പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചെറുകഥഃ കഥയും കാര്യവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എസ്‌. അജയകുമാർ

ലേഖനം

ഒരു പുതുരാഷ്‌ട്രത്തിന്റെ സൃഷ്‌ടിക്രിയക്കിടക്ക്‌, തിരക്കുപിടിച്ച ജീവിത നിർമ്മിതിയിൽ, സൗന്ദര്യാസ്വാദനത്തിന്റെ ചെറിയ കാലങ്ങൾക്ക്‌ തൃപ്‌തി പകരാൻ സാഹിത്യരംഗത്ത്‌ ഉണ്ടായ പുതിയ പ്രവണതയാണ്‌ ചെറുകഥ. കഥ പണ്ടേ ഉണ്ട്‌; ചെറുകഥയും. ഒരാൾ മറ്റൊരാളോട്‌ വിവരണം നടത്തുവാൻ തുടങ്ങിയതുമുതൽ കഥകളും ചെറുകഥകളും ഉപകഥകളും ഉണ്ടായി. എന്നിരുന്നാലും സാഹിത്യ പ്രസ്ഥാനങ്ങളുടെ തറവാട്ടിൽ പിറന്നുവീണ ചെറുകഥയ്‌ക്ക്‌ ഈറ്റില്ലമായത്‌ അമേരിക്കയാണ്‌.

അമേരിക്ക എന്ന നവലോകം രൂപകല്പന ചെയ്യുമ്പോൾ ത്വരിതപ്പെടുന്ന പ്രവൃത്തി മണ്ഡലങ്ങളിൽ കിട്ടുന്ന ഇടവേളകൾ ദീർഘമായ സാഹിത്യാസ്വാദനത്തിന്റെ സാദ്ധ്യതകൾ നഷ്‌ടപ്പെടുത്തി. ‘ഒരു മണിക്കൂർ തീവണ്ടിയാത്രയിൽ’ വായിച്ചു തീർക്കാവുന്ന കഥകൾക്ക്‌ ആസ്വാദകർ ഏറി. ഈ സാഹചര്യത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിൽ അമേരിക്കയിൽ ഉടലെടുത്ത ചെറിയ കഥകളാണ്‌ പിന്നീട്‌ ചെറുകഥാപ്രസ്ഥാനമായി-ശാസ്‌ത്രവും ലക്ഷണവും ഉളള ചെറുകഥകളായി വളർന്നുവന്നത്‌.

ചെറുകഥാപ്രസ്ഥാനത്തിന്റെ കന്നിക്കാരായി പേരെടുത്തു പറയാവുന്നത്‌ മൂന്ന്‌ അമേരിക്കൻ കാഥികരുടേതാണ്‌. വാഷിങ്ങ്‌ടൺ ഇർവിൻ, നാഥാനിയൽ ഹാത്തോൺ, എഡ്‌ഗർ അല്ലൻപോ എന്നിവരാണ്‌ അവർ. അവരിൽ അല്ലൻപോ ആണ്‌ ചെറുകഥക്ക്‌ ഒരു ഉറച്ച കലാരൂപം നൽകിയത്‌. ജർമൻ റൊമാന്റിസത്തിന്റെ സ്വാധീനത്തിൽപ്പെട്ട അല്ലൻപോ, അസാധാരണ മാനസിക വ്യാപാരങ്ങളേയും സംഭവങ്ങളേയും സങ്കല്പിച്ച്‌ ഭ്രമാത്മകങ്ങളും പ്രതീകാത്മകങ്ങളുമായ കഥകൾ എഴുതി. ചെറുകഥയെ ആദ്യമായി നിർവ്വചിച്ചതും പോ ആണ്‌.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ ചെറുകഥ റഷ്യയിലും ഫ്രാൻസിലും വളർന്നുവരാൻ തുടങ്ങിയിരുന്നു. അല്ലൻപോവിന്റെ വിവർത്തനങ്ങൾ ഫ്രാൻസിൽ പ്രചാരം നേടി. ഫ്രാൻസിൽ മോപ്പസാങ്ങും റഷ്യയിൽ ഗോഗോളും, ചെഖോവും രംഗത്തുവന്നതോടെ ചെറുകഥയുടെ സുവർണ്ണകാലം പിറന്നു. കഥയെ മനുഷ്യജീവിതവുമായി ഏറെ അടുപ്പിച്ചത്‌ ഇവരാണ്‌. ചെറുകഥയിൽ റിയലിസ്‌റ്റിക്‌ സമ്പ്രദായം ഉപയോഗപ്പെടുത്തിയവരും ഇവരാണ്‌.

