പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ചൂണ്ട > കൃതി

പതിനേഴ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം വിജയൻ

നോവൽ

പാത്രങ്ങൾ കഴുകിവെച്ച്‌ അടുക്കള അടിച്ചുവാരി വൃത്തിയാക്കിയതിനുശേഷം കലത്തിലെ കഞ്ഞിവെളളം പിഞ്ഞാണത്തിലേയ്‌ക്കു പകർന്ന്‌ കല്യാണിയമ്മ കുടിച്ചു. അത്താഴമായിരുന്നു അത്‌.

വായും മുഖവും കഴുകി മുറിയിൽ വന്ന്‌ പായ്‌ വിരിക്കാൻ ഭാവിക്കവെ ആരോ വാതിൽക്കൽ മുട്ടി.

പരീതായിരിക്കുമോ? രാത്രിയിൽ വരുമെന്ന്‌ പറഞ്ഞിട്ടില്ലല്ലോ? അഥവാ പറഞ്ഞതുതന്നെ മേലിൽ സന്ധ്യകഴിഞ്ഞാൽ ഇങ്ങോട്ടു വരികയില്ലന്നല്ലേ?

വാക്കുലംഘനം പരീതു നടത്തുകയില്ല. വിളക്കെടുത്തുകൊണ്ട്‌ കല്യാണിയമ്മ ഉമ്മറത്തെ വാതിൽ തുറന്നു.

“ആരാ അത്‌?”

“ഞാനാണ്‌ കല്യാണിയമ്മേ”

ഇരുട്ടിൽ നിന്ന്‌ ഒരു രൂപം നീങ്ങിവന്നു. കല്യാണിയമ്മയ്‌ക്ക്‌ അതിശയം തോന്നിപ്പോയി.

പൊട്ടിക്കരയുമെന്ന ഭാവത്തിൽ സാംസ്‌കാരിക സമിതി സെക്രട്ടറി പ്രസന്നശാസ്‌ത്രികൾ നിൽക്കുന്നു!

“സാറെന്താ ഈ അസമയത്ത്‌?”

“ഇന്നുമുതൽ എന്റെ സാംസ്‌ക്കാരിക പ്രവർത്തനം ഞാൻ നിർത്തി കല്യാണിയമ്മേ.”

ശാസ്‌ത്രികൾ നേര്യേതുകൊണ്ട്‌ മിഴിനീരൊപ്പി.

“...ഇന്നുമുതൽ തുടങ്ങാൻ പോകുന്നു അസാംസ്‌ക്കാരിക പ്രവർത്തനം.”

കല്യാണിയമ്മയ്‌ക്ക്‌ ആ ഗീർവാണഭാഷയുടെ അർത്ഥമൊന്നും പിടികിട്ടിയില്ല. നല്ലതല്ലാത്ത എന്തൊക്കെയോ അയാൾ നിർത്തിയെന്ന്‌ മാത്രം മനസ്സിലായി. കല്യാണിയമ്മ പറഞ്ഞു.

“നമ്മൾ രണ്ടുപേരും ഒരുപോലെയാണ്‌ സാറേ....ഇന്നലെവരെയുളള എന്റെ ജീവിതരീതി ഞാനും നിർത്തി. മേലിൽ ചീത്ത വഴിയ്‌ക്ക്‌ എന്നെ നിങ്ങൾ കാണുകില്ല. ഞാനും നല്ലവളാകാൻ തീരുമാനിച്ചിരിക്കുകയാ.”

ശാസ്‌ത്രികൾ ഞെട്ടിപ്പോയി.

“അരുത്‌. ചതിക്കരുത്‌. കണ്ണില്ലാത്ത ലോകത്തിൽ ആരും നല്ലവരാകാൻ നോക്കരുത്‌. ഒടുവിൽ നമ്മൾ വിഡ്‌ഢികളാകും.”

“സാറ്‌ പോകൂ.”

“പോവില്ല. ചീത്ത പറഞ്ഞാലും കൊന്നാലും ഞാൻ പോവില്ല. ഞാൻ ഇഷ്‌ടംപോലെ രൂപ കൊണ്ടുവന്നിട്ടുണ്ട്‌. ഇരുന്നൂറോ മുന്നൂറോ അഞ്ഞൂറോ തരാം. എന്നാലും മണ്ടനായി ജീവിക്കാൻ എനിക്കുവയ്യ.”

ഒരുകെട്ട്‌ പച്ചനോട്ടുകൾ പ്രസന്നൻ എടുത്തു നീട്ടി. തുറിച്ച മിഴികളോടെ കല്യാണിയമ്മ നോട്ടുകെട്ടിലേയ്‌ക്ക്‌ നോക്കിനിന്നു.

