പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

സർഗ്ഗധാതുവിന്റെ ബലമുളള കണ്ണികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.എം.രാജീവ്‌ കുമാർ

പുസ്‌തകപരിചയം

കഥാസാഹിത്യം ഇന്നൊരു കുതിപ്പിന്റെ വക്കിലാണ്‌. ആധുനികാനന്തര കഥയുടെ ശക്തമായ സാന്നിദ്ധ്യം വിളിച്ചറിയിച്ചുകൊണ്ട്‌ പുതിയ കഥാകൃത്തുക്കൾ ഇരിപ്പിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നോവലിലോ? ശക്തമായ സാന്നിദ്ധ്യം അപൂർവ്വമാണ്‌. മത്സരത്തിൽ ഊതിപ്പെരുക്കിയ ബലൂണുകൾ പാറി നടപ്പുണ്ട്‌. ആഖ്യാനത്തിലും വീക്ഷണത്തിലും ശില്‌പത്തിലും കാലത്തിന്റെ അടരുകൾ കവർന്നെടുക്കാൻ പാകത്തിലുളള രചനകൾ കണ്ടെത്തുക പ്രയാസമാണ്‌. ഈയൊരു അപൂർവ്വതയിലേക്കുളള തിളക്കമാർന്ന കടന്നുവരവാണ്‌ എസ്‌.എ.ഷുജാദിന്റെ “കാർട്ടൂൺ”. മലയാള നോവലിന്‌ അന്യമായൊരു കഥാസ്വീകരണവും ആഖ്യാനവുമായി ഈ പുത്തൻ നോവൽ മലയാളിക്കേകുന്നത്‌. പ്രസിദ്ധ കഥാകൃത്തിന്റെ കഥാപാത്രവും മിനിസ്‌ക്രീനിൽ നിന്നിറങ്ങിയ കാർട്ടൂണും പ്രധാന കഥാപാത്രങ്ങളാകുന്നതിലൂടെ രക്തമാംസങ്ങളെ നിരാകരിക്കുന്ന, യഥാതഥ കഥാപാത്രസങ്കല്പത്തിനെതിരായ ആഖ്യാനമാണ്‌ നോവലിസ്‌റ്റ്‌ കണ്ടെത്തുന്നത്‌.

പുത്തൻ ആസ്വാദനത്തിന്റെ സൈക്കിൾ സവാരിക്കാർക്ക്‌, ഈ കാർട്ടൂൺ ഒരു ബെൻസ്‌ കാറാണ്‌. അതിന്‌ പലതാണ്‌ കാരണങ്ങൾ. കഥാഖ്യാനംതന്നെ അതിൽ മുഖ്യം. പിന്നെ കഥാപാത്രങ്ങൾ. പിന്നെ ജീവിതമുഹൂർത്തങ്ങൾ. എല്ലാത്തിനും ഉപരി ജീവിതാവസ്ഥയോട്‌ ഒട്ടിനിൽക്കുന്ന കുടഞ്ഞാൽ പോകാത്തൊരടിയൊഴുക്ക്‌ കാർട്ടൂണിന്റെ ജൈവാവസ്ഥയിൽ തങ്ങിനിൽക്കുന്നു. നോവലിന്റെ സൗന്ദര്യവിതാനത്തെ ഉയർത്തുന്നു. ആക്ഷേപഹാസ്യത്തിന്റെ പരിധികളെ ഉല്ലംഘിക്കാതെ നോവലിസ്‌റ്റ്‌ ഉപഹാസത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ ആടായി പരിണമിക്കുന്നത്‌; പ്ലാവില കഴിക്കാൻ മാത്രം.

ആധുനികാനന്തര നോവലിന്റെ തിരുപ്പിറവിയിൽ “കാർട്ടൂൺ” നക്ഷത്രമായി ഉദിക്കുകയാണ്‌. ജീവിതത്തിന്റെ ധർമ്മസങ്കടങ്ങൾക്ക്‌ ഹാസ്യത്തിന്റെ ശയ്യയൊരുക്കാനും നോവലിസ്‌റ്റ്‌ ശ്രദ്ധിക്കുന്നു. കഥാഗതിയെ സമകാലിക ജീവിതത്തിന്റെ പാറപ്പൊടികൊണ്ട്‌ രാകിയെടുക്കാനുളള ശ്രമവും നടന്നുകാണുന്നു.

