പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ചില്ലറപ്പൈസ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ടി.എം. ഹനീഫ.

മിനിക്കഥ

ഇത്രയും വരെ കാദർ മുതലാളിയുടെ വീട്ടിൽ പണിയായിരുന്നു. അതുകൊണ്ടാണ്‌ വൈകുന്നേരം വോട്ടുചെയ്യാൻ അയാൾ തീരുമാനിച്ചത്‌. ഒരു മണിക്കൂർ മാത്രമേ ഇനി സമയമുളളു. അതുകഴിഞ്ഞാൽ അവിടെയുളളവർ പൂട്ടിപ്പോകും. പിന്നെ ഇങ്ങനെയൊരവസരം വരുമ്പോഴായി.

ഇളകിപ്പോരാത്ത കരിങ്കൽപ്പാറകൾ ഇടവഴിയിൽ ഉളളതിനാൽ നടക്കുമ്പോൾ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

ജയിച്ചാൽ ഇടവഴി റോഡാക്കിത്തരാമെന്ന്‌ എല്ലാ സ്ഥാനാർത്ഥികളും പറഞ്ഞിട്ടുണ്ട്‌. ഓർത്തപ്പോൾ മന്ദഹസിക്കാനെ അയാൾക്ക്‌ കഴിഞ്ഞുളളൂ.

മുണ്ട്‌ ശരിക്കൊന്ന്‌ ഉടുക്കാൻ ശ്രമിച്ചപ്പോഴാണ്‌, മുണ്ടിന്റെ അറ്റത്ത്‌ കെട്ടിവെച്ച രണ്ടുരൂപാ നാണയം കൊഴിഞ്ഞ്‌ വീണത്‌.

നിന്ന്‌ തിരിയാൻപോലും ഇടമില്ലാത്ത ഇടവഴിയാണ്‌. അതിലൂടെ വോട്ടു ചെയ്‌ത്‌ കഴിഞ്ഞവർ എന്തോ ഒരു ദീർഘനിശ്വാസത്തോടെ മടങ്ങി വരുന്നുണ്ട്‌. പിന്നെ വോട്ടു ചെയ്യാൻ പോകുന്നവർ. പിന്നെക്കുറെ വഴിപോക്കരും.

അതിന്റെ ഇടയിലാണ്‌ അയാൾ അവിടെ നിന്ന്‌ ആ നാണയം തെരയുന്നത്‌. അതുകൊണ്ടാവണം, ആളുകളുടെ ചുണ്ടിൽ നിന്നും വരുന്ന ശാപവാക്കുകൾ ശൂലം പോലെ അയാളുടെ കാതുകളിൽ തറച്ചത്‌. എങ്കിലും നിസ്സഹായനായി നിന്ന്‌ അയാൾ അത്‌ തെരയുകയാണ്‌.

“വോട്ടു ചെയ്‌തോ നാരായണാ....?” വോട്ടു ചെയ്യാൻ ധൃതിയിൽ ഓടുന്ന കൃഷ്‌ണൻകുട്ടിയാണ്‌ ചോദിച്ചത്‌.

“ദാ, വരണേയുളളൂ...” അപ്പോഴും അയാളുടെ ലക്ഷ്യം കൊഴിഞ്ഞ്‌ വീണ നാണയതുട്ടായിരുന്നു.

നോക്കാൻ ഇനി ഒരിടത്തെ ബാക്കിയുളളൂ. കമിഴ്‌ന്ന്‌ കിടക്കുന്ന നീണ്ട തേക്കിൻ ഇലക്കടിയിൽ. ഇല്ല അവിടെയുമില്ല. പ്രതീക്ഷ വെറും നിഴലായി ചുരുളുകയാണ്‌.

“ചോദിക്കാൻ മറന്നതാ, നാരായണനെന്താ തെരയിണ്‌..?” വോട്ടു ചെയ്‌ത്‌ തിരിച്ചു വന്ന കൃഷ്‌ണൻ കുട്ടിയാണ്‌.

“ഒന്നൂല്ല്യാ.... വെറുതെ.....”

“കണ്ണൂരിൽ ബോംബ്‌ പൊട്ടി. അവിടെ ഒരു കുട്ടിയുടെ കാൽ പോയത്രെ. അവിടെ വീണ്ടും വോട്ട്‌ ഉണ്ടാകും...” വോട്ടു ചെയ്‌ത്‌ മടങ്ങിപ്പോകുന്നവരിൽ നിന്നാണ്‌ അയാൾ ഇതൊക്കെ കേട്ടത്‌. ഒപ്പം വോട്ടു ചെയ്യുന്നതിന്റെ സമയം കഴിഞ്ഞെന്നും.

മുണ്ട്‌ മടക്കിക്കുത്തുന്നതിനിടയിൽ അയാൾ സ്വയം പറഞ്ഞുഃ “പൈസ പോയോ, അതോ...?”

സംശയ നിവാരണത്തിന്‌ തുനിയാതെ അയാൾ തിരിച്ച്‌ നടന്നു. “എനിക്കും വേണ്ടി റീ പോളിംഗ്‌ നടക്ക്വോ....?” മനസ്സ്‌ അപ്പോഴും സംശയത്തിലായിരുന്നു.

കെ.ടി.എം. ഹനീഫ.

പാലക്കാട്‌ ജില്ലയിലെ കൊപ്പം പഞ്ചായത്തിൽ 1982 ഫെബ്രുവരി 11ന്‌ ജനിച്ചു. ഡിഗ്രിക്ക്‌ ഒന്നാംവർഷ വിദ്യാർത്ഥിയാണ്‌. കോളേജിലെ കഥാമത്‌സരങ്ങളിലും നാട്ടിലെ ക്ലബ്ബുകൾ നടത്തുന്ന കഥാ മത്‌സരങ്ങളിലും പങ്കെടുത്ത്‌ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌.

വിലാസംഃ

കെ.ടി.മുഹമ്മദ്‌ ഹനീഫ,

കുണ്ടുതൊടി വീട്‌,

കീഴുമുറി പി.ഒ,

പുലാശ്ശേരി വഴി,

പാലക്കാട്‌ ജില്ല -679 307
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.