പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ചിലരും ചിലതും > കൃതി

കാലചക്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാരായണസ്വാമി

ചിലരും ചിലതും

വേണ്ടപ്പെട്ടൊരാൾ മരിച്ച വിവരമറിഞ്ഞ്‌ നാട്ടിലെത്തിയതാണ്‌. വന്നപാടേ വാഹനബന്ദ്‌. എങ്ങനെയെങ്കിലും മരണവീട്ടിലെത്തണം. ദൂരമുണ്ടു കുറെ. നടക്കാൻ വയ്യ. കുട്ടിക്കാലത്ത്‌ വാടകയ്‌ക്കു സൈക്കിളെടുത്തിരുന്ന കടയിപ്പോഴമുണ്ട്‌. അന്നു മൂന്നാലു സൈക്കിളുണ്ടായിരുന്ന സ്ഥലത്ത്‌ ഇന്ന്‌ മുപ്പതു നാല്പതെണ്ണം. കൂടെ സൈക്കിൾ വിൽപനയും. കുട്ടികൾക്കു പഠിക്കാനുള്ള കുട്ടിസൈക്കിൾ മാത്രം കാണാനേയില്ല.

സൈക്കിൾഷാപ്പുകാരൻ മാധവൻകുട്ടി. സ്വൽപം വയസ്സായി. എങ്കിലും വേറൊരു മാറ്റവുമില്ല അയാൾക്ക്‌. വണ്ടി ചോദിച്ചപ്പോൾ മറുപടിഃ ആരെങ്കിലും പരിചയപ്പെടുത്തിയാലേ വണ്ടി തരൂ.

ഞാൻ തറപ്പിച്ചൊന്നു നോക്കി. എന്റെ ചേട്ടന്റെകൂടെ പഠിച്ചവനാണ്‌. തോറ്റു തുന്നംകെട്ടപ്പോൾ തന്റെ അളിയന്റെ സൈക്കിൾഷാപ്പിൽ സഹായിയായി കാറ്റടിക്കാൻ നിന്നു. അന്ന്‌ സൈക്കിളിനു കാറ്റടിക്കാൻ അഞ്ചുപൈസ. ഫുട്‌ബാളിനു പത്തുപൈസ. കാറ്റിനത്തിലും വാടകയിനത്തിലും അവൻ ആൾക്കാരെ പറ്റിച്ചു, അളിയനെപ്പറ്റിച്ചു. കടംകേറി അളിയൻ വേറെ പണി നോക്കിയപ്പോൾ ഇവനായി പീടികക്കാരൻ.

ഇപ്പോഴെന്നെ അറിയില്ല!

പോട്ടെ, കാലമേറെയായില്ലേ. എനിക്കും പ്രായമാറ്റമുണ്ടല്ലോ. എന്നെ ഓർമയില്ലെന്നും വരാമല്ലോ.

പറഞ്ഞുനോക്കി. അയാൾക്കറിയാത്രെ. ഞാനിപ്പോൾ നാട്ടിലല്ലാത്തതിനാൽ പരിചയമുള്ളവർ ആരെങ്കിലും ജാമ്യം പറയണം!. അഡ്‌വാൺസും വേണം -- മാധവൻ കടുപ്പിച്ചുതന്നെയാണ്‌.

അടുത്ത കടമുറിയിൽ ബാർബർ ചെല്ലപ്പനിന്നുമുണ്ട്‌. അവിടെ മുടിവെട്ടാൻ കാത്തിരിക്കുമ്പോഴാണ്‌ ജനയുഗം, ദേശാഭിമാനി, കേരളകൗമുദി, തനിനിറം, ചിന്ത, നാന, ഗീത ഇത്യാദി പത്രമാസികകൾ തിടുക്കപ്പെട്ടു വായിക്കാൻ തരപ്പെടുക. വീട്ടിലവയ്‌ക്കെല്ലാം വിലക്കാണ്‌. മാതൃഭൂമി, എക്സ്‌ പ്രസ്‌, ഹിന്ദു -- ഇതേ വരേണ്യർക്കന്നുള്ളൂ.

ഒച്ചകേട്ടു ചെല്ലപ്പൻ തല പുറത്തേയ്‌ക്കിട്ടു. ‘ഓ, ഇതാരാ? കൊച്ചുസ്വാമിയോ? എല്ലാം ഞാനറിഞ്ഞു. കഷ്‌ടായീ, ട്ടോ. അവിടേയ്‌ക്കു തന്നെയല്ലേ? വേഗം പോണേ! എടാ മാധവാ, ഒരു നല്ല വണ്ടി നോക്കിക്കൊടുക്ക്‌.’

ചെല്ലപ്പന്റെ തലവലിഞ്ഞതും മാധവൻ അസിസ്‌റ്റന്റിനോടു വിളിച്ചുപറഞ്ഞു. ‘ആ റാലി കൊടുക്ക്‌. പത്തു രൂപ അഡ്‌വാൺസ്‌ മേടിക്ക്‌​‍്‌.’

മാധവാ, ഞാൻ മനസ്സിൽ പിറുപിറുത്തു. ഓർമയുണ്ടോ പത്തിരുപതു കൊല്ലംമുമ്പ്‌ എന്റെ സൈക്കിൾ റിപ്പയർ ചെയ്തത്‌? അതുകഴിഞ്ഞ്‌ ബാക്കി പൈസ പിന്നെത്തരാം എന്നു നീ പറഞ്ഞത്‌? ഞാൻ അതു തിരികെ ചോദിച്ചില്ലെങ്കിലും, എന്നെക്കാണുമ്പോഴെല്ലാം ഒളിച്ചുകളിച്ചത്‌? അതു പത്തു രൂപയേക്കാൾ പതിന്മടങ്ങുണ്ട്‌. അതു നീ മറന്നു. പോട്ടെ. എന്നെത്തന്നെ മറന്നു. അതു വേണ്ടായിരുന്നു. തന്നെത്തന്നെ മറന്നു. അതു പാടില്ലായിരുന്നു.

ഒന്നുമറിയാത്തമട്ടിൽ സഹായിയിൽനിന്ന്‌ സൈക്കിളെടുത്ത്‌ ഞാൻ നീങ്ങുമ്പോൾ ഒന്നുമറിയാത്തമട്ടിൽ അവൻ മൊബൈലിനെ താലോലിക്കുകയായിരുന്നു. കാലചക്രം ഉരുണ്ടു കുണ്ടിൽ വീണപോലെ.

Previous Next

നാരായണസ്വാമി


E-Mail: gnswamy@email.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.