വെളളിത്തിരയിലെ ദൃശ്യങ്ങൾപോലെ ഓർമ്മകളൊഴുകുന്നു.

വിശപ്പുകൊണ്ട്‌ രണ്ടാമതും അച്ഛൻ ചോറിനിരന്നത്‌....കോളേജിലേയ്‌ക്ക്‌ പുറപ്പെടും നേരത്ത്‌ മുത്തച്ഛനെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന്‌ മകൾ ഓർമ്മിപ്പിച്ചത്‌..നാളേയ്‌ക്ക്‌ ഒരുമണി അരിപോലും വീട്ടിലില്ലാത്തത്‌....

തന്റെ തീരുമാനം ഒരിക്കൽകൂടി തകർക്കണമോ?

ശാന്തയുടെ കത്തിലെ വാചകങ്ങൾ...

“....ദുഷിച്ച മാർഗ്ഗത്തിലൂടെ എന്റെ പൊന്നുംകുടത്തമ്മ ഇനി സഞ്ചരിക്കരുത്‌...”

താൻ പട്ടിണി കിടന്നാലും മകളുടെ അപേക്ഷ തട്ടിക്കളയാൻ പാടില്ല.

നല്ലവനും നിസ്സഹായനുമായ പരീതിന്‌ മനസ്സുകൊണ്ട്‌ താൻ സമർപ്പിച്ചതാണ്‌ തന്റെ ദേഹവും ഹൃദയവും. മറ്റൊരാൾ ഇനി അതിൽ പങ്കുപറ്റാൻ പാടില്ല.

പ്രസന്നശാസ്‌ത്രികളോട്‌ ഇറങ്ങിപ്പോകാൻ പറയാം. ആ നിനവോടെ ചുണ്ടനക്കാൻ മുതിർന്നതാണ്‌. അകത്തുനിന്നും അച്ഛന്റെ “കോട്ടുവാ” കേട്ടു. വിശപ്പും തളർച്ചയും അവശനാക്കിയ ശബ്‌ദം.

ഇന്ന്‌ അച്ഛൻ ഉറങ്ങുകയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ നേരം വെളുപ്പിക്കും. നേരം വെളുത്താൻ...?

ചൂടുവെളളം കൊടുക്കാൻപോലും കാപ്പിപ്പൊടിയില്ല. പഞ്ചസാര ഭരണി കഴുകി കമഴ്‌ത്തി വെച്ചിരിക്കുന്നു.

വൃദ്ധന്റെ ‘കോട്ടുവാ’യും ‘നാരായണ’ എന്നുളള വിലാപവും വീണ്ടുമുയർന്നു.

ഹൃദയത്തിന്റെ ഏതോ ഭാഗത്തുനിന്ന്‌ തീയാളി. വീർപ്പുമുട്ടലും വിമ്മിട്ടവും.

തലച്ചോറിൽ കുമിഞ്ഞു കയറുന്ന പുക നെഞ്ചിടിപ്പും കിതപ്പും കൂടി.

ഇല്ല... തനിയ്‌ക്ക്‌ മോചനമില്ല.

പല്ലുകൾ അറിയാതെ ഞെരിച്ചു.

തകരട്ടെ. തകർന്നു തരിപ്പണമാവട്ടെ. എങ്കിലേ വിധിക്കും വിജയിക്കാനൊക്കൂ.

എന്തു നശിച്ചാലും അച്ഛന്‌ ആഹാരം കൊടുക്കണം.

പണവും നീട്ടിനില്‌ക്കുന്ന ശാസ്‌ത്രികളെ അവർ നോക്കി. സാവധാനം നോട്ടുകൾ കൈപ്പറ്റി. കല്യാണിയമ്മയുടെ പുറകെ പ്രസന്നശാസ്‌ത്രികൾ അകത്തേയ്‌ക്ക്‌ കടന്നു.