ആയിരത്തി എണ്ണൂറ്റിതൊണ്ണൂറ്റി ഒന്നിൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിച്ചുവന്ന, വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ‘വാസനാവികൃതി’ എന്ന ചെറുകഥയോടുകൂടിയാണ്‌ മലയാള ചെറുകഥയുടെ സൂര്യോദയം എന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വാസനാവികൃതി ഒരു അപസർപ്പകകഥയാണ്‌. രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയുമാണ്‌ ആദ്യകാല ചെറുകഥകൾ ലക്ഷ്യമിട്ടത്‌.

വാസനാവികൃതി ഒരു കളളന്റെ കഥയാണ്‌. ഒരിക്കൽ കൃത്യ നിർവ്വഹണത്തിനിടയ്‌ക്ക്‌ വീട്ടുടമസ്ഥൻ കൊല്ലപ്പെടുന്നു. കിട്ടിയ മുതലെല്ലാം മോഷ്‌ടാവ്‌ തന്റെ കാമുകിക്ക്‌ നൽകി. പോലീസ്‌ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാൻ മദിരാശിക്കു പോയി. കളവുമുതലിൽ നിന്നും കാമുകി സ്‌നേഹപൂർവ്വം നൽകിയ മോതിരം അവിടെവെച്ച്‌ നഷ്‌ടപ്പെട്ടു. കളളന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്‌ അന്വേഷിച്ച്‌ മോതിരം കണ്ടെടുക്കുകയും പരാതിക്കാരന്റെ കളവ്‌ തെളിയിക്കുകയും ചെയ്‌തു.

ധർമ്മോപദേശവും ആദ്യകാല മലയാള ചെറുകഥയിൽ ധാരാളമായി വിഷയീഭവിച്ചിട്ടുണ്ട്‌.

വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, മൂർക്കോത്തു കുമാരൻ, ഒടുവിൽ കുഞ്ഞികൃഷ്‌ണമേനോൻ, അമ്പാടി നാരായണപ്പൊതുവാൾ, കെ.സുകുമാരൻ, ഇ.വി.കൃഷ്‌ണപിളള മുതലായ ആദ്യകാല കാഥികരെ തുടർന്ന്‌ വി.ടി.ഭട്ടത്തിരിപ്പാട്‌, എം.ആർ.ബി, മൂത്തിരിങ്ങോട്ട്‌ എന്നിവർ കഥാരംഗത്തു പ്രവേശിച്ചു. സാമൂഹിക വിമർശനവും ഫലിതവും ചെറുകഥയിൽ ഉപയോഗിച്ചു തുടങ്ങിയത്‌ ഇവരാണ്‌. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾ, സ്‌ത്രീവിരുദ്ധ നിയമങ്ങൾ എന്നിവക്കെതിരെ പുരോഗമനനാശത്തിന്റെ വാതായനങ്ങൾ തുറക്കുന്നതിൽ ഈ മൂവരും തങ്ങളുടെ ആഖ്യാനകൗശലം വേണ്ടവിധം ഉപയോഗിച്ചു. എന്നാൽ സ്വസമുദായത്തിന്റെ നാല്‌ അതിരുകൾക്കുളളിൽ നിന്നും പുറത്തു കടക്കാൻ ഇവർ തയ്യാറായില്ല. അതുകൊണ്ട്‌ ഇവർ സാമുദായിക റിയലിസത്തിന്റെ വക്താക്കളായി മാത്രം ചുരുങ്ങിപ്പോയി.