ഓരോ ഖണ്‌ഡത്തിനും വ്യത്യസ്‌ത ഭാഷയും കാഴ്‌ചപ്പാടുമാണ്‌ നോവലിസ്‌റ്റിന്റേത്‌. നൈരന്തര്യസ്വഭാവമുളള ചെറു ഖണ്‌ഡങ്ങളിലൂടെ നോവൽ നീങ്ങുന്നു. ആഖ്യാനത്തിന്റെ ലാളിത്യം “കാർട്ടൂണി”നെ വേറിട്ടതാക്കുന്നു. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ആടുമാത്രമല്ല ആഖ്യാന സവിശേഷതയും ഷുജാദ്‌ കടമെടുത്തിട്ടുണ്ടോ എന്ന്‌ തോന്നിപ്പോകുമെങ്കിലും ബോധപൂർവ്വമുളള ആഖ്യാനമാണിത്‌. ഉഷ്‌ണം ഉഷ്‌ണം കൊണ്ട്‌ ശമിപ്പിക്കുന്നതുപോലെ ഒരു രചനാതന്ത്രം.

മലയാള നോവലിൽ സംഭരിച്ചു വച്ചിരിക്കുന്ന ജീവിതമുഹൂർത്തങ്ങൾ കുടഞ്ഞിടുമ്പോഴാണ്‌ നമ്മുടെ പാപ്പരത്തം ബോദ്ധ്യപ്പെടുക. ഒന്നിനുമല്ലാതെ കൊണ്ടാടപ്പെട്ടവരുടെ ഘോഷയാത്രയിൽ കയറിക്കൂടിയവരുടെ നീണ്ട നിര. സംഭരണ വസ്‌തുക്കളിൽ പലതും പഴന്തുണികളും ചളുങ്ങിപ്പഴകിയ അലുമിനിയം പാത്രങ്ങളും പ്ലാസ്‌റ്റിക്‌ തുണ്ടുകളും... നോവലിൽ ആക്രിക്കച്ചവടത്തിനിറങ്ങിയവരും സമ്മാനിതമായവരും വിറ്റുപോകുന്നവരുമായവരുടെ നിരയിൽനിന്ന്‌ എത്രയോ ഉയരത്തിലാണ്‌ സർഗ്ഗാത്മകതയുടെ ധാതുബലമുളള ഈ നോവലിസ്‌റ്റ്‌-എസ്‌.എ. ഷുജാദ്‌ നിലകൊളളുന്നത്‌.

വേറിട്ട ആഖ്യാനവും ഭാഷയും ശൈലിയും ശില്‌പബലവും കൊണ്ട്‌ പുത്തൻ കൂറ്റുകാർ ശക്തിയാർജ്ജിക്കുകയാണ്‌. അസാധാരണമായ ഉൾക്കരുത്തിന്റെ രചനകളാണ്‌ പുതിയ കഥയും കവിതയും എസ്‌.എ.ഷുജാദിന്റെ കാർട്ടൂൺ ഉപഹാസത്തിൽ ചാലിച്ച ധാതുലവണങ്ങളുടെ മിശ്രിതമാണ്‌. മലയാള വായനയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുന്നൊരു ജനുസ്സിൽപ്പിറന്നതാണ്‌ ഈ നോവൽ. നിയതമായ കഥാഗതിയിലൂന്നി കണ്ണുകെട്ടിയോടിക്കുന്ന വിലാസിനിമാരുടെ വണ്ടിയല്ലിത്‌. കരച്ചിലും കണ്ണീരും വെവ്വേറെ ചോറ്റു പാത്രത്തിലാക്കി നോവലെഴുത്തു മുറിയിലേക്കു നടക്കു​‍ുന്ന തൊട്ടാവാടികളുടെ കാല്‌പനിക ലാവണ്യത്തിനെതിരെ സഞ്ചരിക്കുന്ന “കാർട്ടൂൺ” വരിതെറ്റിക്കുന്നവരുടേതാണ്‌. ബന്ധനം പൊട്ടിച്ച്‌ പുറത്തുചാടാൻ ആഗ്രഹിക്കുന്നവർക്ക്‌ ഈ നോവൽ എത്ര മഹത്തരമാണെന്ന്‌ അനുഭവിച്ചു മാത്രമേ അറിയാനാവൂ.