* * * * * * * * * * * * * * * * * * * * * * * * * *

പാലം പണി തകൃതിയായി നടക്കുന്നു. കോൺക്രീറ്റു കൂട്ടുന്നതിലും കമ്പികൾ പാകുന്നതിലും കണ്ണും മനസ്സും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. തൊഴിലാളികൾക്ക്‌ ഉണർവ്വും ഉന്മേഷവും നൽകേണ്ടതും സമീപത്തുനിന്ന്‌ മാറാതിരിക്കേണ്ടതും ആവശ്യമാണ്‌. പണിക്ക്‌ എന്തെങ്കിലും തകരാറു വന്നുപോയാൽ മെയിൻ കോൺട്രാക്‌ടറും എൻജിനീയറും ഒപ്പം ഗർജ്ജിക്കും. അറിയാൻ വയ്യാഞ്ഞിട്ടല്ല; പക്ഷേ, കുറഞ്ഞൊരു ദിവസങ്ങളായിട്ട്‌ ഗോപിക്ക്‌ ഒന്നിലും ശ്രദ്ധിക്കാനാവുന്നില്ല. മനസ്സ്‌ വഴുതിവഴുതി ഏതെല്ലാമോ വഴിക്ക്‌ പോകുന്നു. എത്ര ശ്രമിച്ചിട്ടും കടിഞ്ഞാൺ നിയന്ത്രിക്കാനാവുന്നില്ല. പലരും ചിന്തിച്ചു. ചൊറുചൊറുക്കുകാരനായിരുന്ന ഈ ചെറുപ്പക്കാരന്‌ എന്തുപറ്റി?

ചിരിയും കളിയുമായി ഒരു ആട്ടിൻകുട്ടിയുടെ തകർപ്പു കാണിച്ചിരുന്ന ഗോപി ഇന്ന്‌ മിണ്ടാമുനിയായി മാറിയിരിക്കുന്നു.

ഏവരിൽനിന്നും ഒറ്റപ്പെട്ടു കഴിയാനാഗ്രഹിക്കുന്നു.

കീഴിലുളള തൊഴിലാളികളും മേലുദ്യോഗസ്ഥന്മാരിൽ പലരും പലവട്ടം ഓർമ്മിപ്പിച്ചു. ഉപദേശിച്ചു. താക്കീതും ചെയ്‌തു. പക്ഷേ, എന്തു ഫലം?

കനം തൂങ്ങുന്ന മനവുമായി ആ ചെറുപ്പകാരൻ കഴിഞ്ഞുകൂടി.

കൂട്ടുകാരൻ കൃഷ്‌ണൻകുട്ടിയോട്‌ ഒരു ദിവസം ഗോപി അപേക്ഷിച്ചു.

“എനിക്കുവേണ്ടി നീയൊന്നു കല്യാണിയമ്മയെ കാണുമോ? അവരുടെ ഒരു വാക്കു കിട്ടിയാൽ മതി. എത്രകാലം വേണമെങ്കിലും ഞാൻ കാത്തിരുന്നു കൊളളാം.”

കല്യാണിയമ്മയെ കുറിച്ചറിയാവുന്ന കൂട്ടുകാരൻ ഞെട്ടി. ഗോപിയോടയാൾ തുറന്നു പറഞ്ഞു.

“ലോകത്തിന്‌ തീ കൊളുത്താൻ നീ പറഞ്ഞാൽ ആ നിമിഷത്തിൽ ചൂട്ടും കത്തിച്ച്‌ ഞാൻ പോകാം. പെറ്റുകിടക്കുന്ന പുലിയുടെ മീശപറിക്കാൻ കല്പിച്ചാൽ ഞാൻ ചെയ്യാം. പക്ഷേ ശാന്തയുടെ കാര്യത്തിന്‌ അവളുടെ അമ്മയെ ചെന്നു കാണാൻ എന്റെ കാലുവിറയ്‌ക്കും.”

ഗോപി ഒന്നും മിണ്ടിയില്ല. കൃഷ്‌ണൻകുട്ടി യാത്ര പറഞ്ഞിറങ്ങിയപ്പോൾ ചാരുകസാലയിൽ നിന്നവൻ എഴുന്നേറ്റു. മുറിപൂട്ടി താക്കോൾ കീശയിലിട്ട്‌ നേരെ കിഴക്കോട്ട്‌ നടന്നു. എത്രദൂരം നടന്നെന്നറിഞ്ഞുകൂടാ. കോഴിക്കാടന്റെ മുക്കും ആലത്തിപ്പാടവും കടന്ന്‌ പാറയ്‌ക്കയുടെ റൈസ്‌ മില്ലും കഴിഞ്ഞ്‌ കല്ലുംകൂട്ടം ചാരായഷാപ്പിലെത്തി.

ആദ്യമായി കുടിക്കുന്നതാണോ ആവോ?

രാത്രിയിൽ വന്നു കിടന്നപ്പോൾ ഗോപിക്ക്‌ തരിമ്പും വെളിവില്ലായിരുന്നു.

Previous Next

ശ്രീമൂലനഗരം വിജയൻ

അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു.

ഭാര്യ ഃ എം.കെ. വിലാസിനി

മക്കൾ ഃ പൊന്നൻ, പൊന്നി.

1992 മെയ്‌ 22ന്‌ അനന്തരിച്ചു.

നാടകങ്ങൾ

ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ.

പുരസ്‌കാരങ്ങൾ

1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.