പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഭ്രൂണഹത്യ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കരിമ്പുഴ ഗോപാലകൃഷ്‌ണൻ

കവിത

ആണിന്നൊരിണയായി ദൈവം- ഭൂവി

ലംഗനയ്‌ക്കും ജന്മമേകി.

അംഗലാവണ്യം തുടിക്കും- രൂപ

മംഗനയ്‌ക്കായ്‌ കനിഞ്ഞേകി.

കാരുണ്യമോലും മനസ്സും- കണ്ണി

ലാളുന്ന സ്‌നേഹത്തുടിപ്പും.

അധരത്തിൽ മൃദുഹാസമോടും കാതി-

നമൃതായിടും മൊഴിയോടും.

മൃദുവാം വികാരം വിചാരം- ഭാവ

തരളം മനോഹരം സ്ര്തീത്വം.

അഴകായി നിർമ്മിച്ചതൊക്കെ- ദൈവ

മനുകൂലമായവൾക്കേകി.

അവളെ പുരുഷനു നൽകി- ദൈവ

മഖിലൈശ്വര്യങ്ങളും നൽകി.

പകലും നിലാവും കണക്കേ- നാരി

നരനേകി ദിവ്യപ്രകാശം.

മധുപന്നു മലരെന്നപോലെ-കരളി

ലമൃതം പകർന്നവനേകി.

ആഴിക്കു തിരമാലപോലെ- അവൾ

ആനന്ദ കല്ലോലമായി.

ഭൂമിക്കു പൂഞ്ചോലപോലെ-പുണ്യ

പീയൂഷധാരയായ്‌ മാറി.

ആദിത്യനംബുജംപോലെ- അവൾ

ആനന്ദ നിർവൃതിയേകി.

ആനന്ദപുളകോദ്‌ഗമത്താൽ - വാരി

വാരിപ്പുണർന്നവർ തമ്മിൽ.

അന്നാദ്യമായിട്ടറിഞ്ഞു-തമ്മി-

ലറിയാത്തതെല്ലാമറിഞ്ഞു.

പത്നിയായമ്മയായ്‌മാറി-നാരി

യിത്രിലോകത്തിലെങ്ങെങ്ങും.

പതിയായ്‌ പിതാവായ്‌ പുരുഷൻ-ലോക

ഗതിയിൽ കരുത്തനായ്‌ മാറി.

ഉണ്ണാനുടുക്കാൻ കിടക്കാൻ-മണ്ണി

ലെല്ലാടവും മർത്ത്യനേകി.

നിഴലായവൾ ഗമിച്ചൊപ്പം-ഏതൊ-

രഴലിന്നുമാശ്വാസമരുളാൻ.

രാമന്റെ പിമ്പേ ഗമിച്ചു -സീത

രാജഭോഗങ്ങൾ വെടിഞ്ഞു.

രാമന്റെ ധർമ്മം ജയിച്ചു-സീത

ത്യാഗങ്ങളേറെ സഹിച്ചു.

പാഞ്ചാലി സൈരന്ധ്രിയായി-പഞ്ച

പാണ്ഡവർക്കാശ്വാസമായി.

ഭാരതയുദ്ധം ജയിച്ചു-പാവം

പാഞ്ചാലിയെത്ര സഹിച്ചു.

കാണാം ചരിത്രത്തിലെങ്ങും-സ്ര്തീത്വ-

മേറെ ദുഃഖിച്ചതിൻ ചിത്രം.

കാണാം പുരുഷന്റെ പിന്നിൽ-ശക്തി

നേരുന്ന സ്ര്തീതൻ ചരിത്രം.

പടവെട്ടി നേടീ മനുഷ്യൻ-എത്ര

പടവുകൾ മുന്നോട്ടുകേറി.

ഉടമയായ്‌ പുരുഷൻമാറി-നാരി

യടിമയായബലയായ്‌മാറി.

പരതന്ത്രയായിട്ടുമാറി-ഭാര്യ-

യുപഭോഗവസ്‌തുവായ്‌മാറി.