ചന്തയിൽ വന്നുപെടുന്ന ആടും അദൃശ്യസാന്നിദ്ധ്യത്തിലൂടെ പലരൂപങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന കാർട്ടൂൺമേരിയും പുത്തൻ സാമൂഹ്യവും സാംസ്‌കാരികവുമായ പരിതാവസ്ഥകളെ രേഖപ്പെടുത്തുന്നതിൽ വിജയിക്കുന്നു.

കാലഹരണപ്പെട്ട ആഖ്യാനരീതികളോട്‌ വിടപറയുന്നു, ഈ നോവലിസ്‌റ്റ്‌. പുത്തൻ കഥയ്‌ക്കൊപ്പം പ്രമേയത്തിന്റെ ഗൗരവസ്വഭാവത്തെ പുരോഗമനമെന്നു വിശേഷിപ്പിക്കാവുന്ന-പു.ക.സ.വിരുദ്ധവുമായ- വിപ്ലവദർശനത്തെ പകർത്തുകയും ചെയ്യുന്നു ഈ നോവലിൽ. സാഹിത്യ മുഴക്കോലുകൾ കൊണ്ടളന്നാൽ മഹാബലി മണ്ടയിൽ ചവിട്ടിനിന്ന്‌ വാമനാവതാരത്തിലേക്ക്‌ കയറിപ്പോകുന്ന നോവലാണിത്‌.

കഥാപാത്രസൃഷ്‌ടിയിലും സംഭവവിന്യാസത്തിലും അചുംബിതമായ വിളയാട്ടമാണ്‌ ഷുജാദ്‌ കൈവരിക്കുന്നത്‌. ചന്തക്കരാറുകാരൻ രാമൻപിളള, ചത്തൊടുങ്ങിയ പക്ഷിമൃഗാദികളുടെ കണക്കെടുക്കുന്ന എൻ.പി.നൂഹുക്കണ്ണ്‌, രാഷ്‌ട്രീയസമരത്തിൽ ജീവിതമെറിഞ്ഞു കൊടുത്ത ചെല്ലൻ, തടിവ്യവസായി ധനപാലൻ, തമ്പി സഹോദരൻമാർ, നജീം എന്ന കാവൽനായ, സാഹിത്യരചനയിൽ നിന്ന്‌ ആധാരമെഴുത്തിലേക്ക്‌ ചുവടുമാറിയ അക്‌ബർ അലി, പിരിവുകാരൻ രാമൻപിളള, ഇലങ്കത്തുവീട്ടിൽ നാരായണപിളള, തിരിയൻ മേസ്‌തിരി, ഗോതമ്പ്‌ വാസു, ഏജൻസി രാജമ്മ, ഭുല്ലൻഭുല്ലൻ, ജന്മി വേലുക്കുട്ടിപ്പിളള, മാരിയത്ത്‌ നാരായണപിളള, ആട്ടിൻപുറത്ത്‌ വടക്കെ ഇന്ത്യൻ പര്യടനം നടത്താൻ ആഗ്രഹിക്കുന്ന സാഹിത്യകാരൻ എ.എം.ഷാജഹാൻ... ഇങ്ങനെ വൈവിദ്ധ്യവും വ്യക്തിത്വവുമുളള കഥാപാത്രങ്ങളും നർമ്മം തങ്ങിനിൽക്കുന്ന നോവലിസ്‌റ്റിന്റെ വീക്ഷണവും നോവലിന്‌ അധികമാനങ്ങൾ ഏകുകയാണ്‌.

പ്രധാന കഥാപാത്രമായ കാർട്ടൂൺകാരി മറ്റു കഥാപാത്രങ്ങൾക്ക്‌ സാന്ത്വനമേകുകയും ഒരേസമയം കഥാഗതിയുടെ മുന്നോട്ടുളള പോക്കിനെ സഹായിക്കുകയും ചെയ്യുന്നു. അണിയറ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നൊരു നാടകപ്രവർത്തകനെ ഓർമ്മിപ്പിക്കുന്നു, കാർട്ടൂൺ മേരി. നോവലിസ്‌റ്റിന്റെ വ്യക്തിത്വ ഘടനയുടെ ഉളളടക്കം, അലങ്കാരരേഖകളിൽ സൃഷ്‌ടിക്കപ്പെട്ട കാർട്ടൂൺ മേരിയിൽ ദർശിക്കാം. പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും ഗ്രാമീണരക്കൊപ്പം നോവലിൽ ജീവിക്കുന്ന കാഴ്‌ചയ്‌ക്ക്‌ രൂപമാറ്റം സംഭവിക്കുകയും വിസ്‌മയസൃഷ്‌ടിയായിത്തീരുകയും ചെയ്യുന്നു. കാർട്ടൂൺമേരി ഒരു സാക്ഷിയാണ്‌; ചിതറ ചെറിയ ചന്തയിലും കടയ്‌ക്കൽ വലിയ ചന്തയിലും.