കേസരി.എ.ബാലകൃഷ്‌ണപിളള വിദേശകഥകൾ-ജർമ്മനി, ഫ്രാൻസ്‌, റഷ്യ-മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ചത്‌ മലയാള ചെറുകഥക്ക്‌ മുതൽ കൂട്ടാവുകയും കഥാശാഖയുടെ വളർച്ചക്ക്‌ വളമാവുകയും ചെയ്‌തു. കേസരിയുടെ രൂപമഞ്ജരിയാണ്‌ ചെറുകഥയുടെ ലക്ഷണം പറയുന്ന ആദ്യത്തെ മലയാള ഗ്രന്ഥം. മോപ്പസാങ്ങിന്റെയും ചെഖോവിന്റെയും കഥകൾ വിവർത്തനംചെയ്‌തും, അവയിലെ സാങ്കേതികത്വത്തിന്റെ മേന്മ വിവരിച്ചും കേസരി മലയാളസാഹിത്യത്തിൽ പുതിയൊരു പരിസരം സൃഷ്‌ടിച്ചു. ഇവിടെ നിന്നുമാണ്‌ തകഴിയും ദേവും മറ്റും ഉയർന്നു വന്നത്‌.

രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗം പരിവർത്തനോന്മുഖമായ മുപ്പതുകളിൽ മലയാള സാഹിത്യരംഗത്തും ചടുലമായ മാറ്റങ്ങൾ ഉണ്ടായി. സമൂഹത്തിൽ വിദ്യാഭ്യാസം, വിശേഷിച്ച്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം കൂടുതൽ വ്യാപകമായി. അത്‌ പത്രമാസികകളുടെ പ്രചരണം വർദ്ധിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ, സ്വാതന്ത്ര്യത്തിനുവേണ്ടി, ചൂഷണത്തിനും മർദ്ദനത്തിനുമെതിരെ ജനങ്ങളുടെ പ്രബുദ്ധമായ സമരങ്ങൾ ഉയർന്നുവന്നു. ഈ സാഹചര്യവും ചെറുകഥയ്‌ക്ക്‌ വിഷയവും പ്രചരണവും ഏറെ നൽകി.

ആസ്വാദനത്തിനുപരിയായി, സാമൂഹ്യമാറ്റത്തിനുവേണ്ടി മലയാള മനസ്സുകളെ മാറ്റിത്തീർക്കാൻ ഉതകുന്ന സാഹിത്യസൃഷ്‌ടികൾ ഉണ്ടാകണമെന്ന വാദം ശക്തിപ്പെട്ടു. അങ്ങിനെ മലയാളത്തിൽ പൊതുജീവിതസത്യങ്ങളെ അനാവരണം ചെയ്യുന്ന ചെറുകഥകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തകഴി, കേശവദേവ്‌, വൈക്കം മുഹമ്മദ്‌ ബഷീർ, പൊൻകുന്നം വർക്കി, കാരൂർ മുതലായവരുടെ കഥകളിലൂടെ കർഷകനും, തൊഴിലാളിയും, തെണ്ടിയും, വേശ്യയുമെല്ലാം കഥാപാത്രങ്ങളായി രംഗത്തുവന്നു. അങ്ങിനെ മലയാള ചെറുകഥയിൽ റിയലിസം ശക്തിപ്പെട്ടു.

കല കലക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ എന്ന വാദ വൈരുദ്ധ്യങ്ങൾക്കിടയിൽ, അതിതീഷ്‌ണമായ ജീവിത നിമിഷങ്ങൾ പകർത്തിക്കൊണ്ട്‌, ജീവിതപക്ഷത്ത്‌ ഉറച്ചുനിന്ന്‌ ആസ്വാദ്യകരമായ ചെറുകഥകൾ രചിച്ച്‌ തകഴിയും ദേവും മറ്റും മലയാളത്തെ സമ്പന്നമാക്കി.

റിയലിസ്‌റ്റിക്‌ കാഥികരുടെ പാത്രങ്ങൾ ഓരോ വർഗ്ഗത്തേയും പ്രതിനിധാനം ചെയ്യുന്നവയാണ്‌. ആധുനിക കഥാകൃത്തുക്കൾ വൈയ്യക്തികതക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ട്‌ പാത്രസൃഷ്‌ടി നടത്തുന്നു. സാമൂഹികവിഷയങ്ങളിൽനിന്നും വ്യക്തിബന്ധങ്ങളുടെ കഥാനുഭവങ്ങളിലേക്കുളള പരിവർത്തനം ടി.പത്മനാഭനും, എം.ടിയും മറ്റും തുടങ്ങിവെച്ചു. ‘മനുഷ്യന്റെ വയറ്‌ സംസാരിക്കുന്നിടത്തു നിന്ന്‌ ഹൃദയം സംസാരിക്കുന്നിടത്തേക്ക്‌ ചെറുകഥ മാറി.

വിഷയമോ ലക്ഷ്യമോ എന്തുതന്നെയായാലും കഥ ചെറുകഥയാകണമെങ്കിൽ, മുറിയാത്ത ഒരു ചരടുപോലെ ചുരുങ്ങിയ സമയത്തും ദേശത്തും ഒതുങ്ങുന്ന, അതിതീഷ്‌ണമായ ഒരു ജീവിതാനുഭവം ആകണം.

ചെറുകഥയെ കേസരി നിർവ്വചിച്ചത്‌ ഇങ്ങനെയാണ്‌. ’ജീവിതത്തിലെ ഒരു സംഭവത്തിന്റെയോ രംഗത്തിന്റെയോ ഭാവത്തിന്റെയോ ഗദ്യത്തിലുളള ഒരു ചിത്രമാണ്‌ ചെറുകഥ.‘ ഒരു ഏകീകൃതമായ ബോധം ജനിപ്പിക്കാൻ കഴിയുന്നതായിരിക്കണം ചെറുകഥ. രണ്ടുമൂന്നു മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കഥ അവസാനത്തെ പ്രധാന മുഹൂർത്തത്തിൽ അവസാനിക്കണം. ആദ്യ മുഹൂർത്തങ്ങൾ അവസാനത്തേതിനെ സൃഷ്‌ടിക്കാൻ കഴിയുന്നവയാകണം. ഓരോ വാക്കും കഥയുടെ ഗതിയെ ത്വരിതപ്പെടുത്തണം. അനാവശ്യമായി ഒരു ശബ്‌ദവും ചെറുകഥയിൽ ഉയരരുത്‌. കഥയുടെ വളർച്ചയെ സഹായിക്കാത്ത യാതൊരു വർണ്ണനയും ചെറുകഥയ്‌ക്ക്‌ ഇണങ്ങുകയില്ല.

വായനക്കാരന്റെ മനസ്സിനെ കഥ വായിച്ചു രസിക്കാൻ തയ്യാറാക്കുന്നവിധത്തിൽ കഥ ആരംഭിക്കണം. അത്‌ പരിതസ്ഥിതിയേയോ കഥാപാത്രങ്ങളേയോ പറ്റി ഒരു വർണ്ണനയാകാം, സംഭാഷണമാകാം. നേരിട്ട്‌ ക്രിയാംശത്തിലേക്കു പ്രവേശിച്ചുകൊണ്ടും ചെറുകഥ തുടങ്ങാവുന്നതാണ്‌. വായനാവേളയിൽ അനുവാചകന്റെ അനുമാനങ്ങളെ തകിടം മറിച്ചുകൊണ്ട്‌ കാഥികൻ തന്റെ ഉദ്ദേശ്യം പ്രകാശിപ്പിക്കുന്നതോടെ കഥ തീരണം.

ചെറിയ കഥയെല്ലാം ചെറുകഥ ആകണമെന്നില്ല. നോവലിന്റെ ചെറിയ രൂപം അല്ല ചെറുകഥ. കഥയുടെ ഉളളടക്കത്തിന്റേയും അതു ജനിപ്പിക്കുന്ന അനുഭവത്തി​‍േൻയും ഏകത്വമാണ്‌ കഥയെ ചെറുകഥയാക്കുന്നത്‌.

കെ.എസ്‌. അജയകുമാർ

സാംസ്‌ക്കാരിക വാർത്തകൾ മാസികയുടെ പത്രാധിപരായിരുന്നു. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു. പളളിപ്പുറം സർവ്വീസ്‌ സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനായി പ്രവർത്തിക്കുന്നു.

വിലാസംഃ

കോച്ചേരിൽ,

ചെറായി പി.ഒ.

എറണാകുളം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.