ഈശ്വരൻ വിശ്വസിച്ചില്ലേ-മർത്ത്യ

നീശ്വരനെ ചതിച്ചില്ലേ.

ഒരുപാടുകാലം കഴിഞ്ഞു-ലോക

മൊരുപാടു മുൻപോട്ടിഴഞ്ഞു.

അറിവൊക്കെ മാറിമറിഞ്ഞു-മർത്ത്യ

നരുതാത്തതൊക്കെയറിഞ്ഞു.

ഭാര്യയെന്താണെന്നറിഞ്ഞു-ലാഭ-

വീതം കൊതിക്കുവോളല്ലോ.

അമ്മയെന്താണെന്നറിഞ്ഞു-ചുമ്മാ-

തങ്ങനിരിക്കുവോളല്ലോ.

പെൺമക്കളാരെന്നറിഞ്ഞു-പണം

തിന്നുമുടിക്കുവോരല്ലോ.

പെങ്ങളാരെന്നതറിഞ്ഞു-പണം

പങ്കു ചോദിക്കുവോളല്ലോ.

പിന്നെയും മർത്ത്യനറിഞ്ഞു-ഭ്രൂണ

ഹത്യതന്നർത്ഥമറിഞ്ഞു.

ഗർഭസ്ഥയാം പെൺകിടാവിൻ-ഹത്യ-

യുത്തമമെന്നുമറിഞ്ഞു.

കരിമ്പുഴ ഗോപാലകൃഷ്‌ണൻ

ഗായകൻ, ഗാനരചയിതാവ്‌, കവി, സംഗീതജ്ഞൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ ഒരു കലാകാരൻ.

28 സംവത്സരം ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ സീനിയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചശേഷം, സ്വമേധയാ പിരിഞ്ഞ്‌, പാലക്കാട്‌ ജില്ലയിലെ കരിമ്പുഴയിൽ സ്ഥിരിതാമസമാക്കിയിരിക്കുന്നു.

ശ്രീ കരിമ്പുഴ ഗോപാലകൃഷ്‌ണൻ കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീതകച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലും ലക്ഷദ്വീപിലുമായി അനവധി കവിയരങ്ങുകളിൽ സ്വന്തം കവിത അവതരിപ്പിച്ച്‌ ആസ്വാദകവൃന്ദത്തിന്റെ അനുമോദനങ്ങൾക്ക്‌ പാത്രീഭൂതനായ ഇദ്ദേഹത്തിന്റെ ആദ്യകവിതാസമാഹാരം ‘ശില്പിയുടെ ദുഃഖം’ 2000 ജനുവരി ഒന്നിന്‌ പ്രസിദ്ധീകരിച്ചു.

ലക്ഷദ്വീപ്‌ സാഹിത്യഅക്കാദമി മെമ്പർ, അക്കാദമി പ്രസിദ്ധീകരണമായ ‘സാഗരകലയുടെ’ എഡിറ്റോറിയൽ ബോർഡു മെമ്പർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിട്ടുളള ശ്രീ.കരിമ്പുഴ ഗോപാലകൃഷ്‌ണൻ കേരളത്തിലെ പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌.

അദ്ധ്യാപകപ്രതിഭ അവാർഡ്‌, ഗുരുശ്രേഷ്‌ഠ അവാർഡ്‌, കേന്ദ്ര സാംസ്‌കാരിക വകുപ്പ്‌ നൽകുന്ന ഫെലോഷിപ്പ്‌ തുടങ്ങിയവ, ഈ കലാകാരനു ലഭിച്ച അംഗീകാരങ്ങളിൽ ചിലതുമാത്രം.

ഭാര്യഃ കലാമണ്ഡലം ഭാഗ്യേശ്വരി

മക്കൾഃ ശ്രീമതി യമുനാ രാജൻ

ശ്രീമതി യാമിനീ ഉണ്ണിക്കൃഷ്‌ണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.