കഥാഖ്യാനത്തിലെ മാന്ത്രിക സ്‌പർശം കഥാപാത്രത്തിന്റെ സംഭാഷണത്തിൽ പോലുമുണ്ട്‌.

-ഇന്നു രാവിലെ ഞാനൊരു ബാലനായിരുന്നു. ഉച്ചയ്‌ക്കാണ്‌ ഞാനൊരു കൗമാരക്കാരനായത്‌. വൈകുന്നേരം നിങ്ങളെത്തുന്ന വേളയിലാണ്‌ ഞാനൊരു യുവാവായിത്തീർന്നത്‌. ഇന്നത്തെ കാലത്ത്‌ യൗവ്വനത്തിലെത്തിയാപ്പിന്നെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

ഇത്തരം സംഭാഷണങ്ങളുടെ ശൈലി നോവലിന്റെ ആദ്യം മുതൽ അവസാനം വരെ കണ്ടെത്താം.

കാർട്ടൂൺമേരി കൊണ്ടു നടക്കുന്ന ആടാകട്ടെ വിശേഷപ്പെട്ട സ്വഭാവമുളളതാണ്‌. സാഹിത്യപാരമ്പര്യമുളളതും. ആമ്പൽപ്പൂക്കൾ ഭക്ഷിക്കുന്ന ആട്‌, സസ്യഭോജനം എന്നതിനപ്പുറത്ത്‌ സ്വപ്‌നത്തിന്റെ ഭോജനമാണിവിടെ നിർവ്വഹിക്കുന്നത്‌.

രചനാശയ്യയിൽ ഏറെ സൂക്ഷ്‌മത പുലർത്തുകയാണ്‌ ഷുജാദ്‌. വാക്കുകൾക്ക്‌ സ്ഥാനഭ്രംശം വരാതെ, ധൂർത്തമാകാതെ, ധ്വനി പ്രധാനമാക്കാൻ ബഷീറിയൻ താളഭംഗിയിൽ നിന്ന്‌ കുതറാൻ നടത്തുന്ന ശ്രമങ്ങൾ നോവൽ ഗാത്രത്തിലനുഭവപ്പെടുന്നു.

ഈ നോവൽ ഒരു തിരുത്തിക്കുറിക്കലാണ്‌; ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ പിറന്നതുപോലെ ആനന്ദിന്റെ ‘ആൾക്കൂട്ടം’ കടന്നുവന്നതുപോലെ സി.വി.ബാലകൃഷ്‌ണൻ ‘ആയുസ്സിന്റെ പുസ്‌തകം’ പ്രസിദ്ധീകൃതമായതുപോലെ. അതെ. പുത്തൻ കാലത്തിന്‌ എസ്‌.എ.ഷുജാദിന്റെ “കാർട്ടൂൺ” നേടിയെടുക്കാൻ പോകുന്ന കുതിപ്പ്‌ അത്തരത്തിലുളളതായിരിക്കും. സ്വപ്‌നഭവനങ്ങളിൽ ചാമ്പൽ പറക്കുകയും സ്വസ്ഥജീവിതത്തിനിടയിലൂടെ ഒരാട്‌ തുളളിച്ചാടുകയും ചെയ്യുമ്പോൾ കാർട്ടൂൺമേരി കാണുന്ന ലോകം ചോരതുളുമ്പുന്ന കാലത്തിന്റെ സൗന്ദര്യവിതനായിത്തീരുന്നു.

മലയാള നോവലിന്റെ ഓജസ്സാർന്ന മുഖമാണ്‌ എസ്‌.എ.ഷുജാദിന്റെ “കാർട്ടൂൺ”. കാർട്ടൂണുകളാകുന്ന പുതിയ കാലത്തിന്റെ മനുഷ്യാവസ്ഥയ്‌ക്കൊരു താക്കീതു കൂടിയാണ്‌ ഈ നോവൽ.

കാർട്ടൂൺ (നോവൽ), എസ്‌.എ.ഷുജാദ്‌, വില - 65 രൂപ. പരിധി പബ്ലിക്കേഷൻസ്‌.

ഡോ.എം.രാജീവ്‌ കുമാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.