതിനേഴുകാരി വരാന്തയിലേയ്‌ക്ക്‌ കാൽ വച്ചു.

കയ്യിൽ തോർത്തും സോപ്പുപെട്ടിയും.

ഇനിയും വൈകിയാൽ അമ്പലക്കുളത്തിൽ തിക്കും തിരക്കുമാകും.

ഒന്നുമുങ്ങി നടയ്‌ക്കൽ തൊഴണം. ശാന്തിക്കാരൻ എമ്പ്രാന്തിരിയുടെ കയ്യിൽ പുഷ്പാഞ്ജലിയ്‌ക്കുളള പണമേല്പിക്കണം. ഗുരുവായൂരപ്പൻ കനിഞ്ഞാലേ പരീക്ഷയ്‌ക്കു ക്ലാസ്സോടെ ജയിക്കാൻ കഴിയൂ.

പെട്ടെന്ന്‌ കൂർക്കം വലികേട്ടു.

ഒന്നു ഞെട്ടി. ഉറക്കക്കാരനെ വെറുപ്പോടെ നോക്കി. മുന്നോട്ടു വച്ച കാൽ പിൻവലിച്ച്‌ അവൾ അകത്തേയ്‌ക്ക്‌ തിരിഞ്ഞുനടന്നു.

അടുക്കള വാതിൽക്കൽ ചെന്ന്‌ അരിശത്തോടെ അമ്മയെ വിളിച്ചു. കാപ്പിയ്‌ക്ക്‌ വെളളം വച്ച്‌ തീയൂതുകയാണ്‌ കല്യാണിയമ്മ.

ശാന്തയുടെ ശബ്‌ദത്തിൽ സങ്കടവും കോപവും.

“എന്തു വൃത്തികേടാണമ്മേയിത്‌? ആ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഉമ്മറത്ത്‌ കിടന്ന്‌ ഉറങ്ങുന്നു.”

“അല്ലേ; മത്തായിസാറ്‌ ഇതുവരെ പോയില്ലേ?”

തിടുക്കത്തോടെ കല്യാണിയമ്മ പുറത്തേയ്‌ക്ക്‌ നടന്നു. മകളുടെ നീരസ വാക്കുകളുയർന്നു.

“സാറ്‌! അമ്മ ഇതൊന്ന്‌ നിർത്തുന്നുണ്ടോ? ഈ വീട്ടിൽ താമസിക്കാൻ വയ്യെന്നായി.”

കല്യാണിയമ്മ തിരിഞ്ഞുനിന്നു.

“എങ്കിലെന്റെ മോൾക്ക്‌ വല്ല രാജകൊട്ടാരത്തിലും ജനിക്കാമായിരുന്നില്ലേ?”

അവർ പുറത്തേയ്‌ക്ക്‌ നടന്നു. കനലിൽ ചാരം വീണതുപോലെ ശാന്തയുടെ മുഖം ഇരുണ്ടു.

* * * * * * * * * * * * * *

ചാരിയ വാതിൽ തുറന്ന്‌ കല്യാണിയമ്മ വരാന്തയിലേയ്‌ക്ക്‌ കടന്നു. കൂർക്കം വലിക്കാരനെ സമീപിച്ച്‌ അവർ വിളിച്ചു.

“സാറേ...! സാറേ...! എഴുന്നേറ്റേ..”

പ്രസിഡണ്ട്‌ ഞരങ്ങിമൂളി പല്ലു ഞവരി തിരിഞ്ഞു കിടന്നു.

“ഇതെന്തൊരു ഒടുക്കത്തെ ഉറക്കമാണ്‌...?”

കല്യാണിയമ്മ കുനിഞ്ഞ്‌ അയാളുടെ തുടയിൽ തട്ടിവിളിച്ചു.

“മത്തായിസാറേ; നേരം വെളുത്തു.”

“അയ്യോ എന്നെ തല്ലരുത്‌.”

മത്തായി പിടഞ്ഞെണീറ്റ്‌ ഭീതിയോടെ പരിസരബോധമില്ലാതെ മുറ്റത്തേയ്‌ക്ക്‌ ചാടി. ആ ‘പേക്രാന്തം’ കണ്ട്‌ കല്യാണിയമ്മ പൊട്ടിച്ചിരിച്ചു.

മത്തായി ചുറ്റും നോക്കി ജാള്യതയോടെ പറഞ്ഞുപോയി.

“കർത്താവേ ഞാൻ കരുതി ഏല്യാമ്മയാണെന്ന്‌.”

“പെമ്പ്രന്നവര്‌ എടയ്‌ക്ക്‌ കൈവയ്‌ക്കാറുണ്ടല്ലേ?”

കല്യാണിയമ്മ കളിയാക്കി ചിരിച്ചു. പ്രകാശം കണ്ടപ്പോൾ മത്തായിയ്‌ക്ക്‌ കൂടുതൽ പരിഭ്രാന്തി.

“അയ്യോ...നേരമങ്ങു വെളുത്തോ...?”

* * * * * * * * * * * * * *

അയാൾ ധൃതിയിൽ ബഞ്ചിലിരുന്ന കണ്ണടയെടുത്തു മുഖത്തുവച്ചു. മുണ്ട്‌ കുടഞ്ഞുടുത്തു. വാച്ചിന്റെ സ്ര്ടാപ്പിട്ടു. ആ തിടുക്കവും വെപ്രാളവും കണ്ട്‌ കല്യാണിയമ്മ വീണ്ടും ചിരിച്ചു.

അപ്പുറത്ത്‌ നിന്നിരുന്ന ശാന്തയ്‌ക്ക്‌ അമ്മയുടെ ചിരികേൾക്കെ അസഹ്യമായ വെറുപ്പ്‌.

വീർപ്പുമുട്ടലും നിരാശയും.

അടുത്ത മുറിയിൽനിന്നും മുത്തച്ഛന്റെ ചോദ്യം.

“ആരാ ചിരിക്കുന്നത്‌? മണിയെത്രയായി....?”

തോർത്തുകൊണ്ട്‌ നിറമിഴിയൊപ്പി ശാന്ത സമചിത്തത വീണ്ടെടുത്തു. മേശപ്പുറത്തിരിക്കുന്ന പഴയ ടൈംപീസിൽ ദൃഷ്‌ടികളെത്തി.

“ഏഴുമണിയാകാറായി മുത്തച്ഛാ...” വൃദ്ധന്റെ ശബ്‌ദം വീണ്ടുമുയർന്നു.

“ഏഴുമണിയോ...? അപ്പോ...നേരം വെളുക്കാൻ ഒരുപാട്‌ സമയമുണ്ടല്ലോ.!!”

ശാന്ത മുത്തച്ഛൻ കിടക്കുന്ന മുറിയുടെ വാതില്‌ക്കലേയ്‌ക്ക്‌ ചെന്നു.

“രാവിലെ ഏഴുമണിയെന്നാ പറഞ്ഞത്‌.”

കട്ടിലിൽ കരിമ്പടത്തിനുളളിൽ ചുരുണ്ടുക്കൂനിയിരുന്ന മുത്തച്ഛൻ നിരാശപ്പെട്ടു.

“രാവിലെ ഏഴുമണിയോ...? സന്ധ്യയാകാൻ അപ്പോൾ ഒരുപാടു നേരമുണ്ടല്ലോ മോളേ...?”

ശാന്ത തിരക്കി.

“മുത്തച്ഛനെന്താ വേണ്ടത്‌..?”

പീളകെട്ടിയ മിഴി തുറന്ന്‌ വൃദ്ധൻ ശാന്തയെ നോക്കി.

“മുറ്റത്ത്‌ വെയിലു വന്നോ?”

“വന്നു.”

വൃദ്ധന്റെ മുഖത്ത്‌ ആശ്വാസത്തിന്റെ രേഖകൾ.

“മുത്തച്ഛന്‌ വെയിലത്ത്‌ പോയി ഒന്നിരിക്കണം.”

വൃദ്ധൻ പാടുപെട്ട്‌ എഴുന്നേല്‌ക്കാൻ ശ്രമിച്ചു. ശാന്ത സഹായിച്ചു